Sunday, February 5, 2017

ഡിവൈഎഫ്ഐയ്‌ക്ക് 83 അംഗ കേന്ദ്രകമ്മിറ്റി, 9 മലയാളികള്‍ 16 വനിതകള്‍

കൊച്ചി > ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപെട്ടവരില്‍ 9 മലയാളികള്‍. എം സ്വരാജ്, എ എന്‍ ഷംസീര്‍, പി പി ദിവ്യ, നിതിന്‍ കണിച്ചേരിബിജു കണ്ടക്കൈ, എസ് സതീഷ്, എ എ റഹിം, വി പി റജീന വി പി സാനു എന്നിവരാണ് കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപെട്ട മലയാളികള്‍. 83 അംഗ കമ്മിറ്റിയില്‍ 70 അംഗങ്ങളെയാണ് നിലവില്‍ തെരഞ്ഞെടുത്തത്. ഒഴിവുള്ള അംഗങ്ങളെ പിന്നീട് തീരുമാനിക്കും.  തെരഞ്ഞെടുക്കപെട്ട കമ്മിറ്റിയില്‍ 16 പേര്‍ വനിതകളാണ്.

സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍

എം സൂര്യ റാവു, (ആന്ധ്ര). റിതു നന്ദന്‍, റുസ്തം അലി(അസം), മനോജ്കുമാര്‍ ചന്ദ്രവംശി, ശശിഭൂഷന്‍ പ്രസാദ് (ബിഹാര്‍), പ്രമോദ് സിങ്, നീല്‍ ഗഗന്‍ (ഡല്‍ഹി), ജിസാങ് ഹോളിപത്ര (ഗുജറാത്ത്), കപില്‍ ഭരദ്വാജ്, അനില്‍ മങ്കോടിയ, വിന്‍ത (ഹിമാചല്‍). നരേഷ്, സന്ദീപ് (ഹരിയാന), അര്‍ഷദ് അലി ബാബ (ജമ്മു കശ്മീര്‍). സുരേഷ് മോണ്ട, സഞ്ജയ് പസ്വാന്‍ (ജാര്‍ഖണ്ഡ്), ബി രാജശേഖര്‍ മൂര്‍ത്തി, മുനീര്‍ കട്ടിപ്പല്യ (കര്‍ണാടകം), എം സ്വരാജ്, എ എന്‍ ഷംസീര്‍, നിതിന്‍ കണിച്ചേരി, ബിജു കണ്ടകൈ, എ സതീഷ്, എ എ റഹീം, പി പി ദിവ്യ, വി പി റജീന (കേരളം), റോമ ദേവി (മണിപ്പുര്‍), പ്രീതി ശേഖര്‍, സുനില്‍ ധന്‍വ, കൈലാസ് ബല്‍സാനെ (മഹാരാഷ്ട്ര), സരോജ് നായക്, ജതിന്‍ മൊഹന്തി (ഒഡിഷ). പരംജിത് സിങ് റോറി, സ്വരണ്‍ജിത് സിങ് ഡാലിയോ (പഞ്ചാബ്). ജാബര്‍ സിങ് റാര്‍, ജഗദീഷ് ജഗ്ഗി, മനീഷ (രാജസ്ഥാന്‍).

എം സെന്തില്‍, എസ് ബാല, ദീപ, ഡബ്ള്യു രാജേഷ് കുമാര്‍, ദാമോദരന്‍, കെ ജെന്നി (തമിഴ്നാട്). പങ്കജ് ഘോഷ്, അമല്‍ ചക്രവര്‍ത്തി, ജിന്‍വാര ബീഗം (ത്രിപുര). രാജേന്ദ്ര റിയാങ്, അമലേന്ദു ദേബ്ബര്‍മ, ജര്‍ന ദേബ് വര്‍മ (ടിവൈഎഫ്). രാധേശ്യാം, ഗുലാബ് ചന്ദ്, സയന്ദീപ് മിത്ര, ജമീര്‍ മൊള്ള, ഇന്ദ്രജിത് ഘോഷ്, സൌരാശിഷ് റോയ്, എസ് കെ ഇബ്രാഹിം അലി, പരമിത ഘോഷ് ചൌധരി, മീനാക്ഷി മുഖര്‍ജി, ജ്യോതിക ബിശ്വാസ് (പശ്ചിമ ബംഗാള്‍). വിപ്ളബ് കുമാര്‍, എ വിജയ്കുമാര്‍ (തെലങ്കാന). പ്രസാദ് ഝാ (ഛത്തീസ്ഗഢ്). വി എസ് നിധിന്‍, ബല്‍ബീര്‍ പ്രസാര്‍, മുഹമ്മദ് റിയാസ്, അവോയ് മുഖര്‍ജി (സെന്റര്‍). വി പി സാനു, വിക്രം സിങ് (എസ്എഫ്ഐ).

