Monday, March 21, 2011

അറബ് ലോകത്ത് വീണ്ടും നാറ്റോ അധിനിവേശം

ലിബിയയില്‍ മിസൈല്‍വര്‍ഷം

ട്രിപോളി: അമേരിക്കയും യൂറോപ്യന്‍ സഖ്യരാജ്യങ്ങളും ചേര്‍ന്ന് ലിബിയക്കു നേരെ കനത്ത ആക്രമണം തുടങ്ങി. ശനിയാഴ്ച രാത്രി ആരംഭിച്ച മൃഗീയ ആക്രമണത്തില്‍ നിരപരാധികളായ അമ്പതോളം പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറോളം പേര്‍ക്കു പരിക്കേറ്റു. 2003ലെ ഇറാഖ് അധിനിവേശത്തിനു ശേഷം അറബ് ലോകത്തിനുനേരെ അമേരിക്ക നടത്തുന്ന ഏറ്റവുംവലിയ ആക്രമണത്തിനാണ് ലിബിയ ഇരയാകുന്നത്. വ്യോമ, നാവിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ലിബിയന്‍ തലസ്ഥാനമായ ട്രിപോളിക്കും സമീപനഗരങ്ങള്‍ക്കും നേരെ നൂറിലേറെ മിസൈലും ബോംബുകളും വര്‍ഷിച്ചു. പാശ്ചാത്യ അധിനിവേശം ചെറുക്കാന്‍ ആഹ്വാനം നടത്തിയ ലിബിയന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫി പ്രതിരോധത്തിനായി ആയുധപ്പുരകള്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്നു പ്രഖ്യാപിച്ചു. ലിബിയക്കു നേരെയുള്ള കടന്നാക്രമണം അവസാനിപ്പിക്കണമെന്ന് ചൈന, റഷ്യ, ഇന്ത്യ, ബ്രസീല്‍, വെനസ്വേല എന്നീ രാജ്യങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടു. ശനിയാഴ്ച, ഇന്ത്യന്‍ സമയം അര്‍ധരാത്രി ഫ്രഞ്ച് യുദ്ധ വിമാനങ്ങളാണ് ലിബിയക്കു നേരെ ആദ്യ ആക്രമണം നടത്തിയത്. ഞായറാഴ്ച രാവിലെ ആക്രമണം കനത്തു. അമേരിക്കന്‍, ബ്രിട്ടീഷ് സേനകള്‍ നൂറിലേറെ ടോംഹോക്ക് മിസൈല്‍ വര്‍ഷിച്ചു. ട്രിപോളിയിലും പരിസരങ്ങളിലും പോര്‍വിമാനങ്ങള്‍ ബോംബാക്രമണം നടത്തി. ഗദ്ദാഫിയുടെ കൊട്ടാരത്തിനടുത്തും ബോംബിട്ടു. 'ഓപ്പറേഷന്‍ ഒഡിസി ഡോ' എന്ന പേരിട്ടാണ് ആക്രമണം.
20 പ്രതിരോധകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കന്‍ നാവികസേനാ മേധാവി പറഞ്ഞു. എന്നാല്‍, ആക്രമണത്തില്‍ 48 സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് ലിബിയന്‍ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരിലേറെയും കുട്ടികളാണ്.

