യാത്ര തുടങ്ങുന്നതിന് തൊട്ടുമുമ്പ് കൊച്ചുവേളി-ബംഗളൂരു എക്സ്പ്രസിന്റെ ബോഗി നെടുകെ പിളര്‍ന്നു. യാത്രക്കാരെ കയറ്റാന്‍ ഒന്നാം പ്്ളാറ്റ്ഫോമിലേക്ക് വരവെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച വൈകിട്ട് നാലിനായിരുന്നു അപകടം. എസ് 14 ബോഗിയാണ് പിളര്‍ന്നത്. 4.50നാണ് ഈ ട്രെയിന്‍ കൊച്ചുവേളിയില്‍നിന്ന് യാത്ര തുടങ്ങേണ്ടിയിരുന്നത്. യാത്രയ്ക്കിടെയായിരുന്നു അപകടമെങ്കില്‍ ദുരന്തം വിവരണാതീതമാകുമായിരുന്നു. വന്‍ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളെ സമീപത്തേക്ക് അടുപ്പിക്കാതെ അപകടത്തെ സാങ്കേതിക തകരാര്‍ മാത്രമാക്കാനുള്ള റെയില്‍വേ അധികൃതരുടെ നീക്കം പ്രതിഷേധത്തിനിടയാക്കി. തകര്‍ന്ന ബോഗിയില്‍ 89232 എന്ന നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബോഗിയുടെ ആദ്യ രണ്ടക്കം നിര്‍മാണവര്‍ഷം സൂചിപ്പിക്കുന്നതാകയാല്‍ കാല്‍നൂറ്റാണ്ട് പഴക്കമുള്ള ബോഗിയാണ് ഇതെന്ന് വ്യക്തം. എക്സ്പ്രസ് ട്രെയിനില്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ബോഗികള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. അപകടമുണ്ടായ ട്രെയിനില്‍ ആകെയുള്ള 23 ബോഗിയില്‍ ഭൂരിഭാഗവും 1989ല്‍ നിര്‍മിച്ചതായിരുന്നു. ദ്രവിച്ച് വീഴാറായ ഈ ബോഗി തകര്‍ന്നപ്പോള്‍ എസി ത്രീ ടയര്‍ കോച്ച് ബന്ധിപ്പിച്ച ഉരുക്ക് ബഫറും പൊട്ടിപ്പോയി. നാല് ബോഗിക്ക് തകരാര്‍ സംഭവിച്ചതായാണ് പ്രാഥമികവിവരം. അപകടം അന്വേഷിക്കാന്‍ സീനിയര്‍ സേഫ്റ്റി ഓഫീസറെ റെയില്‍വേ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ബംഗളൂരുവിലേക്കുള്ള യാത്രയ്ക്ക് തലസ്ഥാനജനതയ്ക്ക് ഏക ആശ്രയമായ ട്രെയിനായതിനാല്‍ സ്റ്റേഷനില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബോഗി രണ്ടായി മുറിഞ്ഞിട്ടും ഇതേ ട്രെയിനിന്റെ അപകടാവസ്ഥയിലായ എട്ടു ബോഗി അടര്‍ത്തിയെടുത്ത് നാലുമണിക്കൂറോളം വൈകി രാത്രി എട്ടോടെയാണ് ട്രെയിന്‍ ബംഗളൂരുവിലേക്ക് പോയത്. യാത്ര ചെയ്യേണ്ട ബോഗിയുടെ ദയനീയാവസ്ഥ നേരില്‍ക്കണ്ട ചില യാത്രക്കാര്‍ സ്വകാര്യ ബസുകളില്‍ ബംഗളൂരുവിലേക്ക് തിരിച്ചു.
