മലപ്പുറം: പാചകവാതക സബ്സിഡി ഡിസംബര്‍ ഒന്ന് മുതല്‍ ആധാര്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രം. ഇതുസംബന്ധിച്ച നിര്‍ദേശം എണ്ണക്കമ്പനികള്‍ പാചകവിതരണ ഏജന്‍സികള്‍ക്ക് നല്‍കി. ഉപഭോക്താക്കളില്‍നിന്ന് മാര്‍ക്കറ്റ് വിലയായ 1000-ലധികം രൂപ വാങ്ങിയശേഷം സിലിണ്ടറുകള്‍ നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം. സബ്സിഡിയുള്‍പ്പെടെയുള്ള ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചില്ല.
പകരം ആധാര്‍ നിര്‍ബന്ധമാക്കേണ്ടത് അത്യാവശ്യമാണെന്ന സത്യവാങ്മൂലം നല്‍കിയശേഷം കോടതിവിധി സ്വയം മരവിപ്പിക്കുകയായിരുന്നു. ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന സുപ്രീം കോടതിവിധിയില്‍ ഇതുവരെ കോടതി ഇളവു നല്‍കാത്ത സാഹചര്യത്തില്‍ ആധാര്‍ വീണ്ടും നിര്‍ബന്ധമാക്കതിനെതിരെ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുകയാണ് ഇതുസംബന്ധിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ച കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജി കെ എസ് പുട്ടസ്വാമി. നിയമപോരാട്ടത്തിന് എല്ലാ സഹായവുംനല്‍കുമെന്ന് പാര്‍ലമെന്റില്‍ പാചകവാതക-ആധാര്‍ പ്രശ്നമുന്നയിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പുനേടിയ എ അച്യുതന്‍ എംപി "ദേശാഭിമാനി"യോട് പറഞ്ഞു.
കേരളത്തില്‍ സബ്സിഡിയുള്ള സിലിണ്ടറിന് 442.50 മുതല്‍ 465 രൂപ വരെയാണ് വില. ആധാറുള്ളവര്‍ക്ക് സബ്സിഡി തുകയായ 535.65 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നുമെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ വാറ്റ് നികുതിയായി 30 രൂപ പിടിച്ചശേഷമുള്ള തുക മാത്രമാണ് ഇപ്പോള്‍ അക്കൗണ്ടിലെത്തുന്നത്. ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്ക് നിലവില്‍ 430 രൂപക്ക് സിലിണ്ടര്‍ ലഭിക്കുമ്പോള്‍ ആധാര്‍ കാര്‍ഡുള്ളവര്‍ സബ്സിഡിയൊഴികെ 454.35 രൂപ നല്‍കേണ്ടിവരുന്നു. ഡിസംബര്‍ ഒന്ന് മുതല്‍ ആധാര്‍ ഇല്ലാത്തവര്‍ 1000 രൂപയിലധികം നല്‍കണം.
1003.50 രൂപ മുതല്‍ 1060 രൂപ വരെയാണ് വിവിധ ജില്ലകളില്‍ സബ്സിഡിയില്ലാത്ത സിലിണ്ടറിന് നവംബറില്‍ ഈടാക്കിയത്. ഡിസംബറില്‍ നിരക്ക് പുതുക്കാനും സാധ്യതയുണ്ട്. സിലിണ്ടറിന്റെ പൂര്‍ണമായ മാര്‍ക്കറ്റ് വില ഈടാക്കണമെന്ന നിര്‍ദേശം ചേളാരിയിലെ ഐഒസി ഓഫീസില്‍നിന്ന് പാചകവാതക വിതരണ ഏജന്‍സികള്‍ക്ക് അയച്ചുകഴിഞ്ഞു. കേരളത്തില്‍ 20 ശതമാനം പാചകവാതക ഉപഭോക്താക്കള്‍ മാത്രമേ ബാങ്ക് അക്കൗണ്ടുകളെ ആധാര്‍ കാര്‍ഡുകളുമായി ബന്ധപ്പെടുത്തിയിട്ടുള്ളൂ. ഡിസംബര്‍ ഒന്ന് മുതല്‍ 80 ശതമാനം ഉപഭോക്താക്കള്‍ക്കും ആയിരത്തിലധികം രൂപ കൊടുത്ത് സിലിണ്ടര്‍ വാങ്ങേണ്ടിവരും.
ആധാര്‍ കാര്‍ഡ് ലഭിച്ച് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തി വിതരണ ഏജന്‍സികളെ അറിയിക്കുന്ന അത്രയും കാലത്തെ സബ്സിഡി തുക ഉപഭോക്താക്കള്‍ക്ക് നഷ്ടമാവും. പാചകവാതക സിലിണ്ടറിനുള്ള സബ്സിഡി തുകയും രണ്ട് വര്‍ഷംകൊണ്ട് പൂര്‍ണമായും ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഇത് നടപ്പാക്കാനാണ് ആലോചന.
