Saturday, November 10, 2018

നിലപാടിന്റെ ദാർഢ്യം


"എത്ര വോട്ടു കിട്ടുമെന്നതോ എത്ര വോട്ട് നഷ്ടപ്പെടുമെന്നതോ എത്ര സീറ്റ് കിട്ടുമെന്നതോ എത്ര സീറ്റ് നഷ്ടപ്പെടുമെന്നതോ ഒന്നും നമ്മുടെ പരിഗണനയിൽ വരുന്ന കാര്യങ്ങളല്ല. പരിഗണനയിൽ വരുന്നത്  ഒന്നുമാത്രം. അത് കേരളത്തെ പുരോഗമനസ്വഭാവത്തിൽ നിലനിർത്തുക എന്നതാണ്

ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളാണ്. തെരഞ്ഞെടുപ്പ് നേട്ടത്തിനായി സ്വന്തം നിലപാടുകൾ തള്ളിക്കളയുകയും വീൺവാക്കുകളിലാറാടുകയും ചെയ്യുന്ന രാഷ്ട്രീയ പാർടികൾക്കും അവയുടെ നേതാക്കൾക്കും ഒരിക്കലും പറയാൻ   സാധിക്കാത്ത വാക്കുകളാണിവ; എടുക്കാൻ കഴിയാത്ത നിലപാടാണ് ഇത്. ശബരിമലയിലെ സ്ത്രീപ്രവേശത്തിന്മേൽ സുപ്രീംകോടതി വിധി വന്നപ്പോൾ സ്വന്തം നിലപാട് പലകുറി മാറ്റിയ സംഘപരിവാറിനെയും കോൺഗ്രസിനെയും നിസ്സംഗമായി കണ്ടുനിൽക്കുന്നവരിൽ   ഈ  വാക്കുകൾ ഞെട്ടലുണ്ടാക്കും. സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും ക്രിമിനലുകളെ റിക്രൂട്ട് ചെയ‌്ത‌് ശബരിമലയിലെത്തിച്ച‌് നിയമസമാധാനത്തിന‌് വെല്ലുവിളി മുഴക്കുകയും അക്രമപ്പേക്കൂത്തിന‌് മുതിരുകയും ചെയ്ത സംഘപരിവാറിന് ഈ വാക്കുകൾ നൈരാശ്യമുണ്ടാക്കും. അക്രമസമരത്തിന്റെ പിതൃത്വം "വിശ്വാസികൾക്കാണ്" എന്ന് വ്യാജ പ്രചാരണം നടത്തിയവർക്കും അത് വോട്ടാക്കി മാറ്റാൻ കൊതിച്ചവർക്കും ഈ വാക്കുകൾ മോഹഭംഗമുണ്ടാക്കും. കാരണം, ശരിയായ നിലപാട് എടുക്കുകയും ഏതു കൊടുങ്കാറ്റുവന്നാലും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തോടാണ് കേരള ജനതയുടെ മനസ്സ്. ആ രാഷ്ട്രീയ ആർജവത്തോടാണ് മഹാഭൂരിപക്ഷം ജനങ്ങളുടെയും വിശ്വാസം.

"എത്ര വോട്ടു കിട്ടുമെന്നതോ എത്ര വോട്ട് നഷ്ടപ്പെടുമെന്നതോ എത്ര സീറ്റ് കിട്ടുമെന്നതോ എത്ര സീറ്റ് നഷ്ടപ്പെടുമെന്നതോ ഒന്നും നമ്മുടെ പരിഗണനയിൽ വരുന്ന കാര്യങ്ങളല്ല. പരിഗണനയിൽ വരുന്നത്  ഒന്നുമാത്രം. അത് കേരളത്തെ പുരോഗമനസ്വഭാവത്തിൽ നിലനിർത്തുക എന്നതാണ്’-

സിപിഐ എം എന്ന പാർടിയും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരും ശബരിമല വിഷയത്തിൽ ഒരു നിലപാടേ എടുത്തിട്ടുള്ളൂ. മനുഷ്യരെ മനുഷ്യരായി കാണുന്നതും അവർക്കിടയിൽ ഒരുവിധ വേർതിരിവും കൽപ്പിക്കാത്തതുമായ ആധുനികകേരളത്തെ  ബലികൊടുക്കാനാകില്ല എന്ന നിലപാടാണത്. യുവധാരയുടെ യുവ സാഹിത്യപുരസ്‌കാരങ്ങൾ സമർപ്പിക്കുന്ന ചടങ്ങിൽ  പങ്കെടുത്ത‌് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചത് ആ നിലപാടാണ്.

എല്ലാ വെളിച്ചവും തല്ലിക്കെടുത്തി ഇരുട്ടിനെ പ്രത്യാനയിക്കാനും ആ പുനരുജ്ജീവന ശ്രമങ്ങളെ നവോത്ഥാനത്തിന്റെ ഊർജംകൊണ്ടു നേരിടാനുമുള്ള ശ്രമങ്ങൾ പരസ്പരം ഏറ്റുമുട്ടുന്ന  ഘട്ടത്തിൽ,  കാലത്തെ പിന്നിലേക്കുവലിച്ച് ഇരുട്ടിലാഴ്ത്താൻ ശ്രമിക്കുന്നവർക്കൊപ്പമല്ല,   കാലത്തെ മുമ്പോട്ടുനയിച്ച് കൂടുതൽ വെളിച്ചത്തിലേക്കെത്തിക്കാൻ ശ്രമിക്കുന്നവർക്കൊപ്പമാണ് നിലകൊള്ളേണ്ടത്  എന്ന ആഹ്വാനമാണ് മുഖ്യമന്ത്രി മുഴക്കിയത്. അത് ഏറ്റെടുക്കാനും പ്രാവർത്തികമാക്കാനുമുള്ള സന്നദ്ധത സാഹിത്യകാരന്മാർക്കും സമൂഹത്തിനാകെയും വേണമെന്നാണദ്ദേഹം ആവശ്യപ്പെട്ടത്. വികാരത്തള്ളിച്ചയ്ക്കുമുന്നിൽ വിവേകം നഷ്ടപ്പെട്ട്, മതനിരപേക്ഷതയുടെയും മുൻ നിലപാടുകളുടെയും ശവക്കുഴി തോണ്ടുന്നവർക്കൊപ്പം ചേരുന്ന കോൺഗ്രസിനു ചിന്തിക്കാനും തിരുത്താനുമുള്ള സന്ദർഭമാണിത് എന്ന ഓർമപ്പെടുത്തൽകൂടിയുണ്ട് ഈ വാക്കുകളിൽ. ഇനി തങ്ങളും ഭരിക്കുന്ന കക്ഷികളും  മാത്രം അവശേഷിക്കും എന്നായിരുന്നു   കഴിഞ്ഞ ദിവസം ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിച്ചത്. അതിനെതിരെ കോൺഗ്രസിൽനിന്നല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയിൽനിന്നാണ് പ്രതികരണമുണ്ടായത്. മതനിരപേക്ഷ മനസ്സുള്ള കോൺഗ്രസുകാരെ പിണറായിയാണ് അഭിസംബോധന ചെയ്തത്.

ഏതു പുരോഗതിയിലേക്കു കുതിക്കണമെങ്കിലും ജാതിനിരപേക്ഷവും മതനിരപേക്ഷവുമായ മനസ്സുകളുടെ ഐക്യം എന്ന അടിത്തറയുണ്ടാകണം എന്ന് ഓർമിപ്പിച്ചാണ്  ഇടതുപക്ഷം ഇന്നത്തെ കോലാഹലങ്ങൾ നേരിടുന്നത്. അതിനു ലഭിക്കുന്ന സ്വീകാര്യതയാണ് എൽഡിഎഫ് സംഘടിപ്പിക്കുന്ന പ്രചാരണ യോഗങ്ങളിലേക്കു കുതിച്ചെത്തുന്ന ജനസഞ്ചയം. റിക്രൂട്ട് ചെയ്തു കൂലികൊടുത്ത‌്‌ കൂട്ടിക്കൊണ്ടുപോയി വിശ്വാസിവേഷത്തിൽ അണിനിരത്തിയ അക്രമികളും അവരെ നിയന്ത്രിച്ച സംഘപരിവാറും ഉയർത്തിയ ബഹളത്തിൽ കോൺഗ്രസിന് മുട്ട് വിറച്ചിട്ടുണ്ടാകും.

