Tuesday, April 2, 2013

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഏറ്റവും വലിയ തൊഴിലാളി വഞ്ചന:ആനത്തലവട്ടം


ആലപ്പുഴ: യുഡിഎഫ് സര്‍ക്കാര്‍ വിഢിദിനത്തില്‍ ആരംഭിച്ച പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി കേരളം കണ്ടതില്‍ ഏറ്റവും വലിയ തൊഴിലാളി വഞ്ചനയാണെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. സിഐടിയു അഖിലേന്ത്യാ സമ്മേളനനഗറില്‍ ഉയര്‍ത്താനുള്ള പതാകജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍വീസില്‍ കയറുന്ന ജീവനക്കാരില്‍ നിന്ന് 200 രൂപയിലേറെ പെന്‍ഷന്‍ പദ്ധതിയിലേക്ക് പിടിക്കും. എല്ലാ ജീവനക്കാരില്‍ നിന്നും ഈടാക്കുമ്പോള്‍ രൂപപ്പെടുന്ന വന്‍തുക കോര്‍പറേറ്റുകളുടെ വളര്‍ച്ചയ്ക്കായാണ് നല്‍കുക. തൊഴിലാളികളില്‍ നിന്ന് പിടിച്ചെടുക്കുന്ന തുകയ്ക്ക് സര്‍ക്കാര്‍ ഉറപ്പ് പറയുന്നില്ലെന്നൂം ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

രാജ്യത്തിന്റെ നിലനില്‍പ്പിനെയും ജനങ്ങളുടെ ജീവിതത്തെയും തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കുപരിയായി തൊഴിലാളികളുടെ ഐക്യം രൂപപ്പെട്ട കാലഘട്ടമാണിത്. രാജ്യവ്യാപകമായി തൊഴിലാളികള്‍ രണ്ടുനാള്‍ പണിമുടക്കിയ ഐതിഹാസിക സമരത്തില്‍ ഐഎന്‍ടിയുസിയുടെ നിലപാട് നിര്‍ണായകമായിരുന്നു. വിവിധ സംഘടനകളില്‍പ്പെട്ട തൊഴിലാളികള്‍ ഒരേ ആവശ്യവുമായി ഒരുമിച്ച് പണിമുടക്കിയ ആദ്യപ്രക്ഷോഭമായിരുന്നു 48 മണിക്കൂര്‍ പണിമുടക്ക്. ആ പണിമുടക്ക് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ നിന്നുപോലും, പുത്തന്‍ സാമ്പത്തിക നയങ്ങളുടെ പ്രധാന വക്താക്കളില്‍ ഒരാളായ ചിദംബരം വിട്ടുനില്‍ക്കുകയാണുണ്ടായത്. വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കുന്ന നയങ്ങള്‍ നടപ്പാക്കുന്ന യുപിഎ സര്‍ക്കാര്‍ നിലവില്‍ തൊഴിലുള്ളവരെപോലും തൊഴില്‍ രഹിതരാക്കുകയാണ്. കോര്‍പറേറ്റുകളുടെ താല്‍പര്യം മാത്രം സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരെ രാജ്യത്തെ മുഴുവന്‍ ജനങ്ങളും പ്രതിഷേധത്തിലാണ്. വിലക്കയറ്റം രൂക്ഷമാക്കുന്ന ഊര്‍ജ ഉല്‍പ്പന്നവിലക്കയറ്റം കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സൃഷ്ടിക്കുകയാണ്. അതിശക്തവും കൂടുതല്‍ നാള്‍ നീളുന്നതുമായ പ്രക്ഷോഭങ്ങള്‍ വരുംനാളുകളില്‍ നടത്തേണ്ടി വരും. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ ജനവിരുദ്ധ-രാജ്യവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ അഖിലേന്ത്യാ സമ്മേളനം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

deshabhimani 020413

No comments:

Post a Comment