അട്ടപ്പാടിയില്‍ തൊഴിലുറപ്പ്പദ്ധതി എന്‍ജിഒക്ക് കൈമാറാന്‍ ഉന്നതതല നീക്കം. ഇതിന്റെ ഭാഗമായി അട്ടപ്പാടിയില്‍ വിവിധ വകുപ്പ്മേധാവികളുടെ യോഗം ചേര്‍ന്നു. യോഗങ്ങളിലും ഊരുസന്ദര്‍ശനങ്ങളിലും കര്‍ണാടകയില്‍നിന്നുള്ള ഒരു എന്‍ജിഒയും പങ്കെടുത്തു. ഹൈദരാബാദില്‍ നിന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്റിലെ (എന്‍ഐആര്‍ഡി)ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. തൊഴിലുറപ്പ്പദ്ധതി നിലവില്‍ നടപ്പാക്കിവരുന്ന ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നീര്‍ത്തടാധിഷ്ഠിത പ്ലാന്‍ തയ്യാറാക്കി പദ്ധതി നടപ്പാക്കാനാണ് നീക്കം. നീര്‍ത്തടാധിഷ്ഠിത പ്ലാന്‍ തയ്യാറാക്കുന്നതിന്റെ മറവിലാണ് എന്‍ജിഒയെ തിരുകിക്കയറ്റുന്നത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലംമുതല്‍ മാതൃകാപരമായി തൊഴിലുറപ്പ്പദ്ധതി നടപ്പാക്കി വരുന്ന ബ്ലോക്കാണ് അട്ടപ്പാടി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമഫലമായി ആദിവാസിഭൂമിയിലും ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള കാര്‍ഷികഭൂമിയിലും പട്ടികജാതിക്കാരുടെ ഭൂമിയിലും മിച്ചഭൂമിലഭിച്ച കര്‍ഷകര്‍ക്കും തൊഴിലുറപ്പ്പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ട്. അട്ടപ്പാടിയില്‍ 25,500 ഏക്കര്‍ ആദിവാസിഭൂമിയാണ് തരിശായിട്ടുള്ളത്. ഇതില്‍ 4500 ഏക്കര്‍ സ്ഥലം തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷിയോഗ്യമാക്കി. 3500ഉം ആദിവാസികളാണ് തൊഴിലുറപ്പ്പദ്ധതിയിലൂടെ പരമ്പരാഗതകൃഷിയിലേക്കു തിരിച്ചുവന്നത്. അട്ടപ്പാടിയില്‍ തൊഴില്‍ ലഭിച്ചവരില്‍ 54ശതമാനവും ആദിവാസികളാണ്. ഇതേവരെ സൃഷ്ടിച്ച തൊഴില്‍ദിനങ്ങളുടെ 55 ശതമാനം ഗുണഭോക്താക്കളും ആദിവാസികളാണ്. നൂറുദിവസം തൊഴില്‍ പൂര്‍ത്തിയാക്കിയത് 353 പേരാണ്. ഇവരില്‍ 242പേരും ആദിവാസിഭൂമി കൃഷിയോഗ്യമാക്കുന്നു. ആദിവാസിക്കു തൊഴില്‍ ലഭിക്കുന്നു. ഇങ്ങനെ നിരവധി നേട്ടങ്ങളാണ് ആദിവാസികള്‍ക്കും മറ്റുപിന്നോക്ക വിഭാഗങ്ങള്‍ക്കും ലഭിച്ചുവരുന്നത്. ആദിവാസി "മേറ്റു"കള്‍ക്ക് 500രൂപ യാത്രാച്ചെലവും നല്‍കുന്നുണ്ട്. അട്ടപ്പാടിയിലെ 90 ശതമാനം ആദിവാസികളും പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്തുവെന്നത് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതാണ്. നിലവിലുള്ള ചട്ടക്കൂടില്‍നിന്നാണ് ഇതെല്ലാം നടക്കുന്നത്.
മണ്ണ് -ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക, വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ജലസേചന പ്രവൃത്തികള്‍ തുടങ്ങി പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃഷിഭവനുമായി സഹകരിച്ച് ചെയ്യുന്നുണ്ട്. "അഹാഡ്സി"ല്‍നിന്ന് തൊഴില്‍രഹിതരായി പുറത്തുപോയി കൃഷിഭവനില്‍ നിയമനം ലഭിച്ച ആദിവാസി ജീവനക്കാരാണ് ഇത്തരം പ്ലാനുകള്‍ തയ്യാറാക്കിയത്. ഓരോ ഊരും ആദിവാസിഭൂമിയെപ്പറ്റിയും അടുത്തറിയുന്ന ഇവര്‍ തയ്യാറാക്കിയ പ്ലാന്‍ പ്രകാരം അടുത്തവര്‍ഷത്തെ പദ്ധതി നടപ്പാക്കാന്‍ കഴിയും. ഇതിനിടെയാണ് നീര്‍ത്തടാധിഷ്ഠിത പ്ലാന്‍ തയ്യാറാക്കി പദ്ധതിനടത്താനുള്ള നീക്കം നടത്തുന്നത്. ഇത് പദ്ധതിപ്രവര്‍ത്തനത്തിന് കാലതാമസം വരുത്തും. തോട്ടംഉടമകള്‍ക്കും വന്‍കിട കര്‍ഷകര്‍ക്കുമാണ് നീര്‍ത്തടാധിഷ്ഠിത പദ്ധതിയുടെ ഗുണം ലഭിക്കുക. നീര്‍ത്തടാധിഷ്ഠിതമല്ലാത്ത എല്ലാവിഭാഗം കര്‍ഷകര്‍ക്കും ഗുണം ലഭിക്കുന്ന ഇന്റര്‍ഗ്രേറ്റഡ് വാട്ടര്‍ ഷെഡ് മാനേജ്മെന്റ് പ്രോഗ്രാം(ഐഡബ്ല്യുഎംപി) നിലവിലുണ്ട്. എസ്സി, എസ്ടി, ബിപിഎല്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ ഒന്നും ഐഡബ്ല്യുഎംപിയില്‍ തൊഴിലുറപ്പ് നടത്താന്‍ തടസ്സമല്ല. ഇതിനൊന്നും ശ്രമിക്കാതെ പദ്ധതിയെ അട്ടിമറിക്കാനാണ് ഉന്നതതല നീക്കമുള്ളത്. പാളിച്ചകള്‍ ഉണ്ടെങ്കില്‍ അതു പരിഹരിച്ചുപോകാന്‍ ശ്രമിക്കാതെ പദ്ധതി എന്‍ജിഒകളെ ഏല്‍പ്പിച്ച് ആദിവാസികളേയും ദരിദ്ര കര്‍ഷകത്തൊഴിലാളികളേയും പദ്ധതിയില്‍നിന്ന് പുറത്താക്കാനാണ് നീക്കം.
deshabhimani
No comments:
Post a Comment