Wednesday, February 1, 2017

ലോ അക്കാദമിയിലെ എസ്എഫ്ഐ വിജയം ആഘോഷിക്കുക തന്നെവേണം, എന്തുകൊണ്ടെന്നാൽ‍?

ലോ അക്കാദമി ലോ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ നീക്കിയതിലൂടെ വിദ്യാര്‍ഥികള്‍ നേടിയത് വന്‍ വിജയമാണ്. ഫാക്കല്‍റ്റി എന്ന നിലയില്‍പോലും കോളേജില്‍ തുടരില്ല എന്ന രേഖാമൂലമുള്ള ഉറപ്പും എസ്എഫ്ഐക്ക് മാനേജ്മെന്റില്‍നിന്ന് നേടിയെടുക്കാനായി. ഇന്റേണല്‍മാര്‍ക്കിന്റെയും അറ്റന്‍ഡന്‍സിന്റെയും പേരില്‍നടക്കുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കാനും വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഉറപ്പാക്കാനും എസ്എഫ്ഐ നടത്തിയ ചര്‍ച്ചയില്‍ ധാരണ ഉണ്ടാക്കി. ഉന്നയിച്ച 17 ആവശ്യങ്ങളും നേടിയശേഷമാണ് എസ്എഫ്ഐ സമരം അവസാനിപ്പിച്ചത്.

വിദ്യാര്‍ഥികള്‍ നേടിയ വിജയത്തെ അപഹസിക്കാനും നിരവധിപേര്‍ രംഗത്തെത്തി. വിദ്യാര്‍ഥി സമരത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാന്‍ ചിലര്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്ക് വലിയ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. വിജയത്തിലെത്തിയ വിദ്യാര്‍ഥിസമരത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളനിരവധിപേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ ചിലത് ചുവടെ:-

Saneesh Elayadath

പഠിക്കുന്നവര്‍ സമരം നടത്തിയത് ലക്ഷ്മി നായര്‍ക്കെതിരെയാണ്. അവര്‍ വിദ്യാര്‍ഥിപീഡകയാണ്, തോന്ന്യാസിയാണ് .അവര്‍ രാജി വെയ്ക്കണം എന്നതായിരുന്നല്ലോ ആവശ്യം. ലോ അക്കാദമിയിലെ സ്ഥിതിയനുസരിച്ച് രാജി വെയ്പ്പിക്കാന്‍ സാങ്കേതികതടസ്സമുണ്ട് എന്നാണ് ഇത് വരെയുള്ള വായനയും കേള്‍വിയും വെച്ച് എനിക്ക് മനസ്സിലായിട്ടുള്ളത്. അപ്പോള്‍ അവര്‍ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് തുടരാതിരിക്കുക എന്ന ആവശ്യമേ പ്രാക്ടിക്കലി ശരിയാകൂ. ആ ആവശ്യം ഈ സമരക്കാര്‍ നേടിയെടുത്തിട്ടുണ്ട്. വിദ്യാര്‍ഥി പീഡകയും തോന്ന്യാസിയും ആയ ലക്ഷ്മി നായര്‍ ഇനി മുതല്‍ ലോ അക്കാദമിയുടെ പ്രിന്‍സിപ്പല്‍ അല്ല. എന്ന് മാത്രമല്ല അവിടത്തെ അധ്യാപികയും അല്ല.അത് എസ്സെഫൈക്കാരുടെ അവകാശവാദമായി മാത്രമല്ല നമ്മുടെ മുന്നിലുള്ളത്. മാനേജ്‌മെന്റിന്റെ വാര്‍ത്താസമ്മേളനത്തിലൂടെ ,അവരുടെ സ്വന്തം വാക്കുകളിലൂടെ തന്നെയാണ്. ഞാന്‍ രാജി വെയ്ക്കില്ല എന്ന് നല്ല ധാര്‍ഷ്ട്യത്തോടെ പറഞ്ഞ ലക്ഷ്മി പി നായരെ ഈ മട്ടില്‍ അധികാരരഹിതയാക്കിയത് വിജയമോ പരാജയമോ. ഞാളെ ചെറ്യേ ബുദ്ധീല് അതൊരു വിജയമാണ് എന്നാണ് തോന്നുന്നത്.

