Monday, August 8, 2011

സ്വിസ് ബാങ്കിലെ 700 ഇന്ത്യന്‍ നിക്ഷേപകരുടെ വിവരം പുറത്ത്

ന്യൂഡല്‍ഹി: സ്വിറ്റ്സര്‍ലന്‍ഡില്‍ ബാങ്ക് അക്കൗണ്ടുള്ള 700 ഇന്ത്യക്കാരുടെ നിക്ഷേപവിവരങ്ങള്‍ കൂടി കേന്ദ്രസര്‍ക്കാരിന് ലഭിച്ചു. ജനീവയിലെ എച്ച്എസ്ബിസി ബാങ്കില്‍ നിക്ഷേപമുള്ള 700 ഇന്ത്യക്കാരുടെ വിശദാംശങ്ങള്‍ ഫ്രഞ്ച് സര്‍ക്കാരാണ് ഇന്ത്യക്ക് കൈമാറിയത്. ഇവര്‍ നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം തുടങ്ങി. നേരത്തെ ലീച്ചന്‍സ്റ്റീനിലെ എല്‍ജിടി ബാങ്കില്‍ അക്കൗണ്ടുള്ള 18 ഇന്ത്യന്‍ നിക്ഷേപകരുടെ പേരുവിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചിരുന്നു. ഇവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടില്ലെങ്കിലും മനോരമ കുടുംബാംഗം അടക്കമുള്ളവരുടെ പേരുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. എല്‍ജിടി ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപകരില്‍ നികുതിവെട്ടിപ്പ് നടത്തിയെന്ന് ബോധ്യപ്പെട്ട 15 പേര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചെന്ന് പിന്നീട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. കള്ളപ്പണ നിക്ഷേപകരെ കണ്ടെത്തുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന് കുറ്റപ്പെടുത്തിയ സുപ്രീംകോടതി കള്ളപ്പണനിക്ഷേപകരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്താത്തതിനെ വിമര്‍ശിക്കുകയുംചെയ്തു. എച്ച്എസ്ബിസിയിലെ 700 ഇന്ത്യന്‍ നിക്ഷേപകരിലും വന്‍തോക്കുകളുണ്ടെന്നാണ് സൂചന. ഇവരുടെ വിശദാംശങ്ങളും രഹസ്യമാക്കി വയ്ക്കാനാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം.

ഇതാദ്യമായാണ് വിദേശബാങ്കില്‍ നിക്ഷേപമുള്ള ഇത്രയധികം പേരുടെ വിശദാംശങ്ങള്‍ സര്‍ക്കാരിന് കിട്ടുന്നത്. എച്ച്എസ്ബിസി ബാങ്കിലെ ഒരു മുന്‍ജീവനക്കാരന്‍ 2008ല്‍ മോഷ്ടിച്ച രേഖകളില്‍നിന്നാണ് നിക്ഷേപകരുടെ വിവരങ്ങള്‍ പുറത്തായത്. നിക്ഷേപകരുടെ വിവരങ്ങള്‍ ബാങ്ക് ജീവനക്കാരന്‍ ഫ്രഞ്ച് സര്‍ക്കാരിന് കൈമാറുകയായിരുന്നു. ഈ രേഖകള്‍ വച്ച് ഫ്രാന്‍സ്, ബ്രിട്ടന്‍ , സ്പെയിന്‍ , ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ അന്വേഷണങ്ങള്‍ നടത്തിയിരുന്നു. നിക്ഷേപകരുടെ വിവരങ്ങള്‍ കിട്ടാന്‍ ഇന്ത്യ താല്‍പ്പര്യം കാട്ടാതിരുന്നതാണ് ഫ്രാന്‍സ് പട്ടിക കൈമാറാന്‍ വൈകിയത്. പിന്നീട് ഇന്ത്യ ആവശ്യപ്പെടാതെ തന്നെ ഫ്രാന്‍സ് വിവരങ്ങള്‍ കൈമാറുകയായിരുന്നു. നിക്ഷേപകന്റെ പേര്, പാസ്പോര്‍ട്ട് നമ്പര്‍ , വിലാസം എന്നീ വിവരങ്ങളാണ് ഫ്രാന്‍സ് കൈമാറിയ രേഖയിലുള്ളത്. ഇന്ത്യയിലെ പല വന്‍ബിസിനസുകാരും കോര്‍പറേറ്റ് ഉടമകളും പട്ടികയിലുണ്ടെന്നാണ് കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡ് (സിബിഡിടി) വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന് ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി പ്രത്യേക സംഘങ്ങള്‍ക്ക് രൂപംനല്‍കി നിരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എല്‍ജിടി ബാങ്കില്‍ ചെറിയ തുകകളുടെ നിക്ഷേപങ്ങളായിരുന്നു കൂടുതലുമെങ്കില്‍ എച്ച്എസ്ബിസിയില്‍ ഇന്ത്യാക്കാരുടേതായി വന്‍നിക്ഷേപമാണുള്ളത്.

deshabhimani 080811

1 comment:

  1. സ്വിറ്റ്സര്‍ലന്‍ഡില്‍ ബാങ്ക് അക്കൗണ്ടുള്ള 700 ഇന്ത്യക്കാരുടെ നിക്ഷേപവിവരങ്ങള്‍ കൂടി കേന്ദ്രസര്‍ക്കാരിന് ലഭിച്ചു. ജനീവയിലെ എച്ച്എസ്ബിസി ബാങ്കില്‍ നിക്ഷേപമുള്ള 700 ഇന്ത്യക്കാരുടെ വിശദാംശങ്ങള്‍ ഫ്രഞ്ച് സര്‍ക്കാരാണ് ഇന്ത്യക്ക് കൈമാറിയത്. ഇവര്‍ നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം തുടങ്ങി. നേരത്തെ ലീച്ചന്‍സ്റ്റീനിലെ എല്‍ജിടി ബാങ്കില്‍ അക്കൗണ്ടുള്ള 18 ഇന്ത്യന്‍ നിക്ഷേപകരുടെ പേരുവിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചിരുന്നു. ഇവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടില്ലെങ്കിലും മനോരമ കുടുംബാംഗം അടക്കമുള്ളവരുടെ പേരുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

    ReplyDelete