Thursday, January 28, 2021

കര്‍ഷകരുടെ ഇന്ത്യ

ചരിത്രത്തിൽ പോരാട്ട ലിപികളിൽ എഴുതപ്പെട്ട ഒരു റിപ്പബ്ലിക് ദിനമാണ് ഇന്ത്യ ചൊവ്വാഴ്ച പിന്നിട്ടത്. രാജ്യത്തിനായി പൊരുതി സ്വാതന്ത്ര്യം നേടിയവരുടെ പിന്മുറക്കാർ ആ സ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞയുമായി തലസ്ഥാന നഗരം നിറഞ്ഞ ദിനമായി അത്. ഔദ്യോഗിക പരേഡിന്റെ ശോഭ തെല്ലും കെടുത്താതെയാണ് ട്രാക്ടറും പണിക്കോപ്പുമായെത്തിയ ലക്ഷക്കണക്കിന്‌ കർഷകരും അവർക്ക് പിന്തുണയുമായെത്തിയ പതിനായിരങ്ങളും നഗരവീഥികളിൽ പുതിയ സമരഗാഥ രചിച്ചത്. “ജയ്‌ ജവാൻ ജയ്‌ കിസാൻ’ എന്ന മുദ്രാവാക്യം കൂടുതൽ അർഥം നേടിയ ദിവസം.

തികച്ചും ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് കൊടുംതണുപ്പിൽ രണ്ടുമാസത്തിലേറെയായി സഹനസമരം ചെയ്യുന്ന കർഷകരാണ് റിപ്പബ്ലിക് ദിനത്തിൽ ചിട്ടയോടെ ചുവടുവച്ചത്. പതിനൊന്നു തവണ സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുത്തവരാണ് അവരുടെ പ്രതിനിധികൾ. ഈ പതിനൊന്നു ചർച്ചയിലും കേന്ദ്രസർക്കാർ കർഷകവിരുദ്ധ നിലപാടിൽ ഉറച്ചുനിന്നിട്ടും വീണ്ടും ചർച്ചയ്ക്ക് ഒരുക്കമാണ് എന്ന് വ്യക്തമാക്കി ക്ഷമയുടെ പ്രതിരൂപങ്ങളായവരാണ്‌ അവർ. വളരെ നേരത്തേ മുന്നറിയിപ്പ് നൽകി സമരരൂപവും വ്യക്തമാക്കിയാണ് ഇത്ര ബൃഹത്തായ സമരം അവർ സംഘടിപ്പിച്ചത്. കർഷകസംഘടനകളുടെ കൊടികൾക്കൊപ്പം ദേശീയപതാകയും വഹിച്ചായിരുന്നു വാഹനങ്ങൾ നീങ്ങിയത്. ഡൽഹിയിലെ സമരത്തിനൊപ്പം കർഷകസമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്താകെ റാലികൾ നടന്നു. കോടിക്കണക്കിനു ജനങ്ങൾ പങ്കെടുത്തു. കേരളത്തിൽ എല്ലാ പഞ്ചായത്തിലും പട്ടണങ്ങളിലും ആയിരങ്ങൾ അണിചേർന്നു. രാജ്യം കണ്ടിട്ടില്ലാത്തത്ര വിപുലമായ പങ്കാളിത്തത്തിലൂടെ കർഷകസമരം ബഹുജന സമരമായി മാറുന്ന കാഴ്ചയാണ് റിപ്പബ്ലിക് ദിനത്തിൽ കണ്ടത്.

