Saturday, November 23, 2013

കരുനീക്കത്തിലെ ഇന്ദ്രജാലം

സ്വന്‍ മാഗ്നസ് ഒന്‍ കാള്‍സണ്‍ എന്ന നാമത്തിന് അത്ഭുതം എന്നും പര്യായമുണ്ട്. അഞ്ചാം വയസ്സില്‍ മനസ്സില്ലാ മനസ്സോടെ, അച്ഛന്റെ താല്‍പ്പര്യപ്രകാരം ചെസ് കളി തുടങ്ങിയതുമുതല്‍ ചെന്നൈയില്‍ ലോകകിരീടം നേടിയതുവരെയുള്ള മാഗ്നസ് കാള്‍സന്റെ ജീവിതത്തെ അത്ഭുതം എന്നല്ലാതെ മറ്റെന്താണ് പറയുക. അത്ഭുതം, ഇന്ദ്രജാലം എന്നീ വാക്കുകള്‍ പലപ്പോഴും പരസ്പരം ബന്ധപ്പെടുത്തിയാണ് പറയുക. കാള്‍സന്റെ കരിയറും, കേളീശൈലിയും തമ്മിലും ഇതേ ബന്ധമുണ്ട്. ചരിത്രത്തിലെ മൂന്നാമത്തെ പ്രായംകുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍. എക്കാലത്തെയും മികച്ച റേറ്റിങ് ഉള്ളതാരം, പ്രായംകുറഞ്ഞ ലോക ഒന്നാം നമ്പര്‍, ഒടുവിലിതാ ആദ്യശ്രമത്തില്‍, 22-ാം വയസ്സില്‍ ലോകചാമ്പ്യനും- ഇതിനെ അത്ഭുതം എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക, അല്ലെങ്കില്‍ മഹേന്ദ്രജാലം എന്നോ?.
എന്‍ജിനിയര്‍ ദമ്പതികളുടെ മകനായി ജനിച്ച കാള്‍സണ്‍ വെറും രണ്ടാം വയസ്സില്‍ 50 കഷണങ്ങളുള്ള ജിഗ്സോ പസില്‍ അനായാസം കൂട്ടിയോജിപ്പിക്കുമായിരുന്നത്രെ!. ബുദ്ധിവൈഭവത്തെക്കുറിച്ചുള്ള ആദ്യ തെളിവും ഇതുതന്നെ. അഞ്ചാം വയസ്സിലാണ് 64 കളത്തിലെ കളി തുടങ്ങുന്നത്. അച്ഛന്‍ ഹെന്‍റിക്ക് കാള്‍സണാണ് കളി പഠിപ്പിച്ചത്. എന്നാല്‍ ഭാവി ലോകചാമ്പ്യന് ഈ കളിയില്‍ അത്ര താല്‍പ്പര്യം ഉണ്ടായിരുന്നില്ല. എങ്കിലും ചെസ്കളത്തിലെ അഴിയാക്കുരുക്കുകള്‍ ഈ ബാലനെ ആകര്‍ഷിച്ചു. മണിക്കൂറുകളോളം മുറിയില്‍ അടച്ചിരുന്ന് ഒറ്റയ്ക്ക് കളിക്കുകയായിരുന്നു പതിവ്. പുതിയ രീതികള്‍, നീക്കങ്ങള്‍ കണ്ടെത്താനായിരുന്നു ശ്രമം. അച്ഛനും ഇക്കാര്യത്തില്‍ സഹായിച്ചു. 1999ലെ ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പായിരുന്നു ആദ്യ പ്രധാനപ്പെട്ട മത്സരം. എട്ടാം വയസ്സില്‍ കളിച്ച ഈ ടൂര്‍ണമെന്റില്‍ ആറര പോയിന്റായിരുന്നു സമ്പാദ്യം. തുടക്കം ഒട്ടും മോശമായില്ലെന്നര്‍ഥം. തൊട്ടടുത്തവര്‍ഷം ഇന്റര്‍നഷണല്‍ മാസ്റ്റര്‍ ടോര്‍ജന്‍ റിങ്ദാല്‍ ഹാന്‍സനുമൊത്ത് കാള്‍സണ്‍ പരിശീലനം തുടങ്ങി. ഇത് ചെസ് ജീവിതത്തിലെ വഴിത്തിരിവുമായി. ഒരുവര്‍ഷത്തിനുള്ളില്‍ ആയിരത്തിലേറെ റേറ്റിങ് പോയിന്റ് സ്വന്തമാക്കിയ ഈ ബാലന്‍ നോര്‍വീജിയന്‍ ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പ്രമുഖരെ അടിയറവു പറയിപ്പിക്കുകയും ചെയ്തു. നാലരമണിക്കൂര്‍ പഠനത്തിന്, പിന്നെ ഫുട്ബോളും സ്കീയിങ്ങും, ഒപ്പം പ്രശസ്തമായ ഡൊണാള്‍ഡ് ഡക്ക് കോമിക്സ് വായനയും. ഇതിനിടയില്‍ ചെസും- ഈ കുട്ടിയുടെ അന്നത്തെ ജീവിതം ഇങ്ങനെയായിരുന്നു.

വിക് ആന്‍സീയില്‍ 2004ല്‍ നടന്ന കോറസ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ സി ഗ്രൂപ്പില്‍ ജേതാവാകുന്നതോടെയാണ് ഈ ഭാവിതാരത്തെ ലോകം ശ്രദ്ധിക്കുന്നത്. ഇതേവര്‍ഷം ഏപ്രിലില്‍ 13-ാം വയസ്സില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി. അന്ന് ഈ ബഹുമതി നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ പ്രായംകുറഞ്ഞ താരമായിരുന്നു. സി ഗ്രൂപ്പിലെ ജയം അടുത്തവര്‍ഷം ബി ഗ്രൂപ്പില്‍ കളിക്കാനുള്ള യോഗ്യത നല്‍കി. അതേവര്‍ഷംതന്നെ വാഷിങ്ടണ്‍ പോസ്റ്റില്‍ പ്രശസ്ത ചെസ് എഴുത്തുകാരന്‍ ലുബോമിര്‍ കവാലക്ക് കാള്‍സണെക്കുറിച്ച് എഴുതി. "ചതുരംഗക്കളത്തിലെ മൊസാര്‍ട്ട്" എന്നാണ് കവാലക്ക് നോര്‍വെതാരത്തെ വിശേഷിപ്പിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ ജൈത്രയാത്രയുടേതായിരുന്നു. 2010ല്‍19-ാം വയസ്സില്‍ ലോക ഒന്നാം നമ്പര്‍ പദവി- ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഒന്നാം റാങ്കുകാരന്‍. ഈ വര്‍ഷം ജനുവരിയില്‍ 2861 എലോ റേറ്റിങ്. ഫിഡെ റാങ്കിങ്ങിലെ മികവിന്റെ അടിസ്ഥാനത്തില്‍ ലോകചാമ്പ്യനെ വെല്ലുവിളിക്കാനുള്ള താരത്തെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റിനു യോഗ്യത. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി നടന്ന ടൂര്‍ണമെന്റില്‍ ജയിച്ച് വിശ്വനാഥന്‍ ആനന്ദുമായുള്ള ലോകചാമ്പ്യന്‍ഷിപ് പോരാട്ടത്തിന് യോഗ്യത. ഒടുവില്‍ ലോകകിരീടവും.

deshabhimani

No comments:

Post a Comment