പിന്നെ ഇതൊരു ഒത്ത് തീര്‍പ്പല്ലേ എന്നത്. ആണ്. തെരുവുകളില്‍ രക്തം ചിന്തി കുറേ ചെറുപ്പക്കാര്‍ സംഘടിതമായി നീങ്ങി , അധികാരത്തിന്റെ കൊത്തളങ്ങള്‍ പിടിച്ചെടുത്ത് അവരുടെ പതാക നാട്ടുന്നത് നല്ല രസമുള്ള കാഴ്ചയൊക്കെയായിരിക്കും. നമ്മുടേത് പോലൊരു ജനാധിപത്യസംവിധാനത്തിനകത്ത് അതല്ലാതെയുള്ള പരിഹാരരീതികള്‍ അവലംബിക്കുന്നതാണ് നല്ലതെന്നാണ് ചെറ്യേ ബുദ്ധിയില്‍.

പിന്നെ എസ്സെഫൈക്കാര് ഇത് ഒറ്റയ്ക്കുള്ള വിജയമാക്കരുതായിരുന്നു എന്ന തോന്നല്‍ എനിക്കുമുണ്ട്. ആദ്യം സമരം നടത്തിയത് കെ എസ് യു ആണ്. ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ നല്ല ആര്‍ജ്ജവത്തോടെ സമരരംഗത്തുണ്ട്.എ ബിവിപിയും ഉണ്ടല്ലോ. വിദ്യാര്‍ഥികളെയെല്ലാവരെയും വിശ്വാസത്തിലെടുത്ത് , അവരുടെ കൂടെ വിജയമായി, അവര്‍ക്കൊപ്പം നിന്ന് വിജയം അവകാശപ്പെടുന്നതായിരുന്നു നല്ലത്. പക്ഷെ അത് അവരുടെ കാര്യം. എസ്സെഫൈ ഇങ്ങനെ ചെയ്യണം എന്ന് പറഞ്ഞ് കൊടുക്കാന്‍ നമ്മളാ സംഘടനയുടെ സുപ്പീരിയര്‍ അഡൈ്വസര്‍ ഒന്നുമല്ലല്ലോ.

പിന്നെ, ആ സ്ത്രീ നടത്തിയ ജാതി, സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍. അവയ്‌ക്കെതിരെ കേസ് നടത്തണം. ഇനി ആവര്‍ത്തിക്കാത്ത വിധം അവരെ പാഠം പഠിപ്പിക്കണം.

ഏറ്റവും പ്രധാനപ്പെട്ടത് ആ ഭൂമി. അത് തിരിച്ച് പൊതു ഉടമസ്ഥതയിലേക്ക് പിടിക്കണം. ജാത്യാഹങ്കാരം പോലും കയ്യിലുള്ള തോന്ന്യാസകുടുംബത്തിന് കയ്യില്‍ വെച്ച് പുട്ടടിക്കാനല്ല 1968ല്‍ ആ ഭൂമി നല്‍കിയത് എന്ന് സിപിഐയും സിപിഎമ്മും കോണ്‍ഗ്രസ്സും അടക്കം, ആ ഭൂമി അവരുടെ കൈയിലെത്താന്‍ കാരണക്കാരായ സകലരും കാണിച്ച് കൊടുത്തണം. ലോ അക്കാദമി പൂട്ടിക്കണം എന്നതിനല്ല, 68ല്‍ വിഭാവനം ചെയ്യപ്പെട്ട പോലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിയമകലാലയം എന്ന നിലയിലേക്ക് അതിനെ എത്തിക്കുകയാണ് വേണ്ടത്. സര്‍ക്കാരിും നിയമവിദഗ്ദരും ഉള്‍പ്പെടുന്ന ട്രസ്റ്റ് നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് അവരെ എത്തിക്കണം.

സമര സമിതിയുടെ ബോര്‍ഡ്. എസ്എഫ്ഐയ്ക്ക് മാനെജ്മെന്റ് രേഖാമൂലം എഴുതി നല്‍കിയ കത്തില്‍ ഈ ബോര്‍ഡിലെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ട്. സമര സമിതിയുടെ ബോര്‍ഡ്. എസ്എഫ്ഐയ്ക്ക് മാനെജ്മെന്റ് രേഖാമൂലം എഴുതി നല്‍കിയ കത്തില്‍ ഈ ബോര്‍ഡിലെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ട്.

Harshan Poopparakkaran

ലക്ഷ്മി നായര്‍ സ്വമേധയാ രാജിവച്ചൊഴിയണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നത് ഹിറ്റ്ലര്‍ മാനസാന്തരപ്പെടണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നതിന് തുല്യമാണ്. ലക്ഷ്മി നായരെ സര്‍ക്കാര്‍ പുറത്താക്കണമെന്ന ആവശ്യം മുത്തൂറ്റിന്‍്റെ ബ്രാഞ്ച് മാനേജരെ സര്‍ക്കാര്‍ പിരിച്ചുവിടണമെന്നതുപോലെയുള്ള ആവശ്യമാണ്.

K J Jacob

മുഖ്യ ആവശ്യങ്ങള്‍ നേടിയെടുത്തുതന്നെ അവസാനിപ്പിക്കാന്‍ സാധിച്ച സമരം. ജാതിവെറിയുമായി ഇനി അവര്‍ നിങ്ങളെ ചവിട്ടിമെതിക്കില്ല. സമരം ചെയ്ത എല്ലാ വിദ്യാര്തഥികള്‍ക്കും സംഘടനകള്‍ക്കും അഭിവാദ്യം. ലോ അക്കാദമി സ്വയം തയ്യാറാക്കി നാട്ടുകാര്‍ക്ക് മുന്‍പില്‍ വച്ച കുറ്റപത്രവും, മറ്റു കേസുകളും വച്ച് ബാക്കി നടപടികള്‍ സര്‍ക്കാരും സര്‍വ്വകലാശാലയും ചെയ്യണം.

Sreechithran Mj

സിമ്പിള്‍. മൂന്നു തരം സമരങ്ങളേയുള്ളൂ.

@ നിലവിലുള്ള ജനാധിപത്യസംവിധാനത്തില്‍ അര്‍ഹിക്കുന്ന നീതി ലഭിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി നടക്കുന്ന സമരങ്ങള്‍
@ നിലവിലുള്ള ജനാധിപത്യസംവിധാനത്തിന്റെ ഘടനയിലോ രീതിശാസ്ത്രത്തിലോ വിയോജിക്കുന്ന സമരങ്ങള്‍
@ പുറമേ മുന്‍പു പറഞ്ഞ രണ്ടുതരം സമരങ്ങളിലേതെങ്കിലും ഒന്നാണെന്ന വ്യാജേന നടക്കുന്ന സമരാഭാസങ്ങള്‍.

ആദ്യം പറഞ്ഞ രണ്ടുതരം സമരങ്ങളിലും പങ്കെടുക്കുന്നവര്‍ക്ക് കരയിലിരുന്ന് കളി കാണുന്നവരുടെ കയ്യടിയെ തൃപ്തിപ്പെടുത്തലല്ല ഉദ്ദേശം. അതുകൊണ്ടുതന്നെ സമരത്തിലെ ലക്ഷ്യങ്ങളെക്കുറിച്ച് അവര്‍ക്ക് അവരുടേതായ തീരുമാനങ്ങള്‍ ഉണ്ടാവും. ഉണ്ടായിരിയ്ക്കുകയും വേണം.

