യുഎഇ കോൺസുലേറ്റിലേക്ക് നയതന്ത്ര ബാഗേജിന്റെ മറവിൽ സർണക്കള്ളക്കടത്ത് നടത്തിയ സംഭവം സാധാരണഗതിയിൽ സംസ്ഥാന സർക്കാരിന് ഒരു തരത്തിലുമുള്ള അധികാരമില്ലാത്ത മേഖലയിൽ നടന്ന കാര്യമാണ്. എന്നാൽ, മഹാഭൂരിപക്ഷം മാധ്യമങ്ങളും യുഡിഎഫും ബിജെപിയും ചേർന്ന് മുഖ്യമന്ത്രിയെയും എൽഡിഎഫ് സർക്കാരിനെയും തെറ്റായ രീതിയിൽ ചിത്രീകരിക്കാനായി നുണനിർമാണങ്ങളിലൂടെ ശ്രമിക്കുകയാണ്. ഇതിനായി മാധ്യമങ്ങളിൽ ഒരുവിഭാഗം വിശ്രമരഹിതമായി നുണനിർമാണം നടത്തുന്നുണ്ട്. വ്യാജവാർത്തകളും ചിത്രങ്ങളും സ്വയം നിർമിച്ച് കോൺഗ്രസും ബിജെപിയും സങ്കുചിത രാഷ്ട്രീയതാൽപ്പര്യത്തിനായി കൈകോർത്ത് രംഗത്തുണ്ട്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന് പ്രതികളുമായി ബന്ധമുണ്ടെന്ന വാർത്തയാണ് സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും ഈ കേസുമായി കൂട്ടിച്ചേർക്കാനുള്ള ചരടായി ഇവർ ഉപയോഗിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ സംബന്ധിച്ച വാർത്തകൾ പുറത്തുവന്ന സന്ദർഭത്തിൽത്തന്നെ അദ്ദേഹത്തെ ആ ചുമതലയിൽനിന്ന് ഒഴിവാക്കി. കുറ്റംചെയ്ത ഒരാളെയും സംരക്ഷിക്കുന്ന രീതി ഈ സർക്കാരിനില്ലെന്നും ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെയെന്നും അർഥശങ്കയ്‌ക്കിടയില്ലാത്തവിധം മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. കള്ളക്കടത്ത് സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിനായി ഉചിതമായ കേന്ദ്രഏജൻസിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. അതോടൊപ്പം ഐടിവകുപ്പിന്റെ കീഴിലുള്ള സ്‌പെയ്‌സ് പാർക്കിന്റെ മാർക്കറ്റിങ്ങിനായി ചുമതലപ്പെടുത്തിയ കൺസൾട്ടൻസിയുടെ ജീവനക്കാരെ സപ്ലൈ ചെയ്യാൻ ചുമതലപ്പെടുത്തിയ സ്ഥാപനത്തിന്റെ ഭാഗമായ ആറുമാസത്തേക്കുള്ള താൽക്കാലിക ജോലിക്കാരിയായിരുന്നു പ്രതികളിലൊരാൾ. അതിനായി അവർ ഉപയോഗിച്ച യോഗ്യതാ സർട്ടിഫിക്കറ്റുതന്നെ വ്യാജമായിരുന്നുവെന്ന ആക്ഷേപവും ഉയർന്നു. അത് അന്വേഷിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഏത് അന്വേഷണത്തിലും ആര് കുറ്റക്കാരാണെന്നു കണ്ടെത്തിയാലും അവരെ സംരക്ഷിക്കുന്ന ഒരു നിലപാടും സംസ്ഥാന സർക്കാരിനില്ലെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കി. കേന്ദ്രസർവീസിലെ ഈ ഉദ്യോഗസ്ഥൻ തെറ്റായ എന്തെങ്കിലും ചെയ്തെന്നു കണ്ടെത്തിയാൽ കടുത്ത നടപടി എടുക്കാനും സംസ്ഥാന സർക്കാർ മടിക്കില്ല.