തകര്‍ന്ന ബോഗി കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതില്‍ പ്രതിഷേധം
തിരു: യാത്രക്കാരെ കയറ്റാന്‍ പ്ലാറ്റ്ഫോമിലേക്ക് വരുമ്പോള്‍ ബോഗി തകര്‍ന്ന സംഭവം മറച്ചുവയ്ക്കാനുള്ള റെയില്‍വേ അധികാരികള്‍ ശ്രമിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. പ്രതിഷേധക്കാരെ കൈയേറ്റം ചെയ്യാന്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഞായറാഴ്ച വൈകിട്ട് കൊച്ചുവേളിയില്‍ ബംഗളൂരൂ എക്സ്പ്രസിന്റെ ബോഗി തകര്‍ന്നയുടന്‍ വന്‍ശബ്ദം കേട്ട് പരിസരവാസികളാകെ ഓടിയെത്തുകയായിരുന്നു. എന്നാല്‍, സ്ഥലത്തെത്തിയ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും റെയില്‍വേ അധികാരികളും ജനങ്ങളെ ഭീഷണിപ്പെടുത്തി അകറ്റിനിര്‍ത്താനാണ് ശ്രമിച്ചത്. എന്നാല്‍, ഉടന്‍ പുറപ്പെടേണ്ട ട്രെയിനാണെന്ന് പരിസരവാസികള്‍ മനസ്സിലാക്കിയതോടെ ബഹളമായി. ഈ ട്രെയിന്‍ പോയശേഷമാണ് അപകടമുണ്ടായതെങ്കില്‍ എന്താകുമായിരുന്നെന്ന നാട്ടുകാരുടെ ചോദ്യത്തിന് അത് അപ്പോള്‍ കാണാമെന്ന ആര്‍പിഎഫ് എഎസ്ഐയുടെ മറുപടി കൂടിയായപ്പോള്‍ ജനം ബഹളംവച്ചു. ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണമെന്ന വാശിയായി. ഇതിനിടെ, തകര്‍ന്ന ട്രെയിനിന്റെ എട്ടു കോച്ച് വേഗത്തില്‍ മാറ്റുകയും ചെയ്തു.
തുടര്‍ന്ന് പിളര്‍ന്ന് പൊളിഞ്ഞുവീണ കോച്ച് നീക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയതോടെ ജനം സംഘടിച്ചു. ബഹളം അറിഞ്ഞെത്തിയ സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗമായ കെ അനീഷിനെ പൊലീസ് കൈയേറ്റം ചെയ്തു. തുടര്‍ന്ന് കൂടുതല്‍പേര്‍ സ്ഥലത്ത് സംഘടിച്ചു. വിവരമറിഞ്ഞ് സിപിഐ എം വഞ്ചിയൂര്‍ ഏരിയ സെക്രട്ടറി പട്ടം പി വാമദേവന്‍നായര്‍ എത്തി. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ പെരുമാറ്റദൂഷ്യം റെയില്‍വേ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന ഉറപ്പിലാണ് ജനം പിന്തിരിഞ്ഞത്.
കൊച്ചുവേളിയിലേത് ദുരന്തങ്ങളുടെ ചൂളംവിളി
തിരു: കാലപ്പഴക്കത്താല്‍ ഉപയോഗശൂന്യമായി കണ്ടംചേയ്യേണ്ട ബോഗികള്‍ മാത്രം തിരുവനന്തപുരത്തിന് സമ്മാനിക്കുന്ന റെയില്‍വേ, ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണെന്ന മുന്നറിയിപ്പാണ് കൊച്ചുവേളി സ്റ്റേഷനില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ അപകടം നല്‍കുന്നത്. തിരുവനന്തപുരം ഡിവിഷന് 328 എസി ബോഗികള്‍ ഉള്‍പ്പെടെ 1100 ബോഗി കോച്ചുകളാണ് സ്വന്തമായുള്ളത്. ഇതില്‍ ഭൂരിഭാഗവും വര്‍ഷങ്ങളുടെ പഴക്കമുള്ളതാണ്. അതിലേറെയും ഉപയോഗ കാലാവധി കഴിഞ്ഞതും. ബോഗികളില്‍ 80 ശതമാനവും ഉപയോഗ കാലാവധി കഴിഞ്ഞതോ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതോ ആണെന്ന് റെയില്‍വേ ഡിവിഷന്‍ മേധാവികള്‍ പലതവണ സതേണ്‍ റീജിയണ്‍ മേധാവികളെ അറിയിച്ചിട്ടും ഫലമൊന്നുമുണ്ടായില്ല. പലപ്പോഴും യഥാസമയം അറ്റകുറ്റപ്പണി നടത്താന്‍ പോലും കഴിയാതെ കോച്ചുകള്‍ ഓടിച്ചുകൊണ്ടേയിരിക്കുകയാണ്.