ലക്ഷക്കണക്കിനാളുകളെ കൂട്ടക്കൊല ചെയ്ത എട്ടുവര്‍ഷം മുമ്പത്തെ ഇറാഖ് അധിനിവേശത്തിനു സമാനമായ നടപടികളാണ് അമേരിക്കയുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നത്. പ്രക്ഷോഭകര്‍ക്കുനേരെ ഗദ്ദാഫി നടത്തുന്ന അക്രമം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന യുഎന്‍ പ്രമേയത്തിന്റെ പിന്‍ബലത്തിലാണ് അമേരിക്കയും കൂട്ടരും ലിബിയക്കു നേരെ തിരിഞ്ഞത്. പാരീസില്‍ കഴിഞ്ഞദിവസം ചേര്‍ന്ന പാശ്ചാത്യശക്തികളുടെ യോഗമാണ് അധിനിവേശത്തിന് അന്തിമ തീരുമാനമെടുത്തത്. ലിബിയയുടെ വ്യോമ, മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ക്കാനായിരുന്നു അധിനിവേശ സേനയുടെ ആദ്യ ആക്രമണം. ട്രിപോളിക്കു ചുറ്റുമുള്ള റഡാര്‍, വ്യോമാക്രമണ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കുകയായിരുന്നു ആദ്യഘട്ടത്തില്‍ ലക്ഷ്യമിട്ടതെന്ന് പെന്റഗ വക്താവ് പറഞ്ഞു.

'സാമ്രാജ്യത്വ കുരിശുയുദ്ധം' എന്ന് ഗദ്ദാഫി വിശേഷിപ്പിച്ച അധിനിവേശം ചെറുക്കാന്‍ പ്രതിരോധസേനയുടെ ആയുധപ്പുരകള്‍ ജനങ്ങള്‍ക്കു തുറന്നുകൊടുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ലിബിയയുടെ സ്വാതന്ത്ര്യവും ഐക്യവും അഭിമാനവും കാത്തുസൂക്ഷിക്കാന്‍ പോരാടണം. ലിബിയയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ വിദേശികള്‍ക്ക് അവകാശമില്ല. ഓരോ അടി മണ്ണിനായും പോരാടും. ഇസ്ളാമിനെതിരായ ശീതയുദ്ധമാണിത്. ലിബിയന്‍ ജനത തനിക്കു പിന്നിലുണ്ടെന്നും തങ്ങള്‍ രക്തസാക്ഷിത്വം വഹിക്കാന്‍ തയ്യാറാണെന്നും ഗദ്ദാഫി പറഞ്ഞു. ലിബിയയിലെ സ്ഥിതിഗതി ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി യോഗം ചേരണമെന്ന് ലിബിയ ആവശ്യപ്പെട്ടു. കിരാതമായ ആക്രമണമാണ് ലിബിയ നേരിടുന്നതെന്ന് ലിബിയന്‍ പാര്‍ലമെന്റ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍സാവി പറഞ്ഞു. ലിബിയക്കു നേരെയുള്ള സാമ്രാജ്യത്വ കടന്നാക്രമണം അവസാനിപ്പിക്കണമെന്ന് ആഫ്രിക്കന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ലിബിയക്കെതിരെ ഏതെങ്കിലും തരത്തിലുള്ള വിദേശസൈനിക ഇടപെടല്‍ അനുവദിക്കാനാകില്ലെന്ന് ആഫ്രിക്കന്‍ യൂണിയന്‍ വ്യക്തമാക്കി.

അറബ് ലോകത്ത് വീണ്ടും നാറ്റോ അധിനിവേശം

ന്യൂഡല്‍ഹി: എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അറബ് ലോകത്ത് വീണ്ടും അമേരിക്കന്‍ നേതൃത്വത്തില്‍ നാറ്റോ അധിനിവേശം. ജനങ്ങളെ സംരക്ഷിക്കാനെന്നപേരില്‍ 2003ല്‍ ഇറാഖില്‍ ആരംഭിച്ചതിന് സമാനമായ അധിനിവേശത്തിനാണ് വടക്കനാഫ്രിക്കന്‍ രാജ്യമായ ലിബിയയിലും ഇപ്പോള്‍ തുടക്കമിട്ടത്. യുഎന്‍ പ്രമേയത്തിന്റെ മറവില്‍ ഖത്തറിന്റെയും ജോര്‍ദാന്റെയും യുഎഇയുടെയും പൂര്‍ണ പിന്തുണയോടെയാണ് മുഅമ്മര്‍ ഗദ്ദാഫിയെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും സഖ്യശക്തികളും വ്യോമാക്രമണം ആരംഭിച്ചത്. മിസൈലാക്രമണം ആരംഭിച്ച് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പുതന്നെ 64 പേര്‍ ഇവിടെ കൊല്ലപ്പെട്ടു.