ഈ കേസ് അന്വേഷിച്ചിരുന്ന കസ്റ്റംസും എൻഐഎയും അറസ്റ്റ് ചെയ്ത പ്രതികളിലൊരാൾക്ക് ബിജെപി ബന്ധമാണുള്ളത്. ഒടുവിൽ അറസ്റ്റ് ചെയ്തത് മുസ്ലിംലീഗിന്റെ പ്രമുഖനായ നേതാവിന്റെ അടുത്ത ബന്ധുവിനെയാണ്. ഈ കേസുമായി ഇടതുപക്ഷവുമായി ബന്ധമുള്ള ഒരാളുടെ പേരിലും ആരോപണം ഉയർന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണവിധേയനായ വ്യക്തി ഐഎഎസ് ഉദ്യോഗസ്ഥനാണ്. എന്നിട്ടും എന്തെല്ലാം നുണകളാണ് മാധ്യമങ്ങൾ പടച്ചുവിടുന്നത്. പ്രതികളിലൊരാൾ സിപിഐ എം അംഗമാണ് എന്ന വാർത്ത കൃത്രിമമായി സൃഷ്ടിച്ചു. ഏഷ്യാനെറ്റിന്റെ എഡിറ്റർ അത് തെറ്റാണെന്നു പറഞ്ഞ് ഖേദം പ്രകടിപ്പിച്ചെങ്കിലും ചില മാധ്യമങ്ങൾ അതിനുപോലും തയ്യാറായില്ല. പ്രതികൾക്കുവേണ്ടി സ്വർണം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസിൽ ബന്ധപ്പെട്ട യൂണിയൻ നേതാവിന്റെയും രാജ്യദ്രോഹകുറ്റമെന്ന് എൻഐഎ കണ്ടെത്തിയ പ്രതികൾക്കായി വാദിച്ച അഭിഭാഷകന്റെയും സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ വെറുതെ നോക്കിയാൽപ്പോലും ആർക്കും പിടികിട്ടുന്ന രാഷ്ട്രീയബന്ധം ഈ മാധ്യമങ്ങൾ കണ്ടതായിപ്പോലും നടിച്ചില്ല.
പ്രതികളെ പിടികൂടുന്നതിൽ കേരള പൊലീസ് പരാജയപ്പെട്ടെന്നും ആറുദിവസംകൊണ്ട് കേരള പൊലീസിന് കഴിയാത്തത് 24 മണിക്കൂർകൊണ്ട് എൻഐഎക്ക് കഴിഞ്ഞെന്നുവരെ തലക്കെട്ട് നൽകിയ മാധ്യമങ്ങളുണ്ട്. സംസ്ഥാന സർക്കാരിന്റെ നിസ്സഹകരണത്തെക്കുറിച്ച് മുഖപ്രസംഗത്തിൽ സൂചിപ്പിച്ചവരുമുണ്ട്. കഴിഞ്ഞ ദിവസം ഒരു ചർച്ചയിൽ കസ്റ്റംസിന്റെ സൂപ്രണ്ടായിരുന്ന വ്യക്തി ഇതുസംബന്ധിച്ച് വ്യക്തത വരുത്തുകയുണ്ടായി. ഒരു കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്ന കേസിൽ അവർ ആവശ്യപ്പെടാതെ സംസ്ഥാന പൊലീസിന് ആർക്കെങ്കിലും എതിരെ എഫ്ഐആർ ഇടുന്നതിനോ അറസ്റ്റ് രേഖപ്പെടുത്തുന്നതിനോ കഴിയില്ലെന്ന് സാമാന്യബോധമുള്ള ഏതൊരാൾക്കും മനസ്സിലാക്കാവുന്നതാണെങ്കിലും പ്രചാരവേലയാൽ അന്ധരാക്കപ്പെടാൻ സാധ്യതയുള്ളതുകൊണ്ട് ഈ വിശദീകരണത്താൽ വ്യക്തത വരുത്താവുന്നതാണ്. പൊലീസിന്റെ ഉൾപ്പെടെ സഹായം തേടുന്നതിന് കസ്റ്റംസ് നിയമം കസ്റ്റംസിന് അവകാശം നൽകുന്നുണ്ട്. എന്നാൽ, അതനുസരിച്ച് കസ്റ്റംസ് പൊലീസിന്റെ സഹായം അഭ്യർഥിച്ചത് ജൂലൈ 11ന് ഉച്ചകഴിഞ്ഞുമാത്രമാണ്. ഉടൻതന്നെ സംസ്ഥാന പൊലീസ് വിപുലമായ അന്വേഷണസംഘത്തെ നിയോഗിക്കുകയും ചെയ്തു.
