Tuesday, March 27, 2012

നെയ്യാറ്റിന്‍കരയിലെ ഗൂഢാലോചന ഉമ്മന്‍ചാണ്ടി തുറന്നുപറയണം: പിണറായി

കുന്നമംഗലം: നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍ സെല്‍വരാജിനെ രാജിവെപ്പിക്കാന്‍ നടത്തിയ ഗൂഢാലോചന എന്താണെന്ന് തുറന്നുപറയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഗൂഢാലോചനക്ക് കാര്‍മികത്വം വഹിച്ചത് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജാണ്. പെരുമണ്ണയില്‍ സിപിഐ എം കുടുംബസംഗമവും ചാത്തമംഗലത്ത് സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസായ വി കെ ഗോപാലന്‍ സ്മാരകമന്ദിരത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി.

നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ഥി ആരായിരിക്കണമെന്നതിനെ ക്കുറിച്ച് കോണ്‍ഗ്രസ് ആലോചിട്ടില്ല. എന്നാല്‍, മറ്റൊരു പാര്‍ടിയുടെ നേതാവായ പി സി ജോര്‍ജ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി സെല്‍വരാജിനെ പ്രഖ്യാപിച്ചിരിക്കുന്നു. സെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് കോണ്‍ഗ്രസിന്റെ അകത്ത് പ്രതികരണമുണ്ടായിരിക്കുന്നു. സ്വന്തം പാര്‍ടിയെയും മുന്നണിയെയും മണ്ഡലത്തിലെ വോട്ടര്‍മാരെയും വഞ്ചിച്ച വഞ്ചകനാണ് എന്നതാണ് സെല്‍വരാജിന്റെ യോഗ്യത. സെല്‍വരാജിന്റെ സ്വഭാവം വിലയിരുത്താന്‍, രാജിവെയ്ക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ ഒറ്റ പ്രസ്താവന മതി. യുഡിഎഫിലേക്ക് പോകുമോയെന്ന പത്രക്കാരുടെ ചോദ്യത്തിന് അതിനേക്കാള്‍ നല്ലത് ആത്മഹത്യചെയ്യുകയാണല്ലോ എന്നായിരുന്നു പ്രതികരണം. ഇത് മാറ്റിപ്പറയുമെന്നായിരുന്നു അവിടെയുള്ള നാട്ടുകാരുടെ പ്രവചനം. അദ്ദേഹം പറഞ്ഞല്ലോ. പറഞ്ഞ കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി നിഷേധിക്കുന്നുണ്ടോ. ഗൂഢാലോചന നടന്നിട്ടുണ്ട്. കേരളീയ രാഷ്ട്രീയസംസ്കാരത്തിന് ചേരാത്തനിലയില്‍ കാലുമാറ്റിക്കാന്‍ കോഴ നല്‍കിയിട്ടുണ്ട്. എംഎല്‍എ സ്ഥാനം രാജിവെച്ചു വന്നാല്‍ നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥിയാക്കാമെന്നും ജയിച്ചുവന്നാല്‍ മറ്റു രീതിയിലും പരിഗണിക്കാമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്. എംഎല്‍എയായിരുന്നയാള്‍ എംഎല്‍എയായി മാറാന്‍ വേണ്ടി മാത്രം കാലുമാറുമോ. കാപട്യമില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി നല്‍കിയ വാഗ്ദാനങ്ങള്‍ വ്യക്തമാക്കണം. നടന്ന അവിശുദ്ധനാടകം തുറന്ന് പറയണം.

നാടിന്റെ സംസ്കാരത്തിനെ വെല്ലുവിളിച്ച് ജനങ്ങളുടെ മേല്‍ സ്ഥാനാര്‍ഥിയെ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. എല്ലാ കോപ്രായങ്ങള്‍ക്കും ജനം കൂട്ടുനില്‍ക്കുമെന്ന് കരുതരുത്. അധികാര ഹുങ്കും പണമൊഴുക്കാനുള്ള ശേഷിയുമാണ് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ കാണുന്നത്. മുസ്ലിംലീഗ് അതിക്രമങ്ങളുടെ രീതിയാണ് പിന്തുടരുന്നത്. സ്വന്തം പാര്‍ടിക്കാരോടും പാര്‍ടി നേതാക്കളോടും ഇതേ രീതിയാണ്കാണിക്കുന്നത്്. മന്ത്രിയായ പി കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് പ്രകടനം നടത്തുന്നു. അഞ്ചാം മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ലീഗിലെ ഒരുവിഭാഗം നടത്തുന്ന സമരങ്ങള്‍ക്ക് നേതൃത്വം പച്ചക്കൊടി കാട്ടുന്നു. ഇത്തരം ഭീഷണിയാണ് ലീഗിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. തളിപ്പറമ്പിലെ സായാഹ്നപത്രത്തിന്റെ ഓഫീസ് ആക്രമിച്ചതിന് ഒപ്പം സമീപത്തെ രണ്ട് വ്യത്യസ്ത മതവിശ്വാസികളുടെ കടകള്‍ നശിപ്പിക്കാനും പദ്ധതിയിട്ടു. ഇതിലൂടെ നാട്ടില്‍ വര്‍ഗീയ കലാപത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. മതശക്തികളെക്കുറിച്ച് പറയരുതെന്നാണ് മതമേധാവികള്‍ പറയുന്നത്. മതശക്തികളെക്കുറിച്ച് പറയാന്‍ രാഷ്ട്രീയപാര്‍ടികള്‍ക്ക് അവകാശമുണ്ട്. ഇതിന്റെ പേരില്‍ വഴിതെറ്റിക്കാന്‍ ഒരുശക്തിയെയും അനുവദിക്കില്ല. നാടിനോട് പ്രതിബദ്ധതയുള്ള രാഷ്ട്രീയപാര്‍ടികള്‍ക്ക് ഇതിന് ബാധ്യതയുണ്ട്. ചങ്ങനാശേരിയില്‍നിന്ന് പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്ന മാന്യദേഹം ഇക്കാര്യങ്ങള്‍ ഓര്‍ക്കുന്നത് നന്ന്. പറയുന്നത് മതത്തിന് എതിരായ കാര്യങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത് വിജയിക്കാന്‍പോകുന്നില്ലെന്നും പിണറായി പറഞ്ഞു.

deshabhimani 270312

1 comment:

  1. നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍ സെല്‍വരാജിനെ രാജിവെപ്പിക്കാന്‍ നടത്തിയ ഗൂഢാലോചന എന്താണെന്ന് തുറന്നുപറയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഗൂഢാലോചനക്ക് കാര്‍മികത്വം വഹിച്ചത് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജാണ്. പെരുമണ്ണയില്‍ സിപിഐ എം കുടുംബസംഗമവും ചാത്തമംഗലത്ത് സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസായ വി കെ ഗോപാലന്‍ സ്മാരകമന്ദിരത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി.

    ReplyDelete