Saturday, September 26, 2020

മലരേ മൗനമാ ... ഇനിയില്ല മണ്ണിൽ ഇന്ത കാതൽ

 നാദത്തിന്റെ മാന്ത്രിക താക്കോൽ കൊണ്ട്‌ ഹൃദയത്തിന്റെ ആരും തുറക്കാത്ത അറകൾ നിരന്തരം തുറന്നിട്ട  ഗായകാ വിട! പോയ്‌ മറഞ്ഞാലും നിങ്ങൾ പാടി തീരുന്നില്ലല്ലോ പ്രിയ എസ്‌പിബി; പാടി തോരുന്നുമില്ല. ആസ്വാദക മനസ്സുകളിൽ എണ്ണിയാലൊടുങ്ങാത്ത പാട്ടുകൾ ബാക്കിയാക്കി എസ്‌ പി ബാലസുബ്രഹ്മണ്യം വിടവാങ്ങി. ചെന്നൈ എംജിഎം ഹെൽത്ത്‌ കെയറിൽ  വെള്ളിയാഴ്‌ച പകൽ 1.04ന്‌ ഹൃദയാഘാതത്തെ തുടർന്നാണ്‌‌ അന്ത്യം‌. 74 വയസ്സായിരുന്നു. മൃതദേഹം വെള്ളിയാഴ്‌ച വൈകിട്ട്‌ നുങ്കംപാക്കം കാംപ്‌ത നഗറിലെ വീട്ടിൽ പൊതുദർശനത്തിനുവച്ചു. പിന്നീട്‌ താമരപ്പാക്കത്തെ ഫാം ഹൗസിലേക്ക്‌ കൊണ്ടുപോയി. സംസ്കാരം ശനിയാഴ്‌ച.

കോവിഡ്‌ ബാധിച്ച്‌ ആഗസ്‌ത്‌ അഞ്ചിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  കോവിഡ്‌ ഭേദമായെങ്കിലും ശ്വസനസംബന്ധമായ അസുഖത്തെ തുടർന്ന്‌ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്‌ ജീവൻ നിലനിർത്തിയിരുന്നത്‌.  ആഗസ്ത്‌ 14നാണ്‌‌ വെന്റിലേറ്ററിലേക്ക്‌ മാറ്റിയത്‌. ആരോഗ്യം മെച്ചപ്പെട്ടുവെന്ന്‌ 19ന്‌ മകൻ അറിയിച്ചു. ഇതിനിടയിൽ കഴിഞ്ഞ അഞ്ചിന്‌ വിവാഹവാർഷികം ആശുപത്രിയിൽ ആഘോഷിച്ചു. വ്യാഴാഴ്‌ച വൈകിട്ടാണ്‌‌ സ്ഥിതി വഷളായത്‌. രാത്രിയിൽ കമൽഹാസനും  വെള്ളിയാഴ്‌ച രാവിലെ അടുത്ത ബന്ധുക്കളും ആശുപത്രിയിലെത്തി.

16 ഭാഷ; 40,000 പാട്ട്‌

പതിനാറ്‌ ഭാഷകളിലായി 40,000ത്തിലധികം ഗാനങ്ങൾ പാടി. ഇത്രയധികം ചലച്ചിത്രഗാനങ്ങൾ പാടിയ മറ്റൊരാൾ ലോകത്തുണ്ടായിട്ടില്ല. ആന്ധ്രയിലെ നെല്ലൂരിൽ ഹരികഥാ കലാകാരനായ എസ് പി സാംബമൂർത്തിയുടെയും ശകുന്തളമ്മയുടെയും മകനായി 1946 ജൂൺ നാലിന്‌‌‌ ജനനം. മുഴുവൻ പേര്‌ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യം. എൻജിനിയറാകാൻ ആഗ്രഹിച്ച ബാലസുബ്രഹ്‌മണ്യം യാദൃച്ഛികമായാണ് സംഗീതലോകത്തെത്തിയത്. എൻജിനിയറിങ്‌ പഠനകാലത്ത്‌ പാട്ടു മത്സരത്തിൽ എസ്‌ ജാനകിയുടെ ശ്രദ്ധയിൽപ്പെട്ടത്‌‌ സിനിമയിലേക്ക്‌ വഴിതുറന്നു‌.

1966 ഡിസംബർ 15ന്‌‌ പിന്നണി ഗായകനായി അരങ്ങേറ്റം. എസ് പി കോദണ്ഡപാണിയുടെ ‘ശ്രീ ശ്രീ മര്യാദ രാമണ്ണ' തെലുഗു സിനിമയിൽ ‘ഹരിഹരനാരായണോ’, ‘ഏമിയേ വിന്ത മോഹം’ എന്നീ ഗാനങ്ങൾ പാടി. ‘കടൽപ്പാലം’ എന്ന സിനിമയിൽ വയലാർ എഴുതി ദേവരാജൻ സംഗീതം നൽകിയ ‘ഈ കടലും മറുകടലും' എന്ന പാട്ടിലൂടെ മലയാളത്തിൽ അരങ്ങേറി.

1979ൽ പുറത്തിറങ്ങിയ കെ വിശ്വനാഥിന്റെ തെലുങ്കുചിത്രം ശങ്കരാഭരണത്തിലെ ഗാനങ്ങൾക്ക്‌ ആദ്യ ദേശീയ പുരസ്കാരം. നാലുഭാഷകളിലായി ആറു തവണ ദേശീയ പുരസ്‌കാരം. മികച്ച നടനായും ഡബ്ബിങ്‌ ആർടിസ്റ്റായും തിളങ്ങി. 72 സിനിമയിൽ വേഷമിട്ടു. മികച്ച സഹനടനുള്ള കർണാടക സർക്കാർ അവാർഡും നേടി. 46 സിനിമയ്‌ക്ക് സംഗീതം നിർവഹിച്ചു.  

ഭാര്യ: സാവിത്രി. മക്കൾ: പല്ലവി, എസ്‌ പി ബി ചരൺ(ഗായകൻ).

കണ്ണീരിലാഴ്‌ത്തി മടക്കം

ഒന്നരമാസം പിന്നിട്ട ആശുപത്രിവാസത്തിൽനിന്ന്‌ പ്രിയ ഗായകന്റെ തിരിച്ചുവരവിനായി കാത്തിരുന്നവരെ കണ്ണീരിലാഴ്‌ത്തി എസ്‌ പി ബിയുടെ മടക്കം‌. എസ്‌ പി ബിയിൽനിന്ന്‌ പിറക്കുന്ന ഗാനങ്ങൾ ഇനിയും ആസ്വദിക്കാമെന്ന ആഗ്രഹങ്ങൾക്ക്‌ ഇടംനൽകാതെ  മരണമെത്തി. പ്രിയ ഗായകനെ അവസാനമായി ഒന്ന്‌ കാണാൻ ആരാധകരും സഹപ്രവർത്തകരും ചെന്നൈ നുങ്കമ്പാക്കം കാംപ്ത നഗറിലെ എസ്‌ പി ബിയുടെ വീട്ടിലേക്ക്‌ ഒഴുകിയെത്തി.

ആഗസ്ത്‌ അഞ്ചിന്‌ കോവിഡ്‌ ബാധിച്ച ഗായകന്‌ വീട്ടിൽത്തന്നെ കഴിഞ്ഞാൽ മതിയെന്നായിരുന്നു ഡോക്ടർമാർ നൽകിയ നിർദേശം. എന്നാൽ, വീട്ടിലുള്ളവർക്ക്‌ രോഗം പടരേണ്ട എന്ന്‌ കരുതിയാണ്‌ ആശുപത്രിയിലേക്ക്‌ പോയത്‌. വേഗം രോഗമോചിതനായി തിരിച്ചെത്താം എന്നായിരുന്നു പ്രതീക്ഷ. പേടിക്കേണ്ടതില്ലെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും അറിയിച്ച്  എസ്‌ പി ബി ആശുപത്രിയിൽനിന്നുള്ള വീഡിയോ സന്ദേശത്തിലൂടെ പങ്കുവച്ചിരുന്നു. കോവിഡ്‌ മോചിതനായെങ്കിലും ന്യുമോണിയ ബാധിച്ചതാണ്‌ സ്ഥിതി ഗുരുതരമാക്കിയത്‌.

നാദശരീരാ പരാ... 

1990കളുടെ ആദ്യപാദം. ഗാനാഗ്രഹിയായി ചെന്നൈ സ്‌റ്റുഡിയോകളിൽ അലഞ്ഞ സമയം. ശ്രദ്ധേയമായ പത്തിലധികം സിനിമാ ഗാനങ്ങളും ഒരു സംസ്ഥാന അവാർഡും കരിയർ ലിസ്‌റ്റിൽ ഇടം പിടിച്ച കാലം. ജോൺസേട്ടന്റ  ഒരു ഗാന റെക്കോഡിങ്‌ കഴിഞ്ഞ്‌  പ്രസാദ് സ്‌റ്റുഡിയോയിൽ നിന്നിറങ്ങി മുന്നിലെ കടയിൽനിന്ന്‌  ചായ കുടിക്കുമ്പോൾ ഇടതു വശത്തെ ഡബ്ബിങ്‌ സ്‌റ്റുഡിയോയിൽനിന്ന്‌ നല്ല തടിയും വലിപ്പവുമുള്ള ഒരാൾ വരുന്നു.  സുപരിചിതമായ ശരീരം. അതേക്കാളേറെ ഹൃദയത്തിലാഴ്‌ന്നിറങ്ങിയ ശാരീരം; എസ് പി ബി അഥവാ എസ് പി ബാലസുബ്രഹ്‌മണ്യം. ഇടതു കൈയിൽ ഐസ് ക്യൂബ് നിറഞ്ഞ ചഷകം. മറു കൈയിൽ എരിയുന്ന സിഗരറ്റ്. ചാറ്റൽമഴ ആസ്വദിച്ച് സിഗരറ്റ് വലിക്കുകയാണ്‌.  " നീ വാ. പരിചയപ്പെടുത്താം’  എന്നുപറഞ്ഞ് ജോൺസേട്ടൻ കൊണ്ടുപോയി. ‘" ജോൺസൺ എന്നാ സമാചാരം. നല്ല പുതുസ് പാട്ടെല്ലാം നീ പൺട്രെ . എനക്ക് മലയാളത്തിലെ ഒന്നും സരിയാവില്ലയാ (നീ മലയാളത്തിൽ നല്ല പാട്ടുകൾ ചെയ്യുന്നുണ്ടല്ലോ. അതിൽ എനിക്ക് പറ്റിയതൊന്നുമില്ലേ) എസ് പി ബി കുശലം ചോദിച്ചു.  ‘ഇതു വേണുഗോപാൽ, പുതിയ ഗായകൻ’  ജോൺസൺ പരിചയപ്പെടുത്തി. എസ് പി ബി എന്നെ നോക്കി. അൽപ്പം അസ്വസ്ഥതയോടെ കൈയിലെ സിഗരറ്റ് വലിച്ചെറിഞ്ഞ്‌ പറഞ്ഞു: ‘ മോനെ, ഒരു ഗായകനാണെങ്കിൽ ഒരിക്കലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യരുത്’. 

അവിടുത്തെ ഡബ്ബിങ്‌ സ്റ്റുഡിയോയിൽ പോയി ‘ഇന്ദിരൻ ചന്ദിരൻ’  സിനിമയുടെ തെലുങ്ക് പതിപ്പിൽ  കമൽഹാസന്റെ  മേയർ കഥാപാത്രത്തിന് ബാലസുബ്രഹ്‌മണ്യം അമാനുഷമായ ശബ്ദമികവ്‌ പകരുന്നത്‌  ആരാധനയോടെ കേട്ടു. പത്ത് കഥാപാത്രങ്ങളിൽ ഒരു സ്‌ത്രീയുടേതുൾപ്പെടെ എട്ട് ശബ്ദമാണ് കമലിന്റെതന്നെ ദശാവതാരത്തിന് സംഭാവന ചെയ്തത്; ഡബ്ബിങ്‌  മികവിലൂടെ. ജനപ്രിയ സിനിമകളിലും സംഗീതത്തിലും എസ്‌പിബി സ്ഥാപിച്ച റെക്കോഡുകൾ ഉടനെയെങ്ങും ഭേദിക്കപ്പെടാനിടയില്ല. 16 ഭാഷകളിലായി പരന്നുകിടക്കുന്ന 40,000 ത്തിലേറെ ഗാനങ്ങൾ. ഒരേ സമയം അഭിനയവും കംപോസിങ്ങും .  മറ്റ് അഭിനേതാക്കൾക്ക് ഒന്നിലധികം ഭാഷകളിൽ ശബ്ദം നൽകൽ‐അത്തരത്തിൽ മറ്റൊരു പ്രതിഭയെ കണ്ടെത്താനാകുമോയെന്ന് സംശയം. 1983 ൽ കന്നട സംഗീത സംവിധായകൻ ഉപേന്ദ്രകുമാറിനുവേണ്ടി ഒരു ദിവസം 21 പാട്ടുകൾ റെക്കോഡ്‌  ചെയ്ത് ഗിന്നസ് നേട്ടവും കൈപ്പിടിയിലൊതുക്കി.

