Wednesday, January 27, 2021

ഇത് രാജ്യദ്രോഹ ഭീകരനിയമങ്ങള്‍ക്കെതിരായ ദേശസ്നേഹികളുടെ സമരം

"കള്ളൻ " "കള്ളൻ " എന്ന് വിളിച്ചു പറഞ്ഞു ആൾക്കൂട്ടത്തിൽ ഓടി മറയാൻ നോക്കുന്ന പോക്കറ്റടിക്കാരന്‍റെ തന്ത്രമാണ് കേന്ദ്ര സർക്കാറും ചരിത്രത്തിലൊരിക്കലും രാജ്യത്തോടൊപ്പം നിന്നിട്ടില്ലാത്ത സംഘികളും പയറ്റുന്നത്. ഇപ്പോൾ വലിയ ദേശസ്നേഹവും ദേശീയ പതാകാസ്നേഹവും തട്ടിവിടുന്ന ഈ കപടദേശീയവാദികൾക്കറിയുമോ ചെങ്കോട്ട ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി നടന്ന എത്രയോ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ ചരിത്ര സ്മാരകം കൂടിയാണെന്ന്.ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‍റെ വിജയഭേരി മുഴക്കി ധീരദേശാഭിമാനികൾ അവസാന മുഗള ചക്രവർത്തിയായ ബഹദൂർ ഷായെ ഇന്ത്യൻ ഭരണാധികാരിയായി പ്രഖ്യാപിച്ച ദേശീയ സ്‌മാരകമാണെന്ന്.

സമരം ചെയ്യുന്ന കർഷകർ ഭീകരവാദികളാണ്, ഖാലിസ്ഥാനികളാണെന്ന് വിളിച്ചു പറഞ്ഞും തങ്ങൾ പറയുന്നതെന്തും ഏറ്റുപറയുന്ന, പുൽവാമയിൽ ഇന്ത്യൻ ജവാന്മാരെ കുരുതി കൊടുക്കുന്നതിന് കൂട്ടുനിന്ന അർണാബ് തരത്തിലുള്ള മാധ്യമഭീകരരെ ഇറക്കിയും, ലോക പിന്തുണയാർജിച്ച കർഷകസമരത്തെ അപകീർത്തിപ്പെടുത്തി അടിച്ചമർത്താമെന്നാണ് മര്യാദയും മനുഷ്യത്വവും തൊട്ടുതീട്ടിയില്ലാത്ത കോർപ്പറേറ്റ് ദാസന്മാരായ മോഡിയും കൂട്ടാളികളും വിചാരിക്കുന്നത്.

ഫോട്ടോ: പി വി സുജിത്

സംഘികളെ ഒരു കാര്യമോർപ്പിക്കട്ടെ ഡൽഹിയിലെ കൊടുംശൈത്യത്തിലും സമരം ചെയ്യുന്ന ഈ കർഷകർ സവർക്കറിൽ നിന്നും ഭിന്ദ്രൻവാലയിൽ നിന്നും രാഷ്ട്രീയവും ചരിത്രവും പഠിച്ചവരല്ല. രാജ്യത്തിന് വേണ്ടി തൂക്കിലേറിയ ഭഗത് സിംഗിൽ നിന്നും ചമ്പാരനിലെ നീലം കൃഷിക്കാർക്കും രാജ്യത്തെ ദരിദ്രനാരായണന്മാർക്കും വേണ്ടി പൊരുതിയ ഗാന്ധിജിയിൽ നിന്നും രാഷട്രീയവും ചരിത്രവും പഠിച്ചവരാണ്. അന്നെല്ലാം നിങ്ങളുടെ ആചാര്യന്മാരായ പൂർവ്വികർ ഉള്ളുണങ്ങി പറങ്കികളുടെ ചിറി നക്കി നടന്ന് കാലംകഴിച്ചവരാണ്.

ചരിത്രം ഒരിക്കലും മാപ്പ് തരാത്ത ദേശദ്രോഹത്തിന്‍റെ അപമാനകരമായ ഭൂതകാലവും സാമ്രാജ്യത്വസേവയുടെ കുറ്റകരമായ വർത്തമാനവുമാണ് സംഘികളെ നിങ്ങൾക്ക് സ്വന്തമായുള്ളൂ..

