രാജ്യത്ത് കോവിഡ്–-19 രോഗം ആദ്യം റിപ്പോർട്ട് ചെയ്‌ത സംസ്ഥാനമാണ് കേരളം. ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ രോഗികളും കേരളത്തിലായിരുന്നു. അതേസമയം, ലോകമെമ്പാടും പ്രത്യേകിച്ചും യൂറോപ്പിലും അമേരിക്കയിലും ഈ മഹാമാരി കൊടുങ്കാറ്റുപോലെ പടർന്നുപിടിക്കുകയായിരുന്നു. ഈ രാജ്യങ്ങളിലൊക്കെ മലയാളികൾ ഏറെയുണ്ട്. അവർ നാട്ടിലേക്ക് മടങ്ങിവരാനുള്ള സാധ്യതയുമുണ്ട്. മാത്രമല്ല, ജനസാന്ദ്രത ഏറെയുള്ള സംസ്ഥാനംകൂടിയാണ് കേരളം. അതുകൊണ്ടുതന്നെ രോഗവ്യാപനസാധ്യത വളരെ കൂടുതലായിരുന്നു. അമേരിക്കയിലെ ജോൺ ഹോപ്‌കിൻ സർവകലാശാല നൽകിയ മുന്നറിയിപ്പ് സംസ്ഥാനത്തെ 40 ശതമാനത്തിന് രോഗബാധയുണ്ടാകാനുള്ള സാധ്യത ഉണ്ടെന്നായിരുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകിയ മുന്നറിയിപ്പ് 80 ലക്ഷം പേർക്ക് ഇൻഫ്‌ളുവൻസ വരാമെന്നാണ്. അതിൽ 10 ശതമാനം പേരെയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുമെന്ന സാധ്യതയും അവർ ചൂണ്ടിക്കാട്ടി. രോഗത്തിനാണെങ്കിൽ മരുന്ന് കണ്ടെത്തിയിട്ടുമില്ല. തീർത്തും അസാധാരണ സാഹചര്യമാണ് മുന്നിലുണ്ടായിരുന്നത്. അപ്പോൾ ജനങ്ങളുടെ ജീവനിലും സുരക്ഷയിലും ആകാംക്ഷയുള്ള സർക്കാർ ചെയ്യേണ്ടത് എന്താണ്? എന്തുവിലകൊടുത്തും മഹാമാരിയിൽനിന്ന് ജനങ്ങളെ രക്ഷിക്കുക. മനുഷ്യത്വത്തിലും മാനവമോചനത്തിലും വിശ്വാസമർപ്പിച്ച ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനും ഗവൺമെന്റിനും സാങ്കേതികത്വത്തിൽ കടിച്ചുതൂങ്ങാതെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മാത്രമേ മുൻഗണന നൽകാൻ കഴിയുമായിരുന്നുള്ളൂ. അതാണ് പിണറായി വിജയൻ സർക്കാരും ചെയ്‌തത്.
ഒരുനൂറ്റാണ്ടുമുമ്പുള്ള സ്‌പാനിഷ് ഫ്‌ളൂവിനുശേഷം ആദ്യമായാണ് ഒരു മഹാമാരിയെ നാം നേരിടുന്നത്. അസാധാരണമായ സാഹചര്യമാണിത്. അത് നേരിടാൻ അസാധാരണമായി പ്രതികരിക്കേണ്ടിവരും. അടച്ചൂപൂട്ടൽതന്നെ അതിനുള്ള ഉദാഹരണമാണ്. പൗരന്റെ എല്ലാ മൗലികാവകാശങ്ങളും നിരാകരിക്കുന്നതല്ലേ ലോകരാജ്യങ്ങളും ഇന്ത്യയും സ്വീകരിച്ച അടച്ചുപൂട്ടൽ. കൃഷിചെയ്യാൻ പാടില്ലെന്ന് പറഞ്ഞു. വ്യവസായങ്ങൾ അടച്ചുപൂട്ടി. വിദ്യാഭ്യാസം മുടങ്ങി. ചരിത്രത്തിലാദ്യമായി റെയിൽവേഗതാഗതം നിശ്‌ചലമായി. ആകാശയാത്രയും മുടങ്ങി. പലരുടെയും ജീവിതം തകർത്തെറിഞ്ഞ നടപടിയാണിതെങ്കിലും ജനങ്ങൾ പൊതുവെ അതുമായി സഹകരിച്ചത് മഹാമാരി മറികടക്കുന്നതിനായിരുന്നു.
കോവിഡിനെ നേരിടണമെങ്കിൽ വിപുലമായ വിവരശേഖരണവും അതിന്റെ വിശകലനവും ആവശ്യമായിരുന്നു. സംസ്ഥാനങ്ങളിലേക്ക് കരമാർഗവും ആകാശമാർഗവും വന്നവരുടെ എല്ലാ വിവരങ്ങളും ശേഖരിക്കണമായിരുന്നു. അതിൽത്തന്നെ വിദേശയാത്ര നടത്തിയവർ, ഇതര സംസ്ഥാനങ്ങളിൽനിന്ന് വന്നവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, രോഗം കൂടുതൽ മോശമായി ബാധിക്കുന്ന പ്രായമായവരെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ശേഖരിക്കുകയും അവ വിശകലനംചെയ്‌ത് അവർക്കാവശ്യമായ മരുന്നും ഭക്ഷണവും മറ്റും എത്തിക്കണമായിരുന്നു. നേരത്തേ പറഞ്ഞതുപോലെ രോഗികളുടെ എണ്ണം ലക്ഷത്തിലേക്ക് ഉയരുന്നപക്ഷം അവ കൈകാര്യം ചെയ്യുന്നതിന് പ്രൊഫഷണലായ ഐടി സംവിധാനം അനിവാര്യമാണ്. വിപുലമായ വിവരങ്ങൾ അഥവാ ബിഗ്‌ഡാറ്റയാണ് കൈകാര്യം ചെയ്യേണ്ടത്. അതിന് തയ്യാറായി സൗജന്യസേവനം വാഗ്‌ദാനംചെയ്‌ത് ഒരു മലയാളി രംഗപ്രവേശം ചെയ്‌തപ്പോൾ ഐടി വകുപ്പ് അത് സ്വീകരിച്ചു. ഈ രംഗത്ത് പരിചയമില്ലാത്ത കമ്പനിയെയല്ല, മറിച്ച് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാന സംഘടനയായ ലോകാരോഗ്യ സംഘടനവരെ സേവനം സ്വീകരിക്കുന്ന സ്‌പ്രിങ്ക്‌ളർ എന്ന കമ്പനിയെയാണ് തെരഞ്ഞെടുത്തത്. മാത്രമല്ല, പ്രതിപക്ഷം സംശയം ഉന്നയിച്ച ഘട്ടത്തിൽത്തന്നെ കരാർ സംബന്ധിച്ച എല്ലാ വിവരങ്ങളും സർക്കാർ പുറത്തുവിട്ടു. വിവരച്ചോർച്ച ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി. ഡാറ്റകൾ സർക്കാർ നിയന്ത്രിത സെർവറിലേക്ക് മാറ്റുകയും ചെയ്‌തു. എന്തെങ്കിലും ഒളിപ്പിക്കാനുണ്ടെങ്കിൽ സർക്കാർ രേഖകൾ പുറത്തുവിടാൻ തയ്യാറാകുമായിരുന്നോ? സുതാര്യമായാണ് സർക്കാർ കരാറിൽ ഏർപ്പെട്ടത് എന്നതിന്റെ വിളംബരമാണ് രേഖകൾ പുറത്തുവിട്ട നടപടി.
