Tuesday, March 22, 2011

ലിബിയ: അമേരിക്കയുടെ അതിരില്ലാത്ത ധാര്‍ഷ്ട്യം

സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ലിബിയയ്ക്കു നേരെ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണം ലിബിയയിലും പശ്ചിമേഷ്യയിലും അതീവ ഗുരുതരമായ ഭവിഷ്യത്ത് സൃഷ്ടിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. ലോകസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്ന നടപടിയാണ് അമേരിക്കയും സഖ്യശക്തികളും അവലംബിച്ചത്. ലിബിയയില്‍ ഗദ്ദാഫി ഭരണത്തിനെതിരായി ഒരുമാസം മുമ്പ് തുടങ്ങിയ പ്രക്ഷോഭം മറയാക്കി ആ രാജ്യത്തെ സൈനിക ആക്രമണത്തിലൂടെ കീഴ്‌പ്പെടുത്തി അധീനതയിലാക്കുകയാണ് അമേരിക്കയുടെയും സഖ്യശക്തികളുടെയും പരിപാടിയെന്ന് തുടക്കംമുതല്‍ വ്യക്തമായിരുന്നു.

ലിബിയയ്ക്ക് എതിരായി വ്യോമനിരോധനം ഏര്‍പ്പെടുത്തുന്നത് അതിന്റെ ആദ്യപടിയായിരുന്നു. ഇതുസംബന്ധിച്ച പ്രമേയത്തിന് യു എന്‍ രക്ഷാസമിതിയുടെ അംഗീകാരം നേടുന്നതില്‍ അമേരിക്ക വിജയിച്ചു. ഇന്ത്യയും റഷ്യയും ചൈനയും ബ്രസീലും ജര്‍മനിയും വിട്ടു നിന്നതില്‍ നിന്ന്, അമേരിക്കയുടെ നീക്കത്തോടുള്ള വിയോജിപ്പ് വ്യക്തമായിരുന്നു. ഗദ്ദാഫി ഭരണത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് എതിരെ ലിബിയന്‍ വ്യോമസേന ആക്രമണം നടത്തുന്നത് തടയുക മാത്രമാണ് വ്യോമനിരോധനത്തിന്റെ ലക്ഷ്യമെന്നായിരുന്നു ഐക്യരാഷ്ട്രസഭ പറഞ്ഞത്. രക്ഷാസമിതി പ്രമേയം വന്നയുടന്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തിയതായി ഗദ്ദാഫി പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്രസഭയും അറബ് ലീഗും സ്ഥിതിഗതികള്‍ വിലയിരുത്താനായി ലിബിയയിലേക്ക് നിരീക്ഷകരെ അയയ്ക്കുകയും ചെയ്തു. അവരുടെ റിപ്പോര്‍ട്ട് കിട്ടാന്‍ കാത്തിരിക്കാതെ, ഗദ്ദാഫി സേന വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന് ആരോപിച്ച് അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ലിബിയയ്ക്കു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചായിരുന്നു ആക്രമണമെന്ന് പകല്‍പോലെ വ്യക്തമാണ്.

ലിബിയന്‍ സൈന്യം ജനങ്ങളെ ആക്രമിക്കുകയും വധിക്കുകയും ചെയ്യുന്നതു തടയുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. ജനങ്ങളുടെ രക്ഷകരുടെ വേഷമണിഞ്ഞ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും രണ്ടുനാളുകള്‍ക്കിടയില്‍ നൂറിലധികം സാധാരണക്കാരെ ബോംബാക്രമണത്തിലും മിസൈല്‍ പ്രയോഗത്തിലും വധിച്ചു. നിരവധി കെട്ടിടങ്ങള്‍ തകര്‍ത്തു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍പ്പെട്ട് എത്രപേര്‍ മരിച്ചുവെന്നോ എത്രപേര്‍ക്ക് പരിക്കേറ്റെന്നോ കൃത്യമായി അറിവായിട്ടില്ല. ലിബിയന്‍ വ്യോമസേനയുടെ ആക്രമണം തടയുകയല്ല, അമേരിക്കയുടെ ലക്ഷ്യമെന്ന് ഇന്നലെ ട്രിപ്പോളിയില്‍ ഗദ്ദാഫിയുടെ കൊട്ടാരത്തിനു നേരെ നടന്ന ആക്രമണം തെളിയിക്കുന്നു. ഗദ്ദാഫിയുടെ ആസ്ഥാനത്തിന് നേരെ നടന്ന മിസൈല്‍ ആക്രമണത്തില്‍ ഒരു കെട്ടിടം തകര്‍ന്നു. അപ്പോഴും അമേരിക്ക അവകാശപ്പെടുന്നത് ആക്രമണലക്ഷ്യം ഗദ്ദാഫി അല്ലെന്നാണ്. ഗദ്ദാഫിയെ വകവരുത്തിയാല്‍ ലിബിയയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ എളുപ്പമാണെന്ന് അമേരിക്കയ്ക്ക് അറിയാം.