ലോ കോളേജ് വിഷയത്തില്‍ ഒരു പ്രിന്‍സിപ്പാളുടെ രാജിയിലേക്ക് നടന്ന സമരകേന്ദ്രീകരണം തന്നെ എനിയ്ക്ക് അഭിപ്രായമുള്ള കാര്യമല്ല. ഇതിനര്‍ത്ഥം അവരുടെ രാജിയെന്ന ആവശ്യം തെറ്റായിരുന്നു എന്നല്ല. അവര്‍ക്ക് ജാതീയത മുതല്‍ സ്ത്രീവിരുദ്ധത വരെ സകല പ്രാകൃതബോധരാഹിത്യവുമുണ്ടായിരുന്നു, ഉണ്ട്. എന്നാല്‍ അത്തരമാദ്യത്തെ അദ്ധ്യാപികയല്ല ലക്ഷ്മി നായര്‍, അവസാനത്തേതുമല്ല. നിയമം പഠിപ്പിക്കുന്ന സ്ഥാപനത്തില്‍ നടക്കുന്ന കടുത്ത മനുഷ്യാവകാശലംഘനങ്ങളുടെ തുറന്നുകാട്ടലായിട്ടാണ് ഈ പ്രശ്നത്തെ മാറ്റിത്തീര്‍ക്കേണ്ടിയിരുന്നത്. അല്ലാതെ ഒരു വ്യക്തിയുടെ നന്മതിന്മയില്‍ അല്ല സമരത്തിന്റെ കേന്ദ്രസ്ഥാനം. നിലവില്‍ അഞ്ചുവര്‍ഷത്തേയ്ക്ക് ഫാക്കല്‍റ്റി ആയിപ്പോലും വരാനാവാത്ത നിലയില്‍ ലക്ഷ്മി നായര്‍ മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ട്. ജാതിപരാമര്‍ശമടക്കമുള്ളവയില്‍ നിയമനടപടികള്‍ നേരിടേണ്ട സാഹചര്യം അവര്‍ക്കു മുന്നിലുണ്ട്.

ഇതിന്റെയൊക്കെ പേരുതന്നെയാണ് സമരവിജയം.

പിന്നെ, എഫ് ബിയില്‍ ടൈപ്പ് ചെയ്തുമാത്രം സമരം ചെയ്യുന്നവര്‍ക്ക് ലക്ഷ്മി നായരെ തൂക്കിക്കൊല്ലണമെന്നോ ലക്ഷ്മി നായര്‍ നേരിട്ട് സമരക്കാര്‍ക്കു മുന്നില്‍ വന്ന് ആത്മഹത്യ ചെയ്യണമെന്നോ ആവശ്യപ്പെട്ട് സമരം തുടരാവുന്നതാണ്. ആ പണി എസ് എഫ് ഐ ഏറ്റെടുക്കണമെന്ന് വാശിപിടിക്കരുത് എന്നേയുള്ളൂ.

എസ്എഫ്ഐയ്ക്ക് മാനെജ്മെന്റ് എഴുതിനല്‍കിയ ഉറപ്പുകള്‍ ഇവിടെ:

Sebin A Jacob

KSU, ABVP, MSF, AISF, AIDSO --സംയുക്ത വിദ്യാര്‍ത്ഥി സമരം തുടരും! കേരളമാകെ പടരും! ഉവ്വുവ്വേ... സ്ഥാനമൊഴിഞ്ഞ പ്രിന്‍സിപ്പലിനെ തിരിച്ചു പ്രിന്‍സിപ്പാളാക്കി രാജി വാങ്ങണമെന്നാണോ? അതോ മുരളീധരനു പറ്റിയ അമളി പരിഹരിക്കാന്‍ ഒരു സര്‍വ്വകക്ഷി കൂട്ടായ്മയോ? ഈ സമരവീര്യമൊന്നും നെഹ്റു കോളജിന്റെ കാര്യത്തിലും ടോംസ് കോളജിന്റെ കാര്യത്തിലും കാണുന്നില്ലല്ലോ...

(http://www.deshabhimani.com/from-the-net/law-academy-sfi-social-media-response/620856)

1 comment: