Tuesday, April 24, 2012

കയര്‍തൊഴിലാളി പെന്‍ഷന്‍: വാര്‍ത്ത വസ്തുതാവിരുദ്ധം


ആലപ്പുഴ: കയര്‍തൊഴിലാളി പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് കയര്‍തൊഴിലാളിക്ഷേമനിധി ബോര്‍ഡ് എംപ്ലോയിസ് യൂണിയന്‍ (സിഐടിയു) സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. 60,000ത്തോളം വരുന്ന കയര്‍തൊഴിലാളി പെന്‍ഷന്‍കാര്‍ക്ക് വിഷുവിനോടനുബന്ധിച്ചുള്ള പെന്‍ഷന്‍ വിതരണം വൈകിയത് സിപിഐ എം അനുഭാവികളായ ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണെന്ന വാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. പെന്‍ഷന്‍ നല്‍കാനുള്ള തുക സര്‍ക്കാര്‍ യഥാസമയം അനുവദിക്കാത്തതുമൂലമാണ് ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായി വിഷുക്കാലത്തെ കയര്‍ പെന്‍ഷന്‍ മുടങ്ങിയത്.

കയര്‍തൊഴിലാളി പെന്‍ഷന്‍ എല്‍ഡിഎഫ് ഭരണത്തില്‍ കുടിശ്ശിക ഇല്ലാതെയും കൃത്യമായും സമയബന്ധിതമായും വിതരണം ചെയ്തിരുന്നു. മുന്‍ യുഡിഎഫ് ഭരണകാലങ്ങളിലെപ്പോലെ കയര്‍തൊഴിലാളി പെന്‍ഷന്‍ ഇപ്പോള്‍ കുടിശ്ശിക വരുത്തിയിരിക്കുകയാണ്. 2012 മാര്‍ച്ച് മാസം വരെയുള്ള നാലുമാസത്തെ പെന്‍ഷന്‍ നല്‍കുന്നതിന് 9.60 കോടി രൂപ ആവശ്യമായിടത്ത് ബജറ്റ് വിഹിതം ഇല്ലാത്തതിനാല്‍ കേവലം 1.97 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. കയര്‍ തൊഴിലാളികള്‍ക്കുള്ള വിവിധ ധനസഹായം നല്‍കാനുള്ള മാച്ചിങ് ഗ്രാന്റായ രണ്ടുകോടി രൂപയും, വിദ്യാഭ്യാസ ധനസഹായം നല്‍കേണ്ട ഒരുകോടി രൂപയും വക മാറ്റിയാണ് ഏപ്രില്‍ 12ന് രണ്ടുമാസത്തെ പെന്‍ഷന്‍ നല്‍കുവാനുള്ള പണം വിവിധ ഓഫീസുകള്‍ക്ക് നല്‍കിയത്. 13,14,15 തീയതികളില പോസ്റ്റാഫീസ് അവധിയായതിനാല്‍ വിഷു കഴിഞ്ഞാണ് പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞത്. വസ്തുതകള്‍ ഇതായിരിക്കെ യുഡിഎഫ് അനുകൂല സംഘടനാപ്രവര്‍ത്തകര്‍ തങ്ങളുടെ ജാള്യം മറയ്ക്കാനാണ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജീവനക്കാരെ പഴിചാരുന്നതെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി കെ വി ഉത്തമന്‍ അറിയിച്ചു.

deshabhimani 240412

No comments:

Post a Comment