(വി ജയിന്‍)
പാചകവാതകത്തിന് ആധാര്‍: വിവരങ്ങള്‍ നല്‍കിയവര്‍ 20 ശതമാനം മാത്രം
കൊച്ചി: പാചകവാതക സബ്സിഡി ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള തീയതി 30ന് അവസാനിക്കാനിരിക്കെ ആധാര്‍വിവരങ്ങള്‍ ഗ്യാസ് ഏജന്‍സിക്കു നല്‍കിയവര്‍ 20 ശതമാനം മാത്രം. 30നകം ആധാര്‍വിവരം നല്‍കിയവര്‍ക്കുമാത്രം സബ്സിഡി നല്‍കാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ തീരുമാനം. ഇത് നടപ്പാവുന്നതോടെ പാചകവാതകം സബ്സിഡിയോടെ ലഭിച്ചവരില്‍ മുക്കാല്‍ പങ്കും ഭാവിയില്‍ ഇരട്ടിതുക നല്‍കേണ്ടിവരും. ആധാര്‍കാര്‍ഡ് ലിങ്ക് ചെയ്തവര്‍ക്ക് പാചകവാതകം ലഭിക്കാന്‍ കാലതാമസം നേരിടുന്നതായും വ്യാപക പരാതി ഉയര്‍ന്നുകഴിഞ്ഞു. ഗുണഭോക്താക്കളുടെ ആധാര്‍വിവരങ്ങള്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് വേഗത്തില്‍ നല്‍കാന്‍ പഞ്ചായത്തുതലത്തില്‍ ക്യാമ്പ് നടത്താനൊരുങ്ങുകയാണ് അധികൃതര്‍. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ശാഠ്യം.
നവംബര്‍ 30നകം ആധാര്‍ വിവരം നല്‍കാത്ത ഗുണഭോക്താക്കളെ സബ്സിഡി ആവശ്യമില്ലാത്തവരായി കണക്കാക്കുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ അറിയിപ്പ്്. ആധാര്‍വിവരം നല്‍കിയത് 20 ശതമാനം ഗുണഭോക്താക്കളാണെങ്കില്‍ എന്‍റോള്‍ ചെയ്തവരും കാര്‍ഡ് കിട്ടാനുള്ള നടപടിക്രമത്തിലുള്ളവരും ലക്ഷങ്ങളാണ്. ഇവരുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുന്നു. പെട്രോളിയം മന്ത്രാലയത്തിന്റെ സമ്മര്‍ദം ഏറിയതോടെ എണ്ണക്കമ്പനി ഉദ്യോഗസ്ഥരുടെയും ഗ്യാസ് ഏജന്‍സികളുടെയും പഞ്ചായത്ത് സെക്രട്ടറിമാരുടെയും ജില്ലാതല യോഗം വിളിച്ചുചേര്‍ക്കാന്‍ കലക്ടര്‍മാരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ ആകെ കുടുംബങ്ങളുടെ എണ്ണത്തെക്കാള്‍ അധികം പേര്‍ ആധാറിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റിടങ്ങളില്‍ നിന്ന് ജോലി തേടി എത്തിയവര്‍ ഉള്‍പ്പടെയാണിത്. എന്നാല്‍ ആധാര്‍ വിവരങ്ങള്‍ ഗ്യാസ് ഏജന്‍സിക്കു നല്‍കിയത് 54 ശതമാനം മാത്രമാണ്. ആധാര്‍വിവരം ഏജന്‍സികള്‍ക്കു നല്‍കിയവര്‍ക്ക് പാചകവാതകം കിട്ടാന്‍ വൈകുന്നതായി ഒട്ടേറെ പരാതികളുണ്ട്്. അക്കൗണ്ടില്‍ എത്തുന്ന സബ്സിഡി തുകയില്‍ 150 മുതല്‍ 180 രൂപയുടെവരെ കുറവ് ഉണ്ടാകുന്നതായും ആക്ഷേപമുണ്ട്. ബുക്കുചെയ്ത് 45 ദിവസം കഴിഞ്ഞിട്ടും സിലിന്‍ഡര്‍ ലഭിച്ചില്ലെന്ന പരാതിയുമായി നിരവധി പേരാണ് ഏജന്‍സികളിലെത്തുന്നത്. എണ്ണക്കമ്പനികള്‍ സബ്സിഡി സിലിന്‍ഡറുകള്‍ കൃത്യമായി എത്തിക്കുന്നില്ലെന്നാണ് ഏജന്‍സികളുടെ വാദം. അതേസമയം, ഏജന്‍സികള്‍ തരുന്ന എണ്ണം അനുസരിച്ചാണ് സിലിന്‍ഡറുകള്‍ നല്‍കുന്നതെന്ന് എണ്ണക്കമ്പനികളും പറയുന്നു. പത്തനംതിട്ട ജില്ലയിലാണ് ആധാര്‍ എന്‍റോള്‍മെന്റ് ആദ്യം ആരംഭിച്ചത്. ഇവിടെപ്പോലും ഒരുലക്ഷത്തോളം പേര്‍ മാത്രമാണ് ആധാര്‍ വിവരങ്ങള്‍ നല്‍കിയത്.
(മഞ്ജു കുട്ടിക്കൃഷ്ണന്‍)
deshabhimani
No comments:
Post a Comment