തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസില്‍ അധ്യാപക, അനധ്യാപക ജീവനക്കാരുടെ സംഘടനാപ്രവര്‍ത്തനത്തിന് വിസിയുടെ വിലക്ക്. സംഘടനാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ ഒരു മുന്നറിയിപ്പുമില്ലാതെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വെള്ളിയാഴ്ച വിസി ഉത്തരവിറക്കി. എംപ്ലോയീസ് യൂണിയന്‍, സ്റ്റാഫ് ഓര്‍ഗനൈസേഷന്‍, എംപ്ലോയീസ് ഫോറം, സോളിഡാരിറ്റി ഓഫ് എംപ്ലോയീസ്, എംപ്ലോയീസ് സെന്റര്‍, അധ്യാപക സംഘടനകളായ അസോസിയേഷന്‍ ഓഫ് കലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് (ആക്ട്), കലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രവര്‍ത്തനത്തിന് നിരോധം ഏര്‍പ്പെടുത്തിയാണ് വിസിയുടെ ഉത്തരവ്. സര്‍വകലാശാലയില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നും അത് അക്കാദമിക് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും കാരണമുന്നയിച്ചാണ് ഉത്തരവ്. വിസിയുടെ നിര്‍ദേശപ്രകാരം രജിസ്ട്രാറുടെ ചുമതലയിലുള്ള ഡോ. എം വി ജോസഫാണ് വെള്ളിയാഴ്ച ഉത്തരവിറക്കിയത്. ഉത്തരവിന്റെ പകര്‍പ്പ് പഠനവിഭാഗം തലവന്മാര്‍, വിസി, പിവിസി എന്നിവരുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍, സെക്ഷന്‍ ഓഫീസര്‍മാര്‍, ഫിനാന്‍സ് ഓഫീസര്‍, പരീക്ഷാ കണ്‍ട്രോളര്‍, സെക്യൂരിറ്റി ഓഫീസര്‍ എന്നിവര്‍ക്ക് കൈമാറിയിട്ടുണ്ട്.
സര്‍വകലാശാലയിലെ സംഘടനാ പ്രവര്‍ത്തനത്തിനെതിരെ നേരത്തെ ഹൈക്കോടതിയെ സമീപിച്ച് സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയ വിസി സംഘടനാ സ്വാതന്ത്ര്യം പൂര്‍ണമായും നിരോധിക്കുന്ന തരത്തിലുള്ള നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനായി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്‍ വാര്‍ഷിക സമ്മേളനത്തിന്റെ ഫോട്ടോകളെടുത്ത് സര്‍വകലാശാലാ സ്റ്റാന്‍ഡിങ് കൗണ്‍സിലിന് കൈമാറിയ വിസി സര്‍വകലാശാല രാഷ്ട്രീയ അതിപ്രസരത്തിന്റെ പിടിയിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് നിയമോപദേശം വാങ്ങിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. സംഘടനാ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് വിസിയുടെ ഉത്തരവെന്നും ജനാധിപത്യവിരുദ്ധ നടപടി എന്ത് വിലകൊടുത്തും നേരിടുമെന്നും യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്‍ പ്രതികരിച്ചു. ഇത്തരമൊരു ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
എസ്എഫ്ഐ വിസിയുടെ കോലം കത്തിച്ചു
തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടനാ സ്വാതന്ത്ര്യം നിഷേധിച്ച് ഉത്തരവിറക്കിയ വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍സലാമിന്റെ കോലം എസ്എഫ്ഐ പ്രവര്‍ത്തകര്‍ കത്തിച്ചു. സര്‍വകലാശാലാ ക്യാമ്പസിലെ വിസിയുടെ വസതിയിലേക്ക് പ്രകടനമായെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരാണ് കോലം കത്തിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു വിസിയുടെ വസതിക്ക് മുന്നില്‍ കോലം കത്തിക്കല്‍. എസ്എഫ്ഐ ക്യാമ്പസ് യൂണിറ്റ് കമ്മിറ്റിയുടെയും തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും. ക്യാമ്പസില്‍ പ്രചാരണബോര്‍ഡുകളും കൊടികളും സ്ഥാപിക്കരുത് എന്നതടക്കമുള്ള കര്‍ശന നിബന്ധനകളാണ് വിസി പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തരവിനെതിരെ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ശക്തമായ പ്രക്ഷോഭം: കെഎസ്യു
തേഞ്ഞിപ്പലം : കലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടനാ പ്രവര്‍ത്തനത്തിന് നിരോധം ഏര്‍പ്പെടുത്തിയ വിസിയുടെ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കെഎസ്യു വ്യക്തമാക്കി. സമാന ചിന്താഗതിയുള്ള വിദ്യാര്‍ഥിസംഘടനകളുമായി ഒത്തൊരുമിച്ച് സമരപരിപാടികള്‍ തീരുമാനിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ജിഷാം പുലാമന്തോള്‍ അറിയിച്ചു. വിസിയുടെയും കൂട്ടാളികളുടെയും നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നും കെഎസ്യു നേതൃത്വം വ്യക്തമാക്കി.
deshabhimani 040513
No comments:
Post a Comment