Friday, October 26, 2012

വിഴിഞ്ഞംപദ്ധതിയും അട്ടിമറി ഭീഷണിയില്‍


സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവിയില്‍ വീണ്ടും ആശങ്ക. സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയുടെ ബന്ധുവായ റിസോര്‍ട്ട് ഉടമ അടക്കമുള്ള ചിലര്‍ തുറമുഖത്തിന്റെ കണ്‍സല്‍ട്ടന്റായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്റെ (ഐഎഫ്സി) ഓംബുഡ്സ്മാന് പരാതി നല്‍കിയതോടെയാണ് പദ്ധതി വീണ്ടും അട്ടിമറിഭീഷണിയിലായത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഓംബുഡ്സ്മാന്‍ ഒക്ടോബര്‍ 29, 30, നവംബര്‍ ഒന്ന് തീയതികളില്‍ വിഴിഞ്ഞത്തെത്തി തെളിവെടുക്കും. പരാതിയുടെ നിജസ്ഥിതി അന്വേഷിക്കുകപോലും ചെയ്യാതെ ഐഎഫ്സിയുടെ ഓംബുഡ്സ്മാന്‍ വാഷിങ്ടണില്‍നിന്ന് എത്തുന്നത് അസാധാരണ നടപടിയാണ്. വിഴിഞ്ഞം തുറമുഖം ടൂറിസത്തിനും മത്സ്യബന്ധനത്തിനും ദോഷമാകുമെന്നാണ് പരാതി. അന്തര്‍ദേശീയ തുറമുഖലോബിയാണ് പരാതിക്കുപിന്നില്‍ എന്നറിയുന്നു. പുതിയ ചീഫ് സെക്രട്ടറിയായ ജോസ് സിറിയക്കിന്റെ ബന്ധുവായ റിസോര്‍ട്ട് ഉടമയ്ക്കുപുറമെ ഫിഷറീസ്വകുപ്പില്‍നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥനും മത്സ്യബന്ധനമേഖലയിലെ ഒരു കടലാസ് സംഘടനയുടെ നേതാവും പരാതി നല്‍കിയവരില്‍പ്പെടുന്നു. ധനവകുപ്പ് സെക്രട്ടറിയായിരിക്കെ പദ്ധതിക്കെതിരെ റിപ്പോര്‍ട്ട് എഴുതിയ ആളാണ് പുതിയ ചീഫ് സെക്രട്ടറി. ഐഎഫ്സി ഓംബുഡ്സ്മാന്റെ തീരുമാനം കേരളത്തിന് ബാധകമാകില്ലെന്ന് പദ്ധതിനടത്തിപ്പുസംബന്ധിച്ച സര്‍വകക്ഷിയോഗത്തിനുശേഷം തുറമുഖമന്ത്രി കെ ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, ഓംബുഡ്സ്മാന്‍ തീര്‍പ്പിനുവിരുദ്ധമായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചാല്‍ അന്തര്‍ദേശീയ തുറമുഖലോബി പ്രശ്നം കോടതിയില്‍ എത്തിക്കുമെന്നുറപ്പ്. ഇത് പദ്ധതിനടത്തിപ്പ് അനിശ്ചിതത്വത്തിലാക്കും. നാനൂറ്റമ്പതുകോടി രൂപ അനുവദിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കംകുറിച്ച പദ്ധതിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കയാണ്. തുറമുഖനിര്‍മാണത്തിനുള്ള പരിസ്ഥിതി അനുമതി രണ്ടുവര്‍ഷമായിട്ടും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടില്ല.

deshabhimani news

1 comment:

  1. സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവിയില്‍ വീണ്ടും ആശങ്ക. സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയുടെ ബന്ധുവായ റിസോര്‍ട്ട് ഉടമ അടക്കമുള്ള ചിലര്‍ തുറമുഖത്തിന്റെ കണ്‍സല്‍ട്ടന്റായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്റെ (ഐഎഫ്സി) ഓംബുഡ്സ്മാന് പരാതി നല്‍കിയതോടെയാണ് പദ്ധതി വീണ്ടും അട്ടിമറിഭീഷണിയിലായത്.

    ReplyDelete