ഇറാഖിലും അഫ്ഗാനിസ്ഥാനിലും ആക്രമണത്തിന് തുടക്കമിട്ടത് അമേരിക്കയാണെങ്കില്‍ ലിബിയയില്‍ ഫ്രാന്‍സാണ് വ്യോമാക്രമണത്തിന് തുടക്കമിട്ടത്. വടക്കനാഫ്രിക്ക എന്നും ഫ്രാന്‍സിന്റെ തട്ടകമായാണ് കരുതപ്പെടുന്നത്. ഈ മേഖലയിലെ പല രാജ്യങ്ങളും ഫ്രാന്‍സിന്റെ മുന്‍ കോളനികളാണ്. അതുപോലെ മധ്യധരണ്യാഴിക്ക് ഇരുവശവുമായാണ് ഫ്രാന്‍സും ലിബിയയും സ്ഥിതിചെയ്യുന്നതെന്നതും ഫ്രാന്‍സിന്റെ ഈ തിടുക്കത്തിന് കാരണമാണ്. ഫ്രാന്‍സിലെ ആഭ്യന്തര രാഷ്ട്രീയവും ആക്രമണത്തിന് പ്രേരിപ്പിച്ചു. പൂര്‍ണ പരാജയമായ നിക്കോളസ് സര്‍ക്കോസി സര്‍ക്കാരിന് അടുത്തവര്‍ഷം തെരഞ്ഞെടുപ്പിനെ നേരിടേണ്ടതുണ്ട്. അതിന് മുമ്പായി സര്‍ക്കോസിക്ക് മുമ്പിലുള്ള എളുപ്പവഴി യുദ്ധമാണ്. ഈജിപ്ത്, ടുണീഷ്യ എന്നീ രാജ്യങ്ങളിലെ ഭരണവിരുദ്ധ പോരാട്ടങ്ങളെ കൈകാര്യംചെയ്യുന്നതില്‍ പരാജയപ്പെട്ട സര്‍ക്കോസി അടുത്തയിടെ വിദേശമന്ത്രിയായിരുന്ന മൈക്കേകള്‍ അലിയട്ട് മേരിയെ മാറ്റി അലെയ്ന്‍ ജുപേപയെ നിയമിച്ചിരുന്നു.

ലിബിയക്കെതിരെ സൈന്യത്തെ അയച്ച മറ്റൊരു യൂറോപ്യന്‍ ശക്തി ബ്രിട്ടനാണ്. ലിബിയയിലെ എണ്ണസമ്പത്ത് ചോര്‍ത്തുന്നതില്‍ പ്രമുഖ സ്ഥാനത്തുള്ളത് ബ്രിട്ടനിലെ ബഹുരാഷ്ട്രകമ്പനിയായ ബ്രിട്ടീഷ് പെട്രോളിയമാണ്. ഗദ്ദാഫിയെ വീഴ്ത്തി ബിപിക്ക് നേട്ടമുണ്ടാക്കുക എന്നതാണ് ബ്രിട്ടന്റെ താല്‍പ്പര്യം. അമേരിക്കയുടെ കണ്ണും ലിബിയയുടെ എണ്ണസമ്പത്തില്‍ത്തന്നെ. ലോകത്തിന്റെ എണ്ണശേഖരത്തില്‍ രണ്ട് ശതമാനമാണ് ലിബിയയിലുള്ളത്. ബെന്‍ഗാസി നഗരത്തിന് ചുറ്റുമായാണ് ഈ എണ്ണപ്പാടങ്ങളുള്ളത്. അതുകൊണ്ടാണ് വിമതരുടെ കൈവശമുള്ള ഈ നഗരം പിടിച്ചെടുക്കുന്നതിന് തൊട്ടുമുമ്പ് നാറ്റോ സേന വ്യോമാക്രമണം ആരംഭിച്ചത്.