ഇനി എൻഐഎ നിയമം നോക്കുകയാണെങ്കിൽ അതിന്റെ ആറാമത്തെ വകുപ്പിന്റെ ആറാം ഉപവകുപ്പ് പ്രകാരം സംസ്ഥാന പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കേസ് എൻഐഎക്ക് വിട്ടുകൊടുക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചാൽത്തന്നെ സംസ്ഥാനസർക്കാരും പൊലീസും അടിയന്തരമായി അന്വേഷണം അവസാനിപ്പിച്ച് എല്ലാ രേഖകളും എൻഐഎക്ക് ഉടൻ കൈമാറണം. അങ്ങനെ ഒരു നിയമം നിലനിൽക്കുന്ന രാജ്യത്താണ് എൻഐഎയും അതിനുമുമ്പ് കസ്റ്റംസും അന്വേഷിക്കുന്ന കേസിൽ തങ്ങളുടെ അധികാരപരിധിയിൽ വരാത്ത കേസിൽ സംസ്ഥാന പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന പ്രചാരവേല നടത്തുന്നത്. ഇതിന്റെ തുടർച്ചയിലായിരുന്നു പ്രതികളെ കർണാടകത്തിലേക്ക് രക്ഷപ്പെടുന്നതിനായി സംസ്ഥാന പൊലീസ് സഹായിച്ചെന്ന അടുത്ത പ്രചാരവേല. ട്രിപ്പിൾ ലോക്‌ഡൗണിൽ എങ്ങനെ തലസ്ഥാനത്തുനിന്ന് രക്ഷപ്പെട്ടെന്ന ചോദ്യം ഒന്നാംപേജിൽ ചോദിച്ച മനോരമ പത്രംതന്നെ അവരുടെ വെബ് എഡിഷനിൽ ട്രിപ്പിൾ ലോക്‌ഡൗണിന് രണ്ടു ദിവസംമുമ്പുതന്നെ തലസ്ഥാനത്തുനിന്ന് രക്ഷപ്പെട്ടെന്ന വാർത്തയും നൽകി. സംസ്ഥാനത്തുനിന്ന് പുറത്തേക്ക് സഞ്ചരിക്കുന്നതിന് പുറപ്പെടുന്ന സംസ്ഥാനത്തിന്റെ അനുമതി വേണ്ടെന്ന കേന്ദ്ര ഉത്തരവ് നിലവിലുള്ളപ്പോഴാണ് ഈ യാത്രയെന്നത് ഇവരാരും കണ്ടതായി നടിക്കുന്നില്ല. കർണാടക സർക്കാരിന്റെ സേവാ സിന്ധു ആപ്പിൽ രജിസ്റ്റർ ചെയ്തതിന്റെ പ്രിന്റ് ഔട്ട് കാണിച്ചാൽമാത്രമേ അവർക്ക് ആ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളൂ. എന്നുമാത്രമല്ല, ബംഗളൂരു നഗരത്തിൽമാത്രം 168 കണ്ടെയ്‌ൻമെന്റ് സോണുകളുണ്ടെന്ന് മാധ്യമങ്ങൾ വാർത്ത നൽകിയ ദിവസംതന്നെയാണ് ഈ പ്രതികൾ ആ നഗരത്തിൽ എത്തിയത്. ഏത് രാഷ്ട്രീയക്കാരനാണെന്ന് ഇതിനകം വ്യക്തമായിട്ടുള്ള ഒരു പ്രതി കർണാടകത്തിലേക്ക് എങ്ങനെ പ്രവേശിച്ചെന്ന് അന്വേഷിക്കാതിരിക്കുന്നവർ ആരുടെ താൽപ്പര്യമാണ് സംരക്ഷിക്കുന്നത്. മാതൃഭൂമിയിലെതന്നെ മറ്റൊരു വാർത്തകൂടി ചേർത്തുവായിക്കുന്നത് കൗതുകകരമായിരിക്കും. സ്വപ്നയുടെ ജോലിക്ക് ക്ലീൻചിറ്റ് കർണാടകത്തിൽനിന്നാണെന്നാണ് ആ വാർത്ത. അപ്പോൾ ഈ കർണാടക ബന്ധത്തിന് മറുപടി പറയേണ്ടത് ആരായിരിക്കും.