ഹരികഥാ കലാകാരൻ അച്ഛൻ സാംബമൂർത്തിയിൽ നിന്നായിരിക്കണം  സംഗീതവും അഭിനയവും  വൈകാരിക മുഹൂർത്തങ്ങളെ രചനകളിലൂടെ സംഗീതാവിഷ്‌കരിക്കാനുള്ള സിദ്ധിയും ബാലു സ്വായത്തമാക്കിയത്. കോളേജ് കാലത്ത് എസ് പി ബി യുടെ നേതൃത്വത്തിൽ അഞ്ചു പേരടങ്ങുന്ന സംഗീതട്രൂപ്പ് തമിഴ്നാടിന്റെ ഉൾഗ്രാമങ്ങളെപ്പോലും ഇളക്കിമറിച്ചിരുന്നു. ഇളയരാജ (ഗിറ്റാർ), അനിരുദ്ധൻ (ഹാർമോണിയം), ഗംഗൈ അമരൻ (ഇലക്ടിക് ഗിറ്റാർ) , ഭാസ്‌കർ(ഉപകരണസംഗീതം), എസ് പിബി (ഗായകൻ) എന്നിവരായിരുന്നു അനിതരസാധാരണമായ സംഗീത പാടവത്തിലൂടെ ശ്രദ്ധേയരായവർ. അത്തരം പാഠങ്ങളാണ് തന്നെ രൂപപ്പെടുത്തിയതെന്ന്‌ എസ് പി ബി  പറയാറുണ്ടായിരുന്നു.  സംഗീതത്തിനുവേണ്ടി ഊണും ഉറക്കവും പോലുമില്ലാതെയുള്ള അലച്ചിൽ, ഗ്രാമവഴികളിൽ കെട്ടിയ ചെറിയ സ്‌റ്റേജിൽ, കോളാമ്പി സ്‌പീക്കറുകളിൽ, സിംഗിൾ മൈക്രോ ഫോണുകളിൽ‐ പാടിയ ഗാനങ്ങളിൽ പങ്കിട്ടെടുത്ത ധന്യമായ സംഗീത നിമിഷങ്ങൾ.

ഒന്നും എസ്‌പിബി മറന്നില്ല. തന്നെ ആദ്യമായി സംഗീത മത്സരത്തിൽ വിജയിയായി പ്രഖ്യാപിച്ച, തന്റെ ആദ്യ സിനിമാ ഗാനത്തിന്റെ സംഗീത സംവിധായകൻ എസ് പി കോദണ്ഡപാണിയായിരുന്നു അദ്ദേഹത്തിന്റെ കൺകണ്ട ദൈവം. കോദണ്ഡയുടെ സ്മാരകമായി പിൽക്കാലത്ത് ചെന്നൈ വലസരവാക്കത്ത് എസ് പി ബി റെക്കോഡിങ്‌ സ്‌റ്റുഡിയോ സ്ഥാപിച്ചു. 1980 മുതൽ 90കൾവരെ അദ്ദേഹത്തിന്റെ   ജൈത്രയാത്രയായിരുന്നു. നാല്‌ തെന്നിന്ത്യൻ  ഭാഷകളിലൂടെ ബോളിവുഡ് വരെ വളർന്നു. 1980 ൽ റിലീസായ ശങ്കരാഭരണത്തിലൂടെ അന്തർദേശീയ ഗായകനായി അവരോധിക്കപ്പെട്ടു. ആദ്യ ദേശീയ അവാർഡും അതിലെ ഗാനങ്ങൾക്കായിരുന്നു.  ദേശീയ അവാർഡ്‌ ആറ് തവണയും ആന്ധ്രാ സംസ്ഥാന അവാർഡ്‌ 25 പ്രാവശ്യവും നിരവധി ഫിലിം ഫെയർ അവാർഡുകളും മറ്റു ഒട്ടേറെ പുരസ്‌കാരങ്ങളും എസ് പി ബി യെ തേടിയെത്തി.

