Sunday, March 30, 2014

സെന്‍ട്രല്‍ സ്റ്റേഷന്‍: "ലോക നിലവാരം" അസൗകര്യങ്ങളില്‍

ലോകനിലവാരത്തില്‍ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ അസൗകര്യങ്ങള്‍കെണ്ട് വീര്‍പ്പുമുട്ടുന്നു. തെരഞ്ഞെടുപ്പില്‍ സ്ഥലം എംപി ശശി തരൂര്‍ പ്രധാന നേട്ടമായി അവകാശപ്പെടുന്നത് സെന്‍ട്രല്‍ സ്റ്റേഷന്‍ ലോകനിലവാരത്തിലുള്ള സ്റ്റേഷനാക്കിമാറ്റിയെന്നാണ്. ലോകനിലവാരത്തിലുള്ള റെയില്‍വേ സ്റ്റേഷനാക്കി ഉയര്‍ത്തുന്നതിന് കുറഞ്ഞത് 400 കോടി രൂപയെങ്കിലും മാനദണ്ഡപ്രകാരം ചെലവഴിക്കേണ്ടതുണ്ട്. എന്നാല്‍, 10 കോടി രൂപ മാത്രമാണ് ഇതുവരെ റെയില്‍വേ അനുവദിച്ചിട്ടുള്ളത്. ഈ പണമുപയോഗിച്ച് രണ്ട് എസ്കലേറ്ററുകളുടെ നിര്‍മാണം നടക്കുന്നുണ്ട്. എന്നാല്‍, എറണാകുളം, പാലക്കാട്, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളില്‍ നേരത്തെ തന്നെ എസ്കലേറ്ററുകള്‍ സ്ഥാപിച്ചിരുന്നു. പ്രതിദിനം പതിനായിരങ്ങള്‍ യാത്രചെയ്യാന്‍ ആശ്രയിക്കുന്ന സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് കേള്‍ക്കുന്നത് അസൗകര്യങ്ങളുടെ ചൂളംവിളിയാണ്. ആകെയുള്ള അഞ്ച് പ്ലാറ്റ്ഫോമില്‍ ഇപ്പോഴുള്ള ട്രെയിനുകള്‍ക്ക് വന്നുപോകാനുള്ള സൗകര്യംപോലുമില്ല. ഇതേസമയം, ചെന്നൈയില്‍ 15 പ്ലാറ്റ്ഫോമുണ്ട്. ആവശ്യത്തിന് പ്ലാറ്റ്ഫോമില്ലാത്തതിനാല്‍ സ്റ്റേഷനിലേക്ക് കയറാന്‍ കഴിയാതെ പേട്ടയിലും മറ്റും ട്രെയിനുകള്‍ പിടിച്ചിടുകയാണ്. രാവിലെ 10ന് ഓഫീസിലെത്താന്‍ കഴിയാതെ വലയുകയാണ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍. സെന്‍ട്രല്‍ സ്റ്റേഷനിലെ വര്‍ക്ഷോപ് നേമത്തേക്ക് മാറ്റിയാലേ സെന്‍ട്രല്‍ സ്റ്റേഷനിലെ വികസനം സാധ്യമാകൂ.

ലോകനിലവാരത്തിലുയര്‍ന്നില്ലെങ്കിലും യാത്രക്കാരുടെ തിരക്കിനുസരിച്ച് കുറഞ്ഞത് 15 ടിക്കറ്റ് കൗണ്ടറെങ്കിലും സെന്‍ട്രല്‍ സ്റ്റേഷനില്‍ ആവശ്യമാണ്. 10 കൗണ്ടര്‍പോലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. റിസര്‍വേഷന്‍ ഓഫീസില്‍ കുറഞ്ഞത് എട്ട് കൗണ്ടര്‍ തുറക്കാനുള്ള സൗകര്യം നിലവിലുണ്ട്. എന്നാല്‍, അഞ്ച് കൗണ്ടറാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ എണ്ണം കുറച്ചതോടെ കൗണ്ടറുകളുടെ എണ്ണം ഇനിയും കുറയും. സെന്‍ട്രല്‍ സ്റ്റേഷനിലെ റിസര്‍വേഷന്‍ കേന്ദ്രത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. തത്കാല്‍ ടിക്കറ്റെടുക്കാന്‍ തലേന്ന് രാത്രി തന്നെ ക്യൂ നില്‍ക്കുന്ന സ്ഥിതിയാണ് സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇപ്പോഴുമുള്ളത്. പട്ടത്തെ ടിക്കറ്റ് റിസര്‍വേഷന്‍ കേന്ദ്രം അടച്ചുപൂട്ടാന്‍ നീക്കം നടന്നിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് അടച്ചുപൂട്ടല്‍ നീക്കം ഉപേക്ഷിച്ചെങ്കിലും അഞ്ച് ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും ബള്‍ക്ക് ബുക്കിങ് സംവിധാനം നിര്‍ത്തലാക്കുകയും ചെയ്തിരുന്നു.

പേട്ടയിലെ റെയില്‍വേ മെഡിക്കല്‍ കോളേജും നേമം, കൊച്ചുവേളി സ്റ്റേഷനുകളും അവഗണനയുടെ പടുകുഴിയിലാണ്. ലോകനിലവാരത്തിലുയര്‍ത്തുമെന്ന് പ്രഖ്യാപിച്ച സ്റ്റേഷനിലെ ശുചീകരണത്തൊഴിലാളികള്‍ക്ക് മിനിമം കൂലിയോ ആനുകൂല്യങ്ങളോ നല്‍കുന്നില്ല. പണം നല്‍കാത്തതിനാല്‍ ജീവനക്കാര്‍ക്കുള്ള തലസ്ഥാനത്തെ റഫറല്‍ ആശുപത്രികളുടെ സേവനം റെയില്‍വേ നേരത്തെ റദ്ദാക്കിയിരുന്നു. നിലവില്‍ 12 മാസത്തിലൊരിക്കല്‍ നാലായിരത്തോളം ബോഗികളാണ് ചെന്നൈയിലേക്ക് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നത്. നേമത്തെ സ്ഥലത്ത് പീരിയോഡിക്കല്‍ ഓവര്‍ഹോളിങ് വര്‍ക്ക് യൂണിറ്റ് ആരംഭിച്ചാല്‍ ഈ അധികച്ചെലവ് ഒഴിവാക്കാനാകും. ചെന്നൈയിലേക്ക് കൊണ്ടുപോകുന്നത് പുതിയ കോച്ചുകളാണെങ്കില്‍ മടങ്ങിവരുന്നത് പഴഞ്ചന്‍ കോച്ചുകളാണ്.

deshabhimani

No comments:

Post a Comment