ആന്ധ്ര, ബിഹാര്‍, ജാര്‍ഖണ്ഡ്, കര്‍ണാടകം, നാഗാലാന്‍ഡ്, ഉത്തരാഖണ്ഡ്, യുപി, തെലങ്കാന, സിക്കിം എന്നിവടങ്ങളില്‍ നിന്നുള്ള അംഗങ്ങളെ പിന്നീട് കൂട്ടിച്ചേര്‍ക്കും.

ഡിവൈഎഫ്ഐ; എക്‌സിക്യൂട്ടീവില്‍ അഞ്ച് സ്ത്രീകള്‍

കൊച്ചി > ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റിലേക്ക്  അഞ്ച് വനിത അംഗങ്ങളെ തെരഞ്ഞെടുത്തു.   വൈസ് പ്രസിഡന്റ് ആയ ദീപ, ജോയിന്റ് സെക്രട്ടറി പ്രീതി ശേഖര്‍, ജര്‍ന ദേബ് ബര്‍മ, മനീഷ, വിന്ത എന്നിവരാണ് വനിത അംഗങ്ങള്‍. വിവിധ കമ്മിറ്റികളില്‍ വനിതകള്‍ക്ക് 20 ശതമാനം പ്രാതിനിധ്യം നല്‍കുന്ന ഭരണഘടനാ ഭേദഗതി സമ്മേളനം ഇന്നലെ അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 25 അംഗ കേന്ദ്രസെക്രട്ടറിയേറ്റില്‍ അഞ്ച് വനിത അംഗങ്ങളെ ഉള്‍പെടുത്തിയത്.

കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങള്‍: മുഹമ്മദ് റിയാസ്(പ്രസിഡന്റ്). സഞ്ജയ് പസ്വാന്‍, സയന്ദീപ് മിത്ര, എ എന്‍ ഷംസീര്‍, പങ്കജ് ഘോഷ്, ദീപ( വൈസ് പ്രസിഡന്റ്). അവോയ് മുഖര്‍ജി(ജനറല്‍ സെക്രട്ടറി). പ്രീതി ശേഖര്‍, എം സ്വരാജ്, ജമീര്‍ മൊള്ള, അമല്‍ ചക്രവര്‍ത്തി, എസ് ബാല(ജോ. സെക്രട്ടറിമാര്‍). ബല്‍ബീര്‍ പ്രസാര്‍(ട്രഷറര്‍). ബി രാജശേഖരമൂര്‍ത്തി, ബിജോയ് കുമാര്‍, സൂര്യ റാവു, രാധേശ്യാം, ജാബര്‍ സിങ് റാര്‍, അമലേന്ദു ദേബ് ബര്‍മ, ശശി ഭൂഷണ്‍, ജര്‍ന ദേബ് ബര്‍മ, മനീഷ, വിന്ത

നോട്ട് പിന്‍വലിക്കല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ബജറ്റ് ഇരട്ടിആഘാതമായി: യെച്ചൂരി

ഫിദല്‍ കാസ്ട്രോ നഗര്‍ (കൊച്ചി) > നോട്ട് പിന്‍വലിക്കല്‍ മൂലമുണ്ടായ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇരട്ടി ആഘാതം നല്‍കുന്നതാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

