Friday, May 3, 2013
കോണ്‍ഗ്രസിന് സിബിഐ എന്നും രാഷ്ട്രീയ ആയുധം
രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സിയായ സിബിഐ അതിന്റെ ഏറ്റവും ദയനീയമായ പതനത്തിലാണ് എത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ആയുധമായി സിബിഐയെ മാറ്റിത്തീര്‍ത്തുവെന്ന് സുപ്രീംകോടതിവരെ സൂചിപ്പിച്ചുകഴിഞ്ഞു. "കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍" എന്ന പരിഹാസത്തെ അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ് സിബിഐയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. കോണ്‍ഗ്രസ് മന്ത്രിമാരും നേതാക്കളും നടത്തുന്ന അഴിമതികള്‍ അന്വേഷണ;പ്രഹസനത്തിലൂടെ മൂടിവയ്ക്കുക, ഗവണ്‍മെന്റിന്റെ ഭൂരിപക്ഷം നിലനിര്‍ത്തുന്നതിന് ചില രാഷ്ട്രീയപാര്‍ടി നേതാക്കളില്‍ സമ്മര്‍ദം ചെലുത്തുന്നതിനും രാഷ്ട്രീയ എതിരാളികളെ ബുദ്ധിമുട്ടിക്കാനും കള്ളക്കേസുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് യുപിഎ സര്‍ക്കാരും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളും സിബിഐയെ ഉപയോഗിച്ചിട്ടുള്ളത്.
രാജീവ്ഗാന്ധി ആരോപണവിധേയനായ ബൊഫോഴ്സ് അഴിമതിക്കേസില്‍ ഒട്ടാവിയോ ക്വട്ട്റോച്ചിയടക്കമുള്ള പ്രതികളെ രക്ഷപ്പെടുത്താനാണ് സിബിഐ പ്രവര്‍ത്തിച്ചത്. മലേഷ്യയില്‍നിന്ന് ക്വട്ട്റോച്ചിയെ അറസ്റ്റുചെയ്ത് കൊണ്ടുവരാനുള്ള അവസരവും അര്‍ജന്റീനയില്‍ അറസ്റ്റുചെയ്യപ്പെട്ട ക്വട്ട്റോച്ചിയെ ഇന്ത്യയിലെത്തിക്കാനുള്ള അവസരവും സിബിഐ തന്നെ പാഴാക്കി. "പിടികിട്ടാപ്പുള്ളി" എന്ന ചീത്തപ്പേര് മാറ്റി ക്വട്ട്റോച്ചിയെ ഇന്റര്‍പോളിന്റെ റെഡ്കോര്‍ണര്‍ നോട്ടീസില്‍നിന്ന് ഒഴിവാക്കിക്കൊടുക്കുകയുംചെയ്തു. 1984ലെ സിഖ് കൂട്ടക്കൊലക്കേസില്‍ പ്രതിയായ ജഗദീഷ് ടൈറ്റ്ലര്‍ക്ക് സിബിഐ ക്ലീന്‍ചിറ്റ് നല്‍കി കേസ് തന്നെ അടച്ചുപൂട്ടി. കോണ്‍ഗ്രസ് നേതാവും മുന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ അജിത് ജോഗിക്കെതിരെയുണ്ടായിരുന്ന, "എംഎല്‍എമാരെ വിലയ്ക്കുവാങ്ങി" എന്ന കേസും സിബിഐ സമര്‍ഥമായി ഇല്ലാതാക്കി.
ഇപ്പോള്‍ യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ബഹുജന്‍ സമാജ്വാദി പാര്‍ടിയുടെ നേതാവ് മായാവതിക്കെതിരെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കനുസരിച്ച് സിബിഐ കേസ് ചുമത്തുകയും തരാതരംപോലെ ദുര്‍ബലമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. മായാവതി പ്രതിയായ താജ് ഇടനാഴി കേസ് 2007ല്‍ ബിഎസ്പിയുടെ പിന്തുണ നേടാനായി ദുര്‍ബലമാക്കി. 2008ല്‍ മായാവതി യുപിഎയെ ശക്തമായി എതിര്‍ത്തപ്പോള്‍ കേസ് ശക്തിപ്പെടുത്തി. 2010 ഏപ്രിലില്‍ മായാവതിയുടെ പിന്തുണ നേടുന്നതിനുവേണ്ടി കേസ് ദുര്‍ബലമാക്കാന്‍ സിബിഐതന്നെ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. മുലായംസിങ് യാദവിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസ് രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ദുര്‍ബലമാക്കുകയും ശക്തമാക്കുകയും ചെയ്തു. അതിനായി മാറിമാറി സത്യവാങ്മൂലങ്ങള്‍ നല്‍കി. ഇതിനെ സുപ്രീംകോടതി വിമര്‍ശിക്കുകയുംചെയ്തു. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെതിരെയുള്ള കേസ് ദുര്‍ബലമാക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. എസ്എന്‍സി ലാവ്ലിന്‍ കേസിലും രാഷ്ട്രീയ യജമാനന്മാര്‍ക്കുവേണ്ടി സിബിഐ കരുക്കള്‍ നീക്കി.
deshabhimani 030513
Labels:
കോണ്‍ഗ്രസ്,
സിബിഐ
Subscribe to:
Post Comments (Atom)
No comments:
Post a Comment