Wednesday, June 27, 2012

കുട്ടനാട് പാക്കേജിന് മുഖ്യമന്ത്രിയിട്ട ശിലാഫലകം ഉപേക്ഷിച്ച നിലയില്‍


കുട്ടനാട് പാക്കേജിന്റെ ഭാഗമായി കൊയ്ത്തുമെതിയന്ത്രങ്ങള്‍ സൂക്ഷിക്കുന്നതിന് കോഴായിലെ ജില്ലാകൃഷിത്തോട്ടത്തില്‍ ഗോഡൗണ്‍ നിര്‍മിക്കുന്നതിന് മുഖ്യമന്ത്രിയിട്ട ശില ഉപേക്ഷിച്ച നിലയില്‍. കുട്ടനാട് പാക്കേജില്‍ കാര്‍ഷികയന്ത്രവല്‍ക്കരണപദ്ധതിയുടെ ഭാഗമായുള്ള കസ്റ്റം ഹയറിങ് കം ട്രെയിനിങ് സെന്റര്‍ സ്ഥാപിക്കുന്നതിന് മാര്‍ച്ച് 11ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥാപിച്ച ശിലാഫലകമാണ് ചടങ്ങുനടന്ന സ്ഥലത്തുതന്നെ അധികൃതര്‍ ഉപേക്ഷിച്ചത്.

ഗോഡൗണില്ലാത്തതിനാല്‍ ചാണ്ഡിഗഢില്‍നിന്നും ലക്ഷങ്ങള്‍ മുടക്കിവാങ്ങിയ 16 കൊയ്ത്തു-മെതിയന്ത്രങ്ങള്‍ വെയിലും മഴയുമേറ്റ് നശിച്ചു. ഗോഡൗണിനുള്ള 15 ശതമാനം എസ്റ്റിമേറ്റ് തുക വര്‍ധിപ്പിച്ച് 105 കോടിയായി വര്‍ധിപ്പിക്കുന്നതിനുള്ള ലേലം വിളികളാണ് സെക്രട്ടറിയറ്റില്‍ കൃഷിവകുപ്പ് ആസ്ഥാനത്ത് നടക്കുന്നത്. 60 മീറ്റര്‍ നീളത്തിലും ആറുമീറ്റര്‍ വീതിയിലും 94 ലക്ഷം രൂപ ചെലവഴിച്ച് മാസങ്ങള്‍ക്കുമുമ്പ് നിര്‍മിക്കേണ്ട ഗോഡൗണ്‍ നിര്‍മാണം വൈകിച്ചതിനു പിന്നില്‍ എസ്റ്റിമേറ്റ് തുക വര്‍ധിപ്പിച്ചെടുക്കുന്നതിനുള്ള ഗൂഢാലോചനയാണ് ഉള്ളതെന്നറിയുന്നു. ഡോ. എം എസ് സ്വാമിനാഥന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള കുട്ടനാട് പാക്കേജിന്റെ കോഴായില്‍ നിന്നുള്ള ബാക്കിപത്രമാണിത്. പാക്കേജിന്റെ ഭാഗമായി കോട്ടയം-ആലപ്പുഴ-പത്തനംതിട്ട ജില്ലകളിലെ പാടശേഖരങ്ങളില്‍ കൊയ്ത്തിനുള്ള മെതിയന്ത്രങ്ങളും ട്രാക്ടറുകള്‍, പവര്‍ടില്ലറുകള്‍, പെട്ടി, പറ എന്നിവ സൂക്ഷിക്കുന്നതിനും പരിശീലനത്തിനും അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുന്നതിനുമുള്ള വര്‍ക്ഷോപ്പാണ് കോഴായില്‍ ലക്ഷ്യമിട്ടിരുന്നത്. ഗോഡൗണില്ലാത്തതിനാല്‍ കാംകോ മുഖേന വാങ്ങിയ 10 ടില്ലറുകളും സംസ്ഥാന വിത്തുല്‍പ്പാദക കേന്ദ്രത്തില്‍ മഴയും വെയിലുമേറ്റ് തുരുമ്പെടുക്കുകയാണ്.

