അറുപതാം പിറന്നാൾ ആഘോഷിച്ച് ഒരുമാസം പിന്നിടും മുമ്പേ ജീവിതത്തിൽ നിന്നു വിടപറയുക. അന്താരാഷ്‌ട്ര ഫുട്‌ബോൾ ഫെഡറേഷന്റെ അനുശോചന സന്ദേശത്തിലെ വാക്കുകൾ പോലെ ലോകത്തിന് ഇത് അവിശ്വസനീയമായ ദുഃഖമാണ്. 1986ലെ മെക്‌സിക്കോ ലോകകപ്പിൽ അർജന്റീനയെ ഒറ്റയ്‌ക്ക് കിരീടത്തിലേക്ക് നയിക്കുകയും ഒടുവിൽ പ്രതിഭയുടെ ധൂർത്തും പ്രശസ്‌തിയുടെ ദുരന്തവുമായി മാറുകയും ചെയ്‌ത ദ്യോഗോ അർമാൻഡോ മാറഡോണയുടെ ഇടംകാലിൽ പിറന്ന അപൂർവ സുന്ദര മുഹൂർത്തങ്ങൾ നമ്മുടെ മനസ്സുകളിൽ മായാമുദ്രിതമാക്കിക്കൊണ്ടാണ് ഇതിഹാസം മറയുന്നത്. കാൽപ്പന്ത് കളിയെ അപൂർവ സുന്ദരമായ ഒരു ഭാവഗീതത്തിന്റെ ഉദാത്ത തലത്തിലേക്ക് കൈപിടിച്ചുയർത്തിയ ചില കളിക്കാരുണ്ട്. ആ നിരയിൽ പെലെയ്‌ക്കൊപ്പം ചേർത്തുവയ്‌ക്കേണ്ട പേരാണ് മാറഡോണയുടേതാണ്.
വിരുന്നിനെത്തിയവർ നൂറ്റാണ്ടുകളോളം അധികാരം കൈവശം വെയ്‌ക്കുകയും സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും അടിമകളെ പൊലെ കഴിയേണ്ടിവരുകയും ചെയ്‌ത ഒരു രാജ്യത്തിന്റെയും ജനതയുടെയും കഥകളാണ് തെക്കേ അമേരിക്കയിലെ രണ്ടാമത്തെ വലിയ രാജ്യമായ അർജന്റീനയ്‌ക്ക് പറയാനുള്ളത്. എന്നാൽ അന്നത്തെയും ഇന്നത്തെയും പോലെ വിഹ്വലമായ എല്ലാ കാലഘട്ടത്തിലും അർജന്റൈൻ ജനതയെ ഒന്നിച്ചുനിർത്തുന്നത് ലാറ്റിനമേരിക്കയുടെ രക്തത്തിൽ അലിഞ്ഞുചേർന്ന കാൽപ്പന്ത് കളി തന്നെയാണ്. ഫുട്‌ബോൾ അവർക്ക് അപ്പവും വീഞ്ഞുമാണ്. അങ്ങനെയുള്ള അർജന്റീന എന്ന രാജ്യത്തെ ഫുട്‌ബോൾ ഭൂപടത്തിലെ ശുക്രനക്ഷത്രമാക്കിയത്, വ്യക്തി വിശുദ്ധിയുടെ വിസിൽ മുഴക്കങ്ങൾക്ക് പിടികൊടുക്കാതെ കുതറിത്തെറിക്കുകയും ജീവിതത്തിന്റെയും മരണത്തിന്റെയും നേർത്ത നൂൽപ്പാലത്തിലൂടെ ഉഴറിനടക്കുകയും ചെയ്‌ത മാറഡോണ വല്ലാത്തൊരു വിലക്ഷണ പ്രതിഭാസമാണ്.
പെലെയെപൊലെ ഫുട്‌ബോൾ എന്ന ജനപ്രിയ കായികവിനോദത്തിന് സ്വന്തം ജീവിതംകൊണ്ട് അടിക്കുറിപ്പെഴുതിയവനാണ് ദ്യോഗോ മാറഡോണ എന്ന ഈ കുറിയ മനുഷ്യനും. അതിപ്രശസ്‌തിയിൽ നിൽക്കുമ്പോഴും ഉന്മാദത്തിന്റെ പെനൽറ്റി ബോക്‌സിൽ പന്തടിച്ചുതിമിർത്ത ഒരു മഹാപ്രതിഭയുടെ ജീവിതമാണ് മാറഡോണയുടേത്. അതുകൊണ്ടാണ് മാറഡോണ എന്ന ഫുട്‌ബോൾ താരത്തിന്റെ ജീവിതം യഥാർഥ ജീവിതത്തിന്റെ നേർപ്പതിപ്പാകുന്നത്.
