Sunday, February 5, 2017

കനലായി എരിയുന്ന പോരാട്ടത്തിന്റെ പേര് രാഷിരുങ്

രോഹിത് വെമുല മഞ്ച് (കൊച്ചി) > 2002 ഫെബ്രുവരി 2. ബംഗ്ളാദേശ് അതിര്‍ത്തിയിലെ ത്രിപുര ഗ്രാമമായ കമല്‍പുരിലെ ചെറിയവീട്ടിലേക്ക് സായുധരായ 17 തീവ്രവാദികള്‍ ഇരച്ചുകയറി. അവള്‍ എവിടെ എന്നുമാത്രമാണ് അവര്‍ ചോദിച്ചത്. ഞാന്‍ ഇവിടെയുണ്ട്- രാഷിരുങ് ത്രിപുഡയെന്ന പത്തൊമ്പതുകാരി ഒട്ടും ഭയക്കാതെ മറുപടി നല്‍കി. തോക്കേന്തിയ തീവ്രവാദികളോട് ചെറുത്തുനിന്നിട്ട് കാര്യമില്ലെന്ന് അറിയാമായിരുന്നു ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയന്റെ (ടിഎസ്യു) ഡിവിഷണല്‍ പ്രസിഡന്റായ രാഷിരുങ്ങിന്. ത്രിപുരയിലെ പ്രധാന വിഘടനവാദ സംഘമായ എന്‍എല്‍എഫ്ടിയുടെ പിടിയിലായവള്‍ കൊല്ലപ്പെട്ടെന്നുതന്നെ നാടും വീടും വിധിയെഴുതി. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് മൂന്നുവര്‍ഷത്തിനുശേഷം രാഷിരുങ് ജന്മനാട്ടിലേക്ക് മടങ്ങിയെത്തി. പോരാട്ടങ്ങളുടെ ചെങ്കനലുകളിലൂടെ നടന്നെത്തിയവര്‍ ഏറെയുണ്ട് ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ സമ്മേളനവേദിയില്‍. അതില്‍ ഹോളിവുഡ് സിനിമയെ വെല്ലുന്ന ത്രില്ലറാണ് രാഷിരുങ് ത്രിപുഡയുടെ പോരാട്ടം.

ബംഗ്ളാദേശ് വനമേഖലയിലെ താവളത്തിലേക്കാണ് രാഷിരുങ്ങിനെ തീവ്രവാദികള്‍ കൊണ്ടുപോയത്. രണ്ടുദിവസം ജലപാനമില്ലാത്ത തടവ്. മൂന്നാംദിനം ചുറ്റും തോക്കുചൂണ്ടിനിന്ന് അവര്‍ ആജ്ഞാപിച്ചു- ഒന്നുകില്‍ ഞങ്ങള്‍ക്കൊപ്പം ചേരുക; അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാടെക്കുക. മരിക്കാന്‍ ഒരുക്കമായിരുന്നില്ല രാഷിരുങ്. ത്രിപുരയുടെ പോരാട്ടഭൂമിയിലേക്ക് അവള്‍ക്ക് തിരിച്ചെത്തണമായിരുന്നു. തീവ്രവാദികളുടെ ഭീഷണിക്ക് അവര്‍ ബുദ്ധിപൂര്‍വം സമ്മതംമൂളി. പിന്നീട് മൂന്നുവര്‍ഷം അവര്‍ക്കൊപ്പം തോക്കേന്തി നടന്നു. അവരില്‍ ഒരാളായി നടിച്ചു.

ഒടുവില്‍ 2005ലാണ് രക്ഷപ്പെടാന്‍ വഴിതെളിഞ്ഞത്. ഗോത്രവംശജരുടെ പ്രിയപ്പെട്ടവളായി മാറിയ രാഷിരുങ്ങിനെ അവരില്‍ ഒരുസംഘം രഹസ്യമായി അതിര്‍ത്തി കടത്തി ത്രിപുരയിലേക്ക് വിട്ടു. മലേറിയ ബാധിച്ച സമയത്തായിരുന്നു രക്ഷപ്പെടല്‍. കൊല്ലപ്പെട്ടവള്‍ മടങ്ങിയെത്തിയതറിഞ്ഞ് സന്തോഷത്താല്‍ നിലവിളിച്ചത് ഒരു ഗ്രാമം മുഴുവനുമായിരുന്നു. സിപിഐ എമ്മിന്റെ ഡിവിഷണല്‍ സെക്രട്ടറി വിവരമറിഞ്ഞ് വീട്ടിലെത്തി.

ടിഎസ്യുവിന്റെ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റായിരുന്ന പരിഖിത് മുരാസിങ്ങുമൊത്ത് മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെ വിവരം ധരിപ്പിച്ചു. സുരക്ഷ ഉറപ്പാക്കാന്‍ പാര്‍ടിയുടെ നിര്‍ദേശപ്രകാരം അഗര്‍ത്തലയിലേക്ക് താമസം മാറി. ആറുവര്‍ഷത്തോളം അവിടെനിന്നു പ്രവര്‍ത്തിച്ച രാഷിരുങ് 2011ലാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. ത്യാഗവും പോരാട്ടവുംകൊണ്ടാണ് ത്രിപുരയിലെ ജനങ്ങള്‍ തീവ്രവാദത്തെ നേരിടുന്നതെന്നും ഇപ്പോള്‍ സ്ഥിതി പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ ട്രൈബല്‍ യൂത്ത് ഫെഡറേഷന്റെ കമല്‍പുര്‍ ഡിവിഷണല്‍ പ്രസിഡന്റും സെന്‍ട്രല്‍ എക്സിക്യൂട്ടീവ് അംഗവുമാണ് രാഷിരുങ് ത്രിപുഡ.

http://www.deshabhimani.com/special/dyfi-rashi/621661

No comments:

Post a Comment