1981 ൽ ‘ഏക് ദുജേ കേ ലിയെ’യിലൂടെ ബോളിവുഡിൽ തുടക്കം കുറിച്ച എസ്‌പിബി  1989 ആകുമ്പോഴേക്കും അവിടെ  മിന്നും താരമായി. ഒരു കാലത്ത് രാജേഷ്  ഖന്നയ്ക്ക് കിഷോർ കുമാർ എന്നപോലെ  സൽമാൻ ഖാന്റെ സ്വന്തം ശബ്ദമായും അറിയപ്പെട്ടു. ‘മേനേ പ്യാർ കിയാ’ യിൽ  തുടങ്ങിയ ആ  ശബ്ദ ബന്ധം ‘ഹം ആപ്‌ കേ ഹേ കോൻ’ ആയപ്പോഴേക്കും കൊമേഴ്സ്യൽ ഹിറ്റ്‌ ഗായകനായി എസ്‌പിബി മാറുകയായിരുന്നു.  വയലാറിന്റെ വിഖ്യാതമായ ‘അശ്വമേധം’ കവിതയിലെ ആദ്യ വരികൾ അക്കാലത്ത് അദ്ദേഹം  അന്വർഥമാക്കുന്നതു പോലെ തോന്നിയിട്ടുണ്ട്‌.

‘‘ആരൊരാളെൻ

കുതിരയെ കെട്ടുവാൻ

ആരൊരാളെൻ മാർഗം

മുടക്കുവാൻ’’

1990 കളിൽ നിഗൂഢമായ കാരണങ്ങളാൽ തെന്നിന്ത്യയിൽ മാത്രമായി തളയ്ക്കപ്പെട്ട എസ് പി ബിക്ക്‌ നവ ഊർജം പകർന്നത്‌ കീരവാണി, വിദ്യാസാഗർ, ഹംസ ലേഖ എന്നിവരും പുതുതായി സിനിമാ സംഗീതത്തിലേക്ക് കാലൂന്നിയ എ ആർ റഹ്‌മാനും.  ഒന്നര പതിറ്റാണ്ട്‌  ബോളിവുഡിന് പുറത്തുനിന്ന അദ്ദേഹം 2013 ൽ വിശാൽ ശേഖറിന്റെ ‘ചെന്നൈ എക്സ്പ്രസി’ ൽ ഷാരൂഖ് ഖാന് ശബ്ദം നൽകിയാണ്‌ വീണ്ടുമെത്തിയത്‌.  പക്ഷേ, അപ്പോഴേക്കും പുതിയ ശബ്ദങ്ങളും സംഗീത ഭാവുകത്വങ്ങളുമായി പിന്നണി ഗാനരംഗ രസതന്ത്രമാകെ  മാറിയിരുന്നു.

എസ് പി ബി യിലെ അഭിനയ പ്രതിഭയെ തിരിച്ചറിഞ്ഞത്‌ കെ ബാലചന്ദറാണ്‌.  അദ്ദേഹത്തിന്റെ  അവിസ്മരണീയ നടന മുഹൂർത്തങ്ങളെല്ലാം തമിഴ്, തെലുങ്ക് സിനിമകളിലായിരുന്നു. സിസ്റ്റർ നന്ദിനിയിലെ സംഗീതഭ്രാന്തനായ ഡോക്ടർ, പ്രേമയിലെ മദ്യപനായ മധ്യവയസ്‌കൻ, ഒ പാപ്പാ ലാലിയിലെ വിഭാര്യൻ അങ്ങനെ പ്രതിഭ വിളിച്ചോതിയ ഒട്ടേറെ വേഷങ്ങൾ. 72 സിനിമകളിൽ   വേഷമിട്ട എസ്‌പിബി ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളും സംസാരിക്കുമായിരുന്നു.  46  തെലുങ്ക്‌, തമിഴ്, കന്നഡ, ഹിന്ദി സിനിമകൾക്ക് സംഗീത സംവിധാനവും നിർവഹിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഉയർച്ചതാഴ്‌ചകളിൽ തീർച്ചയായും  ഏറ്റവും കഠിനപരീക്ഷണമായിരുന്നു  അവസാന ദിനങ്ങളിലേത്.

ജി വേണുഗോപാൽ

No comments:

Post a Comment