Friday, March 15, 2013
വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ കേരളവും കൂട്ടുനില്‍ക്കുന്നു
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍നീക്കത്തിന് സംസ്ഥാനസര്‍ക്കാരും കൂട്ടുനില്‍ക്കുന്നു. ലാന്‍ഡ്ലോഡ് മാതൃകയില്‍ തുറമുഖം നിര്‍മിക്കാനും നടത്തിപ്പ് സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുമുള്ള കേരളത്തിന്റെ പ്രഖ്യാപിതനയം യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെ തുറമുഖം നിര്‍മിക്കണമെന്ന കേന്ദ്ര ആസൂത്രണ കമീഷന്റെ നിര്‍ദേശത്തിന് സംസ്ഥാന ആസൂത്രണ ബോര്‍ഡും മുഖ്യമന്ത്രിയും പച്ചക്കൊടി കാട്ടി. സ്വകാര്യമേഖലയില്‍ തുറമുഖ നിര്‍മാണത്തിനുള്ള ശ്രമം മൂന്നുതവണ പരാജയപ്പെട്ടതാണ്. ഇത് മറച്ചുവച്ച് പിപിപി മാതൃക സ്വീകാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര ആസൂത്രണ കമീഷനെ അറിയിച്ചു.
സ്വകാര്യപങ്കാളിത്തം സാധ്യമല്ലായെന്ന് മനസ്സിലാക്കിയാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച കണ്‍സള്‍ട്ടന്‍സി പാനലിലുള്ള ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനെ (ഐഎഫ്സി) വിഴിഞ്ഞം പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി നിയമിച്ചത്. ഇവരാണ് ലാന്‍ഡ് ലോഡ് മാതൃക നിര്‍ദേശിച്ചത്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ വിഭവസമാഹരണം നടത്തണം. തുറമുഖത്തിന്റെ നടത്തിപ്പിന് പോര്‍ട്ട് ഓപ്പറേറ്ററെ നിയമിക്കാനും തീരുമാനിച്ചതാണ്. ആഗോള ടെണ്ടറിലൂടെ പോര്‍ട്ട് ഓപ്പറേറ്ററെ കണ്ടെത്താനുള്ള നടപടി 2010-ല്‍തന്നെ ആരംഭിച്ചു. തുറമുഖ നിര്‍മാണത്തിനുള്ള പരിസ്ഥിതി അനുമതി അടക്കമുള്ള കാര്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ തകിടം മറിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുന്‍മന്ത്രി എം വിജയകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രണ്ട് മാസത്തിനുള്ളിലുണ്ടായ ഇടപെടലുകളാണ് പദ്ധതി അട്ടിമറിക്കപ്പെടുന്നുവെന്ന സംശയം ബലപ്പെടുത്തുന്നത്. വിഴിഞ്ഞം തുറമുഖ കമ്പനി മാനേജിങ് ഡയറക്ടര്‍, കമ്പനി ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ വിഴിഞ്ഞം പദ്ധതിക്ക് പിപിപി മാതൃക നടപ്പാക്കുന്നത് ചര്‍ച്ചചെയ്തു. ഭരണസമിതിയെയും ചീഫ് സെക്രട്ടറി ചെയര്‍മാനായ ഉന്നതാധികാരസമിതിയെയും അന്തിമ തീരുമാനമെടുക്കാന്‍ ചുമതലപ്പെടുത്തുകയുംചെയ്തു. ഈ സമിതികള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തിട്ടില്ല. ഇതിനിടയിലാണ് ജനുവരി 18ന് പിപിപി മാതൃകയില്‍ പദ്ധതി നടപ്പാക്കാന്‍ സമ്മതമാണെന്ന് അറിയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക് സിങ് അലുവാലിയക്ക് കത്തെഴുതിയത്. മൂന്നുതവണ പരാജയപ്പെട്ട ശ്രമത്തിലേക്ക് വീണ്ടും മടങ്ങിപ്പോകുന്നത് പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വിജയകുമാര്‍ പറഞ്ഞു.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment