Saturday, March 22, 2014

മിനിമം പെന്‍ഷന്‍ വര്‍ധന വിജ്ഞാപനം ഇറക്കാത്തതില്‍ പ്രതിഷേധിക്കുക: സിഐടിയു

ഇപിഎഫ് പെന്‍ഷന്‍ പദ്ധതിയില്‍ മിനിമം പെന്‍ഷന്‍ 1,000 രൂപയായി വര്‍ധിപ്പിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു.

പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തുന്നതിനും പദ്ധതി വിപുലീകരിക്കുന്നതിനും ശുപാര്‍ശചെയ്ത് ഇപിഎഫ് കേന്ദ്രബോര്‍ഡ് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. ഇപിഎഫ് പദ്ധതിക്ക് കീഴിലുള്ള മിനിമം പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തൊഴിലാളിവര്‍ഗം അഞ്ചു വര്‍ഷത്തിലേറെയായി പ്രക്ഷോഭത്തിലാണ്. 2009 മുതല്‍ കേന്ദ്ര തൊഴിലാളിസംഘടനകളും ദേശീയ ഫെഡറേഷനുകളും നടത്തിവരുന്ന സമരങ്ങള്‍ക്ക് ആധാരമായ 10 ആവശ്യങ്ങളില്‍ ഇതും ഉള്‍പ്പെടുന്നു. ഈ വിഷയത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ തൊഴിലാളിസംഘടനകള്‍ക്ക് കഴിഞ്ഞ മേയില്‍ ഉറപ്പ് നല്‍കിയിരുന്നു. മിനിമം പെന്‍ഷന്‍ 1,000 രൂപയായും പെന്‍ഷന് അര്‍ഹമാകുന്നതിനുള്ള വരുമാന പരിധി 15,000 രൂപയായും ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനവുമുണ്ടായി. എന്നാല്‍, തുടര്‍നടപടികള്‍ സ്വകരിക്കാതിരുന്നതിനു പിന്നില്‍ കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധ സമീപനമാണ് പ്രകടമാകുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം സമീപനങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ മുഴുവന്‍ തൊഴിലാളികളോടും സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

deshabhimani

No comments:

Post a Comment