സമരത്തോടനുബന്ധിച്ച് ചില അക്രമങ്ങൾ ഉണ്ടായി. അതേപ്പറ്റി മാത്രമാണ് ചില കൂട്ടർക്ക് ആവലാതി. “വൻ അക്രമം അരങ്ങേറി, ചെങ്കോട്ടയിൽ ഏതോ കൊടി കെട്ടി രാജ്യത്തെ അപമാനിച്ചു’ എന്നൊക്കെ അവർ അലമുറയിടുന്നു. പത്തുലക്ഷത്തോളം പേർ അണിനിരന്ന സമരത്തിൽ വളരെ ചെറിയൊരു ന്യൂനപക്ഷം വഴിവിട്ടു നീങ്ങി എന്നത് ശരിയാണ്. സമരസമിതിയും പൊലീസും ചർച്ച ചെയ്തു തയ്യാറാക്കിയ റൂട്ട് മാപ്പിലൂടെ ലക്ഷങ്ങൾ നീങ്ങുമ്പോൾ ഈ വിഭാഗം മുൻനിശ്ചയിച്ചിട്ടില്ലാത്ത നഗരഭാഗങ്ങളിൽ എത്തി. ഇവരെ പൊലീസ് നേരിട്ടു. സാധാരണ സമരരംഗത്തുണ്ടാകാറുള്ള സംഘർഷം ഉണ്ടായി. റൂട്ടുമാറി വന്നവരെ തടയാനോ അവർ ചെങ്കോട്ടയിൽ കടക്കുന്നത്‌ തടുക്കാനോ കഴിയാതിരുന്ന പൊലീസ് അവരെ മർദിച്ച്‌ പിന്തിരിപ്പിക്കാനാണ് നോക്കിയത്. കണ്ണീർവാതകവും ലാത്തിയും തോക്കും ഇവിടെയും മറ്റ് സമര കേന്ദ്രങ്ങളിലും ഉപയോഗിച്ചു. ഇതിനിടെ ചിലർ ചെങ്കോട്ടയിലെത്തി അവിടത്തെ ഒഴിഞ്ഞുകിടന്ന ഇടങ്ങളിൽ അവരുടെ കൊടികൾ കെട്ടി.

ഇതൊന്നും സമരസമിതി മുൻകൂട്ടി നിശ്ചയിച്ച പരിപാടിയല്ല. സംഘർഷം നടക്കുമ്പോൾത്തന്നെ സമിതി അതിനെ തള്ളിപ്പറഞ്ഞു. എന്നാൽ, ഈ സംഭവങ്ങളുടെ മറപിടിച്ച്‌ സമരത്തെ ദേശവിരുദ്ധ സമരവും അക്രമസമരവുമായി മുദ്രകുത്താനാണ് ചിലർ ശ്രമിക്കുന്നത്. സംഘപരിവാറും കേന്ദ്രസർക്കാരുമാണ് ഇതിന്റെ മുഖ്യ വക്താക്കൾ.1992 ഡിസംബർ ആറിന്‌ ആളെക്കൂട്ടി ആയുധങ്ങളുമായെത്തി ബാബ്‌റി മസ്ജിദ് പൊളിച്ചവരാണിവർ. ആ സ്ഥലത്ത് പണിയാനൊരുങ്ങുന്ന ക്ഷേത്രത്തിന്റെ മാതൃക റിപ്പബ്ലിക് ദിനത്തിൽ നിരത്തിലുരുട്ടി അതു നോക്കി തൊഴുത് നിർവൃതി അടഞ്ഞവരാണവർ.

