എംപിമാരെയും എംഎല്‍എമാരെയും ക്രിമിനല്‍ കേസുകളില്‍ ശിക്ഷിച്ചാല്‍ അപ്പീലിന് അവസരം നല്‍കാതെ അയോഗ്യത കല്‍പ്പിക്കണമെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. തുടര്‍ച്ചയായി ഓര്‍ഡിനന്‍സുകളിലൂടെ കാര്യങ്ങള്‍ നടത്തുന്ന രീതിയാണ് യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഇത് ജനാധിപത്യവിരുദ്ധവും എതിര്‍ക്കപ്പെടേണ്ടതുമാണ്. കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന എംപിമാരെയും എംഎല്‍എമാരെയും അയോഗ്യരാക്കണമെന്ന വിധി സംബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്ത് ഉചിത നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് പിബി പ്രസ്താവനയില്‍ പറഞ്ഞു. ധൃതിപിടിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനെ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റും അപലപിച്ചു. ഇതുസംബന്ധിച്ച് ബില്‍ പാര്‍ലമെന്റ് പരിഗണിച്ച് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടതാണ്. കമ്മിറ്റി പരിശോധിച്ചശേഷം വീണ്ടും പാര്‍ലമെന്റ് ഇത് ചര്‍ച്ചചെയ്ത് ആവശ്യമായ നടപടിയെടുത്താല്‍ മതി. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ഉചിതമായില്ലെന്ന് സിപിഐ പ്രസ്താവനയില്‍ പറഞ്ഞു.
ആധാര്‍: കോടതിവിധി സ്വാഗതാര്‍ഹം
ന്യൂഡല്‍ഹി: സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളും സേവനങ്ങളും നേടാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന സുപ്രീംകോടതി വിധിയെ സിപിഐ എം പൊളിറ്റ് ബ്യൂറോ സ്വാഗതം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നിയമവിരുദ്ധമായി നേരിട്ട് ആനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതി ആവിഷ്കരിക്കുകയും ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കളെ നിശ്ചയിക്കുകയുമാണെന്ന് പിബി പ്രസ്താവനയില്‍ പറഞ്ഞു. ജമ്മു കശ്മീരിലെ ചില മന്ത്രിമാര്‍ക്ക് മിലിട്ടറി ഇന്റലിജന്റ്സ് വിഭാഗം സാമ്പത്തികസഹായം നല്‍കിയെന്ന വെളിപ്പെടുത്തല്‍ സംബന്ധിച്ച് വിശ്വസനീയമായ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയെ നിയോഗിക്കണമെന്ന് പിബി ആവശ്യപ്പെട്ടു. ആരോപണം ഗുരുതരവും ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തില്‍ പ്രത്യാഘാതമുണ്ടാക്കുന്നതുമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 260913
No comments:
Post a Comment