Thursday, October 3, 2013

പങ്കാളിത്ത പെന്‍ഷന്‍വിഹിതം പിരിക്കുന്നില്ല; പുതിയ ജീവനക്കാരുടെ പെന്‍ഷന്‍ ആശങ്കയില്‍

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കി ആറുമാസം കഴിഞ്ഞിട്ടും പുതുതായി സര്‍ക്കാര്‍ സര്‍വീസില്‍ കയറിയവരില്‍നിന്ന് പെന്‍ഷന്‍ വിഹിതം പിരിക്കുന്നില്ല. പിഎഫ്ആര്‍ഡിഎയുമായി സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവയ്ക്കാത്തതാണ് ജീവനക്കാരില്‍നിന്ന് വിഹിതം പിരിക്കുന്നതിന് തടസമായത്. ഇതോടെ പുതുതായി സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് ഒരുവിധ പെന്‍ഷനും ലഭിക്കില്ലെന്ന സ്ഥിതിയായി.

കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതലാണ് സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത്. ഇതിനുശേഷം മൂവായിരത്തോളം പേര്‍ വിവിധ വകുപ്പുകളിലായി സര്‍വീസില്‍ പ്രവേശിച്ചതായാണ് വിവരം. ഇവരെയെല്ലാം പുതിയ പെന്‍ഷന്റെ പരിധിയിലേ പരിഗണിക്കൂ. അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10 ശതമാനം വരുന്ന തുകയാണ് മാസംതോറും പെന്‍ഷന്‍ ഫണ്ടിലേക്ക് നല്‍കേണ്ടത്. എന്നാല്‍ പദ്ധതി നിലവില്‍വന്ന് ആറുമാസം കഴിഞ്ഞിട്ടും പെന്‍ഷന്‍ വിഹിതം പിരിക്കാതെ പൂര്‍ണതോതിലുള്ള ശമ്പളമാണ് നല്‍കുന്നത്്. ഇപ്പോള്‍ സര്‍വീസില്‍ കയറുന്ന ഒരു എല്‍ഡി ക്ലര്‍ക്ക് 1550 രൂപയോളം പ്രതിമാസം പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്ക്കണം. ഇതനുസരിച്ച് പതിനായിരത്തോളം രൂപ ഇപ്പോള്‍തന്നെ ഓരോ ജീവനക്കാരനും കുടിശികയുണ്ട്. ഇതിനുതുല്യമായ തുക സര്‍ക്കാരും നല്‍കണം. കുടിശികതുക എന്നായാലും ജീവനക്കാര്‍ നല്‍കേണ്ടിവരും.

ഈ തുക ഒരുമിച്ച് അടയ്ക്കേണ്ടിവരുന്നത് ജീവനക്കാരെ പ്രതിസന്ധിയിലാക്കും. ട്രഷറി ഓഫീസര്‍മാരോ വകുപ്പ് മേധാവികളോ മറ്റ് ചുമതലപ്പെട്ട ഉദ്യോഗസ്ഥരോ ആണ് ഈ തുക ശമ്പളത്തില്‍നിന്ന് പിടിക്കേണ്ടത്. ഇതിനു തുല്യമായ തുക സംസ്ഥാന സര്‍ക്കാരും ജീവനക്കാരന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കണം. എന്നാല്‍ ഇതിനായി ജീവനക്കാരന്റെ പേരില്‍ പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് ഇതുവരെ തുടങ്ങിയിട്ടില്ല. ജോലിക്കു ചേര്‍ന്നപ്പോള്‍തന്നെ ഇതിനുള്ള അപേക്ഷാഫോറം മേലുദ്യോഗസ്ഥര്‍ ജീവനക്കാരില്‍നിന്ന് പൂരിപ്പിച്ച് വാങ്ങിയിരുന്നു. എന്നാല്‍ ആര്‍ക്കും അക്കൗണ്ട് നമ്പര്‍ അനുവദിച്ചിട്ടില്ല.

കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷന്‍ ഫണ്ട് നിയന്ത്രണ വികസന അതോറിറ്റിയുടെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് പെന്‍ഷന്‍ അക്കൗണ്ട് പ്രവര്‍ത്തിക്കുക. ഇതിനായി പിഎഫ്ആര്‍ഡിഎയുമായി സംസ്ഥാന സര്‍ക്കാര്‍ കരാരില്‍ ഏര്‍പ്പെടണം. എന്നാല്‍ ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന കരാറിന് മന്ത്രിസഭ ഇനിയും അംഗീകാരം നല്‍കിയിട്ടില്ല. ഇതിനുണ്ടായ കാലതാമസമാണ് തുടര്‍നടപടി വൈകുന്നതിന് കാരണം. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച വ്യവസ്ഥകളും രൂപീകരിച്ചിട്ടില്ല. 2004 മുതല്‍ മുന്‍കാല പ്രാബല്യമുള്ളതായി ഇതുസംബന്ധിച്ച ബില്ലില്‍ പറയുന്നതിനാല്‍ നിലവിലുള്ള ജീവനക്കാരും പ്രതിസന്ധിയിലാണ്.

നിലവിലുള്ള ജീവനക്കാര്‍ക്കും പുതുതായി സര്‍വീസില്‍ കയറിയ വര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നകാര്യം കണ്ടറിയേണ്ട സ്ഥിതിയാണ്. ക്ഷേമ പദ്ധതികളുടെ ഭാഗമായി രൂപീകരിച്ച പെന്‍ഷന്‍ സമ്പ്രദായം അട്ടിമറിച്ചതോടെ സര്‍ക്കാര്‍ സര്‍വീസ് മേഖലയുടെ ആകര്‍ഷണീയത കുറയുകയാണ്.

ജി അനില്‍കുമാര്‍ deshabhimani

No comments:

Post a Comment