Monday, September 7, 2020

കോവിഡിന്റെ പേരിൽ ട്രെയിനും സ്റ്റോപ്പും കൂട്ടത്തോടെ നിർത്തുന്നു ; ലക്ഷ്യം സ്വകാര്യവൽക്കരണം

 കോവിഡിന്റെ പേരിൽ ട്രെയിനുകളും സ്റ്റോപ്പുകളും കൂട്ടത്തോടെ നിർത്തലാക്കുന്നത് സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട്. രാജ്യത്ത് 500 ട്രെയിനും പതിനായിരം സ്‌റ്റോപ്പും നിർത്തലാക്കാനാണ് നീക്കം. സംസ്ഥാനത്തെ ചില പാസഞ്ചർ ട്രെയിനുകളും നിലവിലുള്ള പ്രധാന സ്റ്റോപ്പുകൾ എടുത്തുകളഞ്ഞേക്കും. മുംബൈ ഐഐടിയുടെ പഠന റിപ്പോർട്ടിന്റെ മറവിലാണ് റെയിൽവേ ബോർഡ് നീക്കം. എന്നാൽ സ്വകാര്യ ട്രെയിൻ സർവീസുകൾക്ക് ലാഭകരമായ റൂട്ട് ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന്‌‌ ആക്ഷേപമുണ്ട്‌.

50 ശതമാനത്തിൽ താഴെ യാത്രക്കാരുള്ള ട്രെയിനുകൾ റദ്ദാക്കാനും ദീർഘദൂര ട്രെയിനുകൾക്ക് 200 കിലോമീറ്റർ പരിധിയിലുള്ള സ്റ്റോപ്പ് എടുത്തുകളയാനുമാണ് നീക്കം. രാജ്യത്ത് 28 റൂട്ടുകളിലെ 150 ട്രെയിനാണ്‌ സ്വകാര്യ ഏജൻസികൾക്ക്‌ കൈമാറുന്നത്‌. ഇതിൽ തിരുവനന്തപുരം -എറണാകുളം റൂട്ടും ഉൾപ്പെടും. സ്വകാര്യ ട്രെയിൻ ഓടുന്ന റൂട്ടിൽ ഒരു മണിക്കൂർ മുമ്പും പിമ്പും മറ്റു സർവീസുകൾ നടത്തരുതെന്ന് നിബന്ധനയുണ്ട്. ഇ‌തോടെ നിലവിലുള്ള പല ട്രെയിനും പിൻവലിക്കേണ്ടി വരും.

ഇപ്പോഴത്തെ സർവീസ് പുനഃക്രമീകരണം ഇതിനു വേണ്ടിയാണെന്നാണ് ആക്ഷേപം. തൽക്കാൽ നിരക്കിനേക്കാൾ 25 ശതമാനം അധികമാണ്‌ സ്വകാര്യ ട്രെയിനുകളിലെ അടിസ്ഥാന നിരക്ക്‌. മുതിർന്ന പൗരന്മാർക്ക്‌ ലഭിക്കുന്ന ഇളവ്‌ ഉൾപ്പെടെ യാത്രാസൗജന്യങ്ങളും  ലഭിക്കില്ല.

കേരളത്തിൽ 31 സ്‌റ്റോപ്പ്‌ ഇല്ലാതാകും

കേരളത്തിലോടുന്ന ദീർഘദൂര ട്രെയിനുകളുടെ 31 സ്റ്റോപ്പുകൾ റദ്ദാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഒറ്റപ്പാലം, തിരൂർ, അങ്കമാലി, തൃപ്പൂണിത്തുറ, ചങ്ങനാശ്ശേരി, മാവേലിക്കര തുടങ്ങിയ സ്റ്റോപ്പാണ് നിർത്തലാക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ ജനസാന്ദ്രതയും ട്രെയിൻ യാത്രക്കാരുടെ എണ്ണവും പരിഗണിച്ച് തീരുമാനം പിൻവലിക്കണമെന്ന് സംസ്ഥാനം  ആവശ്യപ്പെട്ടിരുന്നു. ജയന്തി ജനത പുണെ വരെയാക്കാനും തിരുവനന്തരം - സിൽചർ അരോണ എക്സ്പ്രസ് കോയമ്പത്തൂർ വരെയാക്കി വെട്ടിച്ചുരുക്കാനും കൊല്ലം- എറണാകുളം മെമു ആലപ്പുഴ വരെയാക്കാനും നീക്കമുണ്ട്. കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന അമൃത്സർ, ഡെറാഡൂൺ, ചണ്ഡിഗഡ് ട്രെയിനുകൾ എറണാകുളത്തു നിന്നാക്കാനും നീക്കമുണ്ട്‌. യാത്രക്കാരുടെ തിരക്കിന് അനുസരിച്ച് ട്രെയിൻ സർവീസ് പുനഃക്രമീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബന്ധപ്പെട്ട പഠന റിപ്പോർട്ടിന്മേൽ അന്തിമ തീരുമാനം കൈക്കൊണ്ടില്ലെന്നുമാണ് റെയിൽവേ ബോർഡ് വിശദീകരണം.

