പാചകവാതക സിലിണ്ടര്‍ സബ്സിഡി വിതരണം ആധാറുമായി ബന്ധപ്പെടുത്തിയത് മരവിപ്പിച്ചെന്ന കേന്ദ്രമന്ത്രിമാരുടെ പ്രഖ്യാപനം കബളിപ്പിക്കലായി. ശനിയാഴ്ച തീരുമാനം പ്രാബല്യത്തില്‍ വരുമെന്നാണ് കേന്ദ്രമന്ത്രിമാര്‍ വ്യാഴാഴ്ച മന്ത്രിസഭായോഗത്തിനുശേഷം വിശദീകരിച്ചത്. എന്നാല്‍, ശനിയാഴ്ച സിലിണ്ടര്‍ എടുത്ത ഉപയോക്താക്കള്‍ക്കും പൂര്‍ണവില നല്‍കേണ്ടിവന്നു. സബ്സിഡി ഉള്‍പ്പെടെയുള്ള വിലതന്നെ തുടര്‍ന്നും ഈടാക്കണമെന്ന് പൊതുമേഖലാ എണ്ണക്കമ്പനികളില്‍നിന്ന് നിര്‍ദേശം ലഭിച്ചതായി എല്‍പിജി വിതരണക്കാര്‍ പറഞ്ഞു. കേന്ദ്രമന്ത്രിമാരുടെ പ്രഖ്യാപനത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് എണ്ണക്കമ്പനികള്‍ പ്രതികരിച്ചത്. സിലിണ്ടര്‍ സബ്സിഡി ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന സംവിധാനം മരവിപ്പിക്കുമെന്ന് കേന്ദ്രമന്ത്രിമാര്‍ പ്രഖ്യാപിച്ചെങ്കിലും ഔദ്യോഗിക വിജ്ഞാപനമായില്ല. മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ് ആധാറുമായി ബന്ധിപ്പിച്ചുള്ള സബ്സിഡിവിതരണം.
കിരിത് എസ് പരേഖ് അധ്യക്ഷനായ സമിതി 2009 ഫെബ്രുവരി രണ്ടിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയും സബ്സിഡിവിതരണവും അടക്കമുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കിവരുന്നത്. എപിഎല്‍ കുടുംബങ്ങള്‍ക്ക് സിലിണ്ടര്‍ സബ്സിഡി നല്‍കുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്നതാണ് പ്രഖ്യാപിതനയം. ഈ ലക്ഷ്യത്തിലേക്കുള്ള പരിഷ്കാരങ്ങളില്‍നിന്ന് പിന്നോട്ടുപോകുന്നതില്‍ ഭരണനേതൃത്വത്തില്‍ ശക്തമായ എതിര്‍പ്പുണ്ട്. ധനമന്ത്രി ചിദംബരവും റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും ഇക്കാര്യം പരസ്യമായി പ്രകടിപ്പിച്ചു. സബ്സിഡിയെ ആധാറുമായി ബന്ധിപ്പിച്ചതിന്റെ ആദ്യഘട്ടം നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കേരളത്തില്‍ പാചകവാതകം ഉപയോഗിക്കുന്ന 73 ലക്ഷം വീടുകളില്‍ 70 ശതമാനത്തോളം ആധാറിനെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അല്ലാത്ത ഉപയോക്താക്കള്‍ സബ്സിഡി ഒഴിച്ചുള്ള വില മാത്രമാണ് നല്‍കുന്നത്. തലതിരിഞ്ഞ പരിഷ്കാരത്തിനെതിരെ ശക്തമായ പ്രക്ഷോഭമാണ് കേരളത്തില്‍ ഉയര്‍ന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയക്കുന്ന കോണ്‍ഗ്രസ് നേതൃത്വം കളിച്ച നാടകമാണ് കഴിഞ്ഞദിവസത്തെ പ്രഖ്യാപനം. ഈ പരിഷ്കാരങ്ങളുടെ തുടക്കത്തില്‍ത്തന്നെ ഇടതുപക്ഷം അപകടം ചൂണ്ടിക്കാട്ടി. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം പന്ത്രണ്ടാക്കിയെന്ന കേന്ദ്രമന്ത്രിമാരുടെ പ്രഖ്യാപനവും തെരഞ്ഞെടുപ്പ് തട്ടിപ്പാണ്. തെരഞ്ഞെടുപ്പുവരെമാത്രം സബ്സിഡിയോടെ രണ്ടോ മൂന്നോ സിലിണ്ടര്‍ നല്‍കാനാണ് തീരുമാനം.
സാജന്‍ എവുജിന്‍ deshabhimani
No comments:
Post a Comment