ഇവിടേക്ക് 100 മെതിയന്ത്രങ്ങളാണ് ചാണ്ഡിഗഢില്‍നിന്ന് വാങ്ങുന്നതിന് കരാറായത്. മെതിയന്ത്രം ഒന്നിന് 19,6000 രൂപയും ടില്ലര്‍ ഒന്നിന് ഒന്നരലക്ഷവുമാണ് വില. ഒരു ട്രക്കില്‍ രണ്ട് മെതിയന്ത്രങ്ങള്‍ വീതമാണ് ചാണ്ഡിഗഢില്‍നിന്നുമെത്തിക്കുന്നത്. ജില്ലാ കൃഷിത്തോട്ടത്തിലെ ബ്ലോക്കിലെ ഒന്നരയേക്കര്‍ സ്ഥലമാണ് ഗോഡൗണ്‍നിര്‍മാണത്തിന് ഫാമില്‍നിന്നുവിട്ടുനല്‍കിയത്. കാടുപിടിച്ചുകിടന്നിരുന്ന ഈ സ്ഥലത്തെ ഏഴ് തെങ്ങുകളും വൃക്ഷങ്ങളും വെട്ടിമാറ്റും. വൃക്ഷങ്ങള്‍ക്ക് ആദ്യം നമ്പറിട്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വിലയിട്ട് ജില്ലാപഞ്ചായത്തിന്റെ ഉപസമിതിയുടെ അനുമതി നേടിയാണ് മുറിച്ചുമാറ്റേണ്ടത്. നടപടിക്രമങ്ങള്‍ക്ക് കാലതാമസമുണ്ടായി. കരാറുകാരനെ ബന്ധപ്പെട്ടപ്പോള്‍ ഫോണെടുക്കാന്‍ കൂട്ടാക്കിയില്ലെന്നും കൃഷിവകുപ്പില്‍നിന്ന് നോട്ടീസ് അയച്ചുവെങ്കിലും നോട്ടീസ് കൈപ്പറ്റാതെ മടങ്ങിവന്നുവെന്നുമൊക്കെയാണ് കൃഷിവകുപ്പ് അധികൃതര്‍ പറയുന്നത്. ടെന്‍ഡര്‍ നടത്തി അഞ്ചുമാസം കഴിഞ്ഞിട്ടും ഗോഡൗണ്‍ നിര്‍മാണത്തിന് അധികൃതര്‍ സ്ഥലം വിട്ടുനല്‍കാത്തതാണ് പണിതുടങ്ങാന്‍ വൈകിച്ചതെന്നാണ് കരാറുകാരന്‍ പറയുന്നത്. എസ്റ്റിമേറ്റ് തുക 15 ശതമാനമെങ്കിലും വര്‍ധിപ്പിക്കാതെ ഗോഡൗണ്‍ നിര്‍മാണം ആരംഭിക്കാനാവില്ല എന്ന നിലപാടിലാണ് കരാറുകാരന്‍.

deshabhimani 270612

1 comment:

  1. കുട്ടനാട് പാക്കേജിന്റെ ഭാഗമായി കൊയ്ത്തുമെതിയന്ത്രങ്ങള്‍ സൂക്ഷിക്കുന്നതിന് കോഴായിലെ ജില്ലാകൃഷിത്തോട്ടത്തില്‍ ഗോഡൗണ്‍ നിര്‍മിക്കുന്നതിന് മുഖ്യമന്ത്രിയിട്ട ശില ഉപേക്ഷിച്ച നിലയില്‍. കുട്ടനാട് പാക്കേജില്‍ കാര്‍ഷികയന്ത്രവല്‍ക്കരണപദ്ധതിയുടെ ഭാഗമായുള്ള കസ്റ്റം ഹയറിങ് കം ട്രെയിനിങ് സെന്റര്‍ സ്ഥാപിക്കുന്നതിന് മാര്‍ച്ച് 11ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥാപിച്ച ശിലാഫലകമാണ് ചടങ്ങുനടന്ന സ്ഥലത്തുതന്നെ അധികൃതര്‍ ഉപേക്ഷിച്ചത്.

    ReplyDelete