എന്നാൽ, പൊലീസിന്റെ കടുത്ത പ്രകോപനം ഉണ്ടായിട്ടും അത്തരമൊരു അക്രമസമരത്തിന്‌ കർഷകസമരത്തിൽ വഴിതെറ്റി നീങ്ങിയവർപോലും മുതിർന്നില്ല എന്നതുകാണണം. അവരിൽ ചിലർ ചെങ്കോട്ടയുടെ മിനാരങ്ങളിൽ പിടിച്ചുകയറിയത് കോട്ട പൊളിക്കാനുള്ള പിക്ക് ആക്സും കമ്പിപ്പാരയുമായല്ല; അവരുടെ സമര പതാകയുമായാണ്. എങ്കിലും അത്തരത്തിലുള്ള നീക്കങ്ങൾ സമരത്തെ ദുർബലപ്പെടുത്തുകയേ ഉള്ളൂ എന്ന നിലപാടാണ് സമരസമിതിക്ക്‌. അവർ തിരുത്തൽ നടപടി തുടങ്ങിക്കഴിഞ്ഞു. സമരത്തിൽ ഒരു വിഭാഗത്തെ ഇങ്ങനെ വഴിതെറ്റിച്ചതിലും അക്രമങ്ങൾക്ക് ഇടയാക്കിയതിലും സംഘപരിവാറിനുള്ള പങ്കിനെപ്പറ്റിയും ചില ആരോപണങ്ങൾ ഉയരുന്നുണ്ട്. അവയും പരിശോധിക്കപ്പെടട്ടെ.

ഈ സമരം അട്ടിമറിയോ അക്രമമോ ലക്ഷ്യമിടുന്നതായിരുന്നെങ്കിൽ കൊടുംമഞ്ഞിൽ നിരവധിപ്പേരുടെ ജീവൻ പൊലിഞ്ഞിട്ടും അവരുടെ ഭാഗത്തുനിന്ന്‌ ഒരു അക്രമസംഭവംപോലും ഈ അറുപതിലേറെ ദിവസങ്ങളിൽ എന്തേ ഉണ്ടായില്ല?

ഇത് ജനകീയ സമരമാണ്. ആർഎസ്എസും സമാന വർഗീയശക്തികളും സംഘടിപ്പിക്കുന്ന കലാപംപോലെയല്ല ഇത്. കർഷകർ വിവിധ സംസ്ഥാനങ്ങളിൽനിന്ന് സ്വയം സംഘടിച്ചും പല സംഘടനകളുടെ ബാനറിലും എത്തിയവരാണ്. ഇതുവരെ സമാധാനപരമായി സമരം ചെയ്ത അവർക്ക് ഈ സമരം ഈ രീതിയിൽത്തന്നെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് ഉറപ്പുണ്ട്. ബ്രിട്ടീഷുകാരുടെ ദാസ്യത്തിന് മുതിർന്ന സവർക്കറിൽനിന്നും മതഭിന്നത വിതച്ച ഭിന്ദ്രൻവാലയിൽനിന്നും ആവേശം നേടിയവരല്ല, അവർ. സ്വാതന്ത്ര്യത്തിനായി തൂക്കിലേറിയ ഭഗത് സിങ്ങിൽനിന്നും കൃഷിക്കാർക്കും ഏറ്റവും ദരിദ്രർക്കും വേണ്ടി പോരാടിയ ഗാന്ധിജിയിൽനിന്നും ജീവിതപാഠം ഉൾക്കൊണ്ടവരാണ്. ആരെയാണ് എതിരിടുന്നത് എന്ന ഉത്തമ ബോധ്യത്തിലാണ് അവർ സമരം ചെയ്യുന്നത്.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടിയതുപോലെ സമരം തീർക്കാൻ ഒറ്റ വഴിയേ ഉള്ളൂ: ജനവിരുദ്ധവും കോർപറേറ്റുകൾക്കുവേണ്ടി ഉള്ളതുമായ മൂന്ന്‌ കാർഷികനിയമം പിൻവലിക്കുക. സമരം വീണ്ടും ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം. അതിനു മുമ്പെങ്കിലും നിയമങ്ങൾ പിൻവലിക്കാൻ തയ്യാറായാൽ സർക്കാരിന് തൽക്കാലം മുഖം രക്ഷിക്കാം. ഇല്ലെങ്കിൽ മണ്ണിൽ അന്നം വിളയിക്കുന്നവന്റെ സമരച്ചൂടിൽ ഈ സർക്കാർ ചുട്ടടങ്ങും എന്നുറപ്പ്.

ദേശാഭിമാനി മുഖപ്രസംഗം 280121

No comments:

Post a Comment