കൃഷിയും ഭക്ഷ്യവസ്തുക്കളുടെ സംഭരണവും വിതരണവുമെല്ലാം ആഗോള  അഗ്രിബിസിനസ് - കോർപറേറ്റ് കമ്പനികളുടെ ആധിപത്യത്തിലാക്കുന്നതും രാജ്യത്തിന്‍റെ ഭക്ഷ്യ സുരക്ഷയെ തകർക്കുന്നതുമാണ് മോഡി സർക്കാറിന്‍റെ കാർഷിക പരിഷ്ക്കരണ നിയമങ്ങളെന്ന തിരിച്ചറിവിൽ നിന്നാണ് ഇന്ത്യൻ കർഷകർ പൊരുതുന്നത്. പിന്മടക്കമില്ലാതെ സമരം തുടരുന്നത്.അവരെ രാജ്യദ്രോഹികളും ഖാലിസ്ഥാനികളുമായി മുദ്ര കുത്തി അടിച്ചമർത്തുക എന്ന തന്ത്രമാണ് വൻകിട കുത്തക വർഗ്ഗങ്ങളുടെ താല്പര്യ സംരക്ഷകരായ ഹിന്ദുത്വവാദികൾ പരീക്ഷിക്കുന്നത്. സമാധാനപരമായി സമരം ചെയ്യുന്ന കർഷകലക്ഷങ്ങളെ പ്രകോപിച്ച് കലാപമുണ്ടാക്കാനുള്ള കുത്സിത തന്ത്രമാണ് ഇന്നലെ ഡൽഹി പോലീസിലെ പ്രത്യേകം നിയോഗിതരായ ഒരു വിഭാഗം പയറ്റിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ചെങ്കോട്ട ഖാലിസ്ഥാൻ ഭീകരർ കയ്യടക്കി, അവിടെ ദേശീയ പതാക മാറ്റി ഖാലിസ്ഥാൻ പതാക ഉയർത്തി എന്നൊക്കെയുള്ള നുണപ്രചരണങ്ങൾ ആസൂത്രിതമായി അഴിച്ചുവിടുകയായിരുന്നു സംഘികൾ.സങ്കുചിതദേശീയ വികാരം ഇളക്കിയെടുത്ത് നിലനില്പിന് വേണ്ടി സമരം ചെയ്യുന്ന കർഷകലക്ഷങ്ങളെ ഖാലിസ്ഥാനികളാക്കി അടിച്ചമർത്താനുള്ള കൗശലപൂർവ്വമായ നീക്കമാണ് കേന്ദ്ര സർക്കാറും സംഘികളും നടത്തിയത്. യഥാർത്ഥത്തിൽ ചെങ്കോട്ടയിൽ ഉയർത്തിയത് സിഖ് മതത്തിന്‍റെ വിശുദ്ധ പതാകയായ നിഷാൻ സാഹിബ് ആയായിരുന്നെന്നും, അത് ദേശീയ പതാകക്ക് മുകളിലായിരുന്നില്ലെന്നും, അവിടെ നിന്നുള്ള വിഷ്വൽസ് തന്നെ വ്യക്തമാക്കുന്നുണ്ട്. ഈ സിഖ് പതാക കെട്ടൽ തന്നെ സംഘികൾ തന്നെ പ്ലാൻ ചെയ്ത് നടത്തിയതാണോയെന്നും സംശയിക്കാവുന്ന വിവരങ്ങളും പുറത്തു വന്നിരിക്കുന്നു.

കൃഷിയെ കോർപ്പറേറ്റു വൽക്കരിക്കുകയും കർഷകരെ കൂലിയടിമകളാക്കുകയും ഭക്ഷ്യവസ്തുക്കളുടെ സംഭരണവും വിതരണവും അംബാനി, അദാനി, ആമസോൺ ബഹുരാഷ്ട്ര കുത്തകകളെ ഏല്പിക്കുകയും ചെയ്യുന്നതാണ് ഈ നിയമങ്ങൾ ... ജീവന്‍റെ അടിസ്ഥാനമായ ഭക്ഷണത്തെയും അതുല്പാദിപ്പിക്കുന്ന കർഷകരെയും അന്താരാഷ്ട്ര മൂലധനശക്തികൾക്ക് അടിയറ വെക്കുന്ന രാജ്യദ്രോഹ ഭീകരനിയമമാണ് ഈ മൂന്ന് നിയമങ്ങളും... ഇത് അടിച്ചേല്പിക്കുന്നവരാണ് രാജ്യദ്രോഹികളും യഥാർത്ഥ ഭീകരവാദികളും.

കെ ടി കുഞ്ഞിക്കണ്ണൻ 

No comments:

Post a Comment