Monday, February 3, 2014

സിബിഐ അന്വേഷണം എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: എസ് ആര്‍ പി

വിചാരണക്കോടതി വിധി പ്രസ്താവിച്ച ടി പി ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള കാരണമെന്തെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തയ്യാറാകണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സിയോ കോടതിയോ ആവശ്യപ്പെട്ടാലോ അവയ്ക്ക് പുറത്ത് പുതിയ എന്തെങ്കിലും തെളിവ് കണ്ടെത്തിയാലോ മാത്രമാണ് മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാറുള്ളത്. ചന്ദ്രശേഖരന്‍ കേസില്‍ ഇത് മൂന്നും ഉണ്ടായിട്ടില്ല. എന്നിട്ടും കേസ് പുനരന്വേഷണം നടത്താന്‍ സിബിഐക്ക് വിടുകയാണെങ്കില്‍ കേരളത്തിലെ പൊലീസിന് കഴിവില്ലെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തുറന്ന് സമ്മതിക്കണം. അതല്ല പൊലീസ് മനഃപൂര്‍വം കുറ്റവാളികളെ സംരക്ഷിച്ചുവെന്നാണ് അഭിപ്രായമെങ്കില്‍ അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. അതുമല്ലെങ്കില്‍ നിഷ്പക്ഷവും നീതിപൂര്‍വകവുമായി പ്രവര്‍ത്തിക്കുന്ന പൊലീസില്‍നിന്ന് തങ്ങളാഗ്രഹിക്കുന്നത് നടക്കുന്നില്ലെന്ന് തുറന്ന് സമ്മതിക്കണം. ഇതിലേത് കാരണം കൊണ്ടാണ് സിബിഐ അന്വേഷണത്തിന് മുതിരുന്നതെന്ന് വ്യക്തമാക്കണം.

പരല്‍മീനുകളെ പിടിച്ച് വമ്പന്‍സ്രാവുകളെ ഒഴിവാക്കിയെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം അന്വേഷണ ഏജന്‍സിക്കെതിരെയുള്ള കടുത്ത കുറ്റാരോപണമാണ്. കേന്ദ്രത്തില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയെന്ന നിലയില്‍ നടത്തിയ പ്രസ്താവനയോട് ആത്മാര്‍ഥതയുണ്ടെങ്കില്‍ പരല്‍മീനിനെ മാത്രം പിടിച്ച് വമ്പന്‍സ്രാവുകളെ വിട്ടയച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനുള്ള നട്ടെല്ല് മുല്ലപ്പള്ളി രാമചന്ദ്രന്‍ കാണിക്കണം. വായാടിത്തം ഇനിയെങ്കിലും അവസാനിപ്പിക്കണം. തങ്ങള്‍ ഉദ്ദേശിച്ച ആളുകളെ പിടിക്കാന്‍ വേണ്ടിയായിരിക്കണം സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് തയ്യാറാകുന്നത്.

ലാവ്ലിന്‍ കേസ് ആദ്യം അന്വേഷിച്ചത് കേരള പൊലീസിന്റെ വിജിലന്‍സ് വിഭാഗമായിരുന്നു. ഇതില്‍ കുറ്റം നടന്നതായി വിജിലന്‍സിന് കണ്ടെത്താനായില്ല. തുടര്‍ന്നാണ് രാഷ്ട്രീയ ലക്ഷ്യത്തോടെ കേസ് സിബിഐക്ക് വിട്ടത്. സിബിഐ അന്വേഷിച്ചെങ്കിലും വിചാരണയ്ക്കുപോലും അര്‍ഹമല്ലെന്നു പറഞ്ഞ് കോടതി കേസ് തള്ളുകയാണുണ്ടായത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് നിരവധി കേസുകള്‍ എടുക്കുകയും വിടുകയും ചെയ്ത പാരമ്പര്യമാണ് സിബിഐക്കുള്ളത്. രാഷ്ട്രീയ യജമാനന്മാരുടെ കൂട്ടിലെ തത്തയാണ് സിബിഐ എന്ന് പരമോന്നത കോടതി വിമര്‍ശിച്ചത് അതുകൊണ്ടാകാം. ഇപ്പോള്‍ കൂട്ടിലെ തത്തയെ കൈകാര്യം ചെയ്യുന്നത് കോണ്‍ഗ്രസാണെങ്കിലും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സിബിഐയെ കൈകാര്യം ചെയ്യുന്നത് കോണ്‍ഗ്രസാകില്ലെന്ന് ഉറപ്പിച്ച് പറയാം-എസ് ആര്‍ പി ദേശാഭിമാനിയോട് പറഞ്ഞു.

deshabhimani

No comments:

Post a Comment