മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പുതിയ പദ്ധതി ആരംഭമെന്ന രീതിയില്‍ വ്യാഖ്യാനിക്കാന്‍ ആസൂത്രിത നീക്കം. വിമാനത്താവളം യുഡിഎഫിന്റെ വികസനപദ്ധതിയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢനീക്കമാണ് അണിയറയില്‍ നടക്കുന്നത്. ഞായറാഴ്ച പകല്‍ മൂന്നിന് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡുകളില്‍ ഇത് നിഴലിച്ചുകാണാം. "കടലാസില്‍നിന്ന് യാഥാര്‍ഥ്യത്തിലേക്ക്" എന്ന് വിശേഷിപ്പിച്ചാണ് ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും മന്ത്രി ബാബുവിന്റെയും വലിയ ചിത്രങ്ങളുള്ള ബോര്‍ഡ്. എന്നാല്‍ സാങ്കേതിക വിദഗ്ധര്‍ രൂപകല്‍പ്പന ചെയ്ത് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്പനി ലിമിറ്റഡ് അംഗീകരിച്ച ഗ്രീന്‍ഫീല്‍ഡ് വിമാനത്തവളത്തിന്റെ ചിത്രം പക്ഷേ, ആര്‍ക്കും മനസ്സിലാകാത്ത രീതിയിലാണ് ഉള്‍ക്കൊള്ളിച്ചത്. വിമാനത്താവളം യാഥാര്‍ഥ്യമാക്കിയ യുഡിഎഫ് ഗവണ്‍മെന്റിന് അഭിവാദ്യങ്ങള്‍ എന്ന തലക്കെട്ടോടെ മാസങ്ങള്‍ക്ക് മുമ്പ് യൂത്ത് കോണ്‍ഗ്രസുകാര്‍ മട്ടന്നൂരില്‍ സ്ഥാപിച്ച പ്രചാരണബോര്‍ഡിന്റെ പകര്‍പ്പാണ് സര്‍ക്കാരിന്റേതെന്ന നിലയില്‍ അവതരിപ്പിക്കുന്നത്.
2010 ഡിസംബര്‍ 17ന് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തറക്കല്ലിട്ട പദ്ധതിയാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. തറക്കല്ലിട്ട അതേ സ്ഥലത്താണ് മൂന്ന് വര്‍ഷത്തിനുശേഷം പ്രവൃത്തി ഉദ്ഘാടനമെന്ന പേരില്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്. എല്‍ഡിഎഫിന്റെ കാലത്ത് കെട്ടിയുയര്‍ത്തിയ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ കൂറ്റന്‍ മതിലിനുള്ളിലാണ് ഉദ്ഘാടന വേദിയൊരുക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ വൃക്ഷങ്ങളെല്ലാം മുറിച്ചുമാറ്റി നിര്‍മാണ കരാര്‍ കമ്പനിയായ എല്‍ ആന്‍ഡ് ടി പ്രവൃത്തി തുടങ്ങിയിട്ട് മാസങ്ങള്‍ ഏറെയായി. എന്നാല്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വികസനപദ്ധതിയായി കണ്ണൂര്‍ വിമാനത്താവളത്തെ ചൂണ്ടിക്കാട്ടാനുള്ള വ്യഗ്രതയിലാണ് പ്രവൃത്തി തുടങ്ങി മാസങ്ങള്‍ കഴിഞ്ഞ് ആന്റണിയെക്കൊണ്ടുവന്ന് ഉദ്ഘാടനച്ചടങ്ങ് നടത്തുന്നതെന്ന് വ്യക്തം. മൂന്ന് കേന്ദ്രമന്ത്രിമാരും അഞ്ച് സംസ്ഥാന മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിയില്‍ മന്ത്രിസഭയിലെ രണ്ടാമനെന്ന് കോണ്‍ഗ്രസുകാര്‍ വിശേഷിപ്പിക്കുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ക്ഷണമില്ല. കണ്ണൂരില്‍ വിമാനത്താവളം എന്ന ആശയം മുന്നോട്ടുവച്ച മുന്‍ സിവില്‍വ്യോമയാന മന്ത്രിയും നാട്ടുകാരനുമായ സി എം ഇബ്രാഹിമിനെയും ക്ഷണിച്ചില്ല. തറക്കല്ലിടല്‍ ചടങ്ങില്‍ സി എം ഇബ്രാഹിം മുഖ്യാതിഥിയായി പങ്കെടുക്കുകയും കണ്ണൂരില്‍ വിമാനത്താവളമുണ്ടാകാനുള്ള കാരണങ്ങളും അതിന് മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെയും എല്‍ഡിഎഫ് സര്‍ക്കാറിന്റെയും പ്രയത്നങ്ങളെയും പ്രശംസിച്ച് സംസാരിച്ചിരുന്നു. ഇബ്രാഹിം ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവാണെങ്കിലും ചടങ്ങിലേക്ക് ക്ഷണിച്ചാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ പിറവിക്ക് പിന്നിലെ കാര്യങ്ങള്‍ വിശദീകരിക്കുമോ എന്ന ഭയമാണ് അദ്ദേഹത്തെ മാറ്റിനിര്‍ത്തിയതിന് പിന്നില്‍.
രാഗേഷ് കായലൂര്‍ deshabhimani
No comments:
Post a Comment