Sunday, October 27, 2013

ആധാര്‍: തൊഴില്‍വകുപ്പ് കവരുന്നത് 28 കോടി

ആധാറിന്റെപേരില്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളില്‍ നിന്ന് തൊഴില്‍വകുപ്പ് കൊള്ളയടിക്കുന്നത് 28 കോടി. ക്ഷേമനിധി അംഗങ്ങളെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന്റെ മറവിലാണിത്. ക്ഷേമനിധി അംഗങ്ങളായ 70 ലക്ഷം തൊഴിലാളികളില്‍ നിന്നുമാണ് അനധികൃതമായി 40 രൂപ വീതം ഈടാക്കുന്നത്. ആധാര്‍ നടപടിക്രമങ്ങള്‍ക്ക് അക്ഷയകേന്ദ്രം നടത്തിപ്പുകാര്‍ക്ക് 15 രൂപ, ഭരണപരമായ ചെലവുകള്‍ക്ക് 5 രൂപ, തിരിച്ചറിയല്‍ കാര്‍ഡിന് 20 രൂപ എന്ന തോതില്‍ കണക്കാക്കിയാണ് ഈ തുക വാങ്ങുന്നതെന്നാണ് തൊഴില്‍വകുപ്പ് വിശദീകരണം.

ബാങ്കുകളും ഗ്യാസ് ഏജന്‍സികളും ഉള്‍പ്പെടെ സൗജന്യമായി ചെയ്യുന്ന സേവനങ്ങള്‍ക്കാണ് തൊഴില്‍വകുപ്പ് തൊഴിലാളികളെ പിഴിയുന്നത്. തൊഴില്‍വകുപ്പിന് കീഴിലെ 16 ക്ഷേമനിധികളിലായി 70 ലക്ഷം പേരാണ് അംഗങ്ങള്‍. ഇവരെല്ലാം 40 രൂപ നല്‍കി ഫോട്ടോയും ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ട് നമ്പരുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നാണ്് തൊഴില്‍വകുപ്പ് ഉത്തരവ്്. ആധാര്‍ രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സാധാരണ നിലയില്‍ അതത് കേന്ദ്രങ്ങളില്‍നിന്ന് ഫോട്ടോ എടുക്കുകയാണ് പതിവ്. എന്നാല്‍, തൊഴില്‍ വകുപ്പ് സ്വന്തം ചെലവില്‍ ഫോട്ടോ എടുക്കാനും നിര്‍ബന്ധിക്കുന്നു. അംഗങ്ങളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നതിന് പരമാവധി ചെലവ് 3.50 രൂപയാണ്. അംഗങ്ങള്‍ക്കെല്ലാം ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇതിന് പുറമെയാണ് പുതിയ കാര്‍ഡിന് 20 രൂപ ഈടാക്കുന്നത്. ഒരു കാര്‍ഡ് അച്ചടിക്കുന്നതിന് 80 പൈസയാണ് ചെലവ്.

കാര്‍ഡ് അച്ചടിക്കുന്നതിന് ഒരു കമ്പനിയുമായും ഇതുവരെ കരാര്‍ ഉണ്ടാക്കിയിട്ടില്ല. ചെലവും നിശ്ചയിച്ചിട്ടില്ല. എന്നിട്ടും അസംഘടിതമേഖലയിലെയടക്കം ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ പോക്കറ്റില്‍ കൈയിടുകയാണ് തൊഴില്‍വകുപ്പ്. പ്രോവിഡന്റ് ഫണ്ടിനെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന പരിപാടി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചപ്പോഴാണ് കേരളത്തില്‍ ഇത് അടിച്ചേല്‍പ്പിക്കുന്നത്്. ഇതേക്കുറിച്ച് തൊഴിലാളി സംഘടനകളുമായി ചര്‍ച്ചയ്ക്ക് പോലും തയ്യാറായിട്ടില്ല. സര്‍ക്കാരിന്റെ നയപരമായ തീരുമാനം എന്ന നിലയിലാണ് പരിപാടി നടപ്പാക്കുന്നതെന്നാണ് തൊഴില്‍വകുപ്പ് നിലപാട്.

തയ്യല്‍ തൊഴിലാളി ക്ഷേമനിധിയില്‍ ആധാര്‍ ബന്ധിപ്പിക്കല്‍ പദ്ധതി നടപ്പാക്കുന്നതിന് പണം ഈടാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ആള്‍ കേരള ടെയ്ലേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പദ്ധതി തടഞ്ഞ് കോടതി ഇടക്കാല ഉത്തരവിട്ടു. എന്നാല്‍, ഈ ക്ഷേമനിധിക്ക് മാത്രമാണ് കോടതി ഉത്തരവ് ബാധകമെന്ന നിലപാടാണ് തൊഴില്‍വകുപ്പിന്. മറ്റ് ക്ഷേമനിധികളിലെല്ലാം പണം നല്‍കി ആധാര്‍ ബന്ധിപ്പിക്കലിന് തൊഴിലാളികളെ നിര്‍ബന്ധിക്കുകയാണ്.
(ജി രാജേഷ്കുമാര്‍)

deshabhimani

No comments:

Post a Comment