നോട്ട് അസാധുവാക്കിയ പ്രത്യാഘാതങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ബജറ്റില്‍ ഒരു നിര്‍ദ്ദേശവും വെച്ചിട്ടില്ല. അതുമാത്രമല്ല പരോക്ഷ നികുതി വര്‍ധിപ്പിച്ചതിലൂടെ ജനങ്ങള്‍ക്ക് ഇരിട്ടി ഭാരവുമാണ് ബജറ്റ് നല്‍കുന്നതെന്നും യെച്ചൂരി പറഞ്ഞു. കൊച്ചിയില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന യെച്ചൂരി. രാജ്യത്തെ കൃഷിക്കാര്‍ ദുരിതം അനുഭവിക്കുകയാണ്. കാര്‍ഷിക ആത്മഹത്യ വര്‍ധിച്ചു. കൃഷിക്കാര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സാധിക്കുന്നില്ല. ഇത് അവരുടെ ജീവിത നിലവാരം തകര്‍ത്തു. ആത്ഹത്യയിലേക്ക് നയിക്കാതെ അവരെ സംരക്ഷിക്കേണ്ട നടപടികള്‍ കൈക്കൊള്ളുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നും യെച്ചൂരി പറഞ്ഞു.

കറന്‍സിനിരോധനം വരുത്തിയ കെടുതിയുടെ കണക്കുകള്‍ ഉള്‍പ്പെടാത്ത സാമ്പത്തിക സര്‍വെയില്‍പ്പോലും  ഇടിവ് കണക്കാക്കിയിരുന്നു. ഇതിനു പരിഹാരമായി ആഭ്യന്തരവിപണിയില്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കണമെന്നാണ് സാമ്പത്തിക സര്‍വെയില്‍ നിര്‍ദേശിച്ചത്. എന്നാല്‍, തൊഴിലും ജനങ്ങളുടെ വരുമാനവും വര്‍ധിപ്പിച്ച് ഡിമാന്റ് കൂട്ടാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലില്ലെന്നും യെച്ചൂരി പറഞ്ഞു. കേരളത്തില്‍ മുഖ്യമന്ത്രികൂടിയായ സഖാവ് പിണറായി വിജയന്‍ ഉള്‍പെടെയുള്ളവര്‍ സമരത്തിലാണ്. കേരളത്തിലെ സാധാരണക്കാര്‍ക്കുള്ള റേഷന്‍ വിഹിതം പുനസ്ഥാപിക്കാനാണ് സമരം. ഈ വിഷയംകൂടി ഏറ്റെടുത്ത് നടത്താന്‍ ഡിവൈഎഫ്ഐ ശ്രദ്ധിക്കണമെന്നും യെച്ചൂരി പറഞ്ഞു.








ഡിവൈഎഫ്ഐ: മുഹമ്മദ് റിയാസ് പ്രസിഡന്റ് അവോയ് മുഖര്‍ജി ജനറല്‍ സെക്രട്ടറി

കൊച്ചി > ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി പി എ മുഹമ്മദ് റിയാസിനെയും ജനറല്‍ സെക്രട്ടറിയായി അവോയ് മുഖര്‍ജിയേയും  തെരഞ്ഞെടുത്തു. ബൽബീർ പരാശർ ആണ് ട്രഷറർ  നിലവിലെ പ്രസിഡന്റ് എം ബി രാജേഷ് എം പി സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് മുഹമ്മദ് റിയാസ് തെരഞ്ഞെടുക്കപ്പെട്ടത്.ഇപ്പോൾ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്. അവോയ് മുഖര്‍ജി നിലവിൽ ജനറൽ സെക്രട്ടറിയാണ് . എ എന്‍ ഷംസീര്‍ (വൈസ് പ്രസിഡന്റ്), എം സ്വരാജ് (ജോയിന്റ് സെക്രട്ടറി) എന്നിവരേയും കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനം തെരഞ്ഞെടുത്തു. 83 അംഗ കേന്ദ്രകമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. ഇതില്‍ ആറ് പേര്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികളാണ്.

സിപിഐ എം കോഴിക്കോട് ജില്ലാകമ്മിറ്റി അംഗമായ മുഹമ്മദ് റിയാസ് നിലവിൽ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്. 2009 ൽ കോഴിക്കോട് നിന്ന് ലോക് സഭയിലേക്ക് മത്സരിച്ചിരുന്നു.

ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി പശ്ചിമബംഗാളിലെ ബംഗുള ജില്ലക്കാരനാണ്. ബിഎസ്‌സി ബിരുദ ധാരിയാണ്. സിപിഐ എം ജില്ലാകമ്മിറ്റി അംഗമാണ്.

പു­തിയ ട്രഷററായി ­ തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട ­ബൽബീർ പരാശർ ഹിമാചല്‍ പ്രദേശ് മുന്‍ സംസ്ഥാന പ്രസിഡന്റാണ്.

സമരയൌവനത്തിന്റെ ആദരം ഏറ്റുവാങ്ങി രാധിക വെമുല

രോഹിത് വെമുല മഞ്ച് (കൊച്ചി) > ജാതിവെറിയന്മാര്‍ക്കെതിരായ പോരാട്ടത്തില്‍ സ്വജീവന്‍ ബലിയര്‍പ്പിച്ച രോഹിത് വെമുലയ്ക്ക് ഇന്ത്യന്‍ വിപ്ളവയുവത്വത്തിന്റെ ആദരം. രോഹിത് വെമുലയുടെ പേരിട്ട സമ്മേളനവേദിയില്‍ ശനിയാഴ്ച വൈകിട്ട് 6.30ന് എത്തിയ രോഹിതിന്റെ അമ്മ രാധിക വെമുലയെയും സഹോദരന്‍ രാജ വെമുലയെയും  പ്രതിനിധികള്‍  ലാല്‍സലാം, നീല്‍സലാം മുദ്രാവാക്യം വിളിയോടെ വരവേറ്റു.

അസമത്വത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ യുവത ഒന്നാണെന്നു തെളിയിച്ച് 10 മിനിറ്റോളം വേദിയില്‍ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങി. രോഹിത് വെമുല അമര്‍ രഹെ, വീരവണക്കം വീരവണക്കം, ഇല്ലാ ഇല്ലാ മരിക്കില്ല, രോഹിത് വെമുല മരിച്ചിട്ടില്ല തുടങ്ങി വിവിധ ഭാഷകളില്‍ സദസ്സില്‍നിന്ന് മുദ്രാവാക്യം മുഴങ്ങി.

മാതൃഭാഷയായ തെലുങ്കില്‍ ചുരുക്കം വാക്കുകളിലൊതുക്കിയ രാധിക വെമുലയുടെ പ്രസംഗം മകന്‍ രാജ വെമുല ഇംഗ്ളീഷില്‍ പരിഭാഷപ്പെടുത്തി. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ സിപിഐ എമ്മും എസ്എഫ്ഐയും ഡിവൈഎഫ്ഐയും നല്‍കിയ ആത്മാര്‍ഥ പിന്തുണ എടുത്തുപറഞ്ഞാണ് രാധിക വെമുല സംസാരം തുടങ്ങിയത്. രോഹിത് വെമുല വിഷയം രാജ്യമാകെ ഉയര്‍ത്തുന്നതില്‍ കമ്യൂണിസ്റ്റുകള്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നുപറഞ്ഞ അവര്‍ സീതാറാം യെച്ചൂരിയും വൃന്ദാ കാരാട്ടും അടക്കമുള്ളവര്‍ നല്‍കിയ പിന്തുണയും ഓര്‍മിച്ചു.
"രാജ്യത്താകെ പോയപ്പോള്‍ മനസ്സിലായി സംഘപരിവാര്‍ ശക്തികളെ അനുകൂലിക്കുന്നവരെക്കാള്‍ വിയോജിപ്പുള്ളവരാണ് കൂടുതലുമെന്ന്.

