കേരളത്തിന്റെ ഭാവിതന്നെ മാറ്റിമറിക്കുന്നതാണ് വിഴിഞ്ഞം തുറമുഖപദ്ധതി. ഈ പദ്ധതിയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമീപനമാണ് തലസ്ഥാനത്തോടുള്ള അവഗണനയുടെ ഏറ്റവും നല്ല ഉദാഹരണം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിക്ക് തുരങ്കംവയ്ക്കുന്ന സ്വകാര്യ റിസോര്‍ട്ട് ലോബിക്ക് പിന്തുണ നല്‍കുന്നത് ഭരണക്കാരാണ്. പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കുന്നത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയസമിതി പരിഗണിക്കാനിരിക്കെ റിസോര്‍ട്ട് ലോബി തുടങ്ങിയ അട്ടിമറിനീക്കങ്ങള്‍ക്ക് ആക്കംകൂട്ടുന്ന നടപടിയാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ സ്വീകരിച്ചത്. പദ്ധതിപ്രദേശത്തേക്കുള്ള റോഡുനിര്‍മാണം നിയമവിരുദ്ധമാണെന്നും നിര്‍മാണത്തെപ്പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷനിലെ ഒരുവിഭാഗം വനം പരിസ്ഥിതി മന്ത്രാലയത്തിനു പരാതി നല്‍കിയത്. ഇതിന് കേന്ദ്ര-സംസ്ഥാന ഭരണസ്വാധീനമുള്ള ചിലര്‍ പിന്തുണയ്ക്കുകയായിരുന്നു. പാരിസ്ഥിതികാനുമതി നല്‍കാതിരിക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്യണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റോഡ് നിര്‍മാണത്തില്‍ ഖേദം പ്രകടിപ്പിച്ച് കേന്ദ്രസര്‍ക്കാരിന് കത്തുനല്‍കാനാണ് വിഴിഞ്ഞം തുറമുഖ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചത്. യോഗത്തില്‍ മുഖ്യമന്ത്രിയായിരുന്നു അധ്യക്ഷന്‍. ഇപ്പോഴത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും നിര്‍ദേശം നല്‍കി. പദ്ധതിക്ക് അനുമതി നിഷേധിക്കണമെന്ന ആവശ്യത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ ഈ യോഗം തയ്യാറായതുമില്ല. റോഡ് നിര്‍മാണം മഹാ അപരാധമാണെന്ന രീതിയിലാണ് തുറമുഖമന്ത്രി കെ ബാബു യോഗത്തിനുശേഷം പ്രതികരിച്ചത്. 900 മീറ്റര്‍ റോഡ് നിര്‍മിച്ചതിനാണ് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മാപ്പപേക്ഷയുമായി ഡല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിച്ചത്. ഒരു സര്‍ക്കാരിന് ഇത്തരം നിലപാട് സ്വീകരിക്കാന്‍ കഴിയുന്നത് എങ്ങനെയെന്ന് ചോദിക്കുകയാണ് മലയാളികള്‍. പണത്തിനുമീതെ പരുന്തും പറക്കില്ലെന്നാണ് സര്‍ക്കാര്‍ തെളിയിക്കുന്നത്.
ആറന്മുള വിമാനത്താവളത്തിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടുന്നു. അതേസമയം, വിഴിഞ്ഞത്തിന് ലഭിക്കുന്നില്ല. റോഡ് നിര്‍മിക്കുന്നത് നിയമലംഘനമാകുന്നത് എങ്ങനെയെന്ന് വ്യക്തമാക്കാന്‍ ആരും തയ്യാറാകുന്നുമില്ല. തലസ്ഥാനവികസനത്തില്‍ അത്യന്തം ശ്രദ്ധപതിപ്പിക്കുന്നുവെന്നാണ് കേന്ദ്രമന്ത്രി ശശി തരൂരും യുഡിഎഫ് സര്‍ക്കാരും അവകാശപ്പെടുന്നത്. ഇതിന്റെ "യാഥാര്‍ഥ്യം" വിഴിഞ്ഞം തുറമുഖത്തോടുള്ള സമീപനത്തോടെ വ്യക്തമായി കഴിഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയ ഇടത്തുനിന്ന് ഒരടിപോലും മുന്നോട്ടുപോകാന്‍ യുഡിഎഫ് സര്‍ക്കാരിനായിട്ടില്ല. ഈ സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷ ജനത്തിനില്ല. തുറമുഖം