വിമതരുടെ കൌണ്‍സിലിന് നേരത്തേതന്നെ ഫ്രാന്‍സും മറ്റും അംഗീകാരം നല്‍കിയിരുന്നു. ഗദ്ദാഫിയെന്ന ഏകാധിപതിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് അമേരിക്കയും മറ്റും പറയുന്നു. എന്നാല്‍, പത്ത് വര്‍ഷം മുമ്പ് ഇതേ ഏകാധിപതിയുമായി സന്ധിയിലായ പാശ്ചാത്യലോകത്തെ മറക്കാറായിട്ടില്ല. ആണവപദ്ധതി ഉപേക്ഷിക്കുകയാണെന്നുപറഞ്ഞ് അമേരിക്കന്‍ ക്യാമ്പിലേക്ക് മാറിയ ഗദ്ദാഫി പൊടുന്നനെയാണ് അമേരിക്കയ്ക്ക് കണ്ണിലെ കരടായത്. ഗള്‍ഫില്‍ അമേരിക്കയ്ക്ക് ഏറ്റവും വലിയ സൈനികകേന്ദ്രമുള്ള ബഹ്റൈനിലെ രാജാവിനെ രക്ഷിക്കാന്‍ സൌദിയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് സഹകരണസേന ഇറങ്ങിയപ്പോള്‍ അതിനെ എതിര്‍ക്കാര്‍ ഏകാധിപത്യവിരുദ്ധ സമീപനമുണ്ടെന്ന് പറയുന്ന അമേരിക്കയോ ഫ്രാന്‍സോ തയ്യാറായില്ല. ടുണീഷ്യയിലെ ബെന്‍ അലിയെ അവസാനംവരെ അധികാരത്തില്‍ പിടിച്ചുനിര്‍ത്തിയതും ഫ്രാന്‍സായിരുന്നു. ഈജിപ്തിലെ മുബാറക്കിനെ താങ്ങിനിര്‍ത്തിയത് അമേരിക്കയാണെങ്കില്‍ ഗദ്ദാഫിക്ക് തുണയായത് അമേരിക്കയും ഇറ്റലിയുമായിരുന്നു.

ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇന്ത്യ

ന്യൂഡല്‍ഹി: ലിബിയക്കെതിരെ നാറ്റോ സൈന്യം ആരംഭിച്ച വ്യോമാക്രമണത്തില്‍ പശ്ചാത്താപം പ്രകടിപ്പിച്ച ഇന്ത്യ അക്രമത്തെ അപലപിക്കാന്‍ തയാറായില്ല. ബലപ്രയോഗത്തില്‍നിന്ന് പിന്മാറി സമാധാനപരമായ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് വിദേശകാര്യ സെക്രട്ടരി നിരുപമറാവു പറഞ്ഞത്. കൂടുതല്‍ ആക്രമണങ്ങളും സംഘര്‍ഷവും മനുഷ്യജീവിതത്തെ കൂടുതല്‍ ദോഷകരമായി ബാധിക്കുകയേയുള്ളൂവെന്നും നിരുപമ പറഞ്ഞു. എന്നാല്‍, നാറ്റോ ആക്രമണത്തെ ശക്തമായി അപലപിക്കാന്‍ വിദേശമന്ത്രാലയം തയ്യാറായില്ല. ലിബിയയിലെ ഇപ്പോഴത്തെ സ്ഥിതിയില്‍ അതീവ ഉല്‍ക്കണ്ഠ യണ്ട്. അതിന്റെ കാഠിന്യം കുറയ്ക്കാനാണ് കൂട്ടാനല്ല ശ്രമിക്കേണ്ടത്. ട്രിപോളിയിലെ ഇന്ത്യന്‍ അംബാസഡര്‍ മണിമേഖലയുമായി സംസാരിച്ചുവെന്നും നിരുപമറാവു അറിയിച്ചു.

ലിബിയ അധിനിവേശത്തില്‍ പ്രതിഷേധിക്കുക: സിപിഐ എം

ന്യൂഡല്‍ഹി: ലിബിയക്കെതിരെ നാറ്റോ ആരംഭിച്ച ആക്രമണത്തെ സിപിഐ എം പൊളിറ്റ്ബ്യൂറോ ശക്തമായി അപലപിച്ചു. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് നടത്തുന്ന വ്യോമ- മിസൈല്‍ ആക്രമണം അപകടകരമായ അധിനിവേശമാണെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു. അറബ്-ആഫ്രിക്കന്‍ രാഷ്ട്രത്തിനെതിരെ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന അധിനിവേശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ പാര്‍ടി രാജ്യത്തെ പുരോഗമന- ജനാധിപത്യവിശ്വാസികളെ ആഹ്വാനം ചെയ്തു.

യുഎന്‍ രക്ഷാസമിതി പ്രമേയം ആയുധമാക്കിയാണ് നാറ്റോയുടെ ആക്രമണം. ഈ പ്രമേയം പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ പ്രമേയത്തില്‍നിന്ന് വിട്ടുനിന്ന രക്ഷാസമിതിയംഗംകൂടിയായ ഇന്ത്യ ആവശ്യപ്പെടണമെന്നും അതുവരെ നാറ്റോ സൈനിക നീക്കം നിര്‍ത്തിവയ്ക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. ഇറാഖില്‍ ആവര്‍ത്തിച്ച അതേ കാര്യമാണ് ഇപ്പോള്‍ ലിബിയയിലും നടക്കുന്നത്. ഇറാഖിനുനേരേ നടത്തിയ നാറ്റോ ആക്രമണത്തില്‍ ലക്ഷകണക്കിനു പേരാണ് കൊല്ലപ്പെട്ടത്. വന്‍തോതിലുള്ള നാശനഷ്ടങ്ങളും ഉണ്ടായി. ലിബിയക്കുനേരേ ആരംഭിച്ച ആക്രമണത്തില്‍ ഇതിനകം 48 പേര്‍ കൊല്ലപ്പെട്ടു. ലിബിയന്‍ ജനതയെ സംരക്ഷിക്കാനെന്ന പേരില്‍ നടക്കുന്ന ഈ ആക്രമണം ആ രാജ്യത്തിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും ഭരണമാറ്റം ലക്ഷ്യംവച്ചുള്ള ആസൂത്രിതമായ അധിനിവേശവുമാണ്. ലിബിയയില്‍ ഇടപെടുന്ന പാശ്ചാത്യ ശക്തികള്‍ ബഹ്റൈനിലെ സമാധാനപരമായ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന സൌദി അറേബ്യന്‍ സൈന്യത്തിന്റെ നടപടി കണ്ടില്ലെന്ന് നടിക്കുകയാണ്. എണ്ണ സമ്പന്നമായ ലിബിയയിലും മധ്യപൌരസ്ത്യദേശത്തും സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സൈനികബലം ഉപയോഗിക്കുന്നതില്‍ ഒരു മനഃസാക്ഷിക്കുത്തുമില്ലാത്തവരാണ് പാശ്ചാത്യ ശക്തികള്‍- പിബി പ്രസ്താവനയില്‍ പറഞ്ഞു.

ദേശാഭിമാനി 210311

1 comment:

  1. ലിബിയക്കെതിരെ നാറ്റോ ആരംഭിച്ച ആക്രമണത്തെ സിപിഐ എം പൊളിറ്റ്ബ്യൂറോ ശക്തമായി അപലപിച്ചു. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് നടത്തുന്ന വ്യോമ- മിസൈല്‍ ആക്രമണം അപകടകരമായ അധിനിവേശമാണെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു. അറബ്-ആഫ്രിക്കന്‍ രാഷ്ട്രത്തിനെതിരെ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന അധിനിവേശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ പാര്‍ടി രാജ്യത്തെ പുരോഗമന- ജനാധിപത്യവിശ്വാസികളെ ആഹ്വാനം ചെയ്തു.

    ReplyDelete