Sunday, February 2, 2014

കുത്തകകളെ സഹായിക്കുന്നതില്‍ രാഹുലും മോഡിയും ഒന്ന്: എസ്ആര്‍പി

വയലാര്‍: കുത്തകകള്‍ക്ക് അനുകൂലമായ സാമ്പത്തികനയം നടപ്പാക്കുന്നതില്‍ രാഹുല്‍ഗാന്ധിയും നരേന്ദ്രമോഡിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. കോണ്‍ഗ്രസിനും ബിജെപിക്കും എതിരായി ഇടതുപക്ഷ ശക്തികള്‍ മതനിരപേക്ഷ-ജനാധിപത്യ കക്ഷികളുടെ ബദല്‍ വളര്‍ത്തിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. "മതനിരപേക്ഷ ഇന്ത്യ, വികസിതകേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരളരക്ഷാ മാര്‍ച്ച് വയലാറില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് അനുകൂലമായ നിയമങ്ങളെല്ലാം പാര്‍ലമെന്റില്‍ പാസാക്കിയത് കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നാണ്. അതുകൊണ്ടുതന്നെ മോഡി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ല. കോണ്‍ഗ്രസ് അടിക്കടി ദുര്‍ബലപ്പെടുന്നതായാണ് അടുത്തിടെയുള്ള തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് ഇത്തവണ രണ്ടക്കത്തിനപ്പുറം കടക്കില്ല. ഗുജറാത്ത് മോഡല്‍ ഭൂരിപക്ഷ വര്‍ഗീയത രാജ്യവ്യാപകമാക്കാനാണ് മോഡി ശ്രമിക്കുന്നത്. മോഡിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിയത് കോണ്‍ഗ്രസാണ്. ബിജെപി ഉയര്‍ത്തിയ വര്‍ഗീയ രാഷ്ട്രീയത്തെ നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. 2004-2008 കാലത്ത് ബിജെപിയെ അധികാരത്തില്‍നിന്ന് ഒഴിവാക്കാന്‍ ഇടതുപക്ഷം യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കി. എന്നാല്‍, ബിജെപിയെ എതിര്‍ക്കുന്നതിനെക്കാള്‍ അമേരിക്കന്‍ താല്‍പര്യം സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് പരിശ്രമിച്ചത്. കോണ്‍ഗ്രസിനെയും ബിജെപിയെയും തടയാന്‍ ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്കേ കഴിയൂ. ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളുമായി ചര്‍ച്ചനടത്തുകയാണ്. ഇവര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്നാണ് എല്ലാവരുടെയും അഭിപ്രായം. എല്ലാ ആശയങ്ങളുടെയും ആള്‍ക്കൂട്ടമായ ആം ആദ്മി പാര്‍ടിക്ക് ബദല്‍ ശക്തിയാകാനാവില്ല. ഇവര്‍ക്ക് വ്യക്തമായ നയമില്ല. കോണ്‍ഗസും ബിജെപിയും പിന്തുടരുന്ന സാമ്പത്തിക നയങ്ങളെ എതിര്‍ക്കുന്നവര്‍ക്കേ യഥാര്‍ഥ ബദലാകാനാകൂ. രാജ്യത്തിന്റെ സമ്പത്ത് സമ്പന്നര്‍ക്ക് പതിച്ചുകൊടുക്കുകയാണ്. അഞ്ചു വര്‍ഷത്തിനിടെ 20 ലക്ഷം കോടിയുടെ സൗജന്യം കുത്തകകള്‍ക്ക് നല്‍കി. പെട്രോളിയം, പാചകവാതക ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതുവഴി ഒരുലക്ഷം കോടിയുടെ അധികവരുമാനം റിലയന്‍സിന് മാത്രം ഉണ്ടായി. ഖനികള്‍, പ്രകൃതിവാതകം, പെട്രോളിയം സ്രോതസ് തുടങ്ങിയവയെല്ലാം കുത്തകകള്‍ക്ക് കൈമാറി. 6.25 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നു. നൂറു കോടിയിലേറെ ആസ്തിയുള്ളവര്‍ 2005ല്‍ 13 ആയിരുന്നത് 2013ല്‍ 103ആയി വര്‍ധിച്ചു.

അതേസമയം ഏറ്റവും കൂടുതല്‍ വിശപ്പ് അനുഭവിക്കുന്ന രാജ്യങ്ങളില്‍ 65-ാം സ്ഥാനത്തുമായി ഇന്ത്യ. 36 ശതമാനം സ്ത്രീകള്‍ക്കും പോഷകാഹാരം കിട്ടുന്നില്ല. തൊഴിലില്ലായ്മയും ഭൂരഹിതരുടെ എണ്ണവും പെരുകുന്നു. 43 ശതമാനം കര്‍ഷകര്‍ ഭൂരഹിതരായി. 7.8 കോടി പേര്‍ക്ക് വീടില്ല. 9.3 കോടി ജനങ്ങള്‍ ചേരിപ്രദേശത്താണ്. വിദ്യാഭ്യാസം കച്ചവടക്കാരെ ഏല്‍പ്പിച്ചു. ചികിത്സാരംഗത്തെ ചൂഷണമാണ് ജനങ്ങളെ കടക്കെണിയില്‍ തള്ളുന്നതില്‍ രണ്ടാമത്തെ കാരണം. ഗ്രാമപ്രദേശങ്ങളില്‍ 60 ശതമാനത്തിലധികംപേരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നു. 66 കൊല്ലത്തെ സ്വാതന്ത്ര്യത്തിന്റ ബാക്കിപത്രം ഇതാണ്. കേരളത്തിലും യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി. സംസ്ഥാനം ഇതുവരെ നേടിയ നേട്ടങ്ങളില്‍നിന്നെല്ലാം തിരിച്ചുപോകുകയാണ്. എല്ലാ മേഖലയും കോര്‍പറേറ്റുകള്‍ക്ക് അടിയറ വയ്ക്കുന്നു. യുഡിഎഫ് പ്രഖ്യാപിച്ച "കേരള വികസനം 2030" അറുപിന്തിരിപ്പനാണെന്നും ഇതെല്ലാം മറികടക്കാനാണ് ഇടതുബദല്‍ ശ്രമിക്കുകയെന്നും എസ്ആര്‍പി പറഞ്ഞു.

സിബിഐ അന്വേഷണം നിയമവിരുദ്ധം: എസ് ആര്‍ പി

ആലപ്പുഴ: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാനുള്ള നീക്കം നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നവരെ പ്രതിയാക്കാനുള്ള ശ്രമമാണ് ഇതിനുപിന്നിലെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. കുറ്റാന്വേഷണത്തില്‍ ബാഹ്യശക്തി ഇടപെടുന്നത് നിയമവാഴ്ചക്കെതിരാണ്. കേരള രക്ഷാമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ പിശകുള്ളതായി ഇതുവരെ പരാതി ഉന്നയിക്കപ്പെട്ടിട്ടില്ല. കോടതിയും ഒരു സംശയവും പ്രകടിപ്പിച്ചില്ല. എന്നിട്ടും സര്‍ക്കാര്‍ കുറ്റാന്വേഷണത്തില്‍ ഇടപെടുന്നു. ഇതിന് നിയമപരമായി അവകാശമില്ല. തങ്ങള്‍ പറയുന്ന ആളുകളെ പ്രതിയാക്കണമെന്ന സര്‍ക്കാര്‍ വാദം ദിവാന്‍ ഭരണകാലത്തേതിന് സമാനമാണ്. കുറ്റവാളികളെ സര്‍ക്കാര്‍ തീരുമാനിക്കുകയും കങ്കാരു കോടതി ശിക്ഷിക്കുകയും ചെയ്യുന്ന സംവിധാനമാണ് യുഡിഎഫ് നടപ്പാക്കുന്നത്. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന സുപ്രീം കോടതിയുടെ അഭിപ്രായം ശരിവയ്ക്കുന്ന സ്ഥിതിയാണ് ഇന്നുള്ളതെന്നും സോളാര്‍ കേസ് ഉള്‍പ്പെടെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് തട്ടിപ്പാണ് സംസ്ഥാനത്ത് അരങ്ങേറുന്നതെന്നും എസ് ആര്‍ പി പറഞ്ഞു.

deshabhimani

No comments:

Post a Comment