ലിബിയയ്ക്ക് എതിരായി വ്യോമനിരോധനം ഏര്‍പ്പെടുത്തുന്നതിനോട് യോജിച്ച അറബ് രാജ്യങ്ങളുടെ സംഘടനയായ അറബ് ലീഗ് അമേരിക്കയും സഖ്യശക്തികളും നടത്തുന്ന സൈനികാക്രമണത്തെ പരസ്യമായി എതിര്‍ക്കാന്‍ രംഗത്തു വന്നത് അമേരിക്കയുടെ യഥാര്‍ഥലക്ഷ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ്. ലിബിയയിലെ ജനാധിപത്യവാദികളോടുള്ള സ്‌നേഹമല്ല, സൈനിക ആക്രമണത്തിന് അമേരിക്കയെ പ്രേരിപ്പിക്കുന്നത്. ടൂണീഷ്യയില്‍ തുടങ്ങിയ പ്രക്ഷോഭം ഈജിപ്ത്, യെമന്‍, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഈജിപ്തില്‍ പ്രക്ഷോഭത്തെ നേരിടാന്‍ തുടക്കത്തില്‍ സൈന്യത്തെ ഉപയോഗിച്ചെങ്കിലും പ്രേക്ഷാഭത്തിന് ലഭിച്ച അഭൂതപൂര്‍വമായ ജനപിന്തുണ അടിച്ചമര്‍ത്തല്‍ ശ്രമം ഉപേക്ഷിക്കാന്‍ പ്രസിഡന്റ് മുബാറക്കിനെ നിര്‍ബന്ധിതമാക്കി.

ടുണീഷ്യയിലും ഇതുതന്നെയായിരുന്നു സ്ഥിതി. യെമനിലും ബഹ്‌റൈനിലും പ്രക്ഷോഭകാരികള്‍ക്ക് എതിരെ പട്ടാളത്തെ ഇറക്കി. പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന് സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ സൈനികസഹായം നല്‍കുന്നു. ഇതിലൊന്നും അമേരിക്ക ഒരു അപാകതയും കാണുന്നില്ല. ലിബിയയിലാണെങ്കില്‍ ഗദ്ദാഫിക്ക പിന്തുണ നല്‍കുന്ന വലിയൊരു വിഭാഗമുണ്ട്. അമേരിക്കയുടെയും സഖ്യശക്തികളുടെയും ആക്രമണം ലിബിയന്‍ ദേശീയവികാരം ആളിക്കത്തിക്കാനും അതുവഴി സ്വാധീനമുറപ്പിക്കാനും ഗദ്ദാഫിയെ തുണയ്ക്കുകയാണ് ചെയ്യുന്നത്.

അമേരിക്കയുടെ യഥാര്‍ഥലക്ഷ്യം ലിബിയയിലെ എണ്ണസമ്പത്താണ്. ഇറാഖിനെതിരായ ആക്രമണത്തിന്റെ ലക്ഷ്യവും എണ്ണസമ്പത്തിന്റെ നിയന്ത്രണമായിരുന്നു. ഇറാഖില്‍ ജനാധിപത്യം സ്ഥാപിക്കാനും ഇറാഖിലെ ജനങ്ങളെ സദ്ദാം ഹുസൈന്റെ ഏകാധിപത്യവാഴ്ചയില്‍ നിന്ന് മോചിപ്പിക്കാനും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുമാണ് ആക്രമണമെന്ന അവകാശവാദത്തിന്റെ പൊള്ളത്തരം ലോകത്തിന് ബോധ്യമയിക്കഴിഞ്ഞു. ഇറാഖില്‍ പത്തുലക്ഷത്തിലധികം സിവിലിയന്‍മാരുടെ ജീവനാണ് നഷ്ടമായത്. ആ രാജ്യത്തെയാകെ തകര്‍ത്തു.