യഥാർഥത്തിൽ രാജ്യത്തിന്റെ സമ്പദ്ഘടനയെയും സുരക്ഷയെയും ബാധിക്കുന്ന ഒന്നായി മാറിയ സ്വർണക്കടത്തിൽ അടിസ്ഥാന പ്രശ്നത്തിൽനിന്ന് വഴിതിരിച്ചുവിടാനുള്ള ശ്രമം എന്തിനുവേണ്ടിയാണ്? ഒന്നാമതായി യഥാർഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ്. രണ്ട് സങ്കുചിത രാഷ്ട്രീയ താൽപ്പര്യത്തിനും അധികാരമോഹത്തിനുമായി ഏതറ്റവുംവരെ പോകുന്നതിനുള്ള അടങ്ങാത്ത ത്വര. ഇന്ത്യയിലേക്കുള്ള സ്വർണക്കള്ളക്കടത്തിന്റെ രണ്ടു ശതമാനംമാത്രമേ പിടികൂടുന്നുള്ളൂവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഗൂഗിളിൽ റത്ഗുന ത്രിവേദി എന്ന പേര് തിരയുകയാണെങ്കിൽ 1300 കോടി രൂപയുടെ മൂല്യംവരുന്ന നാലു ടൺ സ്വർണം ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളംവഴി കടത്തിക്കൊണ്ടു വന്ന കേസിൽ പിടിയിലായത് കാണാം. ഈ സ്വർണം എന്തിനാണെന്നും ആർക്കാണെന്നും എന്ന കാര്യത്തിൽ ഇപ്പോഴും അഭ്യൂഹങ്ങൾ തുടരുന്നു.
നയതന്ത്രവഴിയിലൂടെ ആദ്യ കള്ളക്കടത്ത് എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ മനോരമ ഓൺലൈനിൽത്തന്നെ ഒരു വാർത്ത കാണാൻ കഴിയും. 2013ൽ സിംഗപ്പുരിൽനിന്ന് ഡൽഹിയിൽവന്ന യുഎഇയുടെ ഡിപ്ലോമാറ്റിൽനിന്ന് 37 കിലോ സ്വർണം പിടിച്ചെന്നാണ് വാർത്ത. ഗൾഫ് രാജ്യങ്ങളിൽനിന്ന് വരുന്ന കള്ളക്കടത്തിന്റെ അമ്പരപ്പിക്കുന്ന ചിത്രം പല കോടതികളിലായി കസ്റ്റംസ് കൊടുത്ത സത്യവാങ്മൂലങ്ങളിൽനിന്ന് വായിച്ചെടുക്കാൻ കഴിയും. തിരുവനന്തപുരം വിമാനത്താവളത്തിൽത്തന്നെ കസ്റ്റംസിന്റെ ഉയർന്ന ഉദ്യോഗസ്ഥനെതിരെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മൂന്നിലധികം കേന്ദ്രഏജൻസിയാണ് അന്വേഷിക്കുന്നത്. കള്ളക്കടത്തുമായി ബന്ധമുള്ളതായി ഈ കേസിൽമാത്രമല്ല മറ്റു കേസുകളിലും കണ്ടെത്തിയവരുടെ രാഷ്ട്രീയബന്ധങ്ങൾ പലപ്പോഴും വലതുപക്ഷ രാഷ്ട്രീയത്തിന്റേതാണ്.
