Wednesday, November 27, 2013

തൂത്തുക്കുടിക്കുവേണ്ടി ചിദംബരവും ഒപ്പം കൂടി

റിസോര്‍ട്ട് ലോബിക്കായി വിഴിഞ്ഞം പദ്ധതി അട്ടിമറിക്കുന്നു 

വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച നടപടികള്‍ ഒന്നാകെ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നു. പദ്ധതി പ്രദേശത്തിന്റെ അടിസ്ഥാനസൗകര്യ വികസനം, പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് പണം കണ്ടെത്താനായി ആവിഷ്കരിച്ച നടപടികള്‍ എന്നിവയെല്ലാം ഇല്ലതാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മത്സരിച്ചു. പദ്ധതിക്കായി പണം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ തുറന്നുവച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞത്. യുഡിഎഫ് സര്‍ക്കാര്‍ ഈ മാര്‍ഗങ്ങളെല്ലാം ഇല്ലതാക്കി. ലാന്‍ഡ് ലോര്‍ഡ് പോര്‍ട്ടായി വിഴിഞ്ഞത്തെ വികസിപ്പിക്കാനായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. 450 കോടി രൂപ സംസ്ഥാന ബജറ്റ് വഴിയും 2,500 കോടി രൂപ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ചുമതലപ്പെടുത്തിയ എസ്ബിഐ ക്യാപ് വഴിയും സമാഹരിക്കാന്‍ ലക്ഷ്യമിട്ടു. അടിസ്ഥാനസൗകര്യ വികസനത്തിനായി 120 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി തുടങ്ങി. 31 ഹെക്ടര്‍ ഏറ്റെടുത്തു. 71 ഹെക്ടറിന്റെ ഏറ്റെടുപ്പ് നടപടി ആരംഭിച്ചു. തുറമുഖത്തിനുമാത്രമായി കുടിവെള്ള പദ്ധതിക്ക് തുടക്കമിട്ടു. ഈ പ്രവര്‍ത്തനങ്ങളെല്ലാം ഇപ്പോള്‍ നിലച്ചു. ആവശ്യമായ പണം അനുവദിക്കാതെയാണ് സര്‍ക്കാര്‍ പദ്ധതി ഇല്ലാതാക്കാനുള്ള നീക്കം തുടങ്ങിയത്. 2013-14ലെ സംസ്ഥാന ബജറ്റില്‍ വിഴിഞ്ഞം പദ്ധതിക്കായി ഒരുരൂപപോലും നീക്കിവച്ചില്ല.

കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളും പദ്ധതിക്ക് വലിയ തിരിച്ചടിയായി. മറ്റ് സംസ്ഥാനങ്ങളിലെ തുറമുഖങ്ങള്‍ക്ക് വന്‍തുക ബജറ്റില്‍ നീക്കിവയ്ക്കാന്‍ തയ്യാറായ കേന്ദ്ര ധനമന്ത്രി പി ചിദംബരംതന്നെ വിഴിഞ്ഞം തുറമുഖം പദ്ധതിയുടെ കാലനായി മാറി. 7,500 കോടി രൂപയുടെ തൂത്തുക്കുടി തുറമുഖ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയ ചിദംബരം ഈവര്‍ക്ഷം ബജറ്റില്‍ 251 കോടി രൂപ ഇതിനായി നീക്കിവച്ചു. എന്നാല്‍, വിഴിഞ്ഞം പദ്ധതി ഇദ്ദേഹത്തിന്റെ ഓര്‍മയില്‍ വന്നതുമില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ചെറിയ പ്രതിഷേധംപോലും ഉയര്‍ന്നില്ല. കേരളത്തില്‍നിന്നുള്ള എട്ട് കേന്ദ്രമന്ത്രിമാരും യുഡിഎഫിന്റെ എംപിമാരും ചിദംബരത്തിന് ഏറാന്‍ മൂളി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എടുത്ത ഓരോ തീരുമാനവും വിഴിഞ്ഞത്തിന് തിരിച്ചടിയായി. അന്തരാഷ്ട്ര തുറമുഖ ലോബിയുടെയും ഇവരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് മാഫിയയുടെയും ഏറാന്‍ മൂളികളായി സംസ്ഥാന മന്ത്രിമാര്‍ മാറി.

പിപിപി മാതൃകയില്‍ തുറമുഖം നിര്‍മിക്കണമെന്ന കേന്ദ്ര ആസൂത്രണ കമീഷന്റെ നിര്‍ദേശത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്തുണച്ചത് മികച്ച ഉദാരഹണം. മുന്‍കാലങ്ങളിലെല്ലാം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തുറമുഖം നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ അന്താരാഷ്ട്ര തുറമുഖലോബിയുടെ ഇടപെടലില്‍ പരാജയപ്പെടുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ലോകബാങ്കിന്റെ അംഗീകാരമുള്ള ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനെ (ഐഎഫ്സി) പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി നിയമിച്ചു. ഐഎഫ്സി ഡ്യൂറി എന്ന സ്ഥാപനത്തെ മാര്‍ക്കറ്റിങ് പഠനത്തിന് ചുമതലപ്പെടുത്തി. അവര്‍ സമര്‍പ്പിച്ച പഠനറിപ്പോര്‍ട്ടും ഐഎഫ്സിയുടെ ശുപാര്‍ശയും പദ്ധതിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് പൊതുസ്വകാര്യ പങ്കാളിത്തം പ്രായോഗികമല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് വിഴിഞ്ഞം തുറമുഖം ലാന്‍ഡ് ലോര്‍ഡ് പോര്‍ട്ടായി വികസിപ്പിച്ച് മുന്നോട്ട് പോകാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എസ്ബിഐയുടെ ചുമതലയില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചു. തുറമുഖ നടത്തിപ്പിനുള്ള പങ്കാളിയെ കണ്ടെത്താനുള്ള ആഗോള ടെന്‍ഡര്‍ നടപടികളും ആരംഭിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ തുടക്കംമുതല്‍ ഈ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ തുടങ്ങി. കുത്തക കമ്പനികള്‍ക്കായി പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള അനുമതി നല്‍കണമെന്ന നിര്‍ദേശവുമായി കേന്ദ്ര ആസൂത്രണ കമീഷന്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. കോടികള്‍ തിരിമറി ലക്ഷ്യംവച്ചുള്ള പ്ലാനിങ് കമീഷന്റെ നിര്‍ദേശം സര്‍ക്കാര്‍ അതേപടി അംഗീകരിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഐഎഫ്സിയുടെ പഠനറിപ്പോര്‍ട്ട് വേണ്ടെന്നുവച്ച് പിപിപി മാതൃകയ്ക്കായുള്ള നീക്കം തുടങ്ങി. വിഴിഞ്ഞത്തെ ഒഴിവാക്കി തൂത്തുക്കുടിയില്‍ പുതിയ തുറമുഖത്തിനായി തമിഴ്നാട് വിജയിച്ചപ്പോള്‍ തോറ്റത് മലയാളികള്‍ മാത്രമല്ല, ഇന്ത്യാ മഹാരാജ്യം ഒന്നാകെയാണ്. അത്രയേറെ വകിസന സാധ്യതയാണ് വിഴിഞ്ഞത്തിനുണ്ടായിരുന്നത്.
(ജി രാജേഷ്കുമാര്‍)

deshabhimani

No comments:

Post a Comment