തിരുവനന്തപുരം ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ തട്ടിക്കൂട്ടിയ വ്യാജ ടേബിള്‍ ടെന്നീസ് അക്കാദമിക്ക് സര്‍ക്കാരിന്റെ 10 ലക്ഷം രൂപ നല്‍കിയതിന് പിന്നില്‍ മുന്‍മന്ത്രി കെ ബി ഗണേശ്കുമാറും. ഗണേശ് കായികമന്ത്രിയായിരിക്കെ മന്ത്രി ചെയര്‍മാനും സ്പോര്‍ട്സ് സെക്രട്ടറി കണ്‍വീനറുമായ ഉന്നതതല സമിതിയാണ് പണം അനുവദിക്കാന്‍ തീരുമാനിച്ചത്. ഇതിനായി അസോസിയേഷന്‍ വ്യാജപദ്ധതി തയ്യാറാക്കുകയായിരുന്നു. ചാല ഗവ. ബോയ്സ് ഹൈസ്കൂളിലും ഗേള്‍സ് ഹൈസ്കൂളിലും ടേബിള്‍ ടെന്നീസ് അക്കാദമി സ്ഥാപിക്കാനെന്ന പേരിലാണ് വ്യാജപദ്ധതി തയ്യാറാക്കി സമിതിക്ക് നല്‍കിയത്. ഇതോടെ കണ്ണുമടച്ച് പദ്ധതിക്ക് അംഗീകാരം നല്‍കുകയും ചെയ്തു.
സംസ്ഥാനത്ത് വിവിധോദ്ദേശ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുന്നതിനും സ്കൂളുകള്‍ക്ക് കായികോപകരണങ്ങളും പുതിയ സംവിധാനങ്ങളും നല്‍കുന്നതിനുമായി തയ്യാറാക്കിയ പദ്ധതിയുടെ ഫണ്ടാണ് അക്കാദമിക്ക് വകമാറ്റി മറിച്ചുനല്‍കിയത്. ജനുവരി 25ന് ചേര്‍ന്ന യോഗമാണ് അപേക്ഷ പരിഗണിച്ചത്. വ്യാജ അക്കാദമിക്കുള്ള 10 ലക്ഷം ഉള്‍പ്പെടെ 85,50,600 രൂപയാണ് ഉന്നതതല സമിതി അനുമതി നല്‍കിയ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ നല്‍കിയത്. മറ്റ് പദ്ധതികളെക്കുറിച്ചും ഇതോടെ സംശയമുണര്‍ന്നിരിക്കുകയാണ്.
സ്പോര്‍ട്സ് കൗണ്‍സിലും യുവജനക്ഷേമവകുപ്പും ട്രിവാന്‍ഡ്രം ഡിസ്ട്രിക്ട് ടേബിള്‍ ടെന്നീസ് അസോസിയേഷനും സംയുക്തമായി തട്ടിപ്പു നടത്തിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം.എന്നാല്‍, ഗണേശ്കുമാര്‍ ഉള്‍പ്പെട്ട ഉന്നതതല സമിതിയാണ് ജില്ലാ ടെബിള്‍ ടെന്നീസ് അസോസിയേഷന്‍ നല്‍കിയ അപേക്ഷയില്‍ തീരുമാനം എടുത്തത്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, സെക്രട്ടറി അബ്ദുള്‍ റസാഖ്, ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍ ഗണേശന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് അംബിക രാധിക, സെക്രട്ടറി ആര്‍ രാജേഷ്, ട്രഷറര്‍ മുരളി ശങ്കര്‍, യുവജനക്ഷേമവകുപ്പ് ഡയറക്ടര്‍ അമിത് മാലിക് എന്നിവര്‍ക്കെതിരെയാണ് ഇപ്പോള്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇതില്‍ പത്മിനി തോമസും അബ്ദുള്‍റസാഖും അമിത് മാലിക്കും ഗണേശ്കുമാറിനൊപ്പം ഉന്നതതല സമിതിയിലും അംഗങ്ങളായിരുന്നു. സ്പോര്‍ട്സ് കൗണ്‍സിലും യുവജനക്ഷേമവകുപ്പും ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷനും ഗൂഢാലോചന നടത്തി പദ്ധതി തയ്യാറാക്കി രൂപ കൈപ്പറ്റിയെന്നാണ് പരാതി. എന്നാല്‍, ടേബിള്‍ ടെന്നീസ് അക്കാദമി ഇതുവരെ രൂപീകരിച്ചിട്ടില്ല. പദ്ധതി ആരംഭിക്കാന്‍ സ്കൂളില്‍നിന്ന് അനുമതിപോലും വാങ്ങിയില്ല. പണം അനുവദിക്കുന്നതിനുമുമ്പ് ടേബിള്‍ ടെന്നീസ് അക്കാദമി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നും അന്വേഷിച്ചില്ല. ഇങ്ങനെയൊരു അക്കാദമിയേപ്പറ്റി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനോടുപോലും കൂടിയാലോചന നടത്തിയില്ല.
(വി ഡി ശ്യാംകുമാര്‍)
deshabhimani
No comments:
Post a Comment