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കുക എന്ന ഏക പോംവഴി മാത്രം മുന്നിലുള്ള സംസ്ഥാന സർക്കാരിനെയും അതിന്റെ നേതൃത്വത്തെയും കുപ്രചാരണത്തിന്റെ മുൾമുനയിൽ നിർത്താനായിരുന്നു ശ്രമം. സർക്കാരിനെ  വിശ്വാസികൾക്കെതിരായ പക്ഷത്തു സ്ഥാപിക്കാൻ ശ്രമിച്ചവരെ കോൺഗ്രസ‌് അനുകൂലിക്കുകയാണുണ്ടായത്. അത്തരക്കാർക്കൊക്കെ ഉള്ള മറുപടിയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.- ഈ നിലപാട് അങ്ങനെ മാറുന്നതല്ല. എത്രതന്നെ കുപ്രചാരണപ്രളയം വന്നാലും അതിന‌് ഇളക്കമില്ല.- കാരണം അത് നാടിനെ രക്ഷിക്കാനുള്ളതാണ് എന്ന ഉറച്ച വാക്കുകൾ. ആ ആർജവത്തിനും സത്യസന്ധതയ്ക്കുമാണ് കേരളത്തിന്റെ ബിഗ് സല്യൂട്ട്.

സ്ത്രീകൾക്കൊരു കൂട്

നഗരങ്ങളിൽ എത്തിച്ചേരുന്ന വനിതകൾക്ക് സൗജന്യ താമസവും ഭക്ഷണവും നൽകുന്ന ‘എന്റെ കൂടി" പദ്ധതി സംസ്ഥാനവ്യാപകമാക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ തീരുമാനം പ്രശംസാർഹമാണ്.  ഇതിനകം  കോഴിക്കോട്ടും  തിരുവനന്തപുരത്തും  സ്ത്രീകൾക്ക് രാത്രികാലം സുരക്ഷിതമായി തങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.   നഗരങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത താവളങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ  സാമൂഹ്യനീതി വകുപ്പാണ്    ‘എന്റെ കൂട്’ പദ്ധതി നടപ്പാക്കുന്നത്.   ഇന്റർവ്യൂവിനും മറ്റാവശ്യങ്ങൾക്കുമായെത്തുന്ന വനിതകൾക്ക് നഗരത്തിൽ സുരക്ഷിതമായി താമസിക്കാൻ പലപ്പോഴും കഴിയാതെവരാറുണ്ട്.    നിർധന  വനിതകൾക്കും കൂടെയുള്ള 12 വയസ്സുവരെയുള്ള കുട്ടികൾക്കും വൈകിട്ട് 5 മണി മുതൽ രാവിലെ 7 മണിവരെ സുരക്ഷിതമായ വിശ്രമം തികച്ചും സൗജന്യമായി നൽകുന്നതാണ്  പദ്ധതി. 50 പേർക്കു  ഒരേസമയം   താമസിക്കാൻ കഴിയുന്ന സൗകര്യമാണ് തിരുവനന്തപുരത്ത് വ്യാഴാഴ്ച തുറന്നത്.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ കടന്നാക്രമണങ്ങൾ നിരന്തരം നടക്കുന്ന സമകാലിക സാഹചര്യത്തിൽ അനിവാര്യമായ ഇടപെടലാണിത്. ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾക്ക് ശമനമുണ്ടാകാൻ പൊലീസിന്റെ ജാഗ്രതമാത്രം പോരാ, ഇത്തരം സൗകര്യങ്ങളും വേണ്ടതുണ്ട് എന്ന ശരിയായ കാഴ്ചപ്പാടാണ് ഈ മാതൃകാപരമായ സംരംഭത്തിന് പിന്നിൽ കാണാനാവുക. എൽഡിഎഫ് സർക്കാരിന്റെ ഈ വഴിയിലുള്ള അനേകം ഇടപെടലുകളിൽ ഒന്നായ "എന്റെ കൂടി"ന‌് വിജയാശംസകൾ.

deshabhimani editorial 091118

No comments:

Post a Comment