Saturday, October 20, 2012

കുട്ടനാട് പാക്കേജില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു


കുട്ടനാടിന്റെ പുനരുദ്ധാരണത്തിന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡോ. എം എസ് സ്വാമിനാഥന്‍ രൂപംകൊടുത്ത കുട്ടനാട് പാക്കേജില്‍ നിന്ന് യുഡിഎഫ് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. പാക്കേജില്‍ കഴിഞ്ഞ ആറുമാസത്തിനിടയ്ക്ക് വിളിച്ച 69 ടെന്‍ഡറില്‍ ഒന്നിനുപോലും സര്‍ക്കാര്‍ അംഗീകാരം നല്‍കിയില്ല. പദ്ധതി കാലയളവ് തീരാന്‍ ഏഴുമാസം മാത്രം അവശേഷിക്കെ കേന്ദ്രം അനുവദിച്ച പണത്തിന്റെ പത്ത് ശതമാനം പോലും ചെലവഴിച്ചിട്ടില്ല. കേന്ദ്രം അംഗീകരിച്ച 1222.90 കോടിയുടെ വിവിധ പദ്ധതിയില്‍ 120 കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. ഇതില്‍ 90 ശതമാനവും ജലസേചന വകുപ്പ് നടത്തിയ കല്ലുകെട്ടും ചിറകള്‍ക്കുള്ള പൈല്‍ ആന്‍ഡ് സ്ലാബ് പദ്ധതിക്കുമാണ്്. അംഗീകാരം കിട്ടിയ പദ്ധതികള്‍ക്ക് സംസ്ഥാനസര്‍ക്കാരിന്റെ വിഹിതം നല്‍കാത്തതും പ്രതിസന്ധിക്കിടയാക്കുന്നു.

പദ്ധതി അടങ്കലിന്റെ 25 ശതമാനം സംസ്ഥാന സര്‍ക്കാരും 75 ശതമാനം കേന്ദ്രവുമാണ് വഹിക്കുക. എന്നാല്‍ പദ്ധതികള്‍ തയ്യാറാക്കുന്നതിലും അംഗീകാരം കിട്ടുന്നതിലും വരുന്ന കാലതാമസം മൂലം അടങ്കലിന്റെ 140 മുതല്‍ 160 ശതമാനം ഉയര്‍ന്ന തുകയ്ക്ക് മാത്രമേ കരാറുകാര്‍ ടെന്‍ഡര്‍ സ്വീകരിക്കുന്നുള്ളൂ. ഫലത്തില്‍ അടങ്കലിന്റെ 25 ശതമാനത്തിന് പുറമെ ടെന്‍ഡര്‍ ഉറപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അധിക തുകയും സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തണം. ഇത് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. അതിനാലാണ് കരാറുകാര്‍ ഇടയ്ക്ക്വച്ച് പണി നിര്‍ത്തിയത്. മേരിമാതാ കണ്‍സ്ട്രക്ഷന്‍സ് പോലുള്ള വന്‍കിട കമ്പനികള്‍ കരാര്‍ പിടിച്ച പണിപോലും നിലച്ചു. കഴിഞ്ഞ ആറുമാസത്തിനിടയ്ക്ക് ടെന്‍ഡര്‍ വിളിച്ച 450 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കാത്തതും ഇതുകൊണ്ടു തന്നെ. പാക്കേജ് യഥാര്‍ഥ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്നതായി നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. പാക്കേജിനെ വെറും കല്ലുകെട്ടും പൈല്‍ ആന്‍ഡ് സ്ലാബ് നിര്‍മാണവുമായി ജലസേചന വകുപ്പ് ചുരുക്കി. തണ്ണീര്‍മുക്കം ബണ്ട് പുനരുദ്ധാരണം, തോട്ടപ്പള്ളി സ്പില്‍വെ ഷട്ടര്‍ മാറ്റല്‍ തുടങ്ങിയവ മുന്‍ഗണനാക്രമത്തില്‍ നിന്ന് തള്ളപ്പെട്ടു. ഇതിനിടെയാണ് സംസ്ഥാനസര്‍ക്കാര്‍ അധികബാധ്യത ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് പദ്ധതി തന്നെ നിലച്ചത്.

deshabhimani 201012

1 comment:

  1. കുട്ടനാടിന്റെ പുനരുദ്ധാരണത്തിന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡോ. എം എസ് സ്വാമിനാഥന്‍ രൂപംകൊടുത്ത കുട്ടനാട് പാക്കേജില്‍ നിന്ന് യുഡിഎഫ് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. പാക്കേജില്‍ കഴിഞ്ഞ ആറുമാസത്തിനിടയ്ക്ക് വിളിച്ച 69 ടെന്‍ഡറില്‍ ഒന്നിനുപോലും സര്‍ക്കാര്‍ അംഗീകാരം നല്‍കിയില്ല. പദ്ധതി കാലയളവ് തീരാന്‍ ഏഴുമാസം മാത്രം അവശേഷിക്കെ കേന്ദ്രം അനുവദിച്ച പണത്തിന്റെ പത്ത് ശതമാനം പോലും ചെലവഴിച്ചിട്ടില്ല. കേന്ദ്രം അംഗീകരിച്ച 1222.90 കോടിയുടെ വിവിധ പദ്ധതിയില്‍ 120 കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. ഇതില്‍ 90 ശതമാനവും ജലസേചന വകുപ്പ് നടത്തിയ കല്ലുകെട്ടും ചിറകള്‍ക്കുള്ള പൈല്‍ ആന്‍ഡ് സ്ലാബ് പദ്ധതിക്കുമാണ്്. അംഗീകാരം കിട്ടിയ പദ്ധതികള്‍ക്ക് സംസ്ഥാനസര്‍ക്കാരിന്റെ വിഹിതം നല്‍കാത്തതും പ്രതിസന്ധിക്കിടയാക്കുന്നു.

    ReplyDelete