Saturday, September 28, 2013

സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം; പ്രവര്‍ത്തനനേട്ടവും മാനദണ്ഡം

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിന് പിന്നോക്കാവസ്ഥയ്ക്കൊപ്പം സംസ്ഥാനസര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും മാനദണ്ഡമാക്കും. സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തികസഹായം സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിക്കാനായി നിയോഗിച്ച രഘുറാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശ. ഇതനുസരിച്ച് ആവശ്യമായ നടപടികളെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചതായി ധനമന്ത്രി പി ചിദംബരം അറിയിച്ചു. കേന്ദ്ര ധനമന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരിക്കെയാണ് രഘുറാം രാജനെ സമിതി അധ്യക്ഷനായി നിയമിച്ചത്. സെപ്തംബര്‍ രണ്ടിന് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡോ. ഷൈബല്‍ ഗുപ്തയുടെ വിയോജനക്കുറിപ്പോടെ അംഗീകരിച്ചു. ഭരത് രാമസ്വാമി, നജീബ് ജംഗ്, നീരജ സി ജയാല്‍, തുഹിന്‍ പാണ്ഡെ എന്നിവരാണ് മറ്റംഗങ്ങള്‍. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ധനസഹായത്തിന്റെ 8.4 ശതമാനം അടിസ്ഥാനസഹായമായി നല്‍കാനും ബാക്കിയുള്ള 91.6 ശതമാനം തുകയുടെ നാലില്‍ മൂന്നുഭാഗം സംസ്ഥാനങ്ങളുടെ ആവശ്യമനുസരിച്ചും നാലിലൊരുഭാഗം സംസ്ഥാനങ്ങളുടെ പ്രകടനം കണക്കിലെടുത്തും നല്‍കണമെന്നുമാണ് സമിതിയുടെ നിര്‍ദേശം. ഏറ്റവും പിന്നണിയിലുള്ള പത്തു സംസ്ഥാനത്തിന് അധികസഹായം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.

സംസ്ഥാനങ്ങളെ അവയുടെ പ്രവര്‍ത്തനത്തിന്റെയും പിന്നാക്കാവസ്ഥയുടെയും അടിസ്ഥാനത്തില്‍ ഏറ്റവും പിന്നണിയിലുള്ളവ, കുറച്ച് വികസനമുള്ളവ, താരതമ്യേന വികസിതമായവ എന്നിങ്ങനെ റിപ്പോര്‍ട്ടില്‍ വിഭജിച്ചു. താരതമ്യേന വികസിതമായ സംസ്ഥാനങ്ങളില്‍ ഒന്നാംസ്ഥാനം ഗോവയ്ക്കും രണ്ടാംസ്ഥാനം കേരളത്തിനുമാണ്. ഏറ്റവും പിന്നണിയിലുള്ള സംസ്ഥാനം ഒഡിഷയാണ്. തൊട്ടടുത്ത് ബിഹാര്‍. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, അരുണാചല്‍പ്രദേശ്, അസം, മേഘാലയ, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവയും ഏറ്റവും പിന്നണിയിലുള്ള സംസ്ഥാനങ്ങളാണ്. മണിപ്പുര്‍, പശ്ചിമബംഗാള്‍, നാഗാലാന്‍ഡ്, ആന്ധ്രപ്രദേശ്, ജമ്മു കശ്മീര്‍, മിസോറം, ഗുജറാത്ത്, ത്രിപുര, കര്‍ണാടകം, സിക്കിം, ഹിമാചല്‍പ്രദേശ് എന്നിവ കുറച്ച് വികസിതമായ സംസ്ഥാനങ്ങളാണ്. താരതമ്യേന വികസിത സംസ്ഥാനങ്ങളില്‍ ഹരിയാണ, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട് എന്നിവയുമുണ്ട്. പ്രതിശീര്‍ഷവരുമാനം, പ്രതിമാസ ഉപഭോഗ ചെലവ്, വിദ്യാഭ്യാസം, ആരോഗ്യം, വീടിനുള്ളിലെ സൗകര്യങ്ങള്‍, ദാരിദ്ര്യനിലവാരം, സ്ത്രീ സാക്ഷരത, പട്ടികജാതി-പട്ടികവര്‍ഗ ജനസംഖ്യ, നഗരവല്‍ക്കരണം, ബാങ്കിങ് സൗകര്യം, കമ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ എന്നിവയാണ് മാനദണ്ഡങ്ങളായി കണക്കാക്കിയിരിക്കുന്നത്. ദാരിദ്ര്യം നിര്‍ണയിക്കാന്‍ ആസൂത്രണ കമീഷന്റെ മാനദണ്ഡവും കണക്കുകളുമാണ് അടിസ്ഥാനം. ശിശുമരണനിരക്കാണ് ആരോഗ്യത്തിലെ പ്രധാന ഘടകം. നിലവില്‍ ധനകമീഷന്‍ റിപ്പോര്‍ട്ട്, ആസൂത്രണ കമീഷന്‍ ശുപാര്‍ശ എന്നിവയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസഹായം നല്‍കുന്നത്.
(വി ജയിന്‍)

deshabhimani

No comments:

Post a Comment