കൊച്ചി > ട്രെയിനുകളിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനും കാറ്ററിങ്ങിനും ടൂറിസത്തിനും ചുമതലയുള്ള, ഇന്ത്യൻ റെയിൽവേയുടെ കമ്പനിയായ, ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന്റെ (ഐആർസിടിസി) വിൽപ്പന വേഗത്തിലാക്കി കേന്ദ്ര സർക്കാർ. ഐആർസിടിസിയിൽ കേന്ദ്ര സർക്കാരിനുള്ള ഓഹരിയാണ് വിറ്റഴിക്കുന്നത്. ടെൻഡർ നടപടികൾ 11ന് ആരംഭിക്കുമെന്നും അതിനുമുമ്പുള്ള പ്രത്യേക യോഗം (പ്രീ ബിഡ് മീറ്റിങ്) മൂന്നിന് നടക്കുമെന്നുമാണ് റെയിൽവേ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, പ്രത്യേക യോഗം അടുത്തയാഴ്‌ചത്തേക്ക് മാറ്റി. ടെൻഡർ നടപടികൾ തുടർന്ന് നടക്കും.
ലേല മാതൃകയിലുള്ള ഓഫർ ഫോർ സെയിൽ (ഒഎഫ്‌എസ്) മാർഗമാണ് ഇതിന് ഉപയോഗിക്കുക. കുറഞ്ഞത് 25 ശതമാനം ഓഹരി മ്യൂചൽ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾപോലെയുള്ള സ്ഥാപന നിക്ഷേപകർക്കായി മാറ്റിവയ്‌ക്കും. ഇത് വിജയകരമായി പൂർത്തീകരിച്ചാൽ മറ്റ് 26 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള അണിയറനീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. 5000 കോടി രൂപ മതിപ്പുവിലയുള്ള ഐആർസിടിസിയിൽ കേന്ദ്രസർക്കാരിനുള്ള 12.6 ശതമാനം ഓഹരി 2019 ഒക്‌ടോബറിൽ വിറ്റഴിച്ച് 645 കോടി രൂപ സമാഹരിച്ചിരുന്നു.
അടുത്ത സാമ്പത്തികവർഷം വിൽപ്പന പൂർത്തിയാകുന്നതോടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് നിരക്കുകൾ കൂടിയേക്കാം. റെയിൽവേ സ്‌റ്റേഷനുകളിലെയും ട്രെയിനുകളിലെയും ഭക്ഷണ നിരക്കുകളും ടൂറിസം പാക്കേജ് നിരക്കുകളും ഉയരാൻ സാധ്യതയുണ്ട്. ഐആർസിടിസിയിലെ അഞ്ഞൂറോളം സ്ഥിരം ജീവനക്കാരുടെ ജോലിയും അരക്ഷിതാവസ്ഥയിലാകും. കരാർ ജീവനക്കാരെ കൂടുതൽ നിയമിക്കാനാകും സ്വകാര്യ ഏജൻസികൾ താൽപ്പര്യപ്പെടുക. കോവിഡിനുമുമ്പ് ആറു ലക്ഷത്തോളം ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങുകളാണ് ദിവസവും ഐആർസിടിസി വഴി നടത്തിയിരുന്നത്.
അടുത്തിടെ റെയിൽവേ സ്‌റ്റേഷനുകളുടെ നടത്തിപ്പ് ചുമതലയുള്ള ഇന്ത്യൻ റെയിൽവേ സ്‌റ്റേഷൻ ഡെവലപ്‌മെന്റ് കോർപറേഷൻ (ഐആർഎസ്‌ഡിസി) രാജ്യത്തെ 20 സ്‌റ്റേഷനുകളുടെ ചുമതല സ്വകാര്യ ഏജൻസികൾക്ക് കൈമാറാൻ തീരുമാനിച്ചിരുന്നു. പുണെ റെയിൽവേ സ്‌റ്റേഷൻ ചുമതല ലഭിച്ച സ്വകാര്യ ഏജൻസി ബിവിജി, പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കുകൾ 10 രൂപയിൽനിന്ന് 50 ആക്കി. സംഭവം വിവാദമായതോടെ, കോവിഡ് കാലത്ത് പ്ലാറ്റ്‌ഫോമിൽ ആൾക്കൂട്ടം തടയുന്നതിനാണ് നിരക്ക് ഉയർത്തിയതെന്നും ഭാവിയിൽ പിൻവലിക്കുമെന്നും വിശദീകരണം നൽകി റെയിൽവേ തടിയൂരി.
ശ്രീരാജ‌് ഓണക്കൂർ
ദേശാഭിമാനി 06092020
No comments:
Post a Comment