യാഥാര്‍ഥ്യമായാല്‍ സൂയസ് കനാല്‍വഴി ഓരോ വര്‍ഷവും കടന്നുപോകുന്ന 20,000 കൂറ്റന്‍ കപ്പലുകളില്‍ പകുതിയിലധികവും വിഴിഞ്ഞത്താകും നങ്കൂരമിടുക. തീരത്തോട് തൊട്ടുതന്നെ 23 മുതല്‍ 27 മീറ്റര്‍വരെ പ്രകൃതിദത്ത ആഴമുണ്ട്. ഏതു വന്‍കിട കപ്പലുകള്‍ക്കും നങ്കൂരമിടാന്‍ പര്യാപ്തമാണ് ഇത്. മണ്ണുമാറ്റാതെ തുറമുഖം പണിയാം. ആറ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുറമുഖത്ത് വന്‍കിട കപ്പലുകള്‍ അടുപ്പിക്കാനാകുന്ന 30 ബര്‍ത്താണ് സജ്ജീകരിക്കുക. അന്താരാഷ്ട്ര കപ്പല്‍ച്ചാലില്‍നിന്ന് ഒന്നരമണിക്കൂറിനുള്ളില്‍ വിഴിഞ്ഞത്ത് എത്താം. കൊളംബോ, സിംഗപ്പൂര്‍, ദുബായ്, സലാല എന്നീ തുറമുഖങ്ങള്‍ വഴിയാണ് ഇന്ത്യയുടെ ഇറക്കുമതി-കയറ്റുമതിയുടെ 70 ശതമാനവും കടന്നുപോകുന്നത്. വലിയ കപ്പലുകളില്‍ വരുന്ന കണ്ടെയ്നറുകള്‍ ഈ തുറമുഖങ്ങളില്‍ ഇറക്കി ചെറുകപ്പലുകളിലാക്കിയാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഇതിനായി പ്രതിവര്‍ഷം 1000 കോടിയിലധികം രൂപയാണ് ചെലവാകുന്നത്. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ഈ നഷ്ടം ഒഴിവാക്കാന്‍ കഴിയും.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ രാജ്യത്തിന്റെ വികസന കവാടമായി വിഴിഞ്ഞം മാറും. കൂടാതെ സംസ്ഥാനത്തിന്റെ വികസനത്തിനും ധാരാളം തൊഴിലവസരം സൃഷ്ടിക്കുന്നതിനും വിഴിഞ്ഞം പദ്ധതിക്ക് കഴിയും. പ്രത്യക്ഷത്തില്‍ 5000 പേര്‍ക്കും പരോക്ഷമായി ഒരു ലക്ഷത്തിലധികം പേര്‍ക്കും തൊഴില്‍ ലഭിക്കുമെന്നത് കേരളത്തിന് വലിയ പ്രതീക്ഷ നല്‍കുന്നു. അന്താരാഷ്ട്ര ചരക്കുനീക്കത്തിലൂടെ കോടികളുടെ വരുമാനലഭ്യതയും വിഴിഞ്ഞം തുറമുഖത്തിലൂടെ കേന്ദ്ര-കേരളാ സര്‍ക്കാരുകള്‍ക്ക് ലഭിക്കും. നിലവില്‍ 5 ലക്ഷം കോടിരൂപയുടെ തുറമുഖവ്യാപാരം ഇന്ത്യ ഇപ്പോള്‍ നടത്തുന്നുണ്ട്. രാജ്യത്ത് ഒരു ആഗോള തുറമുഖമില്ലാത്തതിനാല്‍ ഏകദേശം 1000 കോടിരൂപയുടെ വരുമാനനഷ്ടം പ്രതിവര്‍ഷമുണ്ടാകുന്നു. വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇന്ത്യയുടെ തുറമുഖ വരുമാനത്തിന്റെ പ്രധാന സ്രോതസ്സായി വിഴിഞ്ഞം മാറും. 2005ലാണ് പദ്ധതി ആദ്യം ടെന്‍ഡര്‍ ചെയ്തത്. നാല് കമ്പനിയാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചത്. ശക്തമായ മത്സരമില്ലാത്ത ടെന്‍ഡറില്‍ സൂം കണ്‍സോര്‍ഷ്യം യോഗ്യത നേടി. ഒരുവിധ അനുമതിയും വാങ്ങാതെയുള്ള ടെന്‍ഡര്‍ വിളിയും തുടര്‍ന്നുള്ള കരാറുമല്ലാതെ അന്ന് ഭരണനേതൃത്വം നല്‍കിയ ഉമ്മന്‍ചാണ്ടിസര്‍ക്കാരും ഇക്കാര്യത്തില്‍ അനങ്ങാപ്പാറനയം സ്വീകരിച്ചു. ഇതേനയം തന്നെയാണ് ഇപ്പോഴും ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ തലസ്ഥാനത്തുനിന്നുള്ള എംപിക്കോ കേന്ദ്രഭരണത്തിന്റെ തലപ്പത്തുള്ള സംസ്ഥാനത്തുനിന്നുള്ള എട്ട് മന്ത്രിമാര്‍ക്കോ താല്‍പ്പര്യമില്ല. 2006 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച നടപടികളും ഇപ്പോള്‍ നിലച്ചിരിക്കുകയാണ്.
(to be continued)
(ജി രാജേഷ്കുമാര്‍) deshabhimani
No comments:
Post a Comment