പിന്നെങ്ങനെ അവര്‍ രാജ്യത്ത് അധികാരത്തില്‍ വന്നു. അതിനുകാരണം ബിജെപിവിരുദ്ധ, ഹിന്ദുത്വവിരുദ്ധ, ബ്രാഹ്മണ്യവിരുദ്ധ ശക്തികളുടെ ഭിന്നിപ്പാണ്. രാജ്യത്തെ ദളിതുകള്‍, ആദിവാസികള്‍, മുസ്ളിങ്ങള്‍, സ്ത്രീകള്‍, കമ്യൂണിസ്റ്റുകള്‍ എന്നിവര്‍ ഒന്നിച്ചുനില്‍ക്കുക എന്നതാണ് ഇതിനു പരിഹാരം. ഇവര്‍ തമ്മില്‍ ചില ഭിന്നതകളുണ്ടെങ്കിലും യോജിപ്പിന്റെ മേഖലകള്‍ ഏറെയുണ്ട്. ചര്‍ച്ചകളിലൂടെ ഭിന്നത പരിഹരിക്കാനാകും. അംബേദ്കര്‍ രാഷ്ട്രീയപാര്‍ടി ഉണ്ടാക്കിയത് അസമത്വത്തിനെതിരെയാണ്. അതുതന്നെയാണ് കമ്യൂണിസ്റ്റുകളും ചെയ്യുന്നത്''- രാധിക വെമുല പറഞ്ഞു. ജയ്ബീം, നീല്‍സലാം, ലാല്‍സലാം പറഞ്ഞാണ് അവര്‍ പ്രസംഗം അവസാനിപ്പിച്ചത്.

വേദിയില്‍ 'റിപ്പബ്ളിക് ഓഫ് ഈക്വല്‍സ്' എന്ന പുസ്തകം ഡിവൈഎഫ്ഐ തമിഴ്നാട് സംസ്ഥാന ട്രഷറര്‍ ദീപയ്ക്ക് നല്‍കി രാധിക വെമുല പ്രകാശനംചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ പുറത്തിറക്കിയ 'യൂത്ത് സ്ട്രീം' എന്ന പ്രത്യേക പതിപ്പും അവര്‍ പ്രകാശനംചെയ്തു. കേരള ജോയിന്റ് സെക്രട്ടറി എസ് സതീഷ് ഏറ്റുവാങ്ങി. ഡിവൈഎഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ദിനേഷ് സിവാച്ച് നന്ദി പറഞ്ഞു.

http://www.deshabhimani.com/special/news-special-05-02-2017/621700

കനലായി എരിയുന്ന പോരാട്ടത്തിന്റെ പേര് രാഷിരുങ്

രോഹിത് വെമുല മഞ്ച് (കൊച്ചി) > 2002 ഫെബ്രുവരി 2. ബംഗ്ളാദേശ് അതിര്‍ത്തിയിലെ ത്രിപുര ഗ്രാമമായ കമല്‍പുരിലെ ചെറിയവീട്ടിലേക്ക് സായുധരായ 17 തീവ്രവാദികള്‍ ഇരച്ചുകയറി. അവള്‍ എവിടെ എന്നുമാത്രമാണ് അവര്‍ ചോദിച്ചത്. ഞാന്‍ ഇവിടെയുണ്ട്- രാഷിരുങ് ത്രിപുഡയെന്ന പത്തൊമ്പതുകാരി ഒട്ടും ഭയക്കാതെ മറുപടി നല്‍കി. തോക്കേന്തിയ തീവ്രവാദികളോട് ചെറുത്തുനിന്നിട്ട് കാര്യമില്ലെന്ന് അറിയാമായിരുന്നു ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയന്റെ (ടിഎസ്യു) ഡിവിഷണല്‍ പ്രസിഡന്റായ രാഷിരുങ്ങിന്. ത്രിപുരയിലെ പ്രധാന വിഘടനവാദ സംഘമായ എന്‍എല്‍എഫ്ടിയുടെ പിടിയിലായവള്‍ കൊല്ലപ്പെട്ടെന്നുതന്നെ നാടും വീടും വിധിയെഴുതി. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് മൂന്നുവര്‍ഷത്തിനുശേഷം രാഷിരുങ് ജന്മനാട്ടിലേക്ക് മടങ്ങിയെത്തി. പോരാട്ടങ്ങളുടെ ചെങ്കനലുകളിലൂടെ നടന്നെത്തിയവര്‍ ഏറെയുണ്ട് ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ സമ്മേളനവേദിയില്‍. അതില്‍ ഹോളിവുഡ് സിനിമയെ വെല്ലുന്ന ത്രില്ലറാണ് രാഷിരുങ് ത്രിപുഡയുടെ പോരാട്ടം.

ബംഗ്ളാദേശ് വനമേഖലയിലെ താവളത്തിലേക്കാണ് രാഷിരുങ്ങിനെ തീവ്രവാദികള്‍ കൊണ്ടുപോയത്. രണ്ടുദിവസം ജലപാനമില്ലാത്ത തടവ്. മൂന്നാംദിനം ചുറ്റും തോക്കുചൂണ്ടിനിന്ന് അവര്‍ ആജ്ഞാപിച്ചു- ഒന്നുകില്‍ ഞങ്ങള്‍ക്കൊപ്പം ചേരുക; അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാടെക്കുക. മരിക്കാന്‍ ഒരുക്കമായിരുന്നില്ല രാഷിരുങ്. ത്രിപുരയുടെ പോരാട്ടഭൂമിയിലേക്ക് അവള്‍ക്ക് തിരിച്ചെത്തണമായിരുന്നു. തീവ്രവാദികളുടെ ഭീഷണിക്ക് അവര്‍ ബുദ്ധിപൂര്‍വം സമ്മതംമൂളി. പിന്നീട് മൂന്നുവര്‍ഷം അവര്‍ക്കൊപ്പം തോക്കേന്തി നടന്നു. അവരില്‍ ഒരാളായി നടിച്ചു.

ഒടുവില്‍ 2005ലാണ് രക്ഷപ്പെടാന്‍ വഴിതെളിഞ്ഞത്. ഗോത്രവംശജരുടെ പ്രിയപ്പെട്ടവളായി മാറിയ രാഷിരുങ്ങിനെ അവരില്‍ ഒരുസംഘം രഹസ്യമായി അതിര്‍ത്തി കടത്തി ത്രിപുരയിലേക്ക് വിട്ടു. മലേറിയ ബാധിച്ച സമയത്തായിരുന്നു രക്ഷപ്പെടല്‍. കൊല്ലപ്പെട്ടവള്‍ മടങ്ങിയെത്തിയതറിഞ്ഞ് സന്തോഷത്താല്‍ നിലവിളിച്ചത് ഒരു ഗ്രാമം മുഴുവനുമായിരുന്നു. സിപിഐ എമ്മിന്റെ ഡിവിഷണല്‍ സെക്രട്ടറി വിവരമറിഞ്ഞ് വീട്ടിലെത്തി.

ടിഎസ്യുവിന്റെ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റായിരുന്ന പരിഖിത് മുരാസിങ്ങുമൊത്ത് മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെ വിവരം ധരിപ്പിച്ചു. സുരക്ഷ ഉറപ്പാക്കാന്‍ പാര്‍ടിയുടെ നിര്‍ദേശപ്രകാരം അഗര്‍ത്തലയിലേക്ക് താമസം മാറി. ആറുവര്‍ഷത്തോളം അവിടെനിന്നു പ്രവര്‍ത്തിച്ച രാഷിരുങ് 2011ലാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. ത്യാഗവും പോരാട്ടവുംകൊണ്ടാണ് ത്രിപുരയിലെ ജനങ്ങള്‍ തീവ്രവാദത്തെ നേരിടുന്നതെന്നും ഇപ്പോള്‍ സ്ഥിതി പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ ട്രൈബല്‍ യൂത്ത് ഫെഡറേഷന്റെ കമല്‍പുര്‍ ഡിവിഷണല്‍ പ്രസിഡന്റും സെന്‍ട്രല്‍ എക്സിക്യൂട്ടീവ് അംഗവുമാണ് രാഷിരുങ് ത്രിപുഡ.

