Saturday, March 22, 2014

കോണ്‍ഗ്രസുകാര്‍ കൈയേറ്റംചെയ്തയാള്‍ മരിച്ചു

കേന്ദ്രമന്ത്രി ശശി തരൂരിനൊപ്പം വോട്ട് ചോദിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയേറ്റത്തെ തുടര്‍ന്ന് മധ്യവയസ്കന്‍ രക്തം ഛര്‍ദിച്ച് മരിച്ചു. പൂന്തുറ എസ്എം ലോക്ക് ജങ്ഷനില്‍ മയൂഫ് മന്‍സിലില്‍ മുഹമ്മദ് യൂസഫാ (55)ണ് അതിദാരുണമായി മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10ന് മുഹമ്മദ് യൂസഫിന്റെ സഹോദരന്‍ അബ്ദുള്‍സലാമിന്റെ ഹോട്ടലായ മയൂഫ്്കിങ്ങിലാണ് നാടിനെ നടുക്കിയ മരണം.

ശശി തരൂരിനെ ഹസ്തദാനംചെയ്യുന്ന ഫോട്ടോ എടുത്ത് ഹോട്ടലില്‍ തൂക്കണമെന്ന് തരൂരിന്റെ സാന്നിധ്യത്തില്‍ ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതിനെതുടര്‍ന്നാണ് സംഭവം. പൂന്തുറ പൊലീസ് സ്റ്റേഷന് നേരെമുന്നിലാണ് കേന്ദ്രമന്ത്രിയുടെ അനുചരസംഘം അഴിഞ്ഞാടിയത്. എന്നിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ല. സംഭവത്തെതുടര്‍ന്ന് ഹോട്ടല്‍ അടച്ചു.

സിപിഐ എം അനുഭാവിയാണ് മരിച്ച യൂസഫ്. ശശി തരൂരിനൊപ്പമുള്ള ഫോട്ടോ തൂക്കണമെന്ന് കോണ്‍ഗ്രസുകാര്‍ ആക്രോശിച്ചപ്പോള്‍ ഇപ്പോള്‍ കയറുന്നവര്‍പോലും കയറാതിരിക്കാനാണോ ഫോട്ടോ പതിക്കുന്നതെന്ന് ഹോട്ടലില്‍ ജോലി ചെയ്തിരുന്ന യൂസഫ് തമാശയ്ക്ക് ചോദിച്ചു. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസഭ്യം പറയുകയും കൈയേറ്റംചെയ്യുകയുമായിരുന്നു. യൂസഫിനെ തള്ളിയിടാനും ശ്രമിച്ചു. ഹോട്ടലുടമയായ അബ്ദുള്‍സലാം അവിടെയുണ്ടായിരുന്നില്ല.

ഹോട്ടല്‍ പൂട്ടിക്കുമെന്നും ഇവിടെ ജീവിക്കാമെന്നു കരുതേണ്ടെന്നും ഭീഷണിപ്പെടുത്തി. പത്തുമിനിറ്റോളം ശകാരവും ഭീഷണിയും കൈയേറ്റശ്രമവും നടന്നിട്ടും പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കാതെ ശശി തരൂര്‍ നോക്കിനിന്നു. ഭീഷണിയില്‍ ഭയന്നുവിറച്ച യൂസഫ് ഉടന്‍ വിവരം സഹോദരനെ അറിയിച്ചു. തന്റെ ജീവിതത്തില്‍ ഇതുപോലെ ഒരനുഭവമുണ്ടായിട്ടില്ലെന്ന്, ഹോട്ടല്‍ ജീവനക്കാരോടും നാട്ടുകാരോടും പറഞ്ഞ് തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലേക്ക് പോയി. തളര്‍ന്ന്വീട്ടിലെത്തിയ യൂസഫിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് രക്തം ഛര്‍ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം സ്വദേശമായ പൂവാറിലേക്ക് കൊണ്ടുപോയി. പൂവാര്‍ ജുമാമസ്ജിദില്‍ കബറടക്കി. ഭാര്യ: പരേതയായ നസീറാബീവി. മക്കള്‍: നയൂഫ്, നയൂഫ. ഉമ്മ: സുഫിയാബീവി. ബാപ്പ: പരേതനായ നൂഹുകണ്ണ്. സഹോദരങ്ങള്‍: ആമില, മുഹമ്മദ് റുഫായി, റാഹില, അഹമ്മദ് ബഷീര്‍, അദബിയ, അബ്ദുള്‍സലാം, സെയ്തലി.

സ്വന്തമായി കൂരപോലുമില്ലാത്ത യൂസഫ് സഹോദരിയുടെ വീട്ടിലാണ് കഴിയുന്നത്. ഉമ്മ മരിച്ച രണ്ടു മക്കളുടെ ഏക ആശ്രയമായിരുന്നു. സഹോദരന്റെ ഹോട്ടലില്‍ ജോലിക്കുനിന്ന് കിട്ടുന്ന വരുമാനമാണ് ജീവിതമാര്‍ഗം. യൂസഫ് മരിച്ചതോടെ ഒരു കുടുംബമാണ് അനാഥമായത്. ശശി തരൂര്‍ വോട്ട് അഭ്യര്‍ഥിക്കുന്നതിനിടെ വ്യാഴാഴ്ച നെയ്യാറ്റിന്‍കരയിലും കോണ്‍ഗ്രസുകാര്‍ ഒരാളെ മര്‍ദ്ദിച്ചിരുന്നു. എംപിയായശേഷം കണ്ടിട്ടില്ലല്ലോ എന്ന് ചോദിച്ച ടെക്സ്റ്റൈല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ യേശുദാസനെയാണ് ക്രൂരമായി മര്‍ദിച്ചത്.

എം വി പ്രദീപ് ദേശാഭിമാനി

1 comment:

  1. ഈ വാർത്തയിൽ വല്ല വാസ്തവവും ഉണ്ടോ??
    http://youtu.be/UO5L3CZvqQA

    ReplyDelete