ഒന്നാം യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശ്വാസവോട്ട് നേടിയത് കോടികള്‍ കോഴ നല്‍കി എംപിമാരെ വിലയ്ക്കെടുത്താണെന്ന വിക്കിലീക്സ് വെളിപ്പെടുത്തല്‍ തുടര്‍ച്ചയായ മൂന്നാംദിവസവും പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കി. വിഷയത്തില്‍ അടിയന്തര ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചതിനെ തുടര്‍ന്ന് രാജ്യസഭ സ്തംഭിച്ചു. ലോക്സഭയില്‍ ധനബില്ലുകളുടെ ചര്‍ച്ച എന്‍ഡിഎ ബഹിഷ്കരിച്ചു. പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് ഇരുസഭയിലും പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നല്‍കി. അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോസേന ലിബിയയില്‍ നടത്തുന്ന കടന്നാക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏകകണ്ഠമായ പ്രമേയം അവതരിപ്പിക്കണമെന്ന ആവശ്യം യുപിഎ സര്‍ക്കാര്‍ തള്ളിയതും പാര്‍ലമെന്റിനെ ബഹളത്തില്‍ മുക്കി. ശൂന്യവേളയിലാണ് പ്രതിപക്ഷ- ഭരണപക്ഷ വ്യത്യാസമില്ലാതെ ഈ ആവശ്യം ഉയര്‍ത്തിയത്. സമാജ്വാദി പാര്‍ടി നേതാവ് മുലായംസിങ് യാദവും സിപിഐ എം നേതാവ് ബസുദേവ് ആചാര്യയുമാണ് പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. മറ്റ് കക്ഷികളും ഇതിനെ പിന്തുണച്ചു.
ലിബിയയില്‍ സാധാരണക്കാരെ രക്ഷിക്കാനെന്ന പേരില്‍ അമേരിക്ക നടത്തുന്ന ബോംബാക്രമണത്തില്‍ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെടുന്നതെന്ന് ബസുദേവ് ആചാര്യ പറഞ്ഞു. ഇറാഖിലെ കടന്നാക്രമണത്തെ അപലപിച്ച രീതിയില്‍ ലോക്സഭയില്‍ ഏകകണ്ഠമായ പ്രമേയം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലിബിയയിലെ ജനാധിപത്യപ്രക്ഷോഭത്തെ പിന്തുണച്ച അംഗങ്ങള്‍ അവിടത്തെ ഭാവിസര്‍ക്കാരിനെ നിശ്ചയിക്കാനുള്ള അധികാരം അമേരിക്കക്കാര്‍ക്കല്ല, ലിബിയയിലെ ജനങ്ങള്‍ക്കാണെന്ന് ചൂണ്ടിക്കാട്ടി. ലിബിയയിലെ സാധാരണക്കാര്‍ കൊല്ലപ്പെടുമ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് എങ്ങനെ നിശ്ശബ്ദമായി നോക്കിനില്‍ക്കാനാകുമെന്ന് മുലായം സിങ് യാദവ് ചോദിച്ചു. ഗുരുദാസ് ദാസ് ഗുപ്ത (സിപിഐ), യശ്വന്ത് സിന്‍ഹ (ബിജെപി), ശരദ്യാദവ് (ജെഡി യു), മെഹ്ബൂബ് ബേഗ് (നാഷനല്‍ കോണ്‍ഫറന്‍സ്), രഘുവംശപ്രസാദ് സിങ് (ആര്‍ജെഡി) എന്നിവരും പ്രമേയം വേണമെന്ന് ആവശ്യപ്പെട്ടു. ലിബിയയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശശക്തികള്‍ ഇടപെടരുതെന്നതാണ് ഇന്ത്യയുടെ നയമെന്ന് ധനമന്ത്രി പ്രണബ്മുഖര്‍ജി പറഞ്ഞു. എന്നാല്‍, പ്രമേയം വേണമെന്ന ആവശ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
രാവിലെ ലോക്സഭ ചേര്‍ന്നപ്പോള്‍ത്തന്നെ വിക്കിലീക്സ് വിഷയത്തില്‍ അടിയന്തരചര്‍ച്ച ആവശ്യപ്പെട്ടും പ്രധാനമന്ത്രിക്കെതിരെ അവകാശലംഘനത്തിനും നോട്ടീസുകള്‍ നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് പറഞ്ഞു. അവകാശലംഘന നോട്ടീസ് തന്റെ പരിഗണനയിലാണെന്ന് സ്പീക്കര്‍ മീരാകുമാര്‍ അറിയിച്ചു. അങ്ങനെയെങ്കില്‍ അടിയന്തരചര്‍ച്ച ഉടന്‍ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, ധനബില്ലുകള്‍ പാസാക്കിയ ശേഷമേ ചര്‍ച്ച അനുവദിക്കൂ എന്നായിരുന്നു പ്രണബിന്റെ നിലപാട്. തുടര്‍ന്നുണ്ടായ ബഹളത്തില്‍ സഭ ഒരു മണിക്കൂറോളം നിര്‍ത്തിവച്ചു. സഭ വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷം നിലപാടില്‍ ഉറച്ചുനിന്നു. എന്നാല്‍, അടിയന്തരചര്‍ച്ച അടുത്ത ദിവസം ലോക്സഭയിലും രാജ്യസഭയിലും ഒരേ സമയം നടത്താമെന്ന് ധനമന്ത്രി പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച പ്രതിപക്ഷം ധനബില്ലുകളില്‍ ചര്‍ച്ച ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
വിക്കിലീക്സ് വെളിപ്പെടുത്തല്‍ രാജ്യസഭയിലും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. പ്രശ്നത്തില്‍ ഉടന്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, നോട്ടീസുകള്‍ സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി പരിശോധിച്ചുവരികയാണെന്ന് ഉപാധ്യക്ഷന്‍ റഹ്മാന്‍ ഖാന്‍ അറിയിച്ചു. ഇതിനിടെ ബിജെപിക്കെതിരെ ആരോപണങ്ങളുമായി കോണ്‍ഗ്രസ് എംപിമാര്‍ രംഗത്തുവന്നു. വിഎസ്എന്‍എല്ലിന്റെ സ്വത്തുവകകള്‍ ടാറ്റയ്ക്ക് കൈമാറിയതില്‍ അഴിമതിയുണ്ടെന്ന പത്രവാര്‍ത്തകള്‍ എടുത്തുകാട്ടിയായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. സഭ ബഹളത്തില്‍ മുങ്ങിയതോടെ നടപടികള്‍ നിര്‍ത്തി പിരിഞ്ഞു. പിന്നീട് രണ്ടുവട്ടംകൂടി സഭ ചേര്‍ന്നെങ്കിലും ബഹളം കാരണം നിര്‍ത്തി.
(എം പ്രശാന്ത്)
വിദ്യാര്‍ഥിനികള്‍ക്ക് സൌജന്യ സീസണ്‍ നടപ്പാക്കുന്നതിന് താല്‍ക്കാലിക വിലക്ക്
ന്യുഡല്‍ഹി: കോളേജ് തലംവരെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് സൌജന്യ സീസണ്‍ ടിക്കറ്റെന്ന റെയില്‍വേമന്ത്രി മമത ബാനര്‍ജിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷന്റെ വിലക്ക്. ഇതു സംബന്ധിച്ച ഉത്തരവ് റെയില്‍വേ ബോര്‍ഡിന് തെരഞ്ഞെടുപ്പ് കമീഷന്‍ കത്തയച്ചു. പശ്ചിമബംഗാള്‍, കേരളം, തമിഴ്നാട്, പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെയാണ് വിലക്ക്. മാര്‍ച്ച് എട്ടിന് റെയില്‍ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് മമത പെണ്‍കുട്ടികളുടെ ട്രെയിന്‍ യാത്രയ്ക്ക് ഇളവ് അനുവദിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയുടെ ഏകീകൃത ബാങ്ക്കാര്‍ഡ് റുപിയ
മുംബൈ: മാസ്റ്റര്‍, വിസ കാര്‍ഡുകളുടെ മാതൃകയില്‍ ഇന്ത്യക്കും ഏകീകൃത ബാങ്ക് കാര്‍ഡായി. പേര് റുപിയ. ഡെബിറ്റ് - എടിഎം കാര്‍ഡായി ഉപയോഗിക്കാവുന്ന ഇത് പിന്നീട് ക്രെഡിറ്റ് കാര്‍ഡ് വിപണിയിലേക്കും മാറും. റിസര്‍വ്വ് ബാങ്കിന്റെ കീഴിലുള്ള നാഷനല്‍ പേമെന്റ്സ് കോര്‍പറേഷന്‍ ആണ് കാര്‍ഡ് ഇറക്കുന്നത്. പ്രയോഗത്തിലാവുന്നതോടെ മാസ്സര്‍ , വിസ കാര്‍ഡുകള്‍ക്കു പകരമാകും ഇത്. കാര്‍ഡിന്റെ ലോഗോയും നിശ്ചയിച്ചു. ഏണസ്റ്റ് ആന്റ് യുങ് എന്ന കമ്പനിയാണ് കാര്‍ഡിന്റെ രൂപകല്‍പ്പനയും സാങ്കേതികവിദ്യയും. 2009 ല്‍ ഇന്ത്യന്‍ ബാങ്കേഴ്സ് അസോസിയേഷനില്‍ റിസര്‍വ്വ് ബാങ്ക് രാജ്യത്തിനുമാത്രമായി പ്രത്യേകകാര്‍ഡിന്റെ സാധ്യത ആരാഞ്ഞിരുന്നു. രാജ്യത്തെ ബാങ്കുകളിലെല്ലാം ഉപയോഗിക്കാവുന്ന ചൈനയിലെ ഏകീകൃതകാര്‍ഡിന്റെ മാതൃകയിലാണ് ഇന്ത്യയില്‍ റുപിയ തയ്യാറാക്കുന്നത്.
ദേശാഭിമാനി 230311

ReplyDelete