Tuesday, March 22, 2011

തിരിച്ചടി ഭയന്ന് അമേരിക്ക നേതൃത്വം കൈമാറുന്നു

വാഷിങ്ടണ്‍ ലിബിയയില്‍ നടത്തുന്ന ആക്രമണത്തിന്റെ നേതൃത്വം ഉടന്‍ ഫ്രാന്‍സിനോ ബ്രിട്ടനോ നാറ്റോസേനയ്ക്കോ കൈമാറുമെന്ന് അമേരിക്ക. ഇക്കാര്യത്തില്‍ തീരുമാനം എടുത്തുകഴിഞ്ഞതായും എപ്പോള്‍ കൈമാറണമെന്നതുമാത്രമാണ് നിശ്ചയിക്കേണ്ടതെന്നും അമേരിക്കന്‍ പ്രതിരോധസെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലും ഇറാഖിലും നടത്തിയ അധിനിവേശയുദ്ധങ്ങള്‍ കൈപൊള്ളിച്ച സാഹചര്യത്തിലാണ് ലിബിയയില്‍ അമേരിക്ക കരുതലോടെ നീങ്ങുന്നത്.

ലിബിയയില്‍ കരയുദ്ധത്തിന് അമേരിക്കന്‍ സൈനികരെ അയക്കില്ലെന്ന നിലപാടിലാണ് പെന്റഗണ്‍. സ്വന്തം സൈനികരുടെ ജീവന്‍ നഷ്ടപ്പെടുത്താന്‍ അമേരിക്ക ഇനിയും തയ്യാറല്ല. അഫ്ഗാനിലും ഇറാഖിലും കൊല്ലപ്പെടുന്ന ഓരോ അമേരിക്കന്‍സൈനികന്റെ മൃതദേഹവും നാട്ടിലെത്തുമ്പോള്‍ അതിശക്തമായ വികാരമാണ് ജനങ്ങളില്‍ ഉയരുന്നത്. ലിബിയന്‍മണ്ണില്‍ ഇതിലും വലിയ കുരുതി നേരിടേണ്ടിവരുമെന്ന് അമേരിക്ക ഭയക്കുന്നു. ഗദ്ദാഫിയോട് അനുഭാവം പുലര്‍ത്തുന്ന ഗോത്രസേനകള്‍ക്ക് ഭൂമിശാസ്ത്രപരമായിത്തന്നെ മേല്‍ക്കൈ നിലനിര്‍ത്താന്‍ കഴിയും. ആദ്യനാളുകളിലെ പതര്‍ച്ച മറികടന്ന് ഗദ്ദാഫിസേന വിമതര്‍ക്കെതിരെ നേടിയ വിജയങ്ങളും അമേരിക്കയുടെ മുന്നിലുണ്ട്. ഈജിപ്തും ബഹ്റൈനും സൌദി അറേബ്യയും ഉള്‍പ്പടെയുള്ള അറബ്രാജ്യങ്ങള്‍ക്ക് പഴയതുപോലെ അമേരിക്കയെ സഹായിക്കാന്‍ കഴിയില്ല. അറബ്സഖ്യകക്ഷികള്‍ നാറ്റോ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നില്ലെന്ന് റോബര്‍ട്ട് ഗേറ്റ്സ്തന്നെ പറയുന്നു. നാറ്റോനേതൃത്വം ഭാവിയില്‍ ഏറ്റെടുക്കേണ്ടിവരുമ്പോള്‍ ഇക്കാര്യം മനസ്സിലുണ്ടായിരിക്കുമെന്നും ഗേറ്റ്സ് തുടര്‍ന്നു. യുഎന്‍ പ്രമേയം അനുസരിച്ച് വ്യോമാക്രമണം നടത്താന്‍ കഴിയുമെന്നിരിക്കെ ആദ്യദിവസങ്ങളിലെ ആക്രമണത്തില്‍ അമേരിക്ക പോര്‍വിമാനങ്ങള്‍പോലും ഉപയോഗിച്ചില്ല. മെഡിറ്ററേനിയന്‍ കടലിലെ അന്തര്‍വാഹിനി താവളങ്ങളില്‍നിന്ന് ക്രൂയിസ് മിസൈലുകള്‍ അയക്കുകയാണ്.

നെജാദിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് യുഎസ് പ്രീണനത്തിന് മറയിടാന്‍

ലണ്ടന്‍: ആണവകരാര്‍ ഒപ്പിടുന്നതിനുമുന്നോടിയായി തങ്ങള്‍ അമേരിക്കന്‍ പ്രീണനക്കാരല്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നെജാദിനെ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഇന്ത്യയിലേക്ക് ക്ഷണിച്ചതെന്ന് വിക്കിലീക്സ് വെളിപ്പെടുത്തല്‍. അമേരിക്കന്‍ എംബസി അമേരിക്കന്‍ വിദേശമന്ത്രാലയത്തിന് 2008 ഏപ്രില്‍ 15ന് അയച്ച സന്ദേശമാണ് വിക്കിലീക്സ് ചോര്‍ത്തിയത്. 'ദി ഹിന്ദു' ദിനപത്രമാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഇന്ത്യന്‍ വിദേശമന്ത്രാലയത്തിന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥ ഡല്‍ഹി അമേരിക്കന്‍ എംബസിയിലെ രാഷ്ട്രീയകാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന ഉദ്യോഗസ്ഥനോടാണ് വെളിപ്പെടുത്തല്‍ നടത്തിയത്. 2008 ഏപ്രില്‍ 29നാണ് നെജാദ് ഇന്ത്യ സന്ദര്‍ശിച്ചത്. നേരത്തെ പലതവണ തെഹ്റാനിലേക്കുള്ള ക്ഷണവും നെജാദിന്റെ ഇന്ത്യാസന്ദര്‍ശനത്തിനുള്ള അനുമതിയും നിഷേധിച്ച മന്‍മോഹന്‍സിങ് ഒടുവില്‍ സമ്മതിച്ചത് ആണവകരാറിനെതുടര്‍ന്ന് ഉണ്ടാകാവുന്ന എതിര്‍പ്പ് മുന്നില്‍ കണ്ടാണ്. ഇറാന്‍ ആണവപദ്ധതിയെ അതിശക്തമായി എതിര്‍ക്കുന്ന സാഹചര്യത്തില്‍ നെജാദ് ഇന്ത്യ സന്ദര്‍ശിക്കുന്നത് അമേരിക്കയ്ക്ക് അനിഷ്ടമാകുമോ എന്ന ആശങ്കയും കേന്ദ്രസര്‍ക്കാരിനുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കാനാണ് അമേരിക്കന്‍ എംബസിയിലെത്തി ഇന്ത്യന്‍ വിദേശമന്ത്രാലയ പ്രതിനിധി എല്ലാം തുറന്നുപറഞ്ഞത്. അമേരിക്കയുമായും ഇസ്രയേലുമായും കൂടുതല്‍ അടുക്കുന്ന യുപിഎ സര്‍ക്കാര്‍ രാജ്യത്തിന്റെ പരമാധികാരം അടിയറവയ്ക്കുകയാണെന്നാണ് കമ്യൂണിസ്റ് പാര്‍ടികളുടെ പ്രചാരണം. ഇതിന് ജനപിന്തുണ ലഭിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ആണവകരാറിനെ ശക്തമായി എതിര്‍ക്കുന്ന ഇടതുപക്ഷപാര്‍ടികളെയും മുസ്ളിം ജനവിഭാഗത്തെയും അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് നെജാദിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതെന്നായിരുന്നു വിദേശമന്ത്രാലയ പ്രതിനിധിയുടെ വിശദീകരണം. കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ അമേരിക്കന്‍ വിദേശ മന്ത്രാലയത്തിലെ ഇറാന്റെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച അനിവാര്യമാണെന്നും സന്ദേശത്തില്‍ പറയുന്നു.

deshabhimani 220311

1 comment:

  1. ലിബിയയില്‍ നടത്തുന്ന ആക്രമണത്തിന്റെ നേതൃത്വം ഉടന്‍ ഫ്രാന്‍സിനോ ബ്രിട്ടനോ നാറ്റോസേനയ്ക്കോ കൈമാറുമെന്ന് അമേരിക്ക. ഇക്കാര്യത്തില്‍ തീരുമാനം എടുത്തുകഴിഞ്ഞതായും എപ്പോള്‍ കൈമാറണമെന്നതുമാത്രമാണ് നിശ്ചയിക്കേണ്ടതെന്നും അമേരിക്കന്‍ പ്രതിരോധസെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലും ഇറാഖിലും നടത്തിയ അധിനിവേശയുദ്ധങ്ങള്‍ കൈപൊള്ളിച്ച സാഹചര്യത്തിലാണ് ലിബിയയില്‍ അമേരിക്ക കരുതലോടെ നീങ്ങുന്നത്.

    ReplyDelete