ശനിയാഴ്ച മൂന്ന് വണ്ടികള്‍ പുറപ്പെട്ടത് എങ്ങനെയെന്ന് അറിഞ്ഞാല്‍ മാത്രം മതി തിരുവനന്തപുരം റെയില്‍വേ വികസനം എവിടെയെത്തി നില്‍ക്കുന്നുവെന്നറിയാന്‍. രാവിലെ 9.30ന് പുറപ്പെടേണ്ട നേത്രാവതി ട്രെയിന്‍ കൃത്യസമയത്ത് പോകാതിരുന്നത് ആവശ്യത്തിന് കോച്ചുകളില്ലാത്തതിനാലാണ്. ഷാലിമാറിന്റെ കോച്ചുകളെടുത്താണ് നേത്രാവതിയെ യാത്രയാക്കിയത്. വൈകിട്ട് 4.30ന് ഷാലിമാര്‍ പോയത് രാത്രി 10.30ന് പുറപ്പെടേണ്ട അമൃതയുടെ കോച്ചുകളുമായി. അമൃതയ്ക്ക് പോകേണ്ട സമയമായപ്പോള്‍ മറ്റൊരു വണ്ടിയില്‍നിന്ന് കോച്ചുകളൊപ്പിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ തിരുവനന്തപുരം സ്റ്റേഷനിലും തൊട്ടടുത്ത കൊച്ചുവേളി സ്റ്റേഷനിലും ഉപയോഗിക്കാതിട്ടിരുന്ന പഴകിയ കോച്ചുകള്‍ ഘടിപ്പിച്ച് അമൃതയെ യാത്രയാക്കി. ചെറിയ സാങ്കേതിക തകരാര്‍ സംഭവിച്ചിരുന്നെങ്കില്‍ അമൃതയുടെ പലകോച്ചുകളുടെയും പൊടിപോലും ഉണ്ടാകില്ലെന്ന് ജീവനക്കാര്‍തന്നെ പറയുന്നു.
തിരുവനന്തപുരം ഡിവിഷനിലെ കോച്ചുകളുടെ സമയബന്ധിത പരിശോധന (പിഒഎച്ച്) നടത്തേണ്ടത് ചെന്നൈയിലും പൊന്മലയിലുമാണ്. ഇവിടങ്ങളിലേക്ക് തിരുവനന്തപുരത്തെ കോച്ചുകള്‍ അയച്ചാല്‍ ഒരിക്കലും സമയത്ത് തിരിച്ചുകിട്ടില്ല. ചെന്നൈയിലേക്ക് പിഒഎച്ച് പരിശോധനയ്ക്ക് പുതിയ ബോഗികള്‍ കൊണ്ടുപോയാല്‍ ഒരിക്കലും അത് തിരിച്ചുകിട്ടില്ല. അവരുടെ ഔദാര്യത്തില്‍ കഴിയുംപോലെ പഴയകോച്ചുകളായിരിക്കും മടങ്ങിവരിക. ഫലത്തില്‍ ചെന്നൈ റീജിയന്റെ പഴയ കോച്ചുകള്‍ തള്ളുന്ന കേന്ദ്രമാക്കി ഏതാനും വര്‍ഷമായി തിരുവനന്തപുരം ഡിവിഷനെ മാറ്റിയിരിക്കുകയാണ്. റെയില്‍വേയില്‍ സ്വകാര്യവല്‍ക്കരണനീക്കങ്ങള്‍ തകൃതിയായതോടെ ജീവനക്കാരുടെ എണ്ണവും അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കൊച്ചുവേളി യാഡ് പ്രഖ്യാപിച്ചതല്ലാതെ ഒരു ജീവനക്കാരനെപോലും നിയമിച്ചില്ല. ഞായറാഴ്ച അപകടമുണ്ടായ ട്രെയിന്‍ ഷണ്ടിങ് നടത്തിയതുതന്നെ ആവശ്യത്തിന് ജീവനക്കാരില്ലാതെയാണെന്ന് അധികാരികള്‍തന്നെ സമ്മതിച്ചിട്ടുണ്ട്.
deshabhimani
No comments:
Post a Comment