പ്രത്യേക സാമ്പത്തിക സഹായം ആവശ്യമുള്ള സംസ്ഥാനങ്ങള്‍ക്കായി പിന്നോക്കാവസ്ഥ സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങള്‍ മുന്നോട്ട് വച്ച രഘുറാം രാജന്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ കേരളത്തിന് കനത്ത തിരിച്ചടിയാകും.
പതിറ്റാണ്ടുകളായി ഗാഡ്ഗില്‍ ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വരുമാന വിതരണം നടത്തുന്നത്. ആദായനികുതി പോലെയുള്ള നികുതിവരുമാനത്തില്‍ നിന്ന് 29 ശതമാനം തുകയാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിവരുന്നത്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും രൂപീകരിക്കപ്പെടുന്ന ധനകാര്യ കമ്മീഷനുകളാണ് സംസ്ഥാനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടേണ്ട സാമ്പത്തിക വിഭവങ്ങളുടെ അളവ് നിര്‍ണയിക്കുന്നത്. ഈ അളവ് നിര്‍ണയിക്കുന്നതിനുള്ള പ്രധാനപ്പെട്ട അളവുകോല്‍ ഗാഡ്ഗില്‍ ഫോര്‍മുലയാണ്. ഈ ഫോര്‍മുലയുടെ പ്രധാന അടിത്തറ പിന്നോക്കാവസ്ഥയാണ്. സംസ്ഥാനങ്ങളിലെ പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ് ആ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക വിഭവങ്ങളുടെ അളവ് തീരുമാനിക്കുക. അതായത് പിന്നോക്ക സംസ്ഥാനങ്ങളായ ബിഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവയ്ക്ക് കൂടുതല്‍ സാമ്പത്തിക സഹായം ലഭിക്കുമെന്നര്‍ത്ഥം.
എന്നാല്‍ ധനകാര്യ കമ്മീഷനുകള്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ സാമ്പത്തിക വിഭവ വിതരണത്തിനായി ഉപയോഗിക്കുന്ന ഗാഡ്ഗില്‍ ഫോര്‍മുല പിന്നോക്കാവസ്ഥയെ അടിസ്ഥാനപ്പെടുത്തിയാണെന്നുള്ളത് കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര പോലെയുള്ള സാമ്പത്തിക വളര്‍ച്ചയില്‍ മുന്നില്‍ നില്‍ക്കുന്ന വികസിത സംസ്ഥാനങ്ങളെ ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കയാണ് എന്ന വാദം ശക്തമാണ്. ധനകാര്യ കമ്മീഷനുകളില്‍ നിന്ന് ജനസംഖ്യാനുപാതികമായെങ്കിലും സാമ്പത്തിക സഹായം ലഭിച്ചാല്‍ മാത്രമേ അത് ന്യായമായ വിതരണം എന്ന് കണക്കാക്കാനാകൂ. ഉദാഹരണത്തിന് ഇന്ത്യയുടെ ജനസംഖ്യയില്‍ 4 ശതമാനമാണ് കേരളത്തിന്റെ ജനസംഖ്യ എന്നിരിക്കെ കേന്ദ്ര ധനകാര്യ കമ്മീഷനുകള്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന സാമ്പത്തിക സഹായങ്ങളുടെ 4 ശതമാനമെങ്കിലും ലഭിക്കാന്‍ കേരളത്തിന് അവകാശമുണ്ട്. 11ാം ധനകാര്യകമ്മീഷന്റെ കാലയളവില്‍ കേരളത്തിന് ലഭിക്കേണ്ട വിഹിതം 4 ശതമാനമായിരുന്നപ്പോള്‍ ഗാഡ്ഗില്‍ ഫോര്‍മുല പ്രകാരം കേരളത്തിന് ലഭിച്ചത് 2.8 ശതമാനം മാത്രമാണ്. 12,13 ധനകാര്യകമ്മീഷന്റെ കാലയളവില്‍ അത് 2.6 ശതമാനം, 2.4 ശശതമാനം എന്നിങ്ങനെയായി കുറഞ്ഞു.
അതേസമയം ഗാഡ്ഗില്‍ ഫോര്‍മുലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് രഘുറാം രാജന്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ വച്ചിരിക്കുന്നത്. 10 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പ്രതിശീര്‍ഷ വരുമാനം, വിദ്യാഭ്യാസം, ആരോഗ്യം, വീട്ടുപകരണങ്ങള്‍, ദാരിദ്ര്യം, വനിതാ വിദ്യാഭ്യാസം, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗക്കാരുടെ എണ്ണം തുടങ്ങിയവ ഇവയില്‍ ചിലതാണ്. ഈ മാനദണ്ഡങ്ങളനുസരിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം നിശ്ചയിക്കുമ്പോള്‍ വികസനം തീരെയെത്താത്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആദ്യസ്ഥാനങ്ങളില്‍ ഒഡിഷ, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളാകും എത്തുക.
വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഗോവയും രണ്ടാം സ്ഥാനത്ത് കേരളവുമാണ്. ഇതോടെ കേരളത്തിന് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിഹിതം പോലും ലഭിക്കാതെയാകും. ഒഡിഷ, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാകട്ടെ നിലവില്‍ ലഭിക്കുന്നതിനേക്കാള്‍ വളരെ കൂടുതലാകും കേന്ദ്ര സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുക.
1996-2001 നായനാര്‍ ഭരണകാലത്ത് വികസ്വര വികസിത സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ സഹായം ലഭ്യമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ നടത്തുന്ന വരുമാന വിതരണം ഗാഡ്ഗില്‍ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ കണക്കാക്കുന്നത് ശരിയല്ലെന്നും, വികസിച്ചു വരുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രചോദനമാകുന്ന രീതിയില്‍ വരുമാന വിതരണം നടത്തേണ്ടത് അത്യാവശ്യമാണെന്നും കാണിച്ച് പെര്‍ഫോമിംഗ് സ്‌റ്റേറ്റുകളായ കേരളം, കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ജി 8 സംസ്ഥാനങ്ങള്‍ എന്ന പേരില്‍ ഒരു സമിതി രൂപീകരിക്കുകയും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നീക്കത്തിന് പ്രത്യേക ഫലം ഒന്നും ഉണ്ടായില്ല.
ധനുജ വെട്ടത്ത് janayugom 280913
No comments:
Post a Comment