റെയിൽവേ സ്വകാര്യവൽക്കരണം : ചിത്തരഞ്‌ജൻ ലോക്കോമോട്ടീവ് ഓര്‍മയാകും

റെയിൽവേ സ്വകാര്യവൽക്കരണത്തോടെ മാഞ്ഞുപോകുന്നത്  സ്വതന്ത്രഇന്ത്യയുടെ ചരിത്രശേഷിപ്പുകൾ പേറുന്നതും ലോകത്തെ എണ്ണപ്പെടുന്നതുമായ റെയിൽവേ എൻജിൻ നിർമാണകേന്ദ്രം‌. സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രതന്ത്രജ്ഞനുമായ ദേശബന്ധു ചിത്തരഞ്‌ജൻദാസിന്റെ സ്‌മരണപേറുന്ന ചിത്തരഞ്‌ജൻ ലോക്കോമോട്ടീവ്‌ വർക്ക്‌സ്‌ ലോകത്തെ ഏറ്റവും വലിയ റെയിൽവേ എൻജിൻ നിർമാണകേന്ദ്രങ്ങളിൽ ഒന്നാണ്‌. 

രാജ്യത്തിന്റെ അഭിമാനസ്‌തംഭം വൈകാതെ കോർപറേറ്റുകളുടെ കരങ്ങളിലെത്തും. 1950 ജനുവരി 26ന്‌ ഫാക്ടറി നിർമാണം ഉദ്‌ഘാടനം ചെയ്‌തത്‌ ചിത്തരഞ്‌ജൻ ദാസിന്റെ ഭാര്യ ബസന്തി ദേവിയാണ്‌. ആദ്യത്തെ 22 വർഷം 2351 ആവിഎൻജിൻ നിർമിച്ചു. 1968–-93 കാലത്ത്‌ 842 ഡീസൽ എൻജിനും 1961 മുതൽ കഴിഞ്ഞ മാർച്ച്‌ 31 വരെ 7212 ഇലക്‌ട്രിക്‌ എൻജിനും നിർമിച്ചു. 2018–-19ൽ 402 എൻജിൻ നിർമിച്ച്‌ ലോകറെക്കോഡിട്ടു. 305 എൻജിൻ എന്ന 2017–-18ലെ സ്വന്തം റെക്കോഡാണ്‌ മറികടന്നത്‌.

കൊൽക്കത്തയിൽനിന്ന്‌ 237 കിലോമീറ്റർ അകലെയുള്ള 18.34 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള ചിത്തരഞ്‌ജൻ ഫാക്ടറി ടൗൺഷിപ്‌ ആയിരക്കണക്കിനു കോടി രൂപ വിലമതിക്കുന്ന ആസ്‌തിയാണ്‌. പതിനായിരത്തോളം ക്വാർട്ടേഴ്‌സുകളും 43 സ്‌കൂളും കോളേജ്‌, തിയറ്റർ, സ്‌റ്റേഡിയം എന്നിവയുമുണ്ട്‌.  നികുതിപ്പണവും തൊഴിലാളികളുടെ അധ്വാനവും വഴി കെട്ടിപ്പടുത്ത ആസ്‌തികളാണ്‌ മോഡിസർക്കാർ കൈയൊഴിയുന്നത്‌. റെയിൽവേയുടെ ഏഴ്‌ നിർമാണകേന്ദ്രം ചേർത്ത്‌ ഒറ്റ കോർപറേറ്റ്‌ സ്ഥാപനമാക്കുമെന്നാണ്‌ പ്രഖ്യാപനം.

No comments:

Post a Comment