Friday, September 25, 2020

ഡിഎംആർസിയെ പണികൾ ഏൽപ്പിച്ചത്‌ മുൻ എൽഡിഎഫ്‌ സർക്കാർ

 പാലാരിവട്ടം പാലം പുനർനിർമാണത്തിന്‌ ചെലവഴിക്കാമെന്ന്‌ ഇ ശ്രീധരൻ വാഗ്‌ദാനം ചെയ്‌ത പണം മിച്ചംപിടിച്ച നാല്‌ നിർമാണങ്ങളും ഡിഎംആർസിയെ ഏൽപ്പിച്ചത്‌ മുൻ എൽഡിഎഫ്‌ സർക്കാർ. രണ്ടാം യുപിഎ സർക്കാർ കൊച്ചി മെട്രോക്കുള്ള കേന്ദ്രാനുമതി അനിശ്‌ചിതമായി വൈകിച്ചപ്പോഴാണ്‌ നാല്‌ അനുബന്ധ നിർമാണങ്ങളുടെ ചുമതല സംസ്ഥാനസർക്കാർ ഡിഎംആർസിയെ ഏൽപ്പിച്ചത്‌. വി എസ്‌ അച്യുതാനന്ദൻ സർക്കാരിന്റെ അവസാന ബജറ്റിൽ ഇതിനായി 50 കോടി രൂപ വകയിരുത്തുകയും ചെയ്‌തു. പിന്നീട്‌ അധികാരത്തിൽ വന്ന ഉമ്മൻചാണ്ടി സർക്കാർ മെട്രോ നിർമാണത്തിൽനിന്നുപോലും ഡിഎംആർസിയെ ഒഴിവാക്കാനാണ്‌ ശ്രമിച്ചത്‌.

കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡിന്‌ സമീപത്തെ എ എൽ ജേക്കബ്‌ പാലം, നോർത്ത്‌ റെയിൽവേ മേൽപ്പാലം, പച്ചാളം പാലം, ഇടപ്പള്ളി മേൽപ്പാലം എന്നിവയുടെ നിർമാണമാണ്‌ 2011ൽ എൽഡിഎഫ്‌ സർക്കാർ ഡിഎംആർസിയെ ഏൽപ്പിച്ചത്‌. മെട്രോ വരുന്നതിന്‌ മുന്നോടിയായുള്ള റോഡ്‌ വികസനത്തിനായിരുന്നു അനുബന്ധ പദ്ധതികൾ. 2008ൽ സമർപ്പിച്ച കൊച്ചി മെട്രോ പദ്ധതിക്ക്‌ അപ്പോഴും കേന്ദ്രാനുമതിയായിട്ടില്ല.  2009 മുതൽ ഡിഎംആർസിയുടെ ഓഫീസ്‌ കൊച്ചിയിൽ പ്രവർത്തനം തുടങ്ങിയിരുന്നു.

നോർത്ത്‌ പാലത്തിന്റെ പുനർനിർമാണമാണ്‌ ആദ്യം ആരംഭിച്ചത്‌. 2011ൽ നിർമാണമാരംഭിച്ച്‌ 2013ൽ പൂർത്തിയാക്കി. 50 കോടി രൂപയായിരുന്നു നാലുവരിപ്പാലത്തിന്റെ നിർമാണച്ചെലവ്‌. ഒന്നരവർഷത്തിനുള്ളിൽ പൂർത്തിയാക്കാനിരുന്ന എ എൽ ജേക്കബ് പാലം രണ്ടുമാസം നേരത്തെ ഡിഎംആർസി പൂർത്തിയാക്കി. 2016 ജനുവരിയിൽ ഗതാഗതത്തിന്‌ തുറന്നു. 38 കോടി ചെലവായി. 2014ൽ നിർമാണം തുടങ്ങിയ പച്ചാളം പാലം പൂർത്തിയായപ്പോൾ 13 കോടിരൂപ ഡിഎംആർസി മിച്ചംപിടിച്ചു. 52.70 കോടി രൂപയാണ്‌ വകയിരുത്തിയത്‌. ചെലവായത്‌ 39. 50 കോടിയും. ഇടപ്പള്ളി മേൽപ്പാലം നിർമാണത്തിന്‌ വകയിരുത്തിയതിലും 30 കോടി രൂപ കുറച്ചാണ്‌ ഡിഎംആർസി നിർമാണം പൂർത്തിയാക്കിയത്‌. 480 മീറ്റർ നീളമുള്ള നാലുവരിപ്പാലത്തിന്‌ 108 കോടിയാണ്‌ വകയിരുത്തിയത്‌. ചെലവായത്‌ 78 കോടിയും.

അടുത്തടുത്ത നാളുകളിലാണ്‌ ഡിഎംആർസി നിർമിച്ച ഇടപ്പള്ളി മേൽപ്പാലവും യുഡിഎഫ്‌ സർക്കാർ നിയോഗിച്ച കരാറുകാരൻ പൂർത്തിയാക്കിയ പാലാരിവട്ടം പാലവും ഗതാഗതത്തിന്‌ തുറന്നത്‌. 2016 സെപ്‌തംബറിൽ ഇടപ്പള്ളിയും ഒക്‌ടോബറിൽ പാലാരിവട്ടവും തുറന്നു. മാസങ്ങൾക്കുള്ളിൽ തകർന്ന പാലാരിവട്ടം പാലം രണ്ടുവർഷത്തിനുള്ളിൽ പൂർണമായി അടച്ചു.

നോർത്ത്‌ പാലത്തിന്റെ നിർമാണം നടക്കുമ്പോൾ മറ്റു മൂന്ന്‌ നിർമാണവും ഏറ്റെടുക്കാതെ കേരളം വിടാൻ ഡിഎംആർസി തീരുമാനിച്ചതാണ്‌. മെട്രോ നിർമാണത്തിൽനിന്ന്‌ ഒഴിവാക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അത്‌. കൊച്ചിയിലെ ഓഫീസ്‌ പ്രവർത്തനം നാമമാത്രമാക്കിയിരുന്നു. ബഹുജനരോഷം ഭയന്നാണ്‌ പിന്നീട്‌ ഉമ്മൻചാണ്ടി സർക്കാർ മെട്രോ നിർമാണം ഡിഎംആർസിയെ ഏൽപ്പിച്ചത്‌.

പാലാരിവട്ടം മേൽപ്പാലം നിർമാണത്തിൽ അഴിമതി നടത്തിയ മുൻ പൊതുമരാമത്തുമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്  എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം, പ്രസിഡന്റ് എസ് സതീഷ് എന്നിവരുടെ നേതൃത്വത്തിൽ കളമശേരിയിലെ എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ച്

No comments:

Post a Comment