Thursday, June 6, 2013

"മോക്ക" നിലനില്‍ക്കാനിടയില്ല

ഐപിഎല്‍ വാതുവയ്പ് കേസില്‍ പിടിയിലായ ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയ "മോക്ക" നിയമവ്യവസ്ഥകള്‍ കോടതിയില്‍ നിലനില്‍ക്കാനിടയില്ല. നേരത്തെ ചുമത്തിയ വഞ്ചന, ഗൂഢാലോചന കുറ്റങ്ങള്‍ക്ക് പോലും വേണ്ടത്ര തെളിവ് ഹാജരാക്കാന്‍ കഴിയാതിരിക്കെയാണ് മോക്ക ചുമത്തിയത്. വാതുവയ്പുകാര്‍ക്ക് അധോലോക ബന്ധമുണ്ടെന്ന പൊലീസ് വാദം സ്ഥാപിക്കാന്‍ കാര്യമായൊന്നുമില്ല. മാത്രവുമല്ല, തീവ്രവാദ കേസുകളില്‍ ഡല്‍ഹി പൊലീസിന്റെ വാദങ്ങള്‍ കോടതി തള്ളുന്നതും പതിവുകാര്യം.

വാതുവയ്പുകാരുടെ അധോലോകബന്ധം തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പിടിച്ചെടുത്തെന്നാണ് പൊലീസ് വാദം. എന്നാല്‍, ശ്രീശാന്ത് വാതുവയ്പുകാരുമായി ബന്ധപ്പെട്ടതിന് തെളിവില്ല. വാതുവയ്പുകാരും അധോലോക വമ്പന്മാരും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടെന്ന വാദം മുഖവിലയ്ക്കെടുത്താല്‍ തന്നെ ഇതൊരു മുഖ്യതെളിവല്ല. അധോലോകബന്ധം സാധൂകരിക്കാന്‍ പണമിടപാടിനും മറ്റും തെളിവുവേണം. എന്നാല്‍, പിടിച്ചെടുത്ത പണം അധോലോകം വഴിയുള്ളതാണെന്നതിനും തെളിവില്ല. ശ്രീശാന്തിന് ഒത്തുകളിയില്‍ 10 ലക്ഷം ലഭിച്ചതായി പൊലീസ് പറയുന്നു. ഇതില്‍ അഞ്ചു ലക്ഷം ചെലവിട്ടതിന് രേഖ കണ്ടെത്തിയെന്നും പറയുന്നു. എന്നാല്‍, ശ്രീശാന്ത് ചെലവഴിച്ചത് വാതുവയ്പില്‍ ലഭിച്ച തുകയാണെന്നതിന് തെളിവില്ല. മുംബൈയിലെ ക്രിമിനല്‍-ഗുണ്ടാ പ്രവര്‍ത്തനത്തിന് അറുതിവരുത്താനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ മോക്ക കൊണ്ടുവന്നത്. വാതുവയ്പ് കേസില്‍ അക്രമം നടന്നതായി സ്ഥാപിക്കാനും പൊലീസിന് കഴിഞ്ഞിട്ടില്ല. ചുമത്തേണ്ട വകുപ്പുകളെ കുറിച്ച് പൊലീസിന് നേരത്തെ തന്നെ അവ്യക്തതയുണ്ടായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഇതുസംബന്ധിച്ച വ്യവസ്ഥ ഇല്ലാത്തതായിരുന്നു പ്രശ്നം. പണം തട്ടിക്കല്‍ പോലുള്ള വിഷയങ്ങള്‍ ഇല്ലാത്തതിനാല്‍ വഞ്ചന നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ നിയമവൃത്തങ്ങളില്‍ ഭിന്നാഭിപ്രായമുണ്ട്.

ശ്രീശാന്ത്, അങ്കിത് ചവാന്‍ തുടങ്ങിയവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തതിന് ഫോണ്‍ സംഭാഷണത്തിന്റെ പോലും പിന്‍ബലമില്ല. തുടര്‍ന്നാണ് രാജസ്ഥാന്‍ റോയല്‍സ് ശ്രീശാന്ത് അടക്കമുള്ളവര്‍ കുറ്റകരമായ വിശ്വാസലംഘനം നടത്തിയെന്നു കാട്ടി പൊലീസിന് പരാതി നല്‍കിയത്. ബിസിസിഐ, ഐപിഎല്‍, കളിക്കാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ത്രികക്ഷി കരാറിനു വിരുദ്ധമായി ശ്രീശാന്തും മറ്റും പ്രവര്‍ത്തിച്ചെന്നായിരുന്നു പരാതി. എന്നാല്‍, വിഷയത്തില്‍ ബിസിസിഐ പരാതി നല്‍കിയിട്ടില്ലെന്നത് ശ്രദ്ധേയം. കുറ്റകരമായ വിശ്വാസവഞ്ചന എന്നത് നിലനില്‍പ്പുള്ള വാദമാണോ എന്നത് കണ്ടറിയണം. ശ്രീശാന്തിന്റെ സുഹൃത്ത് ജിജു വാതുവയ്പുകാരുമായി ബന്ധപ്പെട്ടതായി പൊലീസ് പറയുന്നു. ജിജു ശ്രീശാന്തിന്റെ സന്തത സഹചാരി ആണെന്നതാണ് ഇതിന്റെ അടിസ്ഥാനം. ഇതും കോടതിയില്‍ നിലനില്‍ക്കില്ല. ഏതെങ്കിലും വ്യക്തിയുമായുള്ള ബന്ധം അയാളുടെ ദുരൂഹബന്ധങ്ങളിലുള്ള പങ്കാളിത്തമാണെന്ന് വാദിക്കാന്‍ പൊലീസിനാകില്ല. ഇക്കാര്യത്തില്‍ നേരത്തെ കേസ് പരിഗണിച്ച മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് കോടതി പൊലീസിനെ വിമര്‍ശിച്ചിരുന്നു.

deshabhimani

No comments:

Post a Comment