അർജന്റീനയെ ആരാധിക്കുന്നവർക്കും വെറുക്കുന്നവർക്കും മറക്കാനാവില്ല മാറഡോണയെ. ദൈവത്തിന്റെ കൈയ്യാലെന്ന വിശേഷണത്തോടെ മാറഡോണ ഇംഗ്ലണ്ടിന്റെ വലയിലേക്ക് തള്ളിക്കൊടുത്ത ആ ഗോളുണ്ടല്ലോ. മഹാന്മാരായ കളിക്കാർക്ക് എങ്ങനെയും ഗോളടിക്കാമെന്ന് മാറഡോണ തെളിയിച്ചതായിരുന്നു 1986ലെ മെക്‌സിക്കോ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ ആ ‘ദൈവസഹായ ഗോൾ’. ഉയർത്തിപ്പിടിച്ച കൈയ്യിൽ തട്ടി വലയിൽ കയറിയ പന്ത്, റഫറി കാണാതിരുന്ന ആംഗിളിൽ ഗോളായി.
എന്നാൽ നാല് മിനിറ്റിനുശേഷം ‘ദൈവത്തിന്റെ കൈ’കൊണ്ടു നേടിയ വിവാദ ഗോളിന്റെ പാപക്കറ അത്രയും കഴുകിക്കളഞ്ഞ് ആ കാലുകളിൽ പിറന്നത് നൂറ്റാണ്ടിന്റെ അത്ഭുതഗോളാണ്. മധ്യവൃത്തത്തിൽ നിന്ന് പന്ത് സ്വീകരിച്ച് ഒന്നിനു പിറകെ ഒന്നായി നാല് പ്രതിരോധക്കാരെ ഡ്രിബിൾ ചെയ്‌തു കയറി. ഒടുവിൽ വിഖ്യാതനായ കാവൽക്കാരൻ പീറ്റർ ഷിൽട്ടനെ മറ്റൊരു മിന്നൽ ഡ്രിബിളിൽ മറികടന്നപ്പോൾ മാറഡോണയ്‌ക്ക് മുന്നിൽ ഗോളിലെ വിശാലമായ ശാദ്വലഭൂമി മാത്രം. പ്രതിഭാശാലി നിലവിലുള്ള നിയമങ്ങൾ തകർക്കുന്നവനാണ്. കൊട്ടിയടക്കുന്ന വാതിലുകൾ താനെ തുറക്കുന്ന ഈ പ്രതിഭാസ്‌പർശം ശാസ്‌ത്രീയതയ്‌ക്കും ഗണിതസൂത്രങ്ങൾക്കും അപ്പുറമാണെന്ന് മാറഡോണ കാട്ടിത്തന്നു.
ഇംഗ്ലണ്ടിനെതിരെ മാറഡോണ നേടിയ രണ്ട് ഗോളുകൾ വിരുദ്ധമായ കാരണങ്ങളാൽ ലോകം ഏറ്റവുമധികം ചർച്ച ചെയ്‌തു. ഏറ്റവും അവിസ്‌മരണീയമായ ഗോളുകൾക്കുള്ള മത്സരത്തിൽ പരസ്‌പരം മത്സരിക്കാൻ പോന്ന രണ്ടെണ്ണം. ആദ്യത്തേത് വിവാദാത്മകതകൊണ്ടും രണ്ടാമത്തേത് അതിന്റെ ഉദാത്തമായ പ്രതിഭാവിലാസത്തിന്റെ പൂർണതകൊണ്ടും. മാറഡോണയ്‌ക്ക് മാത്രം സാധ്യമായ ഗോളായിരുന്നു അത്. അത്രയും മഹോനരമായ ഒരു ഗോൾ അതിനുമുമ്പോ പിമ്പോ ലോകകപ്പിൽ സ്‌കോർ ചെയ്‌തിട്ടില്ല. കുപ്രസിദ്ധിയും സുപ്രസിദ്ധിയും ഇടകലർന്ന തന്റെ പിൽക്കാല ജീവിതഭാവങ്ങളുടെ ആദ്യത്തെ സ്‌ഫുലിംഗമായിരിക്കാം ഒരുപക്ഷേ മെക്‌സിക്കോയിലെ ആസ്‌റ്റെക്ക് സ്‌റ്റേഡിയത്തിൽ കണ്ടത്.
മാറഡോണയുടെ അമ്പരപ്പിക്കുന്ന ജനപ്രീതിക്ക് പിന്നിൽ കളിക്ക് അപ്പുറത്തുള്ള കാരണങ്ങളുണ്ട്. മൂന്നാം ലോക ഇടതുപക്ഷ രാഷ്‌ട്രീയവുമായി അത് ബന്ധപ്പെട്ടുനിൽക്കുന്നു. വിരമിച്ച് പതിനഞ്ച് വർഷത്തിനുശേഷം കേരളത്തിൽ സന്ദർശനം നടത്തിയപ്പോഴും മാറഡോണ ജനക്കൂട്ടത്തെ ഇളക്കിമറിക്കുന്ന പ്രതിഭാസമായി മാറിയത് നാം കണ്ടതല്ലേ. മാറഡോണ ഫുട്‌ബോൾ പ്രേമികളുടെ മനസ്സിനെ ഒരു പോലെ ആവേശഭരിതമാക്കുകയും കുത്തിനോവിക്കുകയും ചെയ്‌തു.
ബ്യൂനസ് അയേഴ്‌സിന്റെ ചേരിത്തെരുവുകളിൽ കടലാസ് ചുരുട്ടിയുണ്ടാക്കിയ പന്ത് തട്ടിക്കളിച്ച് ഫുട്‌ബോളിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ച മാറഡോണയ്‌ക്ക് ദുരിതപൂർണമായ ഒരു ബാല്യമുണ്ടായിരുന്നു. സാധാരണക്കാരുടെ ജീവിതമെന്തെന്ന്, അവരുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമെന്തെന്ന് ആ മനുഷ്യനെ ആരും പറഞ്ഞു പഠിപ്പിച്ചതല്ല.
മാറഡോണയുടെ മതം ഫുട്‌ബോളിൽ മാത്രം ഒതുങ്ങുന്നതല്ല. തന്റെ കളിയിലൂടെ, തുറന്ന് പറച്ചിലിലൂടെ, ധീരമായ നിലപാടുകളിലൂടെ സമൂഹത്തിന്റെ ആശയും അഭിലാഷവും പ്രതീകവൽക്കരിക്കുന്ന ഐതിഹാസിക നേതാക്കളുടെ തലത്തിലേക്കുയർന്ന മാറഡോണ, സാധാരണക്കാരുടെ ഹൃദയത്തിലേക്ക് ഡ്രിബിൾ ചെയ്‌തു കയറി പുതിയൊരു മതം സ്ഥാപിച്ചു. മാറഡോണയ്‌ക്ക് മുമ്പോ പിമ്പോ മറ്റൊരു കളിക്കാരനും സാധിച്ചിട്ടില്ലാത്ത മഹാദൗത്യമാണിത്.
കളിയരങ്ങിലെ ആരവങ്ങൾക്കപ്പുറം മയക്കുമരുന്നിന്റെ വിഷവലയത്തിൽപ്പെട്ട് വിഭ്രാന്തമായ ലോകത്തിലൂടെ നടന്ന ഒരു കാലം മാറഡോണയ്‌ക്കുണ്ടായിരുന്നു. മരണവുമായി മുഖാമുഖം കണ്ട ആ കാലയളവിൽ സർവരുടെയും അവഗണനയും അവജ്ഞയും ഏറ്റുവാങ്ങേണ്ടിവന്നു. അങ്ങനെ നാടകീയതകൾ സംഭവിച്ച ആ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ക്യൂബയിൽ ചെലവിട്ട നാളുകളും ഫിദൽകാസ്‌ട്രോയും മുൻ വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസുമായുള്ള ഗാഢമായ സൗഹൃദവും മാറഡോണയെ പുതിയൊരു മനുഷ്യനാക്കിയതാണ് പിന്നെ ലോകം കണ്ടത്.
അങ്ങനെയാണ് മുതലാളിത്തത്തിന്റെ ഭൗതികവും ആശയപരവും ധാർമികവുമായ വീഴ്‌ചകൾക്കെതിരെ അതിന്റെ പ്രതീകങ്ങളായ അമേരിക്കയെയും ഇംഗ്ലണ്ടിനെയും എതിർത്തവരുടെ മുൻനിരയിൽ മാറഡോണ എത്തിപ്പെട്ടത്. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ഏഷ്യയിലെയും മൂന്നാം ലോകരാജ്യങ്ങൾ ഈ സാമ്രാജ്യത്വ ചൂഷണത്തിന്റെ വിളനിലമായിരുന്നു. ഫുട്‌ബോൾ ഒരു വെറും കളിയല്ല വിപ്ലവമാർഗത്തിലെ ഒരു ആയുധമാണെന്ന ചെഗുവേരയുടെ നിരീക്ഷണത്തെ ഒരളവോളം പ്രതിഫലിപ്പിക്കുന്നതാണ് ഈ ഇതിഹാസതാരത്തിന്റെ കളിയും ജീവിതവും എന്നു കാണണം. അതുല്യമായ പ്രതിഭാശാലിത്വത്തിനൊപ്പം അചഞ്ചലമായ സാമ്രാജ്യത്വ വിരുദ്ധതയുമാണ് പെലെയെയും വെല്ലുന്ന താരപദവിയിലേക്ക് മാറഡോണയെ ഉയർത്തിയത്. കാലയവനികയിലേക്ക് മറയുമ്പോഴും ഈ പച്ചയായ മനുഷ്യൻ ഫുട്‌ബോൾ പ്രേമികളുടെ മനസ്സിൽ എന്നും നട്ടെല്ലു നിവർത്തി തന്നെ നിൽക്കും. സമാനതകളില്ല; മറ്റൊരു കളിക്കാരനും മാറഡോണയല്ല.
എ എൻ രവീന്ദ്രദാസ്
No comments:
Post a Comment