Sunday, April 21, 2013
തുറുങ്കിനും പിന്തിരിപ്പിക്കാനായില്ല ഈ സമരവീര്യം
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി മൂന്നിലെ പ്രതിക്കൂട്ടില്‍ ഹാജരായ 71 പേരോടുമായി കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചശേഷം മജിസ്ട്രേട്ട് ചോദിച്ചു. നിങ്ങള്‍ കുറ്റംചെയ്തിട്ടുണ്ടോ? അവര്‍ ഉറച്ചശബ്ദത്തില്‍ ഒരേമനസ്സോടെ പറഞ്ഞു. ഞങ്ങള്‍ ചെയ്തിട്ടുണ്ട്. കോടതിമുറിയിലുണ്ടായിരുന്ന അഭിഭാഷകരുള്‍പ്പെടെയുള്ളവര്‍ ഞെട്ടിപ്പോയി. 70 വയസ്സിലേറെ കഴിഞ്ഞവരും ബഹുഭൂരിപക്ഷം സ്ത്രീകളുമായിരുന്നു റിമാന്‍ഡിനുശേഷം പ്രതിക്കൂട്ടില്‍ നിന്നിരുന്നത്. തൊഴിലിനും കൂലിക്കുംവേണ്ടി പോരാട്ടഭൂമിയിലേക്കിറങ്ങിയ തങ്ങളെ ഒരു കല്‍ത്തുറുങ്കിനും പിന്തിരിപ്പിക്കാനാകില്ലെന്ന ധീരമായ പ്രഖ്യാപനമായിരുന്നു അവര്‍ നടത്തിയത്. തുടര്‍ന്ന് തൊഴിലാളികളുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കിയ മജിസ്ട്രേട്ട് എല്ലാവരെയും വെറുതെ വിടാന്‍ ഉത്തരവിടുകയായിരുന്നു. കയര്‍വ്യവസായത്തെ സര്‍വനാശത്തിലേക്ക് നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി കേരള കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ നടത്തുന്ന പഞ്ചദിന സെക്രട്ടറിയറ്റ് പിക്കറ്റിങ്ങിന്റെ ആദ്യദിവസം സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയവരാണ് ശനിയാഴ്ച ഉച്ചയോടെ ജയില്‍മോചിതരായത്. ""രണ്ടുവര്‍ഷമായി സംഘം അടഞ്ഞുകിടക്കുകയാണ്. ആനുകൂല്യങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. ജീവിക്കാന്‍ നിവൃത്തിയില്ലാതായ ഞങ്ങള്‍ക്ക് പിന്നെ എന്തു ജയില്‍?""- മുമ്പും സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുള്ള കായിക്കര സ്വദേശി 78 വയസ്സുള്ള സാവിത്രിയുടെ വാക്കുകളില്‍ ജീവിതസമരത്തിന്റെ മുദ്രാവാക്യം. പനിയടക്കമുള്ള അവശതകള്‍ ഉണ്ടായെങ്കിലും ആശുപത്രിയില്‍പ്പോലും പോകാന്‍ തയ്യാറാകാതെയാണ് സമരസേനാനികള്‍ ജയിലില്‍തന്നെ കഴിയാന്‍ തീരുമാനിച്ചത്. മജിസ്ട്രേട്ട് വീണ്ടും ജയിലിലടയ്ക്കാതെ വെറുതെ വിട്ടതിന്റെ ദുഃഖംമാത്രമേ കോടതിയില്‍നിന്നിറങ്ങിയപ്പോള്‍ ഇവരുടെ മുഖത്തുണ്ടായിരുന്നുള്ളൂ. തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘം ചേര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് മാര്‍ഗതടസ്സം ഉണ്ടാക്കിയെന്നും പൊലീസിനെ അനുസരിച്ചില്ലെന്നതുമടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചാര്‍ത്തിയിരുന്നത്.
കേരള കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ പ്രസിഡന്റും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ ടി എം തോമസ് ഐസക് എംഎല്‍എയുടെ നേതൃത്വത്തില്‍ യൂണിയന്‍ ഭാരവാഹികളായ എം ആര്‍ രവി, ചന്ദ്രികാമ്മ, സുരേന്ദ്രന്‍, ആര്‍ അജിത്, പി മണികണ്ഠന്‍, വി ലൈജു, കഠിനംകുളം സാബു, വക്കം രഘുവരന്‍, ചെറുന്നിയൂര്‍ ശിവദാസന്‍, ബി എന്‍ സൈജുരാജ് എന്നിവര്‍ ഉള്‍പ്പെടെ ജയില്‍വാസം കഴിഞ്ഞെത്തിയ 71 പേര്‍ക്കും സിഐടിയു സംസ്ഥാനകമ്മിറ്റി ഓഫീസില്‍ ആവേശോഷ്മളമായ സ്വീകരണം നല്‍കി. സിഐടിയു സംസ്ഥാന ട്രഷറര്‍ കെ എം സുധാകരന്‍ സമരസേനാനികളെ രക്തഹാരം അണിയിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ട്രാവന്‍കൂര്‍ കയര്‍ത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി അഡ്വ. എന്‍ സായികുമാര്‍, അഡ്വ. വി ജോയി എന്നിവരും സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു.
കയര്‍സമരം: 42 പേര്‍കൂടി അറസ്റ്റുവരിച്ചു
തിരു: പഞ്ചദിന കയര്‍ത്തൊഴിലാളി സമരത്തിന്റെ രണ്ടാംദിനം 42 തൊഴിലാളികളെക്കൂടി പൊലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി. കയര്‍വ്യവസായത്തെ സര്‍വനാശത്തിലേക്കു നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് "തൊഴില്‍ അല്ലെങ്കില്‍ ജയില്‍" എന്ന മുദ്രാവാക്യവുമായി സെക്രട്ടറിയറ്റ് പിക്കറ്റുചെയ്തവരെയാണ് അറസ്റ്റുചെയ്തത്. ഇവരില്‍ 24 പേര്‍ സ്ത്രീകളാണ്. വെള്ളിയാഴ്ച അറസ്റ്റുചെയ്ത് ജയിലിലടച്ച കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ പ്രസിഡന്റും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ ടി എം തോമസ് ഐസക് എംഎല്‍എ ഉള്‍പ്പെടെ 71 പേരെ ശനിയാഴ്ച കോടതി മോചിപ്പിച്ചു.
ശനിയാഴ്ച കൊല്ലം ജില്ലയിലെ തൊഴിലാളികളാണ് പിക്കറ്റിങ് നടത്തിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനംചെയ്തു. വ്യവസായമാകെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമ്പോള്‍ ഇടപെടാന്‍ വകുപ്പുമന്ത്രിക്ക് താല്‍പ്പര്യമില്ലെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. മന്ത്രിക്ക് വിദേശപര്യടനത്തില്‍മാത്രമാണ് താല്‍പ്പര്യം. കയര്‍, കശുവണ്ടി, കൈത്തറി, മത്സ്യമേഖലയെല്ലാം തകര്‍ച്ചയിലാണ്. കുത്തകകള്‍ക്കുവേണ്ടി തൊഴിലാളികളെ തകര്‍ക്കുന്ന നടപടികളാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
ജീവിക്കാന്‍ നിവൃത്തിയില്ലാത്ത സ്ഥിതിയിലേക്ക് തൊഴിലാളികളെ എടുത്തെറിയുകയാണെന്ന് മുന്‍മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. കയര്‍വ്യവസായത്തിന്റെ ആധുനികവല്‍ക്കരണത്തിനും പുനഃസംഘടനയ്ക്കും ആരും എതിരല്ല. തൊഴിലാളികളെ സംരക്ഷിച്ചായിരിക്കണം പുനഃസംഘടനയെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.
എസ് എല്‍ സജികുമാര്‍ അധ്യക്ഷനായി. കെ പി കുറുപ്പ് സ്വാഗതം പറഞ്ഞു. വി ശിവന്‍കുട്ടി എംഎല്‍എ, ആര്‍ ഗോപി, ശശിവര്‍ണന്‍, പി എസ് തമ്പി, ഡി സുരേഷ്കുമാര്‍, അശോകന്‍, ആര്‍ സുബാഷ്, അഡ്വ. എന്‍ സായികുമാര്‍, പുഷ്പാംഗദന്‍, ഡി അരുന്ധതി എന്നിവര്‍ സംസാരിച്ചു. തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്ന മുദ്രാവാക്യത്തില്‍ ഉറച്ചുനിന്ന തൊഴിലാളികളെയും നേതാക്കളെയും പൊലീസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് അറസ്റ്റിലായവര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, കോടതി റിമാന്‍ഡ് നടപടിക്ക് തയ്യാറായില്ല. തിങ്കളാഴ്ച ആലപ്പുഴ കയര്‍ ഫാക്ടറി തൊഴിലാളികളും കാര്‍ത്തികപ്പള്ളി മേഖലയിലെ തൊഴിലാളികളും സമരത്തില്‍ അണിചേരും. വി ശിവന്‍കുട്ടി എംഎല്‍എ ഉദ്ഘാടനംചെയ്യും.
deshabhimani 210413
Labels:
കയര്‍,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment