Thursday, May 29, 2014

സ്പോര്‍ട്സ് കൗണ്‍സിലിനെ നോക്കുകുത്തിയാക്കി കായികനയം

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിനെ നോക്കുകുത്തിയാക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ കായികനയമെന്ന് ആക്ഷേപം. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും അര്‍ജുന അവാര്‍ഡ് ജേതാവുമായ പത്മിനി തോമസ് അടക്കം കായികമേഖലയിലെ പ്രമുഖര്‍ പുതിയ കായികനയത്തെ അംഗീകരിക്കാനാവില്ലെന്ന് തുറന്നടിച്ചു. കരടുനയം തയ്യാറാക്കി ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ സ്വീകരിച്ച സര്‍ക്കാര്‍ അതിനെയൊക്കെ പ്രഹസനമാക്കി കായികനയംനടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തിനുതന്നെ മാതൃകയായി 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കായികനയം അട്ടിമറിച്ച് ഉദ്യോഗസ്ഥകേന്ദ്രീകൃതമായ നയമാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുക. ഇതിലൂടെ ജനാധിപത്യസ്ഥാപനമായ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അവകാശ അധികാരങ്ങള്‍ മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കാനുള്ള നീക്കവുമുണ്ടാകും. ഇതിനെതിരെ സ്പോര്‍ടസ് കൗണ്‍സില്‍ ജനറല്‍ബോഡിയില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് തലസ്ഥാനത്തു ചേര്‍ന്ന സ്പോര്‍ട്സ് പോളിസി റിവ്യൂ മീറ്റിങ്ങില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റടക്കം പുതിയ നയത്തിനെതിരെ രംഗത്തെത്തിയത്.

സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഇന്നുള്ള അധികാരങ്ങളൊന്നും എടുത്തുമാറ്റാന്‍ പാടില്ലെന്നും മാതൃകാപരമായ പ്രവര്‍ത്തനമാണ് സ്പോര്‍ട്സ് കൗണ്‍സില്‍ നടത്തിയിട്ടുള്ളതെന്നും റിവ്യു മീറ്റിങ് ഉദ്ഘാടനംചെയ്ത് പത്മിനി തോമസ് പറഞ്ഞു. കരടുനയം തയ്യാറാക്കിയ സമയത്ത് കായികരംഗത്തുള്ള ആരുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നില്ലെന്ന് വിവിധ അസോസിയേഷന്‍ ഭാരവാഹികളും സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളും ചൂണ്ടിക്കാട്ടി. കരടുനയം സെമിനാറിലൂടെയും മറ്റും ചര്‍ച്ചയ്ക്കു വിധേയമാക്കിയെങ്കിലും ഉന്നയിക്കപ്പെട്ട നിര്‍ദേശങ്ങളൊന്നുപോലും സര്‍ക്കാര്‍ സ്വീകരിച്ചില്ല. കേരളം ആതിഥേയത്വം വഹിക്കാന്‍പോകുന്ന ദേശീയ ഗെയിംസിന്റെ ഭാഗമായി നിര്‍മിക്കുന്ന സ്റ്റേഡിയം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥകേന്ദ്രിതമായ പുതിയൊരു ഏജന്‍സി രൂപീകരിക്കുമെന്ന് നയത്തില്‍ വ്യക്തമാക്കുന്നുണ്ട്. കായികരംഗത്ത് സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് കൗണ്‍സിലിന് ഇതോടെ പ്രസക്തി നഷ്ടപ്പെടും. എല്‍ഡിഎഫ് സര്‍ക്കാരാണ് ദേശീയ ഗെയിംസ് കേരളത്തില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സംസ്ഥാനത്തെ കായികരംഗത്ത് അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാല്‍ ദേശീയ ഗെയിംസ് വഴി കൂടുതല്‍ അടിസ്ഥാന സൗകര്യം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. പുതിയ നയം നടപ്പാക്കിയാല്‍ അടിസ്ഥാനസൗകര്യങ്ങളുടെ നിയന്ത്രണം സ്വകാര്യ ഏജന്‍സിക്കുവരെ നല്‍കാന്‍ ഇടയുണ്ടെന്നും ലാഭംമാത്രമായിരിക്കും പിന്നീട് ലക്ഷ്യം വയ്ക്കുകയെന്നും റിവ്യൂമീറ്റിങ്ങില്‍ അഭിപ്രായമുയര്‍ന്നു.

വി ഡി ശ്യാംകുമാര്‍ deshabhimani

No comments:

Post a Comment