Sunday, February 5, 2017

സമരയൌവനത്തിന്റെ ആദരം ഏറ്റുവാങ്ങി രാധിക വെമുല

രോഹിത് വെമുല മഞ്ച് (കൊച്ചി) > ജാതിവെറിയന്മാര്‍ക്കെതിരായ പോരാട്ടത്തില്‍ സ്വജീവന്‍ ബലിയര്‍പ്പിച്ച രോഹിത് വെമുലയ്ക്ക് ഇന്ത്യന്‍ വിപ്ളവയുവത്വത്തിന്റെ ആദരം. രോഹിത് വെമുലയുടെ പേരിട്ട സമ്മേളനവേദിയില്‍ ശനിയാഴ്ച വൈകിട്ട് 6.30ന് എത്തിയ രോഹിതിന്റെ അമ്മ രാധിക വെമുലയെയും സഹോദരന്‍ രാജ വെമുലയെയും  പ്രതിനിധികള്‍  ലാല്‍സലാം, നീല്‍സലാം മുദ്രാവാക്യം വിളിയോടെ വരവേറ്റു.

അസമത്വത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ യുവത ഒന്നാണെന്നു തെളിയിച്ച് 10 മിനിറ്റോളം വേദിയില്‍ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങി. രോഹിത് വെമുല അമര്‍ രഹെ, വീരവണക്കം വീരവണക്കം, ഇല്ലാ ഇല്ലാ മരിക്കില്ല, രോഹിത് വെമുല മരിച്ചിട്ടില്ല തുടങ്ങി വിവിധ ഭാഷകളില്‍ സദസ്സില്‍നിന്ന് മുദ്രാവാക്യം മുഴങ്ങി.

മാതൃഭാഷയായ തെലുങ്കില്‍ ചുരുക്കം വാക്കുകളിലൊതുക്കിയ രാധിക വെമുലയുടെ പ്രസംഗം മകന്‍ രാജ വെമുല ഇംഗ്ളീഷില്‍ പരിഭാഷപ്പെടുത്തി. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ സിപിഐ എമ്മും എസ്എഫ്ഐയും ഡിവൈഎഫ്ഐയും നല്‍കിയ ആത്മാര്‍ഥ പിന്തുണ എടുത്തുപറഞ്ഞാണ് രാധിക വെമുല സംസാരം തുടങ്ങിയത്. രോഹിത് വെമുല വിഷയം രാജ്യമാകെ ഉയര്‍ത്തുന്നതില്‍ കമ്യൂണിസ്റ്റുകള്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നുപറഞ്ഞ അവര്‍ സീതാറാം യെച്ചൂരിയും വൃന്ദാ കാരാട്ടും അടക്കമുള്ളവര്‍ നല്‍കിയ പിന്തുണയും ഓര്‍മിച്ചു.
"രാജ്യത്താകെ പോയപ്പോള്‍ മനസ്സിലായി സംഘപരിവാര്‍ ശക്തികളെ അനുകൂലിക്കുന്നവരെക്കാള്‍ വിയോജിപ്പുള്ളവരാണ് കൂടുതലുമെന്ന്.

പിന്നെങ്ങനെ അവര്‍ രാജ്യത്ത് അധികാരത്തില്‍ വന്നു. അതിനുകാരണം ബിജെപിവിരുദ്ധ, ഹിന്ദുത്വവിരുദ്ധ, ബ്രാഹ്മണ്യവിരുദ്ധ ശക്തികളുടെ ഭിന്നിപ്പാണ്. രാജ്യത്തെ ദളിതുകള്‍, ആദിവാസികള്‍, മുസ്ളിങ്ങള്‍, സ്ത്രീകള്‍, കമ്യൂണിസ്റ്റുകള്‍ എന്നിവര്‍ ഒന്നിച്ചുനില്‍ക്കുക എന്നതാണ് ഇതിനു പരിഹാരം. ഇവര്‍ തമ്മില്‍ ചില ഭിന്നതകളുണ്ടെങ്കിലും യോജിപ്പിന്റെ മേഖലകള്‍ ഏറെയുണ്ട്. ചര്‍ച്ചകളിലൂടെ ഭിന്നത പരിഹരിക്കാനാകും. അംബേദ്കര്‍ രാഷ്ട്രീയപാര്‍ടി ഉണ്ടാക്കിയത് അസമത്വത്തിനെതിരെയാണ്. അതുതന്നെയാണ് കമ്യൂണിസ്റ്റുകളും ചെയ്യുന്നത്''- രാധിക വെമുല പറഞ്ഞു. ജയ്ബീം, നീല്‍സലാം, ലാല്‍സലാം പറഞ്ഞാണ് അവര്‍ പ്രസംഗം അവസാനിപ്പിച്ചത്.

വേദിയില്‍ 'റിപ്പബ്ളിക് ഓഫ് ഈക്വല്‍സ്' എന്ന പുസ്തകം ഡിവൈഎഫ്ഐ തമിഴ്നാട് സംസ്ഥാന ട്രഷറര്‍ ദീപയ്ക്ക് നല്‍കി രാധിക വെമുല പ്രകാശനംചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ പുറത്തിറക്കിയ 'യൂത്ത് സ്ട്രീം' എന്ന പ്രത്യേക പതിപ്പും അവര്‍ പ്രകാശനംചെയ്തു. കേരള ജോയിന്റ് സെക്രട്ടറി എസ് സതീഷ് ഏറ്റുവാങ്ങി. ഡിവൈഎഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ദിനേഷ് സിവാച്ച് നന്ദി പറഞ്ഞു.

http://www.deshabhimani.com/special/news-special-05-02-2017/621700

No comments:

Post a Comment