രണ്ടാമത്തേത് ഇടതുപക്ഷ വേട്ടയ്‌ക്ക് ഇതുവഴി കഴിയുമോ എന്ന വൃഥാശ്രമമാണ്. തെരഞ്ഞെടുപ്പിന് ജനങ്ങൾ നൽകിയ വാഗ്ദാനങ്ങളിൽ മഹാഭൂരിപക്ഷവും നടപ്പാക്കി ചരിത്രം സൃഷ്ടിച്ച സംസ്ഥാന സർക്കാരിന് പൊതുസമൂഹത്തിൽ നല്ല അംഗീകാരമാണുള്ളത്. പ്രകൃതിക്ഷോഭ സന്ദർഭങ്ങളിലും കോവിഡ് കാലത്തും പിണറായി നയിക്കുന്ന സർക്കാരിന്റെ അനിതരസാധാരണമായ നേതൃമികവ് ലോകത്തിന്റെതന്നെ അംഗീകാരം നേടി. ഭരണത്തുടർച്ച എന്ന് ചില മാധ്യമങ്ങൾതന്നെ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി. ഇതെല്ലാം കണ്ട് ഹാലിളകിയ പ്രതിപക്ഷം മഹാമാരിയുടെ സമൂഹവ്യാപനത്തിനായി നേരിട്ട് രംഗത്തിറങ്ങി. എന്നാൽ, ജനം അതെല്ലാം തള്ളിക്കളഞ്ഞു. അപ്പോഴാണ് സംസ്ഥാനത്തിന് ഒരു ബന്ധവുമില്ലെങ്കിലും വീണുകിട്ടിയ ഒരു കേസിനെ വഴിതിരിച്ചുവിട്ട് യഥാർഥ പ്രതികളെ രക്ഷപ്പെടുത്തുന്നതിനും സങ്കുചിത രാഷ്ട്രീയതാൽപ്പര്യത്തിനുമായി യുഡിഎഫ്–- ബിജെപി കൂട്ടുകെട്ട് ശ്രമിക്കുന്നത്. കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റായ വനിത ഉൾപ്പെടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നത് കേരളത്തിന്റെ പൊതുബോധത്തോടുള്ള വെല്ലുവിളിയാണ്. രാഷ്ട്രീയമായി നേരിടാൻ കഴിയാത്ത പാപ്പരത്തമാണ് ഈ അധമവേലയ്‌ക്ക് പ്രേരിപ്പിക്കുന്നത്.
കേരളത്തിൽ സിപിഐ എം വീണ്ടും അധികാരത്തിൽ വരാതിരിക്കാൻ അക്ഷീണം ശ്രമിക്കുന്ന ബിജെപിക്ക് കോൺഗ്രസ് വന്നാലും കുഴപ്പമില്ലെന്ന ചിന്തയാണ്. ഗോവയും മണിപ്പുരും തുടങ്ങി മധ്യപ്രദേശിൽവരെ അധികാരത്തിലുണ്ടായിരുന്ന കോൺഗ്രസിന് ബിജെപിക്കാരായി മാറുന്നതിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ജ്യോതിരാദിത്യ സിന്ധ്യയുടെ വഴിയിൽ സച്ചിൻപൈലറ്റും പോകുമെന്ന വാർത്തകൾ വരുമ്പോൾ മനസ്സുകൊണ്ട് ഇപ്പോൾത്തന്നെ കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ ബിജെപിയായതറിയുന്നവരുടെ കണക്കൂകൂട്ടലുകൾ അറിയാൻ ഗണിക്കേണ്ടതില്ല. ഈ കേസിൽ ഇടതുപക്ഷത്തിന് ഒന്നും മറച്ചുവയ്ക്കാനില്ല. മെക്ക മസ്ജിദ് കേസുപോലുള്ള ചിലതിൽ വിമർശം ക്ഷണിച്ചുവരുത്തിയ ഏജൻസിയാണെങ്കിലും ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ അനുസരിച്ചാണെങ്കിൽ എൻഐഎപോലുള്ള ഒരു ഏജൻസിക്കായിരിക്കും ഫലപ്രദമായി ഈ കേസ് അന്വേഷിക്കാൻ കഴിയുക എന്നത് വസ്തുതയാണ്. നിഷ്പക്ഷമായി അന്വേഷണം നടത്തി ഈ കേസിലെ ശരിയായ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞാൽ, ഇപ്പോൾ അഹോരാത്രം നുണക്കഥകൾ നിർമിക്കുന്നവരുടെയും പ്രചരിപ്പിക്കുന്നവരുടെയും തനിനിറം ജനങ്ങൾ തിരിച്ചറിയുകതന്നെ ചെയ്യും.
പി രാജീവ്
No comments:
Post a Comment