http://www.deshabhimani.com/special/dyfi-rashi/621661

Thursday, February 2, 2017

ഇതാ, പെണ്‍പോരാട്ടത്തിന്റെ ചരിത്രഗാഥകള്‍

കൊച്ചി > സമരങ്ങളുടെ തീച്ചൂടുള്ള പെണ്‍കഥകളുണ്ട് ചരിത്രവഴികളില്‍. അപമാനപ്പെടുത്തലില്‍ തകര്‍ന്നുപോകാതെ പ്രതിഷേധത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയവരുടെ വിജയകഥ. മാന്യമായി വസ്ത്രംധരിക്കാന്‍, പെണ്ണുടലിന് കരം ചോദിച്ചവരെ ധിക്കരിക്കാന്‍, പഠിക്കാന്‍, പണിയെടുക്കാന്‍, വെള്ളംകുടിക്കാന്‍വരെ സമരങ്ങള്‍ നയിച്ച പെണ്ണുങ്ങളുടെ മണ്ണ്. ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനനഗരിയിലെ ചരിത്രപ്രദര്‍ശനത്തിലേക്ക് വരിക. പെണ്‍പോരാട്ടങ്ങളുടെ പഴയ ഗാഥകളില്‍നിന്ന് പുതുസമരങ്ങള്‍ക്ക് ഊര്‍ജം നിറയ്ക്കാം.

പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തെ അടക്കിവാണ ജാതി-ജന്മിത്വ വാഴ്ചയുടെ, അവയ്ക്കെതിരെ നടന്ന ശക്തമായ പ്രതിഷേധങ്ങളുടെ ഓര്‍മപ്പെടുത്തലുണ്ട് ചരിത്രപ്രദര്‍ശനത്തില്‍. ദിവസങ്ങളോ മാസങ്ങളോ അല്ല, 30 വര്‍ഷം നീണ്ട പോരാട്ടചരിത്രമുണ്ട് മാറുമറയ്ക്കല്‍ സമരത്തിന്. 1829ല്‍ അയ്യാ വൈകുണ്ഠം നേതൃത്വംനല്‍കിയ സമരം വിജയംകണ്ടത് 1859ല്‍. വിളംബരത്തില്‍ തുല്യംചാര്‍ത്തിയ മാര്‍ത്താണ്ഡവര്‍മ ക്രിസ്ത്യാനികളെയോ മുക്കുവത്തികളെയോപോലെ മേല്‍വസ്ത്രം ധരിക്കാന്‍ അവര്‍ണ സ്ത്രീകള്‍ക്ക് അവകാശം നല്‍കിയപ്പോള്‍ അതൊരിക്കലും ഉയര്‍ന്ന ജാതിക്കാരുടേതുപോലെയാകരുതെന്നു പറയാനും മറന്നില്ല. പൌരാവകാശ പോരാട്ടത്തിന്റെ ആദ്യ വിജയമായിരുന്നു അതെന്ന് പ്രദര്‍ശനം അടിവരയിടുന്നു.

അവര്‍ണസ്ത്രീകള്‍ നല്‍കേണ്ട മുലക്കരത്തില്‍ പ്രതിഷേധിച്ച് ഉദ്യോഗസ്ഥന് മുലയറുത്തുകൊടുത്ത ചേര്‍ത്തലയിലെ ഈഴവ യുവതി നങ്ങേലിയുടെ കഥയുണ്ട് ഈ ചരിത്രച്ചുവരില്‍. പന്തളം ചന്തയില്‍ മൂക്കുത്തി ധരിച്ചെത്തിയ ഈഴവയുവതിയുടെ മൂക്കറുത്ത ജന്മികള്‍ക്കെതിരെ മൂക്കുത്തി ധരിച്ച സ്ത്രീകളെ ചന്തയില്‍ കൊണ്ടുവന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെയും ഇവിടെ കാണാം. കണങ്കാല്‍വരെ നീളുന്ന അച്ചിപ്പുടവ ധരിച്ച കായംകുളത്തെ ഈഴവ യുവതിയുടെ പുടവ പരസ്യമായി ഊരിയെറിഞ്ഞപ്പോള്‍ കേരളം ആദ്യ സ്ത്രീജാഥ കണ്ടു.
രേഖപ്പെടുത്തിയതും അല്ലാത്തതുമായ പ്രതിഷേധങ്ങളുടെയും പ്രതികരണങ്ങളുടെയും ആകെത്തുകയാണ് ഇന്നത്തെ കേരളമെന്ന് പ്രദര്‍ശനം വ്യക്തമാക്കുന്നു.

 http://www.deshabhimani.com/special/dyfi/621094