ഇറാഖിനു നേരെ ആക്രമണം നടത്തുന്നതിന് മുമ്പ് അമേരിക്ക പ്രചരിപ്പിച്ചത് സദ്ദാം ഹുസൈന്‍ മാരകമായ രാസായുധങ്ങള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നായിരുന്നു. അത് കെട്ടുകഥയാണെന്ന് പിന്നീട് അമേരിക്ക തന്നെ സമ്മതിച്ചു. ഇപ്പോള്‍ ഗദ്ദാഫിക്ക് എതിരായും ഇതേ പ്രചരണം അമേരിക്ക തുടങ്ങിയിട്ടുണ്ട്. ഗദ്ദാഫി രാസായുധം പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്നാണ് അമേരിക്കയുടെ പ്രചരണം.

സാര്‍വദേശീയ നിയമങ്ങള്‍ നഗ്നമായി ലംഘിച്ചുകൊണ്ടാണ് ഒരു പരമാധികാര രാഷ്ട്രമായ ലിബിയയ്ക്ക് എതിരെ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ആക്രമണം തുടങ്ങിയിരിക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത ഭരണകൂടങ്ങളെ സൈനികാക്രമണത്തിലൂടെ അട്ടിമറിക്കാന്‍ അവകാശമുണ്ടെന്നാണ് അമേരിക്കയുടെ നിലപാട്. ലോകസമാധാനം അപകടത്തിലാക്കുന്ന ഈ നയത്തിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണം. വ്യോമനിരോധന പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യ നിസംഗ സമീപനം കൈവെടിയണം.
ചേരിചേരാ പ്രസ്ഥാനത്തിലെ സജീവ അംഗമാണ് ലിബിയ. ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തുന്ന ലിബിയയെ ചോരക്കളമാക്കാനും അട്ടിമറിക്കാനുമുള്ള അമേരിക്കയുടെ പദ്ധതിക്കെതിരെ ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കണം. സൈനികാക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ചതു കൊണ്ടുമാത്രമായില്ല. ആക്രമണത്തെ തുറന്ന് എതിര്‍ക്കാനും ചേരിചേരാപ്രസ്ഥാനത്തിലെ മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് ആക്രമണത്തിന് വിരാമമിടാന്‍ അമേരിക്കയെ നിര്‍ബന്ധിതമാക്കാനുള്ള സമ്മര്‍ദ്ദം വളര്‍ത്തിക്കൊണ്ടുവരാനും ഇന്ത്യ മുന്‍കൈയെടുക്കണം.

അമേരിക്കയുടെയും സഖ്യശക്തികളുടെയും നിന്ദ്യമായ ആക്രമണത്തിനെതിരെ ഇന്ത്യയില്‍ ശക്തമായ പൊതുജനാഭിപ്രായം വളരണം. മാനവരാശിയ്ക്കാകെ ഭീഷണിയായ നയമാണ് അമേരിക്ക അനുവര്‍ത്തിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം.

ജനയുഗം മുഖപ്രസംഗം 220311

1 comment:

  1. സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ലിബിയയ്ക്കു നേരെ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണം ലിബിയയിലും പശ്ചിമേഷ്യയിലും അതീവ ഗുരുതരമായ ഭവിഷ്യത്ത് സൃഷ്ടിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. ലോകസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്ന നടപടിയാണ് അമേരിക്കയും സഖ്യശക്തികളും അവലംബിച്ചത്. ലിബിയയില്‍ ഗദ്ദാഫി ഭരണത്തിനെതിരായി ഒരുമാസം മുമ്പ് തുടങ്ങിയ പ്രക്ഷോഭം മറയാക്കി ആ രാജ്യത്തെ സൈനിക ആക്രമണത്തിലൂടെ കീഴ്‌പ്പെടുത്തി അധീനതയിലാക്കുകയാണ് അമേരിക്കയുടെയും സഖ്യശക്തികളുടെയും പരിപാടിയെന്ന് തുടക്കംമുതല്‍ വ്യക്തമായിരുന്നു.

    ReplyDelete