എല്ലാ അർഥത്തിലും മികച്ച പ്രവർത്തനമാണ് പിണറായി വിജയൻ സർക്കാർ നടത്തിയത്. ലോകധ്രുവനായകനായ അമേരിക്കപോലും മഹാമാരിയെ എങ്ങനെ തടയണമെന്നറിയാതെ പകച്ചുനിൽക്കുമ്പോൾ കേരളമെന്ന കൊച്ചുസംസ്ഥാനം രോഗവ്യാപനത്തെ തടയുന്നതിൽ ഒരു പരിധിവരെ വിജയിച്ചു. ഇതോടെ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ കേരളത്തിലേക്കായി. ഇവർക്ക് ഇതെങ്ങനെ സാധിക്കുന്നുവെന്ന് അവർ താൽപ്പര്യത്തോടെ ചോദിക്കാനാരംഭിച്ചു. ഇതോടെ കേരളത്തിലെ പ്രതിപക്ഷത്തിന് ഉറക്കം നഷ്ടമായി. തുടക്കംമുതൽ സംസ്ഥാനത്തിന്റെ പ്രതിരോധത്തെ ദുർബലമാക്കാൻ അവർ രംഗത്തിറങ്ങിയിരുന്നു. ശാസ്‌ത്രത്തെ വകവയ്‌ക്കാത്ത തീവ്രവലതുപക്ഷ നേതാക്കളായ ട്രംപിന്റെയും ബൊൾസൊനാരോയുടെയും ഭാഷയിൽ ഇത് വെറും പനിയാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. തുടക്കത്തിൽ സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളെ അറിയിക്കാനും സ്വീകരിക്കേണ്ട പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനും ആരോഗ്യമന്ത്രി വാർത്താസമ്മേളനം നടത്തിയപ്പോൾ അവർക്ക് മീഡിയാമാനിയ എന്ന് ആക്ഷേപിച്ച് പ്രതിപക്ഷനേതാവ് രംഗത്തെത്തി. നിയമസഭയിൽ പ്രതിപക്ഷനേതാവ് സർക്കാരിനെ ഉപദേശിച്ചത് അമേരിക്കൻ മോഡൽ സ്വീകരിക്കണമെന്നാണ്. അതേ പ്രതിപക്ഷത്തിന്റെ മനസ്സിലിരിപ്പ് അമേരിക്കൻ രീതിയിൽ രോഗത്തെ നേരിടണമെന്നായിരുന്നു.
കോർപറേറ്റുകളുടെ ലാഭത്തിൽമാത്രം കണ്ണുനട്ട് അടച്ചുപൂട്ടലിന് തയ്യാറാകാതെ ഒരു പ്രതിരോധപ്രവർത്തനവും നടത്താതെ ഈയാംപാറ്റകളെപ്പോലെ ജനങ്ങളെ മരണത്തിന് വിട്ടുകൊടുത്ത അമേരിക്കൻ മാതൃകയാണ് സ്വീകരിച്ചതെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു? പതിനായിരങ്ങളല്ലേ മരിച്ചുവീഴുക. അപ്പോൾ പിണറായി സർക്കാരിനെ കുരിശിലേറ്റുകയുമാകാം. മകൻ മരിച്ചാലും പ്രശ്‌നമില്ല മരുമകളുടെ കണ്ണീര് കണ്ടാൽമതിയെന്ന പ്രതിപക്ഷസ്വപ്‌നമാണ് നടക്കാതെപോയത്. അതിലുള്ള വിഷമവും കുശുമ്പുമാണ് ഇപ്പോഴത്തെ വിവാദത്തിന് അടിസ്ഥാനം. ഈ നാട്ടിൽ മനുഷ്യരുണ്ടെങ്കിലേ പ്രതിപക്ഷനേതാവും നിയമസഭാ സാമാജികരും ഉള്ളൂവെന്ന കാര്യം ആരും മറന്നുപോകരുത്. എന്തുവിലകൊടുത്തും ജീവൻ രക്ഷിക്കാനുള്ള വിശ്രമരഹിതമായ പ്രവർത്തനമാണ് സർക്കാരും അവരുടെ സംവിധാനങ്ങളും കാഴ്‌ചവച്ചത്. അതുകൊണ്ടുതന്നെ ഈ വിവാദത്തെ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തള്ളിക്കളയുകതന്നെ ചെയ്യും.
deshabhimani